SignIn
Kerala Kaumudi Online
Friday, 19 April 2024 12.54 PM IST

കോടഞ്ചേരി ; വിപൽ സൂചനകൾ

george-m-thomas
ജോർജ് എം. തോമസ്

കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ കോടഞ്ചേരി പഞ്ചായത്തിൽ നിന്ന് ഒരു യുവതിയും യുവാവും ഒളിച്ചോടി. യുവതിയുടെ പിതാവ് ആദ്യം പൊലീസിൽ പരാതി നൽകുകയും പിന്നീട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ യുവതി താൻ സ്വന്തം ഇഷ്ടപ്രകാരം യുവാവിനൊപ്പം വീടുവിട്ടിറങ്ങിയതാണെന്ന് വീഡിയോ സന്ദേശത്തിലൂടെ നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചു. തൊട്ടുപിന്നാലെ താമരശേരി മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി. കോടതി യുവതിയെ യുവാവിനൊപ്പം വിട്ടയച്ചു.

ഈ നവോത്ഥാന കേരളത്തിൽ അതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതത്ര പുതുമയുള്ള കാര്യമൊന്നുമല്ല. സാധാരണഗതിയിൽ ഈ വിഷയം അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. തന്റെ മകളെ യുവാവ് തട്ടിക്കൊണ്ടു പോയതാണെന്ന വാദത്തിൽ യുവതിയുടെ പിതാവ് ഉറച്ചുനിന്നു. സംഗതിവശാൽ യുവാവ് ഇസ്ളാംമത അനുയായിയും യുവതി ക്രിസ്ത്യാനിയുമായിരുന്നു. അതുകൊണ്ട് സംഭവത്തിന് സാമുദായിക മാനം കൈവന്നു. യുവതിയുടെ പിതാവിന് പിന്തുണയുമായി ഇടവക വികാരിയും സമുദായ സ്നേഹികളും രംഗത്തുവന്നു. വൈദികരും കന്യാസ്ത്രീകളുമുൾപ്പെടെ വലിയൊരു ജനക്കൂട്ടം അർദ്ധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. പത്രങ്ങളും വാർത്താചാനലുകളും ഏറ്റുപിടിച്ചു.

ഒളിച്ചോടിയ യുവാവ് മാർക്‌സിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും ആണെന്നത് സംഭവത്തിന് രാഷ്ട്രീയ മാനവും നൽകി. മാർക്‌സിസ്റ്റ് നേതാവിന്റെ ലൗ ജിഹാദ് എന്നരീതിയിൽ എതിർപാർട്ടികൾ, പ്രത്യേകിച്ച് കോൺഗ്രസുകാർ പ്രചരണം അഴിച്ചുവിട്ടു. അതുകൊണ്ടുതന്നെ ഒരു പ്രമുഖ വാർത്താചാനൽ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ തിരുവമ്പാടി എം.എൽ.എയുമായ ജോർജ്ജ്.എം. തോമസിനെ ഫോണിൽ ബന്ധപ്പെട്ടു. നാട്ടുകാരുടെ വികാരം ശരിക്കും ഉൾക്കൊണ്ട അദ്ദേഹം തങ്ങളുടെ പാർട്ടി ഇതംഗീകരിക്കുന്നില്ലെന്നും ഒളിച്ചോടിയ യുവാവിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും അറിയിച്ചു. അതോടെ ചാനലുകാർക്ക് ഹരമായി. മുൻപറഞ്ഞ ചാനലിന്റെ പ്രതിനിധി മുൻ എം.എൽ.എയെ നേരിൽക്കണ്ട് അദ്ദേഹത്തിന്റെ വിശദമായ അഭിപ്രായം തേടി. അപ്പോഴും നേതാവ് തന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. "സമീപകാലത്തായി ക്രിസ്‌തുമത അനുയായികൾ ധാരാളമായി മാർക്‌സിസ്റ്റ് പാർട്ടിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവരെ വെറുപ്പിക്കാൻ മാത്രമേ ഈ സംഭവം ഉപകരിച്ചിട്ടുള്ളൂ. ഇതുകൊണ്ടു നാട്ടിൽ സാമുദായിക സംഘർഷം നിലനിൽക്കുന്നു. സി.പി.എം ഒരിക്കലും ഒളിച്ചോട്ടത്തെ അനുകൂലിക്കുന്നില്ല. ഒളിച്ചോട്ടക്കാരനെതിരെ നടപടിയുണ്ടാകും. ജനങ്ങളോടു കാര്യങ്ങൾ തുറന്നുപറയാൻ സ്ഥലത്തു പൊതുയോഗം സംഘടിപ്പിച്ചിരിക്കുകയാണ്. ലൗ ജിഹാദ് എന്ന പ്രയോഗം ബി.ജെ.പിക്കാരുടെ സംഭാവനയാണെങ്കിലും ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. സി.പി.എം പാർട്ടിരേഖയിൽ പോലും ഇതേപ്പറ്റി പരാമർശമുണ്ട്. പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് പെൺകുട്ടികളെ മതം മാറ്റാനുള്ള ശ്രമത്തെപ്പറ്റി പാർട്ടിരേഖ പരാമർശിക്കുന്നുണ്ട്. ജമാ അത്തെ ഇസ്ളാമി, പോപ്പുലർ ഫ്രണ്ട് മുതലായ സംഘടനകളാണ് ഇതിനു പിന്നിൽ."

ജോർജ്ജ്. എം. തോമസിന്റെ ഈ നിലപാട് ഓർക്കാപ്പുറത്തുണ്ടായ വെളിപാടല്ല. കേരളത്തിലെ ക്രൈസ്‌തവ ജനസാമാന്യത്തിൽ പൊതുവേയും, മലബാറിലെ കുടിയേറ്റ മേഖലകളിൽ പ്രത്യേകിച്ചും മുസ്ളിങ്ങൾക്കു നേരെ നിലനിൽക്കുന്ന സംശയവും ഭയവുമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിദ്ധ്വനിച്ചത്. 2009 മുതൽക്കെങ്കിലും ക്രൈസ്‌തവ മതമേലദ്ധ്യക്ഷന്മാർ പ്രത്യേകിച്ച് കത്തോലിക്ക മെത്രാൻമാരും വൈദികരും ലൗ ജിഹാദിനെക്കുറിച്ച് വിശ്വാസികൾക്ക് ഒളിഞ്ഞും തെളിഞ്ഞും മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. ആയിരക്കണക്കിന് ക്രിസ്ത്യൻ പെൺകുട്ടികൾ പ്രണയം നടിച്ചുള്ള വിവാഹത്തിനും മതപരിവർത്തനത്തിനും ഇരയായെന്ന് കെ.സി.ബി.സിയുടെ ജാഗ്രതാസമിതി വർഷങ്ങൾക്കു മുമ്പുതന്നെ പരാതിപ്പെട്ടിരുന്നു. പിന്നീട് അവർ നിലപാട് അൽപമൊന്നു മയപ്പെടുത്തി. എങ്കിലും രഹസ്യ പ്രചരണം തുടർന്നുപോന്നു. 2000 -മാണ്ടിലെ പഞ്ചായത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പുകളാവുമ്പോഴേക്കും ഹാഗിയ സോഫിയ, 80 : 20 അനുപാതം, മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം എന്നിങ്ങനെയുള്ള വിഷയങ്ങൾ കൂടി ഉയർന്നുവന്നു. ക്രൈസ്‌തവരുടെ മുസ്ളിം വിരോധവും ലീഗ് വിരോധവും തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. അങ്ങനെയാണ് മദ്ധ്യകേരളത്തിലും കുടിയേറ്റ മേഖലകളിലും യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടായതും കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ വലിയ ജനവികാരം പ്രകടമായതും. കേരള കോൺഗ്രസിലെ ജോസ്. കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ടതിനു പിന്നിൽ പോലും കത്തോലിക്ക മെത്രാൻമാരുടെ അദൃശ്യകരങ്ങളുണ്ടായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം മുസ്ളിം ലീഗ് നേതാക്കൾ ചില സമവായ നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും അതേ വികാരം പ്രതിഫലിച്ചു. തിരഞ്ഞെടുപ്പിനുശേഷവും കത്തോലിക്ക മെത്രാൻമാർ മാർക്‌സിസ്റ്റ് നേതൃത്വത്തിനുമേൽ വലിയ സമ്മർദ്ദം ചെലുത്തി. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതും ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ക്രൈസ്തവനായ കേരള കോൺഗ്രസ് നേതാവിന് ലഭിച്ചതും 80 : 20 അനുപാതത്തിന്റെ കാര്യത്തിൽ ഹൈക്കോടതി വിധി നടപ്പാക്കാൻ സർക്കാർ കാണിച്ച അത്യുത്സാഹവുമൊക്കെ ഇതിനോടു ചേർത്തു വായിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിനുശേഷവും മെത്രാൻമാരുടെ നിലപാടിൽ യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് പാലാ മെത്രാന്റെ കുറവിലങ്ങാട് പ്രസംഗം തെളിയിച്ചു. പൊതുസമൂഹത്തിൽ വലിയ വിമർശനം ഉണ്ടായിട്ടും അദ്ദേഹം നിലപാടു തിരുത്തുകയോ ഖേദപ്രകടനം നടത്തുകയോ ഉണ്ടായില്ല. കുറവിലങ്ങാട് പ്രസംഗം നടന്ന അതേകാലത്തു തന്നെയാണ് താമരശേരി രൂപതയുടെ കൈപ്പുസ്തവും പുറത്തിറങ്ങിയത്. മുസ്ളിം യുവാക്കൾ ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിക്കുന്നതിനെയും പ്രണയം നടിച്ചു മതം മാറ്റുന്നതിനെയും കുറിച്ചു ബോധവത്കരിക്കാൻ അതിൽ നിരവധി പേജുകൾ മാറ്റിവച്ചിരുന്നു. ആഭിചാരം മുതൽ ഹേബിയസ് കോർപ്പസ് ഹർജിവരെയുള്ള കാര്യങ്ങൾ വ്യക്തവും വിശദവുമായി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. ഇതു വാർത്തയായപ്പോൾ മുസ്ളിം സംഘടനകൾ രൂക്ഷമായി പ്രതികരിച്ചു. ഉടനെ രൂപത മുൻകൈയെടുത്ത് അനുരഞ്ജന ചർച്ച നടത്തുകയും പ്രകോപനപരമായ ഭാഗങ്ങൾ ഒഴിവാക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. വിവാദപരമായ കാര്യങ്ങൾ കൈപ്പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയാലും ഇല്ലെങ്കിലും വിശ്വാസികളുടെ ഇടയിൽ സജീവമായി ചർച്ച ചെയ്യപ്പെട്ടു. ആ വികാരമാണ് കോടഞ്ചേരിയിലെ പ്രതിഷേധ പ്രകടനത്തിലും മുൻ എം.എൽ.എയുടെ വാക്കുകളിലും പ്രതിഫലിച്ചത്.

കുടിയേറ്റക്കാരുടെ ശക്തികേന്ദ്രമാണ് തിരുവമ്പാടി നിയമസഭാ മണ്ഡലം. കുടിയേറ്റക്കാരിൽ അധികവും കോൺഗ്രസുകാരായിരുന്നു. 1977 ൽ മണ്ഡലം ഉണ്ടായ കാലം മുതൽ 1991 വരെ സ്ഥലം എം.എൽ.എയും കോൺഗ്രസുകാരനായിരുന്നു. 1991 ൽ ആ സീറ്റ് മുസ്ളിം ലീഗിനു വിട്ടുകൊടുത്തു. അതിനുശേഷം സ്ഥിരമായി ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചു. 2006 ൽ സി.പി.എമ്മിലെ മത്തായി ചാക്കോ തിരുവമ്പാടി സീറ്റ് പിടിച്ചെടുത്തു. ഏതാനും മാസങ്ങൾക്കകം അദ്ദേഹം അന്തരിച്ചു. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ജോർജ്ജ്. എം. തോമസ് ആദ്യമായി ജയിച്ചത്. 2011 ൽ അദ്ദേഹം തോറ്റു. ലീഗിലെ സി. മോയിൻകുട്ടി വിജയിച്ചു. 2016 ആകുമ്പോഴേക്കും തിരുവമ്പാടിയിൽ ഒരു ക്രിസ്ത്യൻ എം.എൽ.എ വേണമെന്ന് താമരശേരി മെത്രാനും പരിവാരങ്ങൾക്കും തോന്നി. അവർ കോൺഗ്രസ് നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തി. തിരുവമ്പാടിയിൽ ഒരു 'കർഷകനെ' സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സീറ്റ് വിട്ടുകൊടുക്കാൻ ലീഗ് നേതൃത്വം തയ്യാറായില്ല. അതു പരസ്യമായ വാദപ്രതിവാദങ്ങളിലേക്ക് നീണ്ടു. ഫലം 2016 ൽ ലീഗിലെ ഉമ്മർ മാസ്റ്റർ തോറ്റു; സഖാവ് ജോർജ്ജ്. എം. തോമസ് വിജയിച്ചു. കുടിയേറ്റക്കാരുടെ വോട്ട് യു.ഡി.എഫിന്റെ ഫിക്‌സഡ് ഡിപ്പോസിറ്റല്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. 2021 ൽ സി.പി.എം സ്ഥാനാർത്ഥി ലിന്റോ ജോസഫ് ലീഗ് സ്ഥാനാർത്ഥി സി.പി. ചെറിയ മുഹമ്മദുമായി ഏറ്റുമുട്ടി. ക്രിസ്ത്യൻ വോട്ടുകൾ ഏറെക്കുറേ മൊത്തമായി എൽ.ഡി.എഫിന് കിട്ടി. 4,643 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ലിന്റോ ജോസഫ് വിജയിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷം എൽ.ഡി.എഫിനോട് അടുത്തുവെന്ന് ജോർജ്ജ്. എം. തോമസ് പറഞ്ഞതിന്റെ പൊരുൾ ഈ മാറ്റത്തിലാണ് അടങ്ങിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കുടിയേറ്റ മേഖലയായ പേരാവൂരിൽ ഇതേ മത്സരം മറ്റൊരു രീതിയിൽ നടന്നു. അവിടെ കുടിയേറ്റക്കാരുടെ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥി സണ്ണി ജോസഫിന് ലഭിച്ചു. സി.പി.എം സ്ഥാനാർത്ഥി സക്കീർ ഹുസൈൻ തോറ്റു. തിരുവമ്പാടിയിലും പേരാവൂരും നടന്നത് കുരിശു യുദ്ധമായിരുന്നെന്ന് നിരീക്ഷകർ പിന്നീടു വിലയിരുത്തി.

ലൗ ജിഹാദിനെക്കുറിച്ച് മുമ്പുതന്നെ ആശങ്കയിലായിരുന്ന കോടഞ്ചേരിയിലെ ക്രൈസ്തവർ ഇടവകയിലെ ഒരു പെൺകുട്ടി മുസ്ളിം യുവാവിനൊപ്പം ഒളിച്ചോടിയെന്നു കേട്ട് പ്രകോപിതരായതിൽ അത്ഭുതമില്ല. മാർക്‌സിസ്റ്റുകാരെ ഒതുക്കാൻ ഈയവസരം കോൺഗ്രസുകാർ ഉപയോഗിച്ചതും സ്വാഭാവികം. അങ്ങനെ ഒരു സാഹചര്യത്തിലാണ് ജോർജ്ജ്. എം. തോമസ് ഒളിച്ചോട്ടത്തെ തള്ളിപ്പറഞ്ഞതും യുവനേതാവിനെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് ഭീഷണി മുഴക്കിയതും. കൈവിട്ടു പോയേക്കാവുന്ന ക്രിസ്ത്യൻ വോട്ടുകൾ സ്വപക്ഷത്തു ഉറപ്പിച്ചു നിറുത്താനുള്ള വ്യഗ്രത കൊണ്ടാണ് അദ്ദേഹം ലൗ ജിഹാദിനെക്കുറിച്ചും പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ചു നടക്കുന്ന മതപരിവർത്തന ശ്രമങ്ങളെക്കുറിച്ചും വാചാലനായത്. തിരുവമ്പാടിയിലും കോടഞ്ചേരിയിലും അദ്ദേഹം നേരിടുന്ന പ്രതിസന്ധി പാർട്ടിയുടെ കോഴിക്കോട് ജില്ലാ നേതൃത്വത്തിനോ സംസ്ഥാന നേതൃത്വത്തിനോ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ ജോർജ്ജ്. എം. തോമസിനെ തള്ളിപ്പറഞ്ഞതും ഒളിച്ചോട്ട വിവാഹത്തെ ഭംഗ്യന്തരേണ ന്യായീകരിച്ചതും. സംസ്ഥാന സെക്രട്ടേറിയറ്റംഗം മുഹമ്മദ് റിയാസും ഇതേ മാതൃക കൈക്കൊണ്ടു. വിവാഹം വ്യക്തിപരമായ കാര്യമാണ്, ലൗ ജിഹാദ് ഉണ്ടെന്ന് പാർട്ടി കരുതുന്നില്ല, ആർ.എസ്.എസിന്റെ നുണ ബോംബാണ് എന്നൊക്കെ തട്ടിവിട്ടു. തനിക്കു നാക്കുപിഴ പറ്റിയെന്ന് ജോർജ്ജ്. എം. തോമസും ഏറ്റുപറഞ്ഞു. ലൗ ജിഹാദ് ഉണ്ടെന്നല്ല താൻ പറയാനുദ്ദേശിച്ചത്. പറഞ്ഞുവന്നപ്പോൾ അങ്ങനെയായിപ്പോയി എന്നേയുള്ളൂ. ഇ.എം.എസിനു പോലും നാക്കുപിഴ പറ്റിയിട്ടുണ്ടെന്ന് ന്യായീകരിച്ചു. പാർട്ടി രേഖയിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കൂടുതലെന്തെങ്കിലും പ്രതികരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.

മോഹനൻ മാസ്റ്ററുടെയും മുഹമ്മദ് റിയാസിന്റെയും താത്വിക വിശകലനമോ ജോർജ്ജ്. എം. തോമസിന്റെ നാക്കുപിഴ ന്യായീകരണമോ താമരശേരി രൂപതയിലെ വൈദികർക്കും വിശ്വാസികൾക്കും ബോദ്ധ്യപ്പെടാനിടയില്ല. ജോയ്‌സ്‌നയും ഷെജിനും പണ്ടേ പ്രണയ ബദ്ധരായിരുന്നുവെന്നോ അവരുടേത് ഒരു സാധാരണ പ്രണയ വിവാഹം ആയിരുന്നുവെന്നോ സഭ അംഗീകരിക്കുകയില്ല. അഥവാ സഭ അംഗീകരിച്ചാലും വിശ്വാസികൾ സമ്മതിച്ചു കൊടുക്കാനിടയില്ല. കാരണം അത്ര ആഴത്തിൽ വിദ്വേഷപ്രചരണം കുടിയേറ്റ മേഖലകളിൽ വേരോടിക്കഴിഞ്ഞു. കത്തോലിക്ക വൈദികർ ഇത:പര്യന്തം നടത്തിയ പ്രചരണത്തിന് പരഭാഗ ശോഭ അണയ്ക്കുന്നതാണ് ചില മുസ്ളിം മതമൗലികവാദികളുടെയും തീവ്രവാദ സംഘടനകളുടെയും പ്രവർത്തനമെന്നു പറയാതെവയ്യ. അതുകൊണ്ട് ഇരുസമുദായങ്ങൾക്കും ഇടയിലുള്ള പരസ്പര അവിശ്വാസവും ഭയവും കൂടാനല്ലാതെ കുറയാൻ സാദ്ധ്യതയില്ല. ഇതൊക്കെ എവിടെച്ചെന്ന് അവസാനിക്കുമെന്ന് പടച്ചവനു മാത്രമേ അറിയൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.