SignIn
Kerala Kaumudi Online
Friday, 19 April 2024 7.31 AM IST

ലോകസുന്ദരി ആൻഡ്രിയ മെസ

andrea-meza

ലോകസൗന്ദര്യ മത്സരത്തിൽ മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസ (26) കിരീടം ചൂടി. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക് മസെറ്റ സെക്കൻഡ് റണ്ണറപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ച അഡ്ലിൻ കാസ്റ്റിലിനോ തേഡ് റണ്ണറപ്പ് ആയി നാലാംസ്ഥാനം നേടി. കൊവിഡിനെ തുടർന്ന് 2020 ൽ മാറ്റിവച്ച മത്സരമാണ് ഇത്തവണ നടത്തിയത്.
എൻജിനീയറിങ് ബിരുദധാരിയും മോഡലുമാണ് ആൻഡ്രിയ മെസ. 2019 ലെ മിസ് യൂണിവേഴ്സായ ദക്ഷിണാഫ്രിക്കക്കാരി സോസിബിനി ടുൻസി കിരീടധാരണം നടത്തി. 74 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു മത്സരം. കൊവിഡ് പശ്ചാത്തലത്തിൽ 19 രാജ്യങ്ങൾ പിൻമാറിയിരുന്നു.


സുന്ദർലാൽ ബഹുഗുണയ്ക്ക് വിട
നാല്‌പതു വർഷത്തിലേറെ രാജ്യത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ നേതൃത്വനിരയിൽ നിന്ന സുന്ദർലാൽ ബഹുഗുണ (94) അന്തരിച്ചു. കൊവിഡ് ചികിത്സയിലായിരിക്കെ ഋഷികേശിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം.
വ്യവസായങ്ങൾക്കു വേണ്ടി മലനിരകളിലെ മരങ്ങൾ വെട്ടിനശിപ്പിക്കുന്നതു തടയാൻ 1973 ൽ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ത്രീകൾ മുൻകൈയെടുത്തു തുടങ്ങിയ ചിപ്‌കോ പ്രസ്ഥാനം ബഹുഗുണയുടെ ഇടപെടലിലൂടെ സജീവമായി. 'പരിസ്ഥിതിയാണു ശാശ്വത സമ്പത്ത്' എന്ന മുദ്രാവാക്യം അദ്ദേഹം ചിപ്‌കോയ്ക്കു നൽകി. 1981 ൽ രാജ്യം പത്മശ്രീ നൽകിയെങ്കിലും, അദ്ദേഹം നിരസിച്ചു. പക്ഷേ, 2009 ൽ പത്മവിഭൂഷൺ സ്വീകരിച്ചു.

ബ്ലാക് ഫംഗസ്
ബ്ലാക്ക് ഫംഗസ് ബാധയെ കൂടുതൽ സംസ്ഥാനങ്ങൾ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. യു.പി, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, തെലങ്കാന, തമിഴ്നാട്, ഒഡീഷ, ചണ്ഡിഗഢ് എന്നിവിടങ്ങളിലാണ് രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. ജമ്മു കാശ്മീരിലും ആദ്യ ബ്ലാക്ക് ഫംഗസ് കേസ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 7250 കേസുകളും 219 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഇതിനിടെ ഫംഗസ് ബാധയുള്ളവരെ ചികിത്സിക്കാനായി പ്രത്യേക വാർഡ് തുറന്നതായി ഗോവ സർക്കാർ അറിയിച്ചു.
2002 ൽ സാർസ് വൈറസ് പടർന്നുപിടിച്ചപ്പോഴും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തിരുന്നു.

75 രൂപയുടെ ആന്റിബോഡി കിറ്റ്


കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള ചെലവ് കുറഞ്ഞ ആന്റിബോഡി കിറ്റ് ഡി.ആർ.ഡി.ഒ വികസിപ്പിച്ചു. ഒന്നേകാൽ മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന ഡിപ്പോവാൻ എന്ന പേരിലുള്ള 75 രൂപ വിലയുള്ള കിറ്റ് അടുത്തമാസം മുതൽ വിപണിയിൽ ലഭ്യമാകും. കൊവിഡ് വൈറസ് ബാധിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കിറ്റ് ഫലപ്രദമാണെന്ന് 1000ത്തോളം പേരിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞു. 18 മാസം വരെ സൂക്ഷിക്കാം.

ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലീഡ് സയൻസസും (ഡിപാസ്) ഡൽഹിയിലെ വാൻഗാർഡ് ഡയഗ്‌നോസിസും സംയുക്തമായി വികസിപ്പിച്ച ഡിപ്പോവാന്റെ വ്യാവസായിക ഉത്പാദനത്തിനും വില്‌പനയ്ക്കും ഐ.സി.എം.ആർ, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ(സി.ഡി.എസ്.സി.ഒ), കേന്ദ്ര കുടുംബ, ആരോഗ്യക്ഷേമ മന്ത്രാലയം എന്നിവയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

അസാമിൽ ഇടിമിന്നലേറ്റ്

18 ആനകൾക്ക് ദാരുണാന്ത്യം

അസാമിലെ നാഗാവിൽ പതിനെട്ട് ആനകളെ ഇടിമിന്നലേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. നാഗാവ് ഫോറസ്റ്റ് ഡിവിഷനിലെ കണ്ടോലി സംരക്ഷിത വനമേഖലയിൽ ഒരു കുന്നിന്റെ മുകളിൽ പതിന്നാല് ആനകളെയും കുന്നിൻചുവട്ടിലായി നാലെണ്ണത്തിനെയുമാണ് കണ്ടെത്തിയതെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് അമിത് സഹായി വ്യക്തമാക്കി. ഇടിമിന്നൽ മൂലമുണ്ടായ വൈദ്യുതപ്രവാഹമാണ് ആനകളുടെ ജീവൻ കവർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് തങ്ങൾ സ്ഥലത്തെത്തിയതെന്നും ആനകളുടെ മൃതശരീരം പോസ്റ്റുമോർട്ടത്തിനയച്ചെന്നും വനം വകുപ്പുദ്യോഗസ്ഥൻ അറിയിച്ചു.

ഈ സീസണിൽ

എവറസ്റ്റ് കീഴടക്കിയ

ആദ്യ വനിത

2021 സീസണിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയെന്ന നേട്ടവുമായി അരുണാചൽ പ്രദേശ് സ്വദേശിനി താഷി യാങ്‌ഗോം. കേന്ദ്ര യുവജനകാര്യമന്ത്രി കിരൺ റിജിജുവാണ് വാർത്ത പുറത്തുവിട്ടത്.

അരുണാചലിലെ ദിരംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൗണ്ടനീറിംഗ് ആൻഡ് അലൈഡ് സ്‌പോർട്സിലാണ് താഷി പരിശീലനം പൂർത്തിയാക്കിയത്. നിമാസിലെ നിരന്തര പരിശീലനമാണ് താഷിയെ കരുത്തയായ പർവതാരോഹകയായി മാറ്റിയതെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. മേയ് 11നാണ് താഷി എവറസ്റ്റ് കീഴടക്കിയത്. നിമാസിൽ നിന്നും പരിശീലനം പൂർത്തിയാക്കി എവറസ്റ്റ് കീഴടക്കിയ ഒമ്പതാമത്തെ പർവതാരോഹകയാണ് 37കാരിയായ താഷി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANDREA MEZA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.