SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.02 PM IST

ചാൻസലർ ഇടയുമ്പോൾ

governor-arif-muhammed-kh

സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടതും അതിനോടു വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതികരണവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മാത്രമല്ല പൊതുരാഷ്ട്രീയത്തെ തന്നെ ചൂടുപിടിപ്പിച്ചു. സംസ്ഥാന ഗവർണർ എന്ന നിലയിൽ കേവലം ഒരു നാമമാത്ര ഭരണാധികാരിയല്ല താൻ എന്നു മുമ്പുതന്നെ തെളിയിച്ചിട്ടുള്ളയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. ദീർഘകാലം ദേശീയ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞയാളാണ് അദ്ദേഹം. കുറച്ചുകാലം കേന്ദ്ര മന്ത്രിയുമായിരുന്നു. സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളിലൊക്കെ വ്യക്തമായ അഭിപ്രായമുള്ളയാളാണ്. ആവശ്യമുള്ളപ്പോൾ തുറന്നു പറയാനും മടിക്കുകയില്ല. സ്ത്രീധനം പോലെയുള്ള സാമൂഹ്യ തിന്മകൾക്കെതിരെ നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ മുൻഗാമികൾക്കൊന്നുമില്ലാതിരുന്നത്ര ജനപ്രീതിയും അദ്ദേഹത്തിനുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രക്ഷോഭം നടക്കുമ്പോൾ തന്റെ എതിരഭിപ്രായം തുറന്നു പറഞ്ഞിട്ടുള്ളയാളുമാണ് അദ്ദേഹം. പക്ഷേ, പൊതുവേ ദൈനംദിന രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാറില്ല, ദൈനംദിന ഭരണത്തിൽ ഇടപെടാറുമില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങൾ കൂടിയും വായിക്കാൻ മടി കാണിക്കാറുമില്ല. ഗവർണർ പദവിയുടെ പരിമിതികൾ നന്നായി അറിയുന്നയാളാണ് ആരിഫ് ഖാൻ. അതേസമയം ചാൻസലർ സ്ഥാനത്തിന്റെ മഹത്വവും സവിശേഷാധികാരങ്ങളും കൃത്യമായി മനസിലാക്കിയിട്ടുള്ളയാളുമാണ്. ഗവർണറുടെ അധികാരാവകാശങ്ങൾ ഭരണഘടനയിൽ നിന്നാണ് സിദ്ധിച്ചിട്ടുള്ളത് ; ചാൻസലറുടേത് അതാത് സർവകലാശാലാ നിയമങ്ങളിൽ നിന്നുമാണ്. ചാൻസലർ എന്ന നിലയിൽ കേരളത്തിലെ വിവിധ സർവകലാശാലകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനാവശ്യമായ ഉപദേശങ്ങൾ സമയാസമയങ്ങളിൽ സന്തോഷസമേതം നൽകുന്നയാളാണ് അദ്ദേഹം. തനിക്ക് ലഭിക്കുന്ന പരാതികൾ സമയബന്ധിതമായി തീർപ്പു കല്പിക്കാനും തീരുമാനങ്ങൾ നിഷ്പക്ഷവും നിരാക്ഷേപവുമായിരിക്കാനും പ്രത്യേകം ശ്രദ്ധപുലർത്തുന്നയാളുമാണ്.

1937 ൽ തിരുവിതാംകൂർ സർവകലാശാല ആരംഭിച്ചകാലത്ത് മഹാരാജാവായിരുന്നു ചാൻസലർ. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം തിരു - കൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോൾ രാജപ്രമുഖനായി ചാൻസലർ. 1956 ൽ കേരളപ്പിറവിക്കു ശേഷം സംസ്ഥാന ഗവർണർ തന്നെ ചാൻസലറായും പ്രവർത്തിക്കുന്നു. താത്വികമായി ചാൻസലർക്ക് വിപുലമായ അധികാരങ്ങളുണ്ടെങ്കിലും പ്രായോഗികമായി അതു പലപ്പോഴും ഉപയോഗിച്ചിരുന്നില്ല. വടക്കേ ഇന്ത്യയിൽ നിന്നും മറ്റും ഗവർണർമാരായി വരുന്ന രാഷ്ട്രീയ നേതാക്കൾ പൊതുവേ ഇത്തരം കാര്യങ്ങളിൽ വിമുഖത പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ഇംഗിതങ്ങൾക്കനുസരിച്ചു തന്നെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയി. വിദ്യാർത്ഥി സമരങ്ങൾ കൊണ്ടു കലുഷിതമായ 1958 -59 കാലത്തോ 67 - 69 കാലത്തോ പോലും ഒരു ചാൻസലറും സർവകലാശാലാ നടത്തിപ്പിൽ ഇടപെടുകയുണ്ടായിട്ടില്ല. 1981 ൽ ഒന്നാം നായനാർ മന്ത്രിസഭയുടെ അവസാനകാലത്താണ് സർക്കാരും ചാൻസലറും തമ്മിൽ ആദ്യത്തെ ഏറ്റുമുട്ടൽ ഉണ്ടായത്. കേരള സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് അന്ന് മൂന്നു പേരുകളാണ് നിർദ്ദേശിക്കപ്പെട്ടത് - എൻ. കാളീശ്വരൻ, ഡോ. കെ.ഐ. വാസു, ഡോ. എ.വി. വർഗീസ്. ഇവരിൽ വാസുവിനോടായിരുന്നു സർക്കാരിന് താല്പര്യം. എന്നാൽ ഗവർണറും തദ്വാര ചാൻസലറുമായിരുന്ന ജ്യോതി വെങ്കിടാചലം പ്രതിപക്ഷ നേതാവ് കെ. കരുണാകരന്റെ താല്പര്യപ്രകാരം ഡോ. വർഗ്ഗീസിനെ നിയമിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിച്ചു. ചാൻസലറുടെ ചുമതല നിറവേറ്റുമ്പോൾ സർക്കാരിന്റെ ഉപദേശം സ്വീകരിക്കാൻ ഗവർണർക്ക് ബാദ്ധ്യതയില്ലെന്നായിരുന്നു രാജ്ഭവൻ വൃത്തങ്ങൾ പ്രതികരിച്ചത്. പ്രതിപക്ഷ പാർട്ടികളും അതേറ്റുപാടി. ഗവർണറുടെ ധിക്കാരവും കരുണാകര ദാസ്യവും മാർക്സിസ്റ്റുകാരെ ക്രുദ്ധരാക്കി. ജൂലായ് എട്ടിന് എം.വി. രാഘവൻ വൈസ് ചാൻസലർ നിയമനകാര്യം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. ഗവർണറുടെ നടപടികളെ കുറിച്ച് സഭാതലത്തിൽ ചർച്ച പാടില്ലെന്ന് ടി.എം. ജേക്കബ് തർക്കിച്ചു. ഗവർണറെപ്പെറ്റി ചർച്ച ചെയ്യുന്നതിന് തടസമുണ്ട്. എന്നാൽ ചാൻസലറെക്കുറിച്ച് ചർച്ചയാകാമെന്ന് സ്പീക്കർ എ.പി. കുര്യൻ റൂളിംഗ് നൽകി. ജൂലായ് ഒമ്പതാം തീയതി ചാൻസലറെ കുറിച്ച് വിശദമായ ചർച്ച നടന്നു. അമേരിക്കയിൽ സ്ഥിരതാമസക്കാരനായിരുന്നതുകൊണ്ട് ഡോ. എ.വി. വർഗ്ഗീസ് ഇന്ത്യൻ പൗരൻ അല്ലാതായിത്തീർന്നു എന്നുവരെ എം.വി. രാഘവൻ വാദിച്ചു. സർവകലാശാലാ നിയമത്തിന്റെ അന്ത:സത്തക്കും അതുവരെ നിലനിന്നിരുന്ന കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമായിട്ടാണ് വി.സിയെ നിയമിച്ചതെന്ന് ആരോപിച്ചു. കേരളത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചാൻസലറെ നിലയ്ക്കു നിറുത്തും; അവരെ വിടാൻ പോകുന്നില്ല എന്നു പ്രഖ്യാപിച്ചു. സി.ബി.സി വാര്യരും പി.കെ. വാസുദേവൻ നായരും കെ. പങ്കജാക്ഷനും ഉമ്മൻചാണ്ടിയും ചാൻസലറുടെ നടപടിയെ വിമർശിച്ചു. അതേ സമയം ഇ. അഹമ്മദും ആർ. സുന്ദരേശൻ നായരും കെ.കരുണാകരനും പി.ജെ. ജോസഫും ചാൻസലറെ അനുകൂലിച്ചു സംസാരിച്ചു. വിദ്യാഭ്യാസ മന്ത്രി ബേബി ജോണിന്റെ മറുപടിയോടെ ചർച്ച അവസാനിച്ചു. അധികം വൈകാതെ ആ സർക്കാർ നിലം പതിച്ചു. അങ്ങനെ ആ വിഷയവും കെട്ടടങ്ങി.

എൺപതുകളുടെ തുടക്കത്തിൽ ഇതുപോലുള്ള തർക്കം മറ്റു സംസ്ഥാനങ്ങളിലും അരങ്ങേറി. ആന്ധ്രപ്രദേശിലെ ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ സർക്കാർ നിർദ്ദേശിച്ചയാളെ വൈസ് ചാൻസലറാക്കാൻ ഗവർണർ രാംലാൽ വിസമ്മതിച്ചു. അതേത്തുടർന്ന് മുഖ്യമന്ത്രി എൻ.ടി രാമറാവുവും ഗവർണറുമായുള്ള ബന്ധം വഷളായി. ഒടുവിൽ വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്ന് കോടതി വിധിയെഴുതി. അധികം വൈകാതെ മുഖ്യമന്ത്രിയെ തന്നെ അട്ടിമറിച്ച് ഗവർണർ പകരം വീട്ടി. പശ്ചിമ ബംഗാളിൽ കൽക്കട്ട, ബർദ്വാൻ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജ്യോതിബസുവും ഗവർണർ എ.പി. ശർമ്മയും തമ്മിൽ ഏറ്റുമുട്ടി. ചാൻസലറുടെ അധികാരം പരിമിതപ്പെടുത്താൻ നിയമസഭ സർവകലാശാലാ നിയമം തന്നെ ഭേദഗതി ചെയ്തു. അതിന് അനുമതി നൽകാൻ ഗവർണർ വിസമ്മതിച്ചു. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. അതു വലിയ ഒച്ചപ്പാടുണ്ടാക്കി. ഒടുവിൽ ഗവർണർ ശർമ്മ രാജിവെക്കേണ്ടി വന്നു. കേരളത്തിൽ രണ്ടാം നായനാർ സർക്കാരിന്റെ കാലത്ത് ഗവർണർ രാംദുലാരി സിൻഹയുമായി ഇതേ കാര്യത്തിൽ തർക്കമുണ്ടായി. ചാൻസലറുടെ ചെയ്തികളെക്കുറിച്ച് സഭയിൽ വീണ്ടും ചർച്ച നടന്നു. വർക്കല രാധാകൃഷ്‌ണനായിരുന്നു നിയമസഭാ സ്പീക്കർ. സ്ഥിരമായി സ്ളീവ്‌‌ലെസ് ബ്ളൗസ് ധരിക്കുന്ന ചാൻസലർക്ക് ഒരു മീറ്റർ തുണി വാങ്ങിക്കൊടുക്കണമെന്ന രീതിയിലുള്ള പരാമർശങ്ങൾ വരെ നിയമസഭയിലുണ്ടായി. അപ്പോഴും ചാൻസലറുടെ വ്യാപകമായ അധികാരങ്ങൾ ചർച്ചാ വിഷയമായില്ല. അതു സംബന്ധിച്ച തർക്കങ്ങളും പരിഗണിക്കപ്പെട്ടില്ല. രാം ദുലാരി സിൻഹയുടെ പിൻഗാമിയായി വന്ന ഡോ. സരൂപ് സിംഗ് കലിക്കറ്റ് സർവകലാശാലയിലെ രണ്ട് സംസ്കൃത അദ്ധ്യാപകർ തമ്മിലുള്ള തർക്കത്തിൽ പുറപ്പെടുവിച്ച ഉത്തരവ് എക്കാലത്തും പ്രസക്തമാണ്. അവരിൽ ഒരു അദ്ധ്യാപകന് സിൻഡിക്കേറ്റിന്റെ പിന്തുണയുണ്ടായിരുന്നു ; മറ്റേയാൾക്ക് വൈസ് ചാൻസലറുടെയും. ഒരാൾക്ക് അനുകൂലമായി ലീഗൽ അഡ്വൈസറുടെ നിയമോപദേശം ; മറ്റേയാൾക്ക് സ്റ്റാൻഡിംഗ് കൗൺസലിന്റെ അഭിപ്രായം. ഇവർ തമ്മിലുള്ള വ്യവഹാരം പലതവണ കോടതി കയറിയിറങ്ങിയതാണ്. ഒടുവിൽ ചാൻസലറുടെ തീർപ്പിനു വിട്ടു. ചാൻസലർ വളരെ നിഷ്പക്ഷവും നീതിപൂർവവുമായ വിധിയെഴുത്ത് നടത്തി. കൂട്ടത്തിൽ സംസ്കൃത അദ്ധ്യാപകർ ഇങ്ങനെ സംസ്കാരമില്ലാതെ ഏറ്റുമുട്ടുന്നത് ഉചിതമല്ല എന്നൊരഭിപ്രായവും പാസാക്കി. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് യു.ഡി.എഫ് തന്നെ നിയമിച്ച മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറെ നീക്കം ചെയ്യേണ്ട ദുര്യോഗവും ചാൻസലർക്കുണ്ടായി. അടിസ്ഥാന യോഗ്യത സംബന്ധിച്ച് അദ്ദേഹം സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞതിന്റെ പേരിലായിരുന്നു ഈ നടപടി. മുഖ്യമന്ത്രിയെയും കോൺഗ്രസിലെ മറ്റു പ്രമാണിമാരെയും വെറുപ്പിച്ചു എന്നതു വി.സിക്ക് വിനയായി. വൈസ് ചാൻസലർമാരുടെ നിയമന കാര്യത്തിൽ പലപ്പോഴും യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു. തികച്ചും അയോഗ്യരായ വ്യക്തികൾ രാഷ്ട്രീയ പിൻബലത്താൽ മാത്രം നിയമിതരായി. എൽ.ഡി.എഫ് ഭരണത്തിലും യു.ഡി.എഫ് ഭരണത്തിലും സ്ഥിതി വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല.

സമീപകാലത്ത് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് പുനർ നിയമനം നൽകിയതും കാലടി സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലറെ നിയമിക്കാൻ മൂന്നംഗങ്ങളുള്ള പാനൽ നൽകുന്നതിനു പകരം ഒരാളുടെ പേരു മാത്രം നിർദ്ദേശിച്ചതുമാണ് ഇപ്പോൾ ഗവർണറെ ശുണ്ഠി പിടിപ്പിച്ച കാര്യങ്ങൾ. കലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറെ നിയമിക്കുന്നതു സംബന്ധിച്ചും വിവാദമുണ്ടായിരുന്നു. സെർച്ച് കമ്മിറ്റി സമർപ്പിച്ച മൂന്നംഗ പാനലിൽ സംസ്ഥാന സർക്കാരിന് താല്പര്യമുള്ളയാൾ അറുപതു വയസു പിന്നിട്ടുവെന്ന കാരണത്താൽ നിയമനം നൽകാൻ ഗവർണർ കൂട്ടാക്കിയില്ല. പകരം മറ്റൊരാളെയാണ് നിയമിച്ചത്. പിന്നീട് ഫിഷറീസ് സർവകലാശാല വൈസ് ചാൻസലറുടെ കാര്യത്തിലും താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ചാൻസലർക്കു മനസിലായി. നാളിതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ് കാലാവധി പൂർത്തീകരിച്ച വൈസ് ചാൻസലർക്ക് പുനർ നിയമനം നൽകുകയെന്നത്. പുനർ നിയമിതനായ വ്യക്തി പ്രായപരിധി പിന്നിട്ടയാളുമായിരുന്നു. പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സെർച്ച് കമ്മിറ്റിയെ ചുമതലപ്പെടുത്തിയശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു കത്തു മുഖേന സെർച്ച് കമ്മിറ്റി പിരിച്ചു വിടുകയും നിലവിലുള്ള വൈസ് ചാൻസലർക്ക് പുനർ നിയമനം നൽകണമെന്ന് ഗവർണറോട് ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. തത്കാലം ഗവർണർ വഴങ്ങുകയും പുനർ നിയമന ഉത്തരവ് ഒപ്പിടുകയും ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം തന്റെ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തി. മന്ത്രി ഗവർണർക്ക് അയച്ച രണ്ടു കത്തും പുറത്തു വന്നു. അതോടെ പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഉഷാറായി. മന്ത്രിയുടെ രാജിക്കുവേണ്ടി മുറവിളി ഉയർന്നു. വി.സിയുടെ പുനർ നിയനം കോടതി വ്യവഹാരത്തിനും കാരണമായി. ഹൈക്കോടതി നിയമനകാര്യത്തിൽ ഇടപെടാൻ വിസമ്മതിച്ചതു മാത്രമാണ് മന്ത്രിക്ക് ആശ്വാസം നൽകുന്ന വസ്തുത. ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കു തന്നെയും കണ്ണൂർ വി.സിയുടെ പുനർ നിയമനത്തിനു പിന്നിലുള്ള യുക്തി ബോദ്ധ്യപ്പെട്ടിട്ടില്ല. മറ്റുള്ളവരുടെ കാര്യം പറയാനുമില്ല. സമീപകാലത്തു തന്നെ കൊല്ലത്തെ ശ്രീനാരായണ ഓപ്പൺ സർവകലാശാലയുമായി ബന്ധപ്പെട്ടും ഇതുപോലുള്ള വിവാദങ്ങൾ ഉയർന്നിരുന്നു. അവിടെ വൈസ് ചാൻസലർ നിയമനം തർക്ക വിഷയമായി എന്നു മാത്രമല്ല, വി.സിക്കും മറ്റ് ഉന്നതർക്കും ശമ്പള സ്കെയിൽ പോലും തീരുമാനിച്ചു കൊടുക്കാൻ സർക്കാരിനായിട്ടില്ല. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാർ അത്ഭുതകരമാംവണ്ണം വിവിധ സർവകലാശാലാ വകുപ്പുകളിൽ നിയമനം നേടിയതു വിവാദമായിരുന്നു. അവരെക്കാളൊക്കെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഗവേഷണപരിചയവുമുള്ളവർ തഴയപ്പെട്ടു. വിദ്യാഭ്യാസ രംഗം സംശുദ്ധമാക്കാൻ വേണ്ടി അഹോരാത്രം പ്രസംഗിച്ചു നടന്ന യുവതുർക്കികളുടെ സഹധർമ്മിണിമാരാണ് ഇപ്രകാരം വളഞ്ഞ വഴിയിലൂടെ നിയമനം നേടി കൂടുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ വിഡ്‌ഢികളാക്കിയത്. അങ്ങനെ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുത്തഴിഞ്ഞ പുസ്തകമായി മാറിയ സാഹചര്യത്തിലാണ് ഗവർണർ പൊട്ടിത്തെറിച്ചത്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ പ്രതിപുരുഷനാണ് ഗവർണറെന്നും അദ്ദേഹം രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചു കൊണ്ടാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും വേണമെങ്കിൽ സഖാക്കൾക്ക് വാദിക്കാം. പക്ഷേ ഉന്നത വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിയും അപചയവും അറിയുന്നവരാരും അതു വിശ്വസിക്കുകയില്ല. സർവകലാശാലകളിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് പാർട്ടിക്കൂറും പ്രതിബദ്ധതയുമാണ് ഗവേഷണ ബിരുദത്തെക്കാളും അദ്ധ്യാപന പരിചയത്തെക്കാളും പ്രധാനമെന്നു കരുതുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാരിനെക്കാൾ വിശ്വാസ്യത ഗവർണർക്കുണ്ട്. അതു പാർട്ടിയിലെ മറ്റു നേതാക്കൾക്കറിയില്ലെങ്കിലും മുഖ്യമന്ത്രിക്ക് നിശ്ചയമുണ്ട്. അതുകൊണ്ടാണ് അനുനയത്തിന്റെ ഭാഷയിൽ അദ്ദേഹം സംസാരിക്കുന്നത്. ഗവർണർ ആവശ്യപ്പെട്ടപ്രകാരം വേണമെങ്കിൽ സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്ത് മറ്റാരെയെങ്കിലും ചാൻസലർ സ്ഥാനത്ത് അവരോധിക്കാം. പക്ഷേ അതുണ്ടാക്കുന്ന രാഷ്ട്രീയവും ധാർമ്മികവുമായ പ്രത്യാഘാതങ്ങൾ വലുതായിരിക്കും. സർക്കാരിന്റെ പ്രതിച്ഛായ കൂടുതൽ വികൃതമാകും. അതുകൊണ്ടു ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കുന്നതാണ് സർക്കാരിനും ഭരണകക്ഷികൾക്കും നല്ലത്. ഉന്നത വിദ്യാഭ്യാസ രംഗം സംശുദ്ധമാക്കാൻ ആരിഫ് മുഹമ്മദ് ഖാൻ അല്ല ആരു വിചാരിച്ചാലും കഴിയില്ല എന്നതു മറ്റൊരു കാര്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIF MUHAMMED KHAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.