SignIn
Kerala Kaumudi Online
Thursday, 25 April 2024 6.30 PM IST

സാമ്പത്തിക അച്ചടക്കം ജനങ്ങൾക്ക് മാത്രമോ ?

photo

സാമ്പത്തിക അച്ചടക്കം തെല്ലുമില്ലാതെ തൊട്ടതിനും പിടിച്ചതിനും കേന്ദ്രത്തെ പഴിപറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കി ഒടുവിൽ കാലിയായ ഖജനാവുമായി കടത്തിൽ മുങ്ങിയ അവസ്ഥയിലാണ്‌ കേരളം. അടുത്ത ബഡ്‌ജറ്റിൽ മുടന്തൻ ന്യായങ്ങൾ വിളമ്പി ഉപ്പ് തൊട്ടു കർപ്പൂരം വരെ സർവസാധനങ്ങളുടേയും വില വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്. കുടിവെള്ളവും വൈദ്യുതിയും ഉൾപ്പെടെ പലതിന്റെയും വില നിലവിൽത്തന്നെ ഉയർത്തിയിട്ടുണ്ട്.

സാമ്പത്തിക ഞെരുക്കം വ്യക്തിക്കായാലും സ്ഥാപനത്തിനായാലും ചെലവ് ചുരുക്കിയും ധൂർത്ത് ഒഴിവാക്കിയും പ്രതിസന്ധി തരണം ചെയ്യാനാണ് ആദ്യം ശ്രമിക്കുന്നത്. പക്ഷേ കേരളത്തിൽ അതാണോ നടക്കുന്നത് ? മുഖ്യമന്ത്രി, മന്ത്രിമാർ, ബോർഡ്‌ കോർപറേഷൻ മേധാവികൾക്ക് വരെ പുതുപുത്തൻ ആഡംബര കാറുകൾ വാങ്ങാം, ലക്ഷങ്ങൾ ഉപയോഗിച്ച് പശുതൊഴുത്തും ലിഫ്റ്റും പണിയാം, വീടുകൾ മോടിപിടിപ്പിക്കാം ഇങ്ങനെ പോകുന്നു സാമ്പത്തിക അച്ചടക്കത്തിന്റെ മികച്ച കേരള മോഡൽ ഉദാഹരണങ്ങൾ. ഒടുവിൽ ഖജനാവ് കാലിയാകുമ്പോൾ അത് നിറയ്‌ക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണല്ലോ ജനങ്ങളെ പിഴിയുക എന്നത്.

രഞ്ജിത്
പാലക്കാട്

അധികാര ബലത്തിൽ

ആർക്കുംനേടാം ഡോക്ടറേറ്റ്

അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ നമ്മുടെ നാട്ടിൽ ആർക്കും നിഷ്പ്രയാസം ഡോക്ടറേറ്റ് ലഭിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചിന്താ ജെറോമിന്റെ പ്രബന്ധത്തിന്റെ പിഴവ് തെളിയിക്കുന്നത്. ഈ സംഭവം പുറത്തായതോടെ തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഡോക്ടറേറ്റ് നേടുക എന്ന ലക്ഷ്യം മുൻനിറുത്തി വർഷങ്ങളോളം പാടുപെടുന്ന കുട്ടികൾ അപഹാസ്യരായി കൊണ്ടിരിക്കുകയാണ്. ഈ പ്രബന്ധത്തിന്റെ ആദ്യാവസാനം കൂടെയുണ്ടായിരുന്ന ഗൈഡ് ഉൾപ്പെടെയുള്ളവർ സമൂഹത്തോട് കൃത്യമായ മറുപടി പറയാൻ ബാധ്യസ്ഥരാണ്. ഓർമ്മയില്ല തുടങ്ങിയ മുടന്തൻ ന്യായങ്ങൾ വിളമ്പി വിഷയത്തിൽ നിന്നും ഒളിച്ചോടാൻ ഇക്കൂട്ടർക്ക് കഴിയില്ല. സമാനമായ തട്ടിക്കൂട്ട് പ്രബന്ധങ്ങൾ സമർപ്പിച്ചുകൊണ്ട് പലരും ഡോക്ടറേറ്റ് നേടിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് കേരളത്തിൽ നിലനില്‌ക്കുന്നത്.

ദിവസവും ഇതുപോലെ പുറത്തുവന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ കുത്തഴിഞ്ഞ സർവകലാശാലാ വ്യവസ്ഥിതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പണവും അധികാരവും സ്വാധീനവും കൊണ്ട് എന്തും നേടാൻ കഴിയുമ്പോൾ പഠിക്കുന്നവർക്ക് ഈ നാട്ടിൽ എന്ത് വിലയാണുള്ളതെന്ന സ്വാഭാവിക ചോദ്യം ഉയരുന്നു. രാപകൽ പാടുപെട്ട് പഠിച്ച് പി.എസ്.സി ലിസ്റ്റിൽ പേര് വന്നാലും താത്കാലികമായി സ്വന്തക്കാരെ തിരുകികയറ്റി പഠിക്കുന്നവരെ പൊട്ടന്മാരാക്കുന്ന വാർത്തകൾ മറ്റൊരു ഉദാഹരണമാണ്. ഈ കുത്തഴിഞ്ഞ വ്യവസ്ഥിതിയിൽ മനം നൊന്താണ് പുതുതലമുറ പഠനത്തിന് കൂട്ടമായി വിദേശത്തേക്ക് പലായനം ചെയ്യുന്നത്. ഈ ദുസ്ഥിതി തുടർന്നാൽ വിദേശത്തേക്ക് പറക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുമെന്ന് ഉറപ്പാണ്.

നീലിമ. ജെ
കോട്ടയം

ഇത്രയൊക്കെയായിട്ടും

പാഠം പഠിക്കാത്തവർ

ഓൺലൈൻ തട്ടിപ്പുകൾ സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നുണ്ട്. ഇത്രയധികം തട്ടിപ്പ് വാർത്തകൾ പുറത്ത് വന്നിട്ടും വീണ്ടുംവീണ്ടും കെണികളിൽ തലവച്ചുകൊടുക്കുന്ന മലയാളികളുടെ കാര്യമാണ് പരിതാപകരം. അപരിചിതർക്ക് നമ്മുടെ ആധാർ, അക്കൗണ്ട് വിവരങ്ങൾ ഒരു കാരണവശാലും കൈമാറരുതെന്ന് ബന്ധപ്പെട്ടവർ പലതവണ ആവർത്തിച്ചിട്ടുണ്ട്. ആരും അത് മുഖവിലയ്ക്കെടുക്കാത്തതല്ലേ ഇത്തരം തട്ടിപ്പുകാർക്ക് വിളയാടാൻ അവസരം നൽകുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ ബോധവത്‌കരണവും പരസ്യവും വേണമെന്ന് ആവശ്യപ്പെടുന്നവർ ഒരു കാര്യം ഓർക്കണം, ഇതു സംബന്ധിച്ച് പുറത്തുവരുന്ന മാദ്ധ്യമ റിപ്പോർട്ടുകളേക്കാൾ വലിയ ബോധവത്കരണം മറ്റെന്താണുള്ളത്? ബോധം തെളിയേണ്ടത് മലയാളിക്കാണ്. പണത്തോടുള്ള അമിത ആർത്തിയാണ് തട്ടിപ്പുകാർക്ക് വളമാകുന്നത്.

വികാസ് കെ. ആർ

ചെങ്ങന്നൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.