തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കിന്റെ
അമ്പതാം വാർഷികം ഇന്ന്. 1973ലെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്ക് കേരളത്തിൽ ആദ്യമായി ഡയസ്‌നോൺ ഏർപ്പെടുത്തിയ സമരമെന്ന രീതിയിലും ചരിത്രത്തിൽ ഇടംപിടിച്ചു. ജനുവരി 10ന് ആരംഭിച്ച പണിമുടക്ക് 54 ദിവസമാണ് നീണ്ടത്.
ശമ്പള കമ്മിഷനെ നിയമിക്കുക,100 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക, വിലക്കയറ്റം തടയുക, തൊഴിൽ നികുതി വർദ്ധന റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പണിമുടക്ക്. 1968ൽ ശമ്പള കമ്മിഷനില്ലാതെ ഇ.എം.എസ് സർക്കാർ ശമ്പളം പരിഷ്‌കരിക്കുകയും, കേന്ദ്ര നിരക്കിലുള്ള ക്ഷാമബത്ത ഉറപ്പാക്കുകയും, ഓരോ അഞ്ചു വർഷം കൂടുമ്പോൾ ശമ്പളം പരിഷ്‌കരിക്കണമെന്ന നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. എന്നാൽ, 1970ൽ സി.അച്ചുതമേനോൻ നേതൃത്വം നൽകിയ കോൺഗ്രസ് മുന്നണി സർക്കാർ ശമ്പള പരിഷ്‌കരണ നടപടികൾ തുടങ്ങിയില്ല. തുടർന്ന് 1973 ജനവരി 10ന് എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സർക്കാർ അദ്ധ്യാപകർ ജനുവരി 17നും സ്വകാര്യ സ്‌കൂൾ അദ്ധ്യാപകർ 25നും പണിമുടക്കിൽ പങ്കു ചേർന്നു. പണിമുടക്കിനെതിതിരെ സർക്കാർ ശക്തമായ നടപടികളാണ് കൈക്കൊണ്ടത്. 'നോ വർക്ക് നോ പേ' എന്നു പറഞ്ഞാണ് ഡയസ് നോൺ ഏർപ്പെടുത്തിയത്. ശമ്പള കമ്മിഷനെന്ന ആവശ്യമുയർത്തിയ ജീവനക്കാരോട് ' ശമ്പളം മാത്രം പോര ,കമ്മിഷൻ കൂടി വേണോ എന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരൻ ചോദിച്ചത്.
സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും പണിമുടക്കിനെതിരെ പ്രയോഗിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് പൊലീസിനെ ഇറക്കി. സമരസമിതിയെ ഭിന്നിപ്പിക്കാനും ശ്രമങ്ങളുണ്ടായി. അറസ്റ്റുകൾ, സസ്‌പെൻഷനുകൾ, പിരിച്ചുവിടലുകൾ.സർക്കാർ വഴങ്ങിയില്ലെങ്കിലും 54 ദിവസങ്ങൾക്ക് ശേഷം സമരം പിൻവലിച്ചു. 'ആളിക്കത്തുന്ന തീയും അമർന്നു കത്തുന്ന തീയും തീയാണ് ' എന്ന ഇ.പദ്‌മനാമനാഭന്റെ പ്രഖ്യാപനത്തോടെയാണ് സമരം അവസാനിപ്പിച്ചത്.
വാർഷികാഘോഷം ഇന്ന്
പണിമുടക്കിന്റെ 50ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് എ.കെ.ജി ഹാളിൽ നടക്കുന്ന സമരനേതൃയോഗം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മുഖ്യപ്രഭാഷണം നടത്തും. അന്നത്തെ നേതാക്കൾ സമരാനുഭവങ്ങൾ പങ്കു വയ്ക്കും. എഫ്.എസ്.ഇ.ടി.ഒ പ്രസിഡന്റ് എൻ.ടി.ശിവരാജൻ, ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |