SignIn
Kerala Kaumudi Online
Friday, 29 March 2024 6.23 PM IST

പഴയകൃഷിയിലേക്ക് അട്ടപ്പാടി

attappadi

ഗോത്രങ്ങളിലൂടെ- പരമ്പര 1

''ഇതെല്ലാം വിളഞ്ചിറിക്കുത് അറുക്കലാം...'' നഞ്ചൻ ഒന്നു കൂടി ഉറപ്പു നൽകി. രേസി അക്കൻ നീളത്തിലുള്ളൊരു അരിവാളെടുത്തിട്ട് വീട്ടിലേക്ക് നോക്കി നീട്ടി വിളിച്ചു ''സെൽവിയേയ്.... പൊന്നീ...'' രേസി അക്കന്റെ അനുജത്തിയാണ് സെൽവി. പൊന്നി മകളും. രാവിലെ വീടിനു സമീപത്തെ കരനെല്ല് കൊയ്യാൻ മൂന്നു പേരും എത്തിയിരുന്നു. മഴപെയ്ത ഈർപ്പം കാരണം മടങ്ങി. സമയം 11 ആയതോടെ ഈർപ്പം മാറി അതാണ് രേസി കൊയ്യാനിറങ്ങിയത്. നിമിഷങ്ങൾ കൊണ്ട് കൊയ്തെടുത്ത നെൽക്കതിരുകൾ കെട്ടി മാറ്റിയിട്ടു. നെല്ല് വിള‌ഞ്ഞു നിൽക്കുന്നിടത്ത് അത് മാത്രമല്ല ഉള്ളത്. നഞ്ചൻ ഓരോന്നിന്റെയും അടുത്തെത്തി ഇത് ചാമ,​ ഇത് തുവര,​ ഇത് കോറ(റാഗി)​,​ പയർ. അഞ്ചിനം വിളവുകൾ ഒരേ സ്ഥലത്ത് ഇതിനെ പഞ്ചക്കാട് കൃഷിയെന്നാണ് ആദിവാസികൾ പറയാറുണ്ടായിരുന്നത്. കുറച്ചുകാലം മുമ്പ് കൈമോശം വന്നു പോയ പഞ്ചക്കാട് കൃഷി തിരിച്ചുപിടിക്കുകയാണ് അട്ടപ്പാടയിലെ നക്കുപതി ഊരിലുള്ളവർ. പോഷകാഹാര കുറവ് കാരണം അമ്മമാരുടെ ആരോഗ്യം നശിക്കുകയും നവജാത ശിശുക്കൾ മരിക്കുകയും ചെയ്യുമ്പോൾ കൈമോശം വന്ന കാർഷിക സംസ്കാരത്തിലേക്കും ആഹാരക്രമത്തിലേക്കും തിരിച്ചുപോവുകയല്ലാതെ നിവ‌ർത്തിയില്ലെന്ന് അട്ടപ്പാടിലെ ഒരു വിഭാഗം പേരെങ്കിലും തിരിച്ചറിഞ്ഞറിഞ്ഞിരിക്കുന്നു. വിത്ത് കിട്ടാനില്ലായിരുന്നു. പഴയ മൂപ്പന്മാരുടെ കൈയ്യിൽ നിന്നും വാങ്ങിയാണ് കൃഷി ചെയ്തത്- ഗ്രാമപഞ്ചായത്ത് മുൻ അംഗമായ സെൽവൻ പറഞ്ഞു.

നാട്ടിലെ പോലെ നെല്ല് പുഴുങ്ങുന്ന പരിപാടി ഇവിടയില്ല. തനതായ ഭക്ഷണ ശീലം ഉണ്ടായിരുന്നപ്പോൾ ഒരു രോഗവും ഊരിലുള്ളവർക്ക് വരില്ലായിരുന്നുവെന്ന് നക്കുപതി ഊര് മൂപ്പൻ രംഗൻ പറയുന്നു ആകെ പേടിച്ചിരുന്നത് വസൂരിയെയാണ്. അത് മാറുകയും ചെയ്യും. ''അന്ന് ആശുപത്രി പോയി കുത്തിവയ്ക്കേണ്ട ആവശ്യമേ ഇല്ല ഭക്ഷണം മാറി, രോഗങ്ങൾ വന്നു. ഇപ്പോൾ കൊറോണയും കിറോണയുമൊക്കെ വന്നു. ഞങ്ങളുടെ അച്ഛച്ഛന്റെ കാലത്ത് ആശുപത്രിയേ ഇല്ല. ചെറിയ കുട്ടികൾക്ക് പനിവന്നാൽ പോകും. അന്ന് ആയുസെത്തിയിട്ടേ മരിക്കൂ.''- അട്ടപ്പാടിയിലെ ഇപ്പോഴത്തെ അവസ്ഥയോർത്ത് മൂപ്പൻ നെടുവീർപ്പിട്ടു. പെണ്ണുങ്ങൾ ഗർഭിണിയാകുമ്പോഴേ ആശുപത്രിയിൽ പോകും എന്നിട്ടും,​ കുഞ്ഞുങ്ങൾ...

അനിവാര്യം ഈ മാറ്റം

ആദിവാസികളുടെ വനത്തിലുള്ള അവകാശം ഏതാണ്ട് ഇല്ലാതാക്കുകയും 1976ൽ അവർക്കു വേണ്ടി ഇന്റഗ്രേറ്റഡ് ട്രൈബൽ ഡവലപ്പ്മെന്റ് പദ്ധതി നടപ്പിലാക്കി തുടങ്ങുകയും ചെയ്തതോടെയാണ് പരമ്പരാഗത കൃഷിരീതിയിൽ നിന്നും ആദിവാസികൾ പിൻവാങ്ങി തുടങ്ങിയത്. സൗജന്യമായി റേഷൻ അരി കിട്ടിയപ്പോൾ പോഷകാംശം കുറഞ്ഞുവെന്നു മാത്രമല്ല കായികമായ അദ്ധ്വാനത്തിൽ നിന്നും പിൻവാങ്ങിയതും രോഗങ്ങളെ ക്ഷണിച്ചുവരുത്തിയെന്ന് ഗോത്രവിഭാഗത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ആദിവാസി വിഭാഗത്തിൽ തന്നെയുള്ള നിലമ്പൂർ‌ സ്വദേശി ശ്യാംജിത്ത് പറയുന്നു. വിറ്റാൽ പണം ലഭിക്കുന്ന തേൻ, കുന്തിരിക്കം പോലുള്ള വന വിഭവങ്ങളാണ് കാട്ടിനുള്ളിൽ നിന്നും ആദിവാസികൾ കൂടുതലായി ശേഖരിക്കുന്നത്. പ്രാക്തന ഗോത്രവിഭാഗക്കാരായ ചോലനായ്ക്കർ ഇപ്പോഴും ഉൾവനങ്ങളിലാണ്. അവിടെ പട്ടിണിമരണമോ പോഷകാഹാര പ്രശ്നമോ ഇതുവരെ ഉണ്ടായിട്ടില്ല.

'പുനർജീവനം' എന്ന പദ്ധതി

ആദിവാസികളുടെ മൺമറഞ്ഞ കൃഷിസമ്പ്രദായങ്ങൾ വീണ്ടെുക്കാനുള്ള 'പുനർജീവനം' എന്ന പദ്ധതി 2016ൽ ഇടുക്കിയിലെ ചിന്നാറിൽ വനംവകുപ്പ് ആരംഭിച്ചിരുന്നു. ആദിവാസി സമൂഹങ്ങൾ പണ്ടുകാലങ്ങളിൽ കൃഷിചെയ്തിരുന്നതും ഇപ്പോൾ പ്രചാരത്തിലില്ലാത്തതുമായ വിത്തിനങ്ങൾ കണ്ടത്തെി പരമ്പരാഗതരീതിയിൽ കൃഷി ചെയ്യുകയായിരുന്നു ലക്ഷ്യം.ജൂണിൽ തായണ്ണൻകുടി കോളനിയിൽ പദ്ധതിക്ക് തുടക്കമായി. പച്ചമുട്ടി, പൂവന്റാഗി, കരിമുട്ടി, തൊങ്കൽ, നീലക്കണ്ണി, ശിരിഗേപ തുടങ്ങി ഏഴിനം പരമ്പരാഗത വിത്തുകൾ ശേഖരിച്ചു. ഇവ തായണ്ണൻകുടി കോളനിയിലെ 14 സെന്റ് സ്ഥലത്ത് വിതച്ചു. ആദിവാസികളുടെ തനത് പച്ചക്കറിയും ഇതിനൊപ്പം കൃഷി ചെയ്തു. ജൈവ കൃഷിയുടെ മേൽനോട്ടവും പരിപാലനവും വിളവെടുപ്പുമെല്ലാം ആദിവാസികൾ തന്നെയായിരുന്നു. വിളവെടുപ്പിന് ശേഷം വിത്തുമഹോത്സവം സംഘടിപ്പിച്ച് വിത്തുകൾ വിതരണം ചെയ്യാനും പദ്ധതി മറ്റ് കോളനികളിലേക്കും വ്യാപിപ്പിക്കാനുമാണ് തീരുമാനിച്ചിരുന്നത്. ഇതിന് കൃഷിവകുപ്പിന്റെ സഹായവും തേടാൻ ധാരണയായി. അരിയുമായി താരതമ്യപ്പെടുത്തമ്പോൾ ആദിവാസികൾ ഉപയോഗിച്ചിരുന്ന വിത്തിനങ്ങളിൽ കാൽസ്യത്തിന്റെയും മറ്റ് ധാതുക്കളുടെയും അളവ് 300 ശതമാനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ആദിവാസികളുടെ ആരോഗ്യകാര്യത്തിൽ തൽപരനായ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനാണ് ഇതിനെല്ലാം മുൻകൈ എടുത്തത്. അദ്ദേഹം സ്ഥലം മാറിപോയതോടെ പദ്ധതി ഇടുക്കിയിലെ എല്ലാ ഊരുകളിൽ പോലും എത്തിയില്ല. തായണ്ണൻകുടിയിലും സമീപത്തെ രണ്ട് ഊരുകളിലുമാണ്ഇപ്പോൾ റാഗി ഉൾപ്പെടെയുള്ള കൃഷി തുടരുന്നത്. ബന്ധപ്പെട്ട വകുപ്പുകളെല്ലാം ഒന്നിച്ചു നിന്നിരുന്നെങ്കിൽ പരമ്പരാഗത കൃഷിക്കൊപ്പം നഷ്ടപ്പെട്ട ആരോഗ്യം കൂടി ആദിവാസികൾ വീണ്ടെടുത്തേനെ.

(തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ATTAPAPDI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.