SignIn
Kerala Kaumudi Online
Friday, 19 April 2024 6.26 PM IST

ഗുജറാത്ത് ; മോർബിയുടെ വെല്ലുവിളി

photo

രാജ്യത്ത് ബി.ജെ.പിയുടെ പൊന്നാപുരം കോട്ടയാണ് ഗുജറാത്ത്. കോൺഗ്രസാണ് പ്രധാന പ്രതിപക്ഷം. ഇത്തവണ ആം ആദ്മി പാർട്ടിയും വാശിയോടെ രംഗത്തുള്ളതിനാൽ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും മാതൃസംസ്ഥാനം. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. മൊറാർജി ദേശായ്, എസ്.കെ.പാട്ടീൽ, ജീവരാജ് മേത്ത, ബൽവന്തറായ് മേത്ത എന്നിങ്ങനെ പ്രഗത്ഭനേതാക്കൾ വേറെയുമുണ്ടായിരുന്നു. 1960 മേയ് ഒന്നിനാണ് ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തും വേർപ്പെടുത്തിയത്. അതിനുശേഷവും കോൺഗ്രസ് ആധിപത്യം തുടർന്നു. 1967 ലെ പൊതുതിരഞ്ഞെടുപ്പിൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം അവസാനിച്ചു. പ്രതിപക്ഷമുന്നണി അധികാരത്തിലെത്തി. അപ്പോഴും ഗുജറാത്തിൽ കോൺഗ്രസിന് കുലുക്കമുണ്ടായില്ല. ഹിതേന്ദ്രദേശായ് ആയിരുന്നു മുഖ്യമന്ത്രി. അക്കാലത്ത് ഗുജറാത്തിൽ ജനസംഘം രാഷ്ട്രീയശക്തിയേ ആയിരുന്നില്ല. സ്വതന്ത്രപാർട്ടിയായിരുന്നു പ്രധാനപ്രതിപക്ഷം.
1969 ൽ ദേശീയാടിസ്ഥാനത്തിൽ കോൺഗ്രസ് പിളർന്നു. മൊറാർജി ദേശായിയുടെ വിശ്വസ്തനായിരുന്ന ഹിതേന്ദ്രദേശായ് സംഘടനാപക്ഷത്ത് ഉറച്ചുനിന്നു. 1969 സെപ്തംബറിൽ അഹമ്മദാബാദിൽ അതിഭയാനക വ‌ർഗീയ ലഹളയുണ്ടാകുകയും ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടുകയും ചെയ്തു. അതിലധികം പേർക്ക് പരിക്കേറ്റു. കോടിക്കണക്കിനു രൂപയുടെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. മൊറോക്കോയിലെ റബാത്തിൽ നടന്ന ഇസ്ലാമിക രാജ്യങ്ങളുടെ ആഗോളസംഗമത്തിലേക്ക് ഇന്ത്യ പ്രതിനിധിസംഘത്തെ അയച്ചെങ്കിലും പങ്കെടുപ്പിക്കാതെ അവർ മടക്കിയയച്ചു. ലഹളയ്ക്കുശേഷം ഗുജറാത്തിൽ ആർ.എസ്.എസിനും ജനസംഘത്തിനും വേരോട്ടമുണ്ടായി. 1971ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലു 1972ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇന്ദിരാ കോൺഗ്രസ് അതിശക്തമായ തിരിച്ചുവരവു നടത്തി. സംഘടനാ കോൺഗ്രസായിരുന്നു പ്രധാന പ്രതിപക്ഷം. അതിനു പിന്നിൽ സ്വതന്ത്രപാർട്ടി. ജനസംഘത്തിന് അപ്പോഴും നിലനിൽപ്പുണ്ടായിരുന്നില്ല. 1972 മാർച്ചിൽ ഘനശ്യാം ഓസ മുഖ്യമന്ത്രിയായി. ഒരുവർഷത്തിനകം ഇന്ദിരാഗാന്ധിയുടെ അപ്രീതിക്കു പാത്രീഭവിച്ച അദ്ദേഹത്തെ മാറ്റി ചിമൻഭായ് പട്ടേൽ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ ഭരണം ജനങ്ങളെയാകെ വെറുപ്പിച്ചു. അഹമ്മദാബാദിൽ വിദ്യാർത്ഥികൾ തുടങ്ങിവച്ച പ്രക്ഷോഭം സംസ്ഥാനമാകെ പടർന്നുപിടിച്ചു. 1974ൽ ഫെബ്രുവരിയിൽ ചിമൻഭായിയെ പിരിച്ചുവിടാൻ ഇന്ദിരാഗാന്ധി നിർബന്ധിതയായി. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം 16 മാസം നീണ്ടുനിന്നു. വന്ദ്യവയോധികനായ മൊറാർജി ദേശായ് നിരാഹാരസമരം നടത്തിയതിനാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇന്ദിര നിർബന്ധിതയായി. അങ്ങനെ 1975 ജൂണിൽ തിരഞ്ഞെടുപ്പുണ്ടായി. സംഘടനാ കോൺഗ്രസും ജനസംഘവും ഭാരതീയ ലോക്ദളും ജനതാ മുന്നണിയായി മത്സരിച്ചു. ആ മുന്നണി ഏറ്റവുമധികം സീറ്റ് നേടി. ബാബുഭായ് പട്ടേൽ മുഖ്യമന്ത്രിയായി. തൊട്ടുപിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. 1976 മാർച്ചിൽ ഏതാനും എം.എൽ.എമാർ കൂറുമാറിയതോടെ ജനതാമന്ത്രിസഭ തകർന്നു. നിയമസഭ മരവിപ്പിച്ചു. ആ വ‌ർഷം ഡിസംബറിൽ, കൂറുമാറിയവരെ കൂട്ടുപിടിച്ച് കോൺഗ്രസ് നേതാവ് മാധവസിംഗ് സോളങ്കി മന്ത്രിസഭ രൂപീകരിച്ചു. 1977 ലെ ജനതാതരംഗത്തിനു ശേഷം ആ മന്ത്രിസഭയും തകർന്നു. ബാബുഭായ് പട്ടേൽ വീണ്ടും മുഖ്യമന്ത്രിയായി. 1980 ജനുവരിയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജൂണിലെ നിയമസഭാ തിരഞ്ഞെടുപ്പിലും വീണ്ടും ഇന്ദിരാതരംഗം ആഞ്ഞടിച്ചു. മാധവസിംഗ് സോളങ്കി വീണ്ടും മുഖ്യമന്ത്രിയായി. പിന്നാക്ക സമുദായക്കാരനായിരുന്നു സോളങ്കി. പ്രബലമായ പാട്ടിദാർ (പട്ടേൽ) സമുദായത്തെ അദ്ദേഹം ഒതുക്കുകയും ഖാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട പിന്നാക്ക-ദളിത്- ആദിവാസി-മുസ്ലിം സമുദായങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്തു. സോളങ്കി ഉള്ളിടത്തോളം കാലം കൂട്ടുകെട്ട് ഫലപ്രദമായിരുന്നു. 1985ൽ കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിറുത്തിയെങ്കിലും സോളങ്കിയെ മുഖ്യമന്ത്രിയാക്കിയില്ല. ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ അമർസിംഗ് ചൗധരി മുഖ്യമന്ത്രിയായി. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. സോളങ്കിയുടെ കഴിവോ പ്രാപ്തിയോ വൈഭവമോ ചൗധരിക്കില്ലായിരുന്നു. ഹൈക്കമാൻഡിന്റെ നോമിനി എന്നതുമാത്രമായിരുന്നു യോഗ്യത സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം പ്രബലമായി. കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്നു കോൺഗ്രസ് നേതൃത്വത്തിനു മനസിലായി. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 1989 ഡിസംബറിൽ ചൗധരിയെമാറ്റി സോളങ്കിയെ വീണ്ടും മുഖ്യമന്ത്രിയാക്കി. പക്ഷേ അത് തീരെ ഫലം കണ്ടില്ല. കോൺഗ്രസ് അനിവാര്യമായ പരാജയം ഏറ്റുവാങ്ങി.

സോളങ്കിയുടെ ഭരണകാലത്തുതന്നെ പ്രബലമായ പാട്ടിദാർ സമുദായം ബി.ജെ.പിയോട് അടുത്തിരുന്നു. 1984 ഡിസംബറിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. കടപുഴകി. അടൽബിഹാരി വാജ്‌പേയി ജന്മനാടായ ഗ്വാളിയോറിൽ ഒന്നരലക്ഷത്തിൽപ്പരം വോട്ടിനാണ് പരാജയപ്പെട്ടത്. അന്നു ബിജെപിക്കു കിട്ടിയ രണ്ട്സീറ്റുകളിലൊന്നു ഗുജറാത്തിലായിരുന്നു-മെഹ്‌സാനയിൽ നിന്ന് എ.കെ.പാട്ടീൽ വിജയിച്ചു (രണ്ടാമത്തെ സീറ്റ് ആന്ധ്രയിലെ ഹനംകൊണ്ട ആയിരുന്നു. അതു തെലുങ്കുദേശം പാർട്ടിയുടെ ഔദാര്യം). ഗുജറാത്തിലെ മറ്റുചില മണ്ഡലങ്ങളിലും ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തി. സോളങ്കിയുടെ സ്ഥാനത്ത് അമർസിംഗ് ചൗധരി വന്നതോടെ ബി.ജെ.പിയുടെ വളർച്ച ത്വരിതഗതിയിലായി. കോൺഗ്രസിനെ വെല്ലുവിളിക്കാമെന്ന ആത്മവിശ്വാസം അവർക്കുണ്ടായി. 1989 നവംബറിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ-ബി.ജെ.പി സഖ്യം ഗുജറാത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. ജനതാദളിനു 13ഉം ബി.ജെ.പിക്ക് പത്തും സ്ഥാനങ്ങളിൽ വിജയിക്കാനായി. കോൺഗ്രസ് വെറും മൂന്നു സീറ്റിലൊതുങ്ങി. 1990 മാർച്ചിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജനതാദൾ-ബിജെപി സഖ്യം വൻവിജയം നേടി. അതിനകം ജനതാപാർട്ടിക്കാരനായി മാറിയിരുന്ന ചിമൻഭായ് പട്ടേൽ മുഖ്യമന്ത്രിയായി. പക്ഷേ സഖ്യം അധികനാൾ നീണ്ടുനിന്നില്ല. അദ്വാനിയുടെ രഥയാത്രയ്ക്കു ശേഷം ജനത, ബി.ജെ.പി സഖ്യം തകർന്നു. ഒക്ടോബർ 25ന് ബി.ജെ.പി അംഗങ്ങൾ മന്ത്രിസഭയിൽനിന്നു രാജിവച്ചു. കോൺഗ്രസ് പിന്തുണയോടെ ചിമൻഭായ് പട്ടേൽ മുഖ്യമന്ത്രിയായി തുടർന്നു. പിന്നീട് അദ്ദേഹത്തിനു പകരം ഛബിൽദാസ് മേത്ത മുഖ്യമന്ത്രിയായെങ്കിലും അധികനാൾ പിടിച്ചുനിൽക്കാനായില്ല. 1995 മാർച്ചിലെ തിരഞ്ഞെടുപ്പിൽ കനത്ത ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരം പിടിച്ചു. കേശുഭായ് പട്ടേൽ മുഖ്യമന്ത്രിയായെങ്കിലും അധികനാൾ തുടരാനായില്ല. അപ്പോഴേക്കും ബി.ജെ.പിയിൽ ഗ്രൂപ്പുവഴക്ക് മൂർച്ഛിച്ചു. പിന്നാക്ക സമുദായക്കാരനായ ശങ്കർസിംഗ് വഗേല കലാപക്കൊടി ഉയർത്തി. കേന്ദ്രനേതൃത്വം ഇടപെട്ട് കേശുഭായിയെ രാജിവയ്പ്പിച്ചു. 1995 ഒക്‌ടോബറിൽ സുരേഷ് മേത്ത മുഖ്യമന്ത്രിയായി. അദ്ദേഹത്തിനും കഷ്ടിച്ച് ഒരു വർഷമേ തുടരാനായുള്ളൂ. അപ്പോഴേക്കും വഗേല രാഷ്ട്രീയ ജനതാപാർട്ടി രൂപീകരിച്ച് കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി. വഗേലയ്ക്കും ഒരുവർഷത്തിലധികം തുടരാനായില്ല. ദിലീപ് പരേഖ് പകരക്കാനായി വന്നെങ്കിലും അധികനാൾ പിടിച്ചുനിൽക്കാനായില്ല. 1998 മാർച്ചിൽ നിയമസഭയിലേക്കു വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. കേശുഭായ് പട്ടേൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പിയെ വിജയത്തിലെത്തിച്ചു. പാട്ടീദാർ സമുദായം അദ്ദേഹത്തിനു പിന്നിൽ ഉറച്ചുനിന്നു. പോകെപ്പോകെ ഭരണത്തിന്റെ ശോഭമങ്ങി. 2001 ജനുവരി 26ന് കച്ചിനെ വിറപ്പിച്ച ഭൂകമ്പമുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഗുജറാത്ത് മന്ത്രിസഭ പരാജയപ്പെട്ടെന്ന പരാതിയുണ്ടായി. തുടർന്നുള്ള ഉപതിരഞ്ഞെടുപ്പുകളിലൊക്കെ ബി.ജെ.പി. സ്ഥാനാർത്ഥികൾ തോറ്റു. മുഖം മിനുക്കൽ നടപടികളുടെ ഭാഗമായി ഒക്ടോബറിൽ നരേന്ദ്രമോദിയെ മുഖ്യമന്ത്രിയായി അയച്ചു. അദ്ദേഹം മറ്റൊരു സുരേഷ് മേത്തയാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ 2002 ഫെബ്രുവരിയിലെ കലാപം ഗുജറാത്തിന്റെയും മോദിയുടെയും തലവിധി മാറ്റി. കലാപം ആളിക്കത്തിച്ചത് പാട്ടിദാർ സമുദായക്കാരായിരുന്നു- മോദിയെ അട്ടിമറിക്കുകയെന്നതായിരുന്നു പ്രധാനലക്ഷ്യം. സംഭവിച്ചത് മറിച്ചായിരുന്നു. മോദിയുടെ പ്രസിദ്ധി വർദ്ധിച്ചു, അദ്ദേഹം ഹിന്ദു ഹൃദയസമ്രാട്ടായി വിശേഷിപ്പിക്കപ്പെട്ടു. സാമുദായിക ധ്രുവീകരണം ബി.ജെ.പിക്കും മോദിക്കും ഗുണകരമായി. 2002 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. വികസനനായകനായി ചിത്രീകരിക്കപ്പെട്ട മോദി 2007ലും 2012ലും പാർട്ടിയെ വിജയത്തിൽനിന്നു വിജയത്തിലേക്കു നയിക്കുകയും ചെയ്തു. അപ്പോഴും പാട്ടിദാർ സമുദായം ബി.ജെ.പിയിൽ നിന്നകന്നു നിന്നു. 2012ലെ തിരഞ്ഞെടുപ്പിനു മുമ്പായി കേശുഭായ് പട്ടേൽ ഗുജറാത്ത് പരിവർത്തൻ പാർട്ടിയുണ്ടാക്കി ബി.ജെ.പിയെ വെല്ലുവിളിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴേക്കും മോദി തീർത്തും അജയ്യനായിക്കഴിഞ്ഞിരുന്നു.
മൂന്നാമതും പാർട്ടിയെ വിജയസോപാനത്തിലെത്തിച്ച നരേന്ദ്രമോദി ദേശീയ രാഷ്ട്രീയത്തിലും പ്രബലനായി. 2013 ഒക്ടോബറിൽ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ-മേയ് മാസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം ദേശീയ ജനാധിപത്യ സഖ്യത്തെ കേവലഭൂരിപക്ഷത്തോടെ വിജയത്തിലേക്കു നയിച്ചു.
2014 മേയിൽ മോദി പ്രധാനമന്ത്രിയായ ഒഴിവിൽ ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി. പാട്ടിദാർ സമുദായത്തെ അനുനയിപ്പിക്കാനുള്ള അടവായിരുന്നു അത് (സ‌ർദാ‌‌‌ർ പട്ടേലിന്റെ കൂറ്റൻപ്രതിമ സ്ഥാപിച്ചതിലും അങ്ങനെയൊരു ഉദ്ദേശ്യമുണ്ടായിരുന്നു). മോദിക്കൊത്ത പിൻഗാമിയായിരുന്നില്ല ആനന്ദിയെങ്കിലും രണ്ടുവർഷത്തോളം തുടരാൻ അനുവദിച്ചു. 2017 ഡിസംബറിൽ വിജയ് രൂപാണി മുഖ്യമന്ത്രിയായി. ഒപ്പം നികിൻ പാട്ടീലിനെ ഉപമുഖ്യമന്ത്രിയുമാക്കി. അവരുടെ നേതൃത്വത്തിലാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനകം പാട്ടിദാർ സമുദായം വീണ്ടും സമരപാതയിലെത്തിയിരുന്നു. തങ്ങൾക്ക് സംവരണം വേണമെന്ന് അവർ ശഠിച്ചു. ഹാർദിക് പട്ടേൽ എന്ന യുവനേതാവ് പ്രക്ഷോഭത്തെ നയിച്ചു. പിന്നാക്ക സമുദായക്കാരും ദളിതരും ബി.ജെ.പിക്കെതിരെ രംഗത്തുവന്നു. പിന്നാക്ക, പട്ടേൽ, ദളിത് വോട്ടുകളുടെ ഏകീകരണത്തിലൂടെ അധികാരത്തിൽ തിരിച്ചെത്താമെന്ന് കോൺഗ്രസ് കരുതി. പോരാട്ടം കടുത്തതായിരുന്നു. നരേന്ദ്രമോദിയും അമിത് ഷായും പ്രചരണരംഗത്ത് സജീവമായി. കുറഞ്ഞ ഭൂരിപക്ഷത്തോടെയെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ ബി.ജെ.പിക്കു സാധിച്ചു. വിജയ് രൂപാണി വീണ്ടും മുഖ്യമന്ത്രിയായി. ബി.ജെ.പിക്കു 97 സീറ്റിലേ ജയിക്കാൻ കഴിഞ്ഞുള്ളൂ. കോൺഗ്രസിന് 77 സീറ്റും കിട്ടി. എന്നാൽ അവരിൽ പലരും അധികം വൈകാതെ ബിജെപിയിലേക്കു കൂറുമാറി. 2021 സെപ്തംബ‌‌‌ർ 13ന് സംസ്ഥാനത്തു വീണ്ടും നേതൃമാറ്റമുണ്ടായി. വിജയ് രൂപാണി സ്ഥാനമൊഴിഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ഭൂപേന്ദ്രഭായ് പട്ടേൽ മുഖ്യമന്ത്രിയായി. നരേന്ദ്രമോദിയുടെ വിശ്വസ്തൻ, അതിലുപരി പാട്ടിദാർ സമുദായാംഗം എന്നതാണ് അദ്ദേഹത്തിന്റെ യോഗ്യത. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

മോദിയുടെ ജനപ്രീതി, അമിത് ഷായുടെ പിഴയ്ക്കാത്ത തന്ത്രങ്ങൾ ഭൂപേന്ദ്രഭായ് പട്ടേലിന്റെ സാമുദായിക പശ്ചാത്തലം, ഹാർദിക് പട്ടേൽ അടക്കമുള്ളവരുടെ ബി.ജെ.പി പ്രവേശം, കേശുഭായ് പട്ടേലിന്റെയും പ്രവീൺ ഭായ് തൊഗാഡിയയുടെയും അസാന്നിദ്ധ്യം, അദാനി-അംബാനി മുതലായ സകല വ്യവസായികളുടെയും അകമഴിഞ്ഞ പിന്തുണ ഇതൊക്കെ പാർട്ടിക്ക് സഹായകരമാണ് .

കോൺഗ്രസ് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അഹമ്മദ് പട്ടേലിന്റെ അസാന്നിദ്ധ്യം, പാർട്ടിയിലെ ഗ്രൂപ്പ് വഴക്ക്, സാമ്പത്തിക ബുദ്ധിമുട്ടുകൾ, എല്ലാറ്റിനുപരി ആം ആദ്മി പാർട്ടി ഉയർത്തുന്ന വെല്ലുവിളിയും. പഞ്ചാബ് മാതൃകയിലുള്ള മുന്നേറ്റമാണ് അരവിന്ദ് കേജ്‌രിവാൾ പ്രതീക്ഷിക്കുന്നത്. കർഷകർക്കും സാധാരണക്കാർക്കും നികുതിയിളവ് മാത്രമല്ല, അയോദ്ധ്യയിലേക്കു സൗജന്യയാത്രയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. കറൻസി നോട്ടിൽ മഹാലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്യണം, ഏക സിവിൽ കോഡ് നടപ്പാക്കണം എന്നൊക്കെയുള്ള ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. മോദിയേക്കാൾ വലിയ ഹിന്ദുത്വവാദിയാണ് താനെന്നു തെളിയിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ആം ആദ്മി പാർട്ടി ലക്ഷ്യമിടുന്നത് ഭരണവിരുദ്ധ വികാരവും ഭിന്നിപ്പിക്കുന്നത് കോൺഗ്രസ് വോട്ടുകളെയും ആയിരിക്കുമെന്നിടത്താണ് ബി.ജെ.പിയുടെ പ്രതീക്ഷ. അഭിപ്രായ സർവേകളും ബി.ജെ.പിയുടെ വമ്പിച്ച വിജയമാണ് പ്രവചിക്കുന്നത്. ഈ ഘട്ടത്തിലാണ് മോർബിയിൽ തൂക്കുപാലം തകർന്നുവീണതും 135 പേർ മരിച്ചതും. ഈ ദാരുണസംഭവം സംസ്ഥാന സർക്കാരിനും ബി.ജെ.പിക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പാലത്തിന്റെ ബലക്ഷയം പരിഹരിച്ചില്ലെന്നും സർക്കാരിന്റെ അനാസ്ഥകൊണ്ടാണ് അപകടമുണ്ടായതെന്നും പ്രതിപക്ഷപാർട്ടികൾ മാത്രമല്ല, മാദ്ധ്യമങ്ങളും കുറ്റപ്പെടുത്തുന്നു. 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ലക്‌നൗയിൽ സാരി വിതരണത്തിനിടെ ഏതാനും സ്ത്രീകൾ തിക്കിലുംതിരക്കിലും പെട്ട് മരിച്ചത് ബി.ജെ.പിക്കു തിരിച്ചടിയായ കാര്യം നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 1971ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കിഴക്കൻ പാക്കിസ്ഥാനിൽ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് അവാമി ലീഗിനു വമ്പിച്ച വിജയം സമ്മാനിച്ചതും 1998ലെ കൊടുങ്കാറ്റ് ഒറീസയിൽ കോൺഗ്രസ് ഭരണത്തിന് അറുതിവരുത്തിയതും സ്മരണീയമാണ്. ഗുജറാത്തിൽത്തന്നെ 2001 ജനുവരിയിലെ ഭൂമികുലുക്കം കേശുഭായ് പട്ടേലിന്റെ ജനപ്രീതിയെ സാരമായി ബാധിച്ചിരുന്നു. മോർബി അപകടം ഉയർത്തുന്ന വെല്ലുവിളിയെ മോദി-അമിത് ഷാ സഖ്യം എങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചാകും ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം. ഏതായാലും ബി.ജെ.പിക്കു മുമ്പുണ്ടായിരുന്ന അനുകൂല സാഹചര്യം ഇപ്പോഴില്ല. ഭാരത് ജോഡോയുടെ ആവേശം എത്രമാത്രം സഹായകമാകും, ആം ആദ്മിയുടെ വെല്ലുവിളി എങ്ങനെ മറികടക്കാനാവും എന്നതിനെ ആശ്രയിച്ചാണ് കോൺഗ്രസിന്റെ സാദ്ധ്യതകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GUJARATH ELECTION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.