SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.02 AM IST

ആരാണ് ജില്ലാ കളക്ടർ എന്ന ചോദ്യവും പിണറായിക്ക് കിട്ടിയ മുത്തവും

collectr

ഏതാനും ദിവസങ്ങൾക്ക് മുൻപ് സി.പി.എം നേതാവ് എം.സ്വരാജ് തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എന്ന തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പത്തനംതിട്ട ജില്ലാ കളക്ടറെ വിമർശിച്ചത് സോഷ്യൽ മീഡിയകളിൽ വലിയതോതിൽ ചർച്ചചെയ്യപ്പെട്ടു. അനധികൃതമായി പാടം നികത്തിയത് പൂർവസ്ഥിതിയിലാക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന കളക്ടർ ഡോ. ദിവ്യാ എസ്. അയ്യർ, കോടതി അലക്ഷ്യ നടപടിയുടെ ഭാഗമായി കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന ഉത്തരവിനെക്കുറിച്ച് ഒരു ചാനൽ നൽകിയ വാർത്തയാണ് സ്വരാജ് വിഷയമാക്കിയത്. വാർത്തയിൽ കളക്ടറുടെ പേര് എടുത്തുപറയാതിരുന്നത് സ്വരാജിനെ ക്ഷുഭിതനാക്കി. കളക്ടറുടെ ഭർത്താവ് ശബരീനാഥ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവായതുകൊണ്ടാണ് പേര് ഒഴിവാക്കിയതെന്നാണ് സ്വരാജിന്റെ വാദം. പേര് മൂടിവച്ചത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ന്യായമായ ചോദ്യവും നിഗമനവുമെന്ന് തോന്നുന്ന സ്വരാജിന്റെ വീഡിയോ സഖാക്കൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തപ്പോൾ വ്യാപകമായ സ്വീകാര്യത ലഭിച്ചു. ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ജില്ലാ കളക്ടറുടെ പേര് പുറത്തുപറയാതിരുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ സ്വരാജ്, വിഷയത്തിലെ രാഷ്ട്രീയവശം തുറന്നുകാട്ടിയത് പുലിവാലായി എന്ന വിലയിരുത്തലുകളുണ്ട്.

ആരാണ് ആ ജില്ലാ കളക്ടർ എന്ന സംശയത്തിന്, ഡോ. ദിവ്യ എസ്. അയ്യർ എന്ന് സ്വരാജ് വീഡിയോയിൽ ഉത്തരം നൽകുന്നുണ്ട്. ഡോ.ദിവ്യ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥിന്റെ ഭാര്യയാണെന്ന് കൂടി ഇരുവരുടെയും ചിത്രം ചേർത്തുകൊണ്ട് സ്വരാജ് പറയുന്നു.

കൃത്യനിർവഹണത്തിൽ പരാജയപ്പെട്ട ദിവ്യ എസ്. അയ്യർ പത്തനംതിട്ടയിലെ കളക്ടർ സ്ഥാനത്ത് ഇരിക്കുന്നത് ശബരീനാഥിന്റെ രാഷ്ട്രീയ സ്വാധീനത്താലാണോ എന്നൊരു സംശയം സ്വരാജിനെ കേൾക്കുന്നവർക്കു തോന്നാം. ഇടതുപക്ഷ സർക്കാരിൽ യൂത്ത് കോൺഗ്രസ് നേതാവിന് സ്വാധീനം എന്നത് വിചത്രമാണെങ്കിലും ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജിൽവന്ന ചിത്രങ്ങളിലൊന്ന് ചില സംശയങ്ങളിലേക്ക് വിരൽചൂണ്ടുന്നു. ഇന്ത്യയിലെ ഏറ്റവും നല്ല ജില്ലാ കളക്ടർക്ക് ഒരു സ്വകാര്യ സ്ഥാപനം നൽകിയ പുരസ്കാരത്തുക സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ഡോ.ദിവ്യ എസ്. അയ്യർ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെത്തി. ഒപ്പം കുട്ടിയെയും കളക്ടറുടെ മാതാപിതാക്കളെയും കൂട്ടി. ചടങ്ങിൽ കളക്ടറുടെ കുട്ടി പിണറായിക്ക് മുത്തം കൊടുക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ ജില്ലാ കളക്ടറുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ലൈക്കുകളേറെ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ കളക്ടർ യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥിന്റെ ഭാര്യയാണെന്ന സ്വരാജിന്റെ രാഷ്ട്രീയ വിമർശനത്തിന് ഇതിലും നല്ലൊരു മറുപടി ഇല്ലെന്നാണ് വർത്തമാനങ്ങൾ. സ്വരാജിന്റെ വിമർശനവും കളക്ടർക്കും കുടുംബത്തിനും പിണറായി നൽകിയ സ്വീകരണവും കോൺഗ്രസുകാർ ആഘോഷമാക്കുകയാണ്.

കളക്ടറുടെ ട്രാക്ക് റെക്കോർഡിനെപ്പറ്റി അഭിനന്ദനവും വിമർശനങ്ങളും ഉയരുന്നുണ്ട്. പാട്ടും നൃത്തവും പ്രസംഗ വൈഭവവുമെല്ലാം സ്വായത്തമാക്കിയ കളക്ടർ വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടി ഡോക്ടറായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. സർവകലാവല്ലഭയായി വിളങ്ങുന്ന ഡോക്ടർ കളക്ടർ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകും. അഭിനന്ദനങ്ങളുടെ പെരുമഴ ഒരു വശത്ത് നടക്കുമ്പോൾ വിമർശനങ്ങളുടെ ഇടിമന്നലുകൾ കളക്ടർക്കു നേരെ വീഴുന്നുണ്ട്. ഏറ്റവുമൊടുവിൽ, മല്ലപ്പള്ളിയിൽ ദുരന്ത നിവാരണത്തിന്റെ മോക്ഡ്രിൽ വേണ്ടത്ര കൂടിയാലാേചനകളും മുന്നൊരുക്കവുമില്ലാതെ നടത്തിയതിന് ദുരന്തനിവാരണ വിഭാഗത്തിന്റെ ചെയർപേഴ്സൺ കൂടിയായ കളക്ടർ പഴികേട്ടു. മോക് ഡ്രിൽ അപകടത്തിൽ നാടിന് ഉപകാരിയായ ഒരു മനുഷ്യന്റെ ജീവൻ പൊലിഞ്ഞതിന് ഉത്തരവാദിയായ ഒരു ഉദ്യോഗസ്ഥനെതിരെ പോലും നടപടിയുണ്ടായില്ല. യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനത്തിൽ എല്ലാം പര്യവസാനിച്ചു.

  • പബ്ളിസിറ്റി മാനിയ

അടുത്ത കാലത്തായി സോഷ്യൽ മീഡിയകളെ ഉപയോഗിച്ച് ജനകീയ പ്രതിച്ഛായ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന ഐ.എ.എസുകാരും മാനേജിംഗ് ഡയറക്ടർമാരും വളർന്നു വരികയാണ്. ശക്തമായ പബ്ളിക് റിലേഷൻ ടീമുണ്ട് അവരുടെ പിന്നിൽ. ഇത്തരം പി.ആർ മാനേജ്‌മെന്റുകാർ കളക്ടർമാരെക്കൊണ്ട് പല ചെപ്പടി വിദ്യകളും ചെയ്യിക്കും. അവഗണിക്കപ്പെട്ടു കടക്കുന്ന പ്രത്യേക വിഭാഗക്കാരുടെ പരമ്പരാഗത വേഷം കെട്ടിക്കും. ആ വിഭാഗക്കാരുടെ വീടുകളിൽ ചെന്ന് അവരെ കെട്ടിപ്പിടിക്കും. മറ്റു ചിലർ ഭജനപ്പാട്ട് പാടും. പ്രാർത്ഥന ചൊല്ലും. ഡാൻസ് ചെയ്യും. തിരുവാതിര കളിക്കും. കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി ചടങ്ങുകളിൽ പങ്കെടുക്കും. കവിത ചൊല്ലും.... ഇങ്ങനെ എന്തൊക്കെ ചെയ്യാമോ അതെല്ലാമാകും. മൊബൈൽ കാമറകളുമായി പി.ആർ ടീം സമൂഹ മാദ്ധ്യമങ്ങളിൽ ലൈവാകും. ലൈക്ക് ചെയ്തും കമന്റ് ചെയ്തും വൈറലാക്കാൻ അണിയറയിൽ വേറെയുമുണ്ട് ആളുകൾ.

വർഷങ്ങൾക്ക് മുൻപ് പി.ആർ സംഘവുമായി ഒരു പ്രമുഖൻ പത്തനംതിട്ടയിലെത്തിയിരുന്നു. നാടാകെ ചുറ്റി. വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും കയറിയിറങ്ങി ജീവനക്കാരെ വിറപ്പിച്ച കാര്യം മറക്കാനാവില്ല.

ആ മാതൃക ഏറ്റെടുക്കാൻ പിൻ തലമുറക്കാരുമുണ്ട്. പ്രശസ്തരാകാനും പ്രാെമോഷൻ ലഭിക്കാനും കുറുക്കു വഴിയേ

പോകുന്നവർ പ്രയോഗിക ഭരണത്തിൽ നിന്ന് വഴി മാറുകയാണെന്ന് ഓർക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIVYA S AYYAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.