SignIn
Kerala Kaumudi Online
Friday, 19 April 2024 11.27 AM IST

റേസിംഗ് ബൈക്കുകൾ ആളെക്കൊല്ലിയാകരുത്

photo

ആൺമക്കളുടെ നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങി മുന്തിയതരം ബൈക്കുകൾ വാങ്ങിനൽകുന്ന മാതാപിതാക്കൾ അറിയാറില്ല പൊതുനിരത്തുകളിൽ ഈ കുട്ടികൾ കാണിക്കാറുള്ള അഭ്യാസപ്രകടനങ്ങൾ. ഞായറാഴ്ച രാവിലെ തിരുവല്ലത്തിനടുത്ത് നടന്ന ബൈക്കപകടം അത്തരത്തിലുള്ളതായിരുന്നു. അമിതവേഗത്തിൽ ഓടിച്ച ബൈക്കിടിച്ച് റോഡ് മുറിച്ചുകടന്ന പാവപ്പെട്ട വീട്ടമ്മ മാത്രമല്ല അപമൃത്യുവിനിരയായത്. ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് എന്ന ഇരുപത്തിനാലുകാരനും ജീവൻ നഷ്ടമായി. പന്ത്രണ്ടുലക്ഷം രൂപ വിലമതിക്കുന്ന റേസിംഗ് ബൈക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ സന്ധ്യ എന്ന വീട്ടമ്മയുടെ ശരീരം ചിതറിത്തെറിച്ചു. നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്കും ഓടിച്ചിരുന്ന യുവാവും അരകിലോമീറ്ററിലേറെ ദൂരം റോഡിൽ ഉരഞ്ഞുനീങ്ങിയത്രേ. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് വൈകുന്നേരത്തോടെയാണ് മരണമടഞ്ഞത്.

വീടുവയ്‌ക്കാനെടുത്ത വായ്പ തിരിച്ചടയ്ക്കാൻ വേണ്ടി വീട്ടുവേലചെയ്ത് വരുമാനമുണ്ടാക്കാനിറങ്ങിയ സന്ധ്യ എന്ന അൻപത്തിമൂന്നുകാരിയുടെ ആകസ്മിക വേർപാട് അവരുടെ കുടുംബത്തിനു വരുത്തിവച്ച നഷ്ടത്തെക്കുറിച്ച് പറയാതിരിക്കുകയാവും ഭേദം. അതുപോലെ മാതാപിതാക്കളുടെ ഏക സന്താനമാണ് അപകടത്തിൽ പൊലിഞ്ഞത്. സംസ്ഥാനത്ത് ദിവസേന ഇതുപോലെയുണ്ടാകുന്ന റോഡപകടങ്ങളിൽ എത്രയെത്ര വിലപ്പെട്ട ജീവനുകളാണ് ഇല്ലാതാകുന്നത്. വീതികൂടിയ നിരത്തുകൾ യുവാക്കൾക്ക് മത്സരയോട്ടം നടത്തി സാമർത്ഥ്യം തെളിയിക്കാനുള്ള ഇടങ്ങളായി മാറിയ ഒട്ടേറെ സ്ഥലങ്ങൾ സംസ്ഥാനത്തുണ്ട്. നിയമപാലകരുടെ കൺവെട്ടത്തുപോലും ഇത്തരത്തിൽ റേസിംഗ് നടക്കാറുണ്ട്.

ഗതാഗതനിയമങ്ങൾ കാറ്റിൽ പറത്തിയും സ്വന്തം ജീവനുപോലും വില കല്പിക്കാതെയും ഭ്രാന്തമായ ആവേശത്തിൽ ഇരുചക്രവാഹനങ്ങൾ പറപ്പിക്കുന്ന യുവാക്കൾ റോഡിലൂടെ കടന്നുപോകുന്നവരുടെ ചങ്കിടിപ്പു കൂട്ടുകയാണ്. നിരത്തുനീളെ നിരീക്ഷണ കാമറകളുണ്ടെന്നാണ് പറയുന്നത്. സ്ഥലത്തെ കാമറകൾ രണ്ടാഴ്ചയായി പ്രവർത്തനരഹിതമാണത്രേ. പാതവക്കിലെ ചവറുകൾ ആരോ കൂട്ടിയിട്ട് തീയിട്ടപ്പോൾ വൈദ്യുതിബന്ധം നശിച്ചതാണ് കാമറ പ്രവർത്തനരഹിതമാകാൻ കാരണം. രണ്ടാഴ്ചയായിട്ടും ഇവിടെ സിഗ്നൽ ലൈറ്റുകളും പ്രവർത്തിച്ചിരുന്നില്ല. രണ്ടുപേരുടെ ജീവനെടുത്ത അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇനി അതിനുള്ള നടപടി ഉണ്ടായേക്കാം. ഇവിടെ ഏതു കാര്യവും നടക്കണമെങ്കിൽ ഇതുപോലുള്ള എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടാകണമെന്ന അവസ്ഥയാണ്. പൊതുനിരത്തുകളിൽ ബൈക്ക് റേസിംഗോ അതുപോലുള്ള അഭ്യാസപ്രകടനങ്ങളോ പാടില്ലെന്നാണു നിയമം. ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി വേഗതയും നിർണയിച്ചിട്ടുണ്ട്. എന്നാൽ വളരെയധികം തിരക്കുള്ള നഗരപാതകളിൽ പോലും അമിതവേഗത്തിലാണ് ഇവ ഓടുന്നത്. ഗതാഗത നിയമങ്ങൾ കർക്കശമാണെങ്കിലും അവ പാലിക്കാൻ ആളുകൾക്ക് മടിയാണ്. ഗതാഗത നിയമലംഘനങ്ങൾ ഇത്രയേറെ നടക്കുന്ന ഒരിടം വേറെ എവിടെയും കാണില്ല.

ഹെൽമറ്റിലും സീറ്റ് ബെൽറ്റിലും പുക പരിശോധനാ സർട്ടിഫിക്കറ്റിലും മാത്രം ഒതുങ്ങുന്നതാണ് ഇവിടത്തെ വാഹന പരിശോധനകൾ. നിയമലംഘകരെ പിടികൂടാനും കനത്ത പിഴ ചുമത്തി ശിക്ഷിക്കാനുമുള്ള നടപടിയാണു വേണ്ടത്. സംസ്ഥാനത്തുടനീളം നിരീക്ഷണ കാമറകൾ സ്ഥാപിച്ച് ഗതാഗത നിയമലംഘകരെ ഉടൻ കണ്ടെത്താനുള്ള പദ്ധതി ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു എന്നറിയില്ല. ഏതായാലും പൊതുനിരത്തുകളിലെ കുരുതികൾക്ക് അറുതിയായില്ലെങ്കിലും നിയന്ത്രണമെങ്കിലും വന്നുകാണാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIKE RACING ACCIDENTS IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.