SignIn
Kerala Kaumudi Online
Thursday, 25 April 2024 7.00 AM IST

ഋഷി സുനക് ; ചരിത്ര മുഹൂർത്തം

rishi-sunak

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു. യോർക്ക് ഷെയറിലെ റിച്ച്മണ്ട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന് 42 വയസേ പ്രായമുള്ളൂ - ആധുനിക ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. 2015 ലാണ് ഋഷി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നു വർഷത്തിനകം തെരേസ മേ സർക്കാരിൽ പ്രാദേശിക ഭരണവകുപ്പിന്റെ അണ്ടർ സെക്രട്ടറിയായി ; രണ്ടു വർഷത്തിനകം ബോറിസ് ജോൺസൺ അദ്ദേഹത്തെ ധനമന്ത്രിയാക്കി - ഫലത്തിൽ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരൻ. ഈ വർഷത്തിന്റെ മദ്ധ്യത്തിൽ വിവാദങ്ങളിൽ കുടുങ്ങി ജോൺസൺ രാജിവച്ചപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചവരിൽ പ്രമുഖനായിരുന്നു സുനക്ക്. എം.പിമാരിൽ ഭൂരിപക്ഷവും അദ്ദേഹത്തെ പിന്തുണച്ചു. പക്ഷേ പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ലിസ് ട്രസിനു പിന്നിലായിപ്പോയി. ജോൺസന്റെ പിൻഗാമിയായി ബ്രിട്ടന്റെ അമരത്തെത്തിയ ലിസ് ട്രസിനു 44 ദിവസമേ പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളൂ. അവരുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾ അമ്പേ പാളിപ്പോയി. നികുതി കുറച്ചപ്പോൾ അവശ്യ സാധനങ്ങളുടെ വില കുത്തനെ മേലോട്ടു കയറി. പൗണ്ടിന്റെ വില പാതാളത്തോളം ഇടിഞ്ഞു. ജനജീവിതം ദുസഹമായി. ധനമന്ത്രിയെ പുറത്താക്കിയിട്ടും പ്രതിസന്ധി അയഞ്ഞില്ല. നിവൃത്തിയില്ലാതെ പ്രധാനമന്ത്രി രാജിവച്ചു. ഇത്തവണ വലിയ ആശയക്കുഴപ്പത്തിന് ഇടയുണ്ടായില്ല. ബഹുഭൂരിപക്ഷം എം.പിമാരും സുനകിനെ പിന്തുണച്ചു. എതിരാളികൾക്ക് ആർക്കും നിശ്ചിത പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ പാർട്ടി അംഗങ്ങൾ വോട്ടുചെയ്തു ബുദ്ധിമുട്ടേണ്ടി വന്നില്ല. അങ്ങനെ ദീപാവലി ദിനത്തിൽ യാഥാസ്ഥിതിക കക്ഷി ഋഷി സുനകിൽ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തി. ചാൾസ് മൂന്നാമൻ രാജാവ് അദ്ദേഹത്തെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചു.

ബ്രിട്ടന്റെ ചരിത്രത്തിൽ വെള്ളക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രിയാണ് ഋഷി സുനക്. അദ്ദേഹത്തിന്റെ മുത്തച്ഛൻ അവിഭക്ത ഇന്ത്യയിലെ ഗുജറാൻവാലയിൽ നിന്ന് കെനിയയിൽ കുടിയേറിയ ആളാണ്. ഋഷിയുടെ അച്ഛൻ കെനിയയിൽ നിന്ന് വിദ്യാഭ്യാസത്തിനായി ബ്രിട്ടനിലേക്ക് പോയി. പിന്നീട് അവിടുത്തെ പൗരത്വം സ്വീകരിച്ചു. ഋഷി ജനിച്ചതും വളർന്നതുമൊക്കെ ഇംഗ്ളണ്ടിലാണ്. അതേസമയം തന്റെ ഭാരതീയ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന വ്യക്തിയുമാണ്. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഉപരിപഠനം നടത്തുമ്പോഴാണ് ജീവിത പങ്കാളിയെ കണ്ടെത്തിയത് - ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷത. 2009 ൽ ബംഗളൂരുവിലെ ലീല ഹോട്ടലിൽ ഹിന്ദു മതാചാരപ്രകാരമായിരുന്നു അവരുടെ വിവാഹം. അക്ഷത ഇപ്പോൾ പോലും ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടില്ല. താൻ ജന്മം കൊണ്ടും കർമ്മംകൊണ്ടും ബ്രിട്ടീഷുകാരനാണെങ്കിലും പാരമ്പര്യം കൊണ്ട് ഭാരതീയനും മതം കൊണ്ട് ഹിന്ദുവുമാണെന്ന് ഉറക്കെ പറയാൻ മടിക്കാത്തയാളാണ് ഋഷി സുനക്. അദ്ദേഹം ഭഗവദ്ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത് ; കൃഷ്ണാഷ്ടമി ദിനത്തിൽ പരസ്യമായി ഗോപൂജ നടത്തുന്നയാളുമാണ്.

മാഗ്നാകാർട്ട മുതൽക്കിങ്ങോട്ടു ജനാധിപത്യത്തിന്റെ വലിയ പാരമ്പര്യം അവകാശപ്പെടുമെങ്കിലും പ്രായേണ യാഥാസ്ഥിതികരാണ് ബ്രിട്ടീഷുകാർ. വെളുത്ത വർഗക്കാരനല്ലാത്ത ഒരു പ്രധാനമന്ത്രിയെ, അതും ഏഷ്യൻ വംശജനെ അവർക്ക് സങ്കൽപിക്കാൻ പോലും കഴിയുമായിരുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ക്രൈസ്തവനായാൽ മാത്രം പോര പ്രൊട്ടസ്റ്റന്റുകാരനും വിശേഷിച്ച് ആംഗ്ളിക്കൻ സഭക്കാരനും ആയിരിക്കണമെന്നാണ് അലിഖിത നിയമം. കുട്ടിക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ചതു കൊണ്ടാണ് ബെഞ്ചമിൻ ഡിസ്രേലിക്ക് മൂന്നു തവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ കഴിഞ്ഞത്. പൂർവികരെപോലെ അദ്ദേഹവും യഹൂദനായി തുടർന്നിരുന്നെങ്കിൽ പാർലമെന്റംഗം പോലും ആകാൻ സാധിക്കുമായിരുന്നില്ല. ലിബറലിസം പൂത്തുലഞ്ഞ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽപോലും അതായിരുന്നു അവസ്ഥ. കത്തോലിക്കരുടെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. 2007 ൽ പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷമാണ് ടോണിബ്ളെയർ കത്തോലിക്ക വിശ്വാസം സ്വീകരിക്കാൻ ധൈര്യപ്പെട്ടത്. കത്തോലിക്കനായി ജ്ഞാനസ്നാനം സ്വീകരിച്ചയാളാണ് ബോറിസ് ജോൺസൺ ; സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം ആംഗ്ളിക്കൻ സഭയിലേക്ക് മാറി. പ്രധാനമന്ത്രിയായിരിക്കുമ്പോൾ കാരി സിമൺസുമായുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ വിവാഹം കത്തോലിക്കപള്ളിയിൽ വച്ചാണ് നടന്നത്. താങ്കൾ ഒരു കത്തോലിക്കനാണോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യാൻ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു ജോൺസന്റെ മറുപടി. 19-ാം നൂറ്റാണ്ടിൽ സമ്മതിദാനാവകാശം സാർവത്രികമാക്കാൻ വേണ്ടി നടന്ന പ്രക്ഷോഭമാണ് ചാർട്ടിസ്റ്റ് മൂവ്മെന്റ്. അവരുടെ പ്രധാന ആവശ്യം പ്രായപൂർത്തിയായ എല്ലാ പുരുഷന്മാർക്കും വോട്ടവകാശം വേണമെന്നായിരുന്നു. സ്ത്രീകളുടെ സമ്മതിദാനാവകാശം അവർ പോലും ആഗ്രഹിച്ചില്ല. ജോൺ റസൽ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ ഒരു ബില്ല് അവതരിപ്പിച്ചതാണ്. അതു പക്ഷേ പാസായില്ല. വിക്ടോറിയ രാജ്ഞി തന്നെ റസലിനെ പരിഹസിച്ചു എന്നുമുണ്ട് ചരിത്രം. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് 1919 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് സ്ത്രീകൾ ആദ്യമായി വോട്ടു ചെയ്തത്. അപ്പോഴും പുരുഷന്മാരുടെ വോട്ടിംഗ് പ്രായം 21 വയസും സ്ത്രീകളുടേത് 30 വയസുമായി നിജപ്പെടുത്തിയിരുന്നു. ആ തിരഞ്ഞെടുപ്പിൽ 18 വനിതകൾ മത്സരിച്ചു. ഒരാളൊഴികെ എല്ലാവരും തോറ്റു. ഹൗസ് ഒഫ് കോമൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ജന്മം കൊണ്ട് ബ്രിട്ടീഷുകാരിയായിരുന്നില്ല. ഒരു ബ്രിട്ടീഷ് പൗരനെ വിവാഹം കഴിച്ചതുകൊണ്ട് പൗരത്വം നേടിയ അമേരിക്കക്കാരിയായിരുന്നു - നാൻസി ആസ്റ്റർ. 1979 ലാണ് ആദ്യമായി ഒരു വനിത ബ്രിട്ടീഷ് പ്രധാനമന്ത്രിയായത് - മാർഗരറ്റ് താച്ചർ. അവർ തികച്ചും ശക്തയായ ഭരണാധികാരി തന്നെയായിരുന്നു. ബ്രിട്ടനെ ഭരിക്കാൻ സ്ത്രീകൾക്കും കഴിയുമെന്ന് താച്ചർ തെളിയിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ ടെൻ ഡൗണിംഗ് സ്ട്രീറ്റ് അപ്പോഴും കറുത്ത വർഗ്ഗക്കാർക്കും കത്തോലിക്കർക്കും യഹൂദർക്കും മറ്റെല്ലാ ന്യൂനപക്ഷ വിഭാഗക്കാർക്കും അപ്രാപ്യമായി തുടർന്നു.

ബറാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റും കമലാ ഹാരിസ് വൈസ് പ്രസിഡന്റുമായതിനോട് സുനക്കിന്റെ സ്ഥാനലബ്‌ധിയെ താരതമ്യം ചെയ്യുന്നവരുണ്ട്. അമേരിക്കൻ പ്രസിഡന്റ് വെളുത്ത വർഗ്ഗക്കാരനായ പ്രൊട്ടസ്റ്റന്റായിരിക്കണമെന്നാണ് സങ്കല്പം. കറുത്ത വർഗ്ഗക്കാർക്കോ യഹൂദർക്കോ സ്ത്രീകൾക്കോ കത്തോലിക്കർക്കോ ആ സ്ഥാനം അചിന്ത്യമായിരുന്നു. 1960 ൽ ജോൺ . എഫ്. കെന്നഡി കത്തോലിക്കർക്കുള്ള തൊട്ടുകൂടായ്മ അവസാനിപ്പിച്ചു. പക്ഷേ അദ്ദേഹത്തിന് ഏതാണ്ട് ഒരുലക്ഷത്തിൽപരം പോപ്പുലർ വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ. സ്ഥിരമായി ഡെമോക്രാറ്റ് പാർട്ടിക്ക് വോട്ടുചെയ്യുന്ന അഞ്ച് തെക്കൻ സംസ്ഥാനങ്ങൾ കെന്നഡിയെ കൈവിട്ടു. എതിർ സ്ഥാനാർത്ഥി സാമാന്യത്തിലും ദുർബലനായതുകൊണ്ടാണ് കെന്നഡിക്ക് വിജയിക്കാൻ കഴിഞ്ഞത്. 2020 ൽ ജോ ബൈഡൻ എന്ന മറ്റൊരു കത്തോലിക്കൻ വീണ്ടും വിജയിച്ചു. 2008 ൽ ബറാക്ക് ഒബാമ വെള്ളക്കാരുടെ കുത്തകയും അവസാനിപ്പിച്ചു. തൊലിയുടെ നിറം കറുപ്പാണെങ്കിലും അദ്ദേഹം സങ്കര വർഗക്കാരനാണ്. ഒബാമയുടെ പിതാവ് കെനിയൻ പൗരനും അമ്മ വെളുത്ത അമേരിക്കക്കാരിയും ആയിരുന്നു. അദ്ദേഹം ഒരിക്കലും വിവേചനമോ അടിമത്തത്തിന്റെ പരാധീനതകളോ അനുഭവിച്ചവരുടെ പ്രതിനിധിയല്ല. കെന്നഡിയും ഒബാമയും ബൈഡനും കമലയും ഡെമോക്രാറ്റ് പാർട്ടിക്കാരാണ്. പരമ്പരാഗതമായി ആഫ്രിക്കൻ, ഏഷ്യൻ, ഹിസ്‌പാനിക് വംശജരായ അമേരിക്കക്കാർ ഡെമോക്രാറ്റ് പാർട്ടിക്കാണ് വോട്ടുചെയ്യുന്നത്. അതുകൊണ്ടു തന്നെ അവരുടെ വിജയം ഒരു പരിധി വരെ അസാദ്ധ്യമായിരുന്നില്ല. അമേരിക്കക്കാരെക്കാൾ യാഥാസ്ഥിതികരാണ് ബ്രിട്ടീഷുകാർ. ബ്രിട്ടീഷ് പ്രധാനമന്ത്രി ക്രിസ്ത്യാനിയോ പ്രൊട്ടസ്റ്റന്റുകാരനോ മാത്രം ആയാൽ പോര ആംഗ്ളിക്കൻ സഭക്കാരൻ കൂടിയായിരിക്കണമെന്നാണ് ശാഠ്യം. വെള്ളക്കാരിൽ തന്നെ പിന്തിരിപ്പൻമാരെയാണ് യാഥാസ്ഥിതിക കക്ഷി പ്രതിനിധീകരിക്കുന്നത്. അമേരിക്കയിലെ ഡെമോക്രാറ്റുകളെപ്പോലെ ബ്രിട്ടനിൽ കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്നത് ലേബർ പാർട്ടിയാണ്. ആ പാർട്ടിയിൽ നിന്ന് ഒരു കറുത്ത വർഗ്ഗക്കാരനോ തവിട്ടു നിറക്കാരനോ പ്രധാനമന്ത്രിയായാൽ അതിനൊരു രാഷ്ട്രീയ യുക്തിയുണ്ട്. സംഗതിവശാൽ ഋഷി സുനക് യാഥാസ്ഥിതിക പാർട്ടിക്കാരനാണ്. എന്നിട്ടും രാഷ്ട്രീയത്തിൽ പ്രവേശിച്ച് അധികം വൈകാതെ അദ്ദേഹം പാർലമെന്റ് അംഗമായി. തൊട്ടു പിന്നാലെ മന്ത്രിസഭയിൽ ഇടം കണ്ടെത്തി. വളരെയൊന്നും കാത്തിരിക്കാതെ പ്രധാനമന്ത്രിപോലുമായി തീർന്നു. തികച്ചും സ്വപ്നതുല്യമായ നേട്ടം.

എന്താണ് സമകാലീന രാഷ്ട്രീയക്കാരെ അപേക്ഷിച്ച് ഋഷി സുനക്കിനുള്ള മേന്മ ? അദ്ദേഹം മഹാധനവാനാണ്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പഠനം പൂർത്തിയാക്കിയശേഷം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അളവറ്റ സമ്പത്തു സ്വരുക്കൂട്ടുകയും ചെയ്തു. ഭാര്യ അക്ഷത മൂർത്തിയും അതിസമ്പന്ന തന്നെ. 730 മില്യൺ പൗണ്ടാണ് സുനക്ക് ദമ്പതിമാരുടെ ആസ്തി. ബ്രിട്ടീഷ് രാജാവിനെക്കാളും സമീപകാലത്തെ മറ്റേതൊരു പ്രധാനമന്ത്രിയെക്കാളും ധനവാൻ. സമ്പന്നമായ പശ്ചാത്തലവും പ്രമുഖ ബ്രിട്ടീഷ്, അമേരിക്കൻ സർവകലാശാലകളിൽ നിന്ന് നേടിയ ബിരുദങ്ങളും തെളിഞ്ഞ ബുദ്ധിയും വാഗ്‌സാമർത്ഥ്യവും എല്ലാത്തിലും ഉപരി ഉറച്ച നിലപാടുകളും ബ്രിട്ടനിലെ സമ്പന്നർക്കും മദ്ധ്യവർഗക്കാർക്കുമിടയിൽ അദ്ദേഹത്തിന് സ്വാധീനം നേടിക്കൊടുത്തു. (ബ്രിട്ടനിലെ ഒരു ശശി തരൂർ എന്നു പറയാം.) ഇപ്പോഴും രാജ്യത്തെ സാധാരണക്കാർക്കിടയിൽ ഋഷിക്ക് ആ രീതിയിലുള്ള അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ടു കൂടിയാണ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ പിന്തള്ളപ്പെട്ടു പോയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ് ബ്രിട്ടൻ. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യമൊക്കെ ഇപ്പോൾ പഴങ്കഥയാണ്. കോളനികളെല്ലാം സ്വതന്ത്രമായി. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് പഴയപോലെ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യാനോ ഉത്പന്നങ്ങൾ കൊണ്ടുപോയി വിറ്റഴിക്കാനോ സാദ്ധ്യമല്ല. ലിസ് ട്രസിന്റെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങൾ വരുത്തിവച്ച ആഘാതം അതിനും പുറമേയാണ്. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കണം. സമ്പദ്‌‌വ്യവസ്ഥയെ ശക്തിപ്പെടുത്തണം. ആഫ്രോ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾക്കും സത്വര പരിഹാരം കാണണം. യുക്രെയിൻ യുദ്ധം സൃഷ്ടിച്ച തലവേദനകൾ വേറെയുമുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടു പോരണമെന്ന ഉറച്ച നിലപാടുകാരനായിരുന്നു ഋഷി സുനക്. ആ വേർപെടൽ ഇനിയും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. അതിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ ബാക്കി കിടക്കുന്നു. യാഥാസ്ഥിതിക കക്ഷിയിൽ ഗ്രൂപ്പിസവും ചേരിപ്പോരും കലശലാണ്. പാർട്ടിയുടെ ജനസമ്മതി വല്ലാതെ കുറഞ്ഞുവെന്നാണ് സമീപകാലത്ത് നടന്ന അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്. 2025 ജനുവരിയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനകം സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുകയും പാർട്ടിയുടെയും സർക്കാരിന്റെയും നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കുകയും ചെയ്യണം. അതാണ് ഋഷി സുനകിന് കാലം കാത്തുവച്ച ദൗത്യം. അതിൽ അദ്ദേഹം വിജയിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RISHI SUNAK
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.