തിരുവനന്തപുരം : ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ലഭിക്കുന്നതിന് കൈക്കൂലി വാങ്ങി സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെക്കൂടിയാണ് സസ്പെൻഡ് ചെയ്തത്. ഡോ.അയിഷ എസ്. ഗോവിന്ദ്, ഡോ. വിൻസ എസ്. വിൻസെന്റ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. നേരത്തെ ആർ.എം.ഒ ഡോ. വി. അമിത്‌കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് രണ്ട് ഡോക്ടർമാരെക്കൂടി സസ്പെൻഡ് ചെയ്തത്.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായുള്ള ഹെൽത്ത്കാർഡിന്റെ വിതരണനടപടികൾ കുറ്റമറ്റതാക്കാൻ ഡിജിറ്റൽ രൂപത്തിലേയ്ക്ക് മാറ്റുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു, . ആര് തെറ്റ് ചെയ്താലും കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ ഡിഎംഒമാർക്ക് നിർദേശം നൽകിയതായും അവർ അറിയിച്ചു. ചട്ടപ്രകാരമുള്ള പരിശോധനകൾ നടത്താതെ പണം വാങ്ങി ഹെൽത്ത് കാർഡ് നൽകിയ ഡോക്ടറുടെ നടപടി സമൂഹത്തോടുള്ള ദ്രോഹമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പരിശോധനകൾ നടത്താതെ ആർ എം ഒ ഉൾപ്പെടെയുള്ളവർ 300 രൂപ കൈക്കൂലി വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒൻപതോളം പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം ഡോക്ടർ ഒപ്പിട്ടുനൽകുന്ന സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമാണ് ഹെൽത്ത് കാർഡ് നൽകേണ്ടത്. ഇത്തരത്തിൽ നൽകേണ്ട കാർഡുകൾ ഡോക്ടർമാർ കൈക്കൂലി വാങ്ങി ഒപ്പിട്ടുനൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |