SignIn
Kerala Kaumudi Online
Saturday, 20 April 2024 4.08 AM IST

വിജയകരമായ പദയാത്ര

rahul-gandhi

കന്യാകുമാരി മുതൽ കാശ്‌മീർവരെ നീണ്ട രാഹുൽഗാന്ധിയുടെ പദയാത്ര വിജയകരമായി സമാപിച്ചിരിക്കുകയാണ്. ഈ യാത്രയുടെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യയെ സംബന്ധിച്ച് ഒരു നവീന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞാൽ മാത്രമേ യാത്രയുടെ ഫലം പൂർണമാവൂ. യാത്രയുടെ തുടക്കത്തിൽ രാഹുൽഗാന്ധിയെ ടീഷർട്ടിന്റെയും മറ്റും പേരിൽ പരിഹസിക്കാൻ ശ്രമിച്ചവർപോലും പിന്നീട് യാത്രയ്ക്ക് ലഭിച്ച ജനപിന്തുണയുടെ തോത് മനസിലാക്കി അത്തരം വിമർശനങ്ങളിൽ നിന്ന് പിന്തിരിയുകയാണ് ചെയ്തത്.

രാഹുൽഗാന്ധി തനിക്ക് ചുറ്റുമുള്ള ഉപദേശക വൃന്ദത്തിന്റെ തടവിലാണെന്ന, പാർട്ടിക്കുള്ളിലും പുറത്തുമുള്ളവരുടെ കുറ്റപ്പെടുത്തൽ അപ്പാടെ തിരുത്തിയെഴുതാൻ ഈ യാത്രയിലൂടെ കഴിഞ്ഞു എന്നതാണ് 4080 കിലോമീറ്റർ പിന്നിട്ട ഭാരത് ജോഡോ യാത്രയുടെ ഏറ്റവും പ്രധാനവശം. കോൺഗ്രസുകാരല്ലാത്ത നിരവധി പൗരന്മാരുമായി രാഹുൽഗാന്ധിക്ക് യാത്രയിൽ നേരിട്ട് സമ്പർക്കം പുലർത്താൻ കഴിഞ്ഞു. ഇവരിൽ കർഷകരും ചെറുകിട കച്ചവടക്കാരും തൊഴിലാളികളും തൊഴിൽരഹിതരായ യുവജനങ്ങളും വനിതകളും ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന പ്രമുഖരും സിനിമാ താരങ്ങളും എഴുത്തുകാരും കായികരംഗത്തിന്റെ പ്രതിനിധികളും ഉൾപ്പെടുന്നു. ബി.ജെ.പി ഭരണത്തിൽ രാജ്യത്ത് നിലനിൽക്കുന്ന വെറുപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുകയാണ് തന്റെ യാത്രയുടെ പ്രഥമലക്ഷ്യമെന്ന് രാഹുൽഗാന്ധി യാത്രയിലുടനീളം ആവർത്തിച്ചിരുന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പാതയിലൂടെ മാത്രമേ ഭാരതത്തിന് മുന്നോട്ട് നീങ്ങാനാവൂ എന്ന ശക്തമായ സന്ദേശവും പദയാത്ര മുന്നോട്ടുവയ്ക്കുകയുണ്ടായി.

12 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 75 ജില്ലകളിലായി 135 ദിവസം നീണ്ടുനിന്ന യാത്ര ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തിയതോടെയാണ് സമാപിച്ചത്. ''വെറുപ്പ് തോൽക്കും. സ്നേഹം ജയിക്കും പുതിയ പ്രഭാതം ഉണ്ടാകും" എന്നാണ് യാത്രയുടെ സമാപനത്തിൽ രാഹുൽഗാന്ധി പറഞ്ഞത്. ഈ വാക്കുകൾ യാഥാർത്ഥ്യമായി മാറാൻ ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണ ആവശ്യമാണ്. എതിർകക്ഷിയെ നിരന്തരം വിമർശിച്ചതുകൊണ്ട് മാത്രം ആ പിന്തുണ പഴയ കാലങ്ങളിലേതുപോലെ ലഭിക്കണമെന്നില്ല. പാർട്ടിയുടെ നിലവിലുള്ള പല സമീപനങ്ങളിലും യാഥാർത്ഥ്യബോധമുള്ള മാറ്റം വരുത്താതെ യാത്രയിലൂടെ പാർട്ടിക്ക് ലഭിച്ച ഉണർവ് പ്രയോജനപ്പെടുത്താനാവില്ല. ഹൈക്കമാൻഡിനോടുള്ള വിധേയത്വമാണ് പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നതിന് ഏറ്റവും വലിയ അളവുകോലായി ഇന്നും പാർട്ടി സ്വീകരിച്ചിരിക്കുന്നത്. അതിൽനിന്ന് മാറി ഓരോ സംസ്ഥാനങ്ങളിലും കഴിവിന്റെയും ജനസ്വാധീനത്തിന്റെയും അടിസ്ഥാനത്തിൽ പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള നേതാക്കളെ സ്വീകരിക്കണം.

പാർട്ടിക്ക് ആവശ്യത്തിലധികം വിനാശം വരുത്തിവച്ച ഗ്രൂപ്പുവഴക്കുകൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടരുത്. രാജ്യത്ത് പ്രമുഖ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ചാണ് ബി.ജെ.പി വിജയം നേടുന്നതെന്ന് ആരോപിക്കുന്ന കോൺഗ്രസിന് അതുതടയാനായി എല്ലാ പ്രതിപക്ഷകക്ഷികളെയും ഒന്നിപ്പിച്ച് നിറുത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതു സാദ്ധ്യമാകാത്തിടത്തോളം തിരഞ്ഞെടുപ്പ് വിജയം മരീചികയായി തുടരാനാണ് സാദ്ധ്യത. ഇനി മറ്റൊരു യാത്രയ്ക്ക് തുടക്കമിടുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങൾ പരിഹരിക്കാനാവണം കോൺഗ്രസ് മുഖ്യപരിഗണന നല്‌കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHARATH JODO YATHRA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.