കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്ന ബംഗാൾ സ്വദേശി പിടിയിൽ. കോഴിക്കോട് ബേപ്പൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗാൾ സൗത്ത് 24 പർഗാനാസ് ജലപ്പാറ ദക്ഷിൺ ഹാരിപ്പൂർ സ്വദേശി സുമൽ ദാസ് (22) ആണ് അറസ്റ്റിലായത്.
ഇയാൾ ബംഗാളിൽ നിന്ന് ലഹരിവസ്തുക്കൾ എത്തിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്തുവരുകയായിരുന്നു. ഇയാളുടെ കെെവശം ഉണ്ടായിരുന്ന 200ഗ്രാം കഞ്ചാവും പൊലീസ് പിടികൂടി. ബേപ്പൂരിലും പരിസരങ്ങളിലെ ലോഡ്ജുകളിലും അന്യസംസ്ഥാന മത്സ്യത്തൊഴിലാളികൾക്ക് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എസ് ഐ കെ. ഷുഹെെബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുമൽ ദാസ് കഞ്ചാവ് വിൽക്കുന്നതായി മനസിലായത്. പിന്നീട് പൊലീസ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി വിൽപനയ്ക്കെത്തിയ സുമൽ ദാസിനെ ബേപ്പൂർ ഹാർബർ റോഡിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |