SignIn
Kerala Kaumudi Online
Thursday, 25 April 2024 10.32 AM IST

വിപ്ലവ വാഴക്കുല

varavisesham

ജനകീയ ജനാധിപത്യ വിപ്ലവം ഏതാണ്ടൊക്കെ വിരിഞ്ഞുവരുന്നു എന്നാണ് മനസിലാക്കാനാവുന്നത്. തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിതമാകുന്ന കാലത്തേക്ക് കടന്നുകൊണ്ടിരിക്കുകയല്ല,​ കടന്നുകഴിഞ്ഞിരിക്കുന്നു. ഇതെങ്ങനെ കണ്ടുപിടിക്കാൻ സാധിക്കും എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. ജനകീയജനാധിപത്യ വിപ്ലവം വിരിയുന്നത് നീലക്കുറിഞ്ഞി പൂത്ത് വിരിയുന്നത് പോലെയുള്ള ഏർപ്പാടാണോ എന്ന് ചോദിക്കുന്നവരുമുണ്ട്. അതൊന്നുമല്ല. തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിതമാകുന്നത് കേറെയിലിന്റെ മഞ്ഞക്കുറ്റി അവിടവിടെയായി കുഴിച്ചിടുന്നത് പോലെയുമല്ല. മഞ്ഞക്കുറ്റി കണ്ടാൽ കേറെയിൽ എന്ന് വിചാരിക്കുന്നതുപോലെ മറ്റേതെങ്കിലും കുറ്റിയോ കുന്തമോ കൊടച്ചക്രമോ കണ്ടാൽ തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിച്ചു എന്ന് വിചാരിക്കേണ്ടതില്ല.

അങ്ങനെയല്ല സംഗതി. ദ്രോണർ അക്കാര്യം കണ്ടുപിടിച്ചത് ചില മുഖലക്ഷണങ്ങൾ നോക്കിയിട്ടാണ്. ഉദാഹരണത്തിന് ചിന്താ ജെറോം സഖാവിന്റെ മുഖത്തേക്ക് നോക്കുക. അവിടെനിന്ന് നിങ്ങൾക്ക് പലതും ഗ്രഹിച്ചെടുക്കാനും ഗണിച്ചെടുക്കാനും സാധിക്കും. ജനകീയ ജനാധിപത്യ വിപ്ലവം വിരിയുന്നത് പോലെയുള്ള തെളിച്ചം ആ മുഖത്ത് കണ്ടവരുണ്ട്,​ കാണാത്തവരുണ്ട്. പക്ഷേ ദ്രോണർ അത് കണ്ടിട്ടുണ്ട്.

ചിന്താ ജെറോം സഖാവ് മലയാളം,​ ആംഗലേയം എന്നിത്യാദി ഭാഷകൾ അരച്ചുകലക്കി കുടിച്ച വ്യക്തിയാണ്. ഗ്രഹണകാലത്ത് ഞാഞ്ഞൂലുകൾ തലയുയർത്തുകയും പശുക്കൾ നിറുത്താതെ കരയുകയും കുറുക്കന്മാരും നരികളും നിറുത്താതെ മോങ്ങുകയും ചെയ്യുമെന്നൊക്കെ കേട്ടിട്ടുണ്ട്. അതുപോലെ ജനകീയ ജനാധിപത്യ വിപ്ലവം വിരിയുന്ന കാലത്തും പ്രകൃതിയിൽ ചില മാറ്റങ്ങളും ചില ചലനങ്ങളുമൊക്കെ കാണാറുണ്ട്. ചിന്താ ജെറോം സഖാവിനെ പോലുള്ളവർക്ക് ആ ഘട്ടത്തിലാണ് യുവജന കമ്മിഷന്റെ അദ്ധ്യക്ഷപദവി അലങ്കരിക്കാൻ തോന്നുന്നത്. അദ്ധ്യക്ഷപദവി അലങ്കരിച്ച് അലങ്കരിച്ച് തനിക്ക് മതിയായി എന്ന് സഖാവിന് പറയാൻ തോന്നുന്നതും ഈ ഘട്ടത്തിലാണ്. വലിയ ഭാരമുള്ള സാധനമാണ് ഈ പ്രത്യേകതരം അദ്ധ്യക്ഷപദവി. ഒരു മാതിരിപ്പെട്ട ആരും ഇത്രയും ഭാരിച്ചസാധനം എടുത്തുപൊക്കാൻ സജ്ജമായി രംഗത്ത് വരാറ് പതിവില്ലാത്തതാണ്. എന്നാൽ ചിന്താ ജെറോം സഖാവിന് ആ ധൈര്യം ഉണ്ടായി. അതുണ്ടായത് മേല്പ്പറഞ്ഞ വിപ്ലവം വിരിയുന്ന കാലത്ത് പ്രകൃതിയിൽ സംഭവിക്കുന്ന പ്രത്യേകതരം പ്രതിഭാസം കൊണ്ടാണ്.

ചിന്താ ജെറോം സഖാവ് ആ ഭാരം ഏറ്റെടുത്തതിൽ പിന്നീടാണ് അവിടെ അമ്പതിനായിരം ഉലുവയാണ് അതെടുത്ത് ഉയർത്തുന്നതിനുള്ള കൂലി എന്ന് തിരിച്ചറിയുന്നത്. മൂക്കിൽപ്പൊടി വലിച്ചുകയറ്റാൻ തികയില്ല. അതുകൊണ്ട് ചിന്താ ജെറോം സഖാവ് ഭാരത്തിനനുസരിച്ചുള്ള കൂലി വേണമെന്ന് പറഞ്ഞു. അത് ചിന്താ ജെറോം സ്വയമേവ പറഞ്ഞതല്ലെന്ന് ചിന്തിക്കുന്നവരും നാട്ടിലുണ്ട്. അവർ പറയുന്നത് ജനകീയ ജനാധിപത്യവിപ്ലവം വിരിയുകയും തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിതമാവുകയും ചെയ്യുന്ന പ്രത്യേകതരം കാലാവസ്ഥയിൽ പ്രകൃതി അവരെക്കൊണ്ട് അങ്ങനെ പറയിച്ചതാണെന്നാണ്. അങ്ങനെയാവാനും മതി. അതുകൊണ്ട് എന്താണുണ്ടായത്! ലോകം ഇടിഞ്ഞു താഴ്ന്നോ?​ കാക്ക മലർന്ന് പറന്നുവോ?​ ഇല്ല. ജനകീയ ജനാധിപത്യവിപ്ലവം വിരിയുമ്പോൾ അങ്ങനെ ലോകം ഇടിഞ്ഞ് താഴുകയൊന്നുമില്ല. നല്ലതേ വരൂ. നല്ല കാലം നല്ലപോലെ വരും. അതുകൊണ്ട് ആരും അതിലൊരു കുറ്റമോ കുറവോ കാണേണ്ടതില്ല.

....................

- ചിന്താ ജെറോം സഖാവ് ഡോക്ടറായത് ചങ്ങമ്പുഴയുടെ വാഴക്കുലയെ ചങ്ങമ്പുഴ അറിയാതെ വൈലോ'പ്പള്ളി'ക്ക് മറിച്ചുവിറ്റതിലൂടെയാണെന്ന് ചിലയാളുകൾ പറയുന്നു.

ചങ്ങമ്പുഴയുടെ വാഴക്കുലയെ വൈലോ 'പ്പള്ളി'ക്ക് മറിച്ചു വിൽക്കുന്നതിൽ എന്താണൊരു തെറ്റ്!

മലയപ്പുലയൻ നട്ടുവളർത്തിയ വാഴക്കുലയെ ചങ്ങമ്പുഴ മലയപ്പുലയനെക്കൊണ്ട് തന്നെ വെട്ടിയെടുപ്പിച്ചതാണ്. 'കുല വെട്ടി,​ മോഹിച്ചു,​ മോഹിച്ചു,​ ലാളിച്ച കുതുകത്തിന് പച്ചക്കഴുത്തു വെട്ടി! കുല വെട്ടി ശൈശവോല്ലാസ കപോതത്തിൻ കുളിരൊളിപ്പൂവൽക്കഴുത്തു വെട്ടി' എന്നാണ് ചങ്ങമ്പുഴ തന്നെ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ആ വാഴക്കുല പണ്ടേ വെട്ടിയെടുത്തതാണ്. ഈയവസ്ഥയിൽ ആ വാഴക്കുലയെടുത്ത് മറിച്ച് വിൽക്കുന്നതിൽ അപാകതയില്ല. 'ചിന്താ ജീവ സമന്വിതം' എന്ന് കാളിദാസൻ പാടിയിട്ടുണ്ടല്ലോ എന്ന് സമാധാനിക്കാനാണ് തോന്നുന്നത്.

ദ്രോണർക്ക് കേരള സർവകലാശാലയോട് അഭ്യർത്ഥിക്കാനുണ്ട്: 'ഈ വരുന്ന ആൾവശം തരക്കേടില്ലാത്ത ഒരു പിഎച്ച്ഡി കൊടുത്തുവിടുക. സംസ്കൃതമായാൽ നന്ന് '

................

- അനിൽ ആന്റണിജി ആൾ പണ്ഡിതനാണ്. കോളനിവാഴ്ചയോട് അടങ്ങാത്ത വിരോധവും പകയും ആ മനസിലുണ്ട്. ന.മോ.ജി ഗുജറാത്തിൽ അവതാരപുരുഷനായി ( സംഘപരിവാർ കല്പനയാണ്, ക്ഷമിച്ചാലും!) വിരാജിച്ച കാലത്ത് നടന്ന ചില കന്മഷത്തെപ്പറ്റി ബ്രിട്ടീഷുകാർ കാണിച്ച സിനിമയെപ്പറ്റി കേട്ടപ്പോൾ അനിൽ ആന്റണിജിക്ക് എന്തെന്നില്ലാത്ത കോപം വന്നുകയറിയത് അതുകൊണ്ടാണ്. അദ്ദേഹം ആ സിനിമ കാണാൻപോലും തയാറല്ല.

അദ്ദേഹത്തിന്റെ നിർമ്മലമായ മനസിന് ഉൾക്കൊള്ളാൻ പറ്റുന്ന സിനിമയല്ല അത്. ആ മനസിനെ തിരിച്ചറിയാൻ ശേഷിയില്ലാത്ത കുമ്പക്കുടി സുധാകരൻജി തൊട്ട് വടശ്ശേരി സതീശൻജി വരെയുള്ളവരോട് എന്ത് പറയാനാണ്. അവരോട് വേദമോതാൻ പോകുന്നതിലും ഭേദം നാടുവിട്ട് പോകുന്നതാണ്.

അതുകൊണ്ടാണ് അനിൽ ആന്റണിജി കോൺഗ്രസ് വിടുകയെന്ന കടുംകൈക്ക് മുതിർന്നത്. അയ്യോ ജീ പോവല്ലേ എന്ന് ആരെങ്കിലും വിളിക്കുന്നുണ്ടോയെന്ന് അനിൽജി ഒന്ന് തിരിഞ്ഞ് നോക്കുകയുണ്ടായി. ആരും പറയുന്നത് കേട്ടില്ല. അങ്ങനെ കേട്ടിരുന്നെങ്കിൽ അനിൽജി നിൽക്കുമായിരുന്നോ എന്ന് ചോദിച്ചാൽ അതിനുത്തരം ദ്രോണർക്ക് എളുപ്പം പറയാൻ പറ്റുന്നില്ല.

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINTHA JEROME VAZHAKKULA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.