കോഴിക്കോട്: കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 48കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളിയിലാണ് അപകടം. മുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ മകന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല മരിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് മൂന്നുവയസുകാരൻ കിണറ്റിൽ വീണത്. കുട്ടിയെ രക്ഷിക്കാനായി റംലയും കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോൾ കിണറ്റിനുള്ളിലെ പൈപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു മൂന്നുവയസുകാരൻ. ആദ്യം കുട്ടിയെ ഇവർ പുറത്തെടുത്തു. റംലയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നരിക്കുനിയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അബ്ദുൾ അസീസ്, നുസ്രത്ത് ബീവി എന്നിവർ മക്കളും മുഹമ്മദ് ഷഹീദ്, ജംഷിദ എന്നിവർ മരുമക്കളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |