SignIn
Kerala Kaumudi Online
Saturday, 20 April 2024 2.22 AM IST

എത്ര അരികിലാണ് ആ അട്ടപ്പാടി !

attappadi

അട്ടപ്പാടി നമുക്ക് പലതിന്റെയും പര്യായമാണ്; പലതിന്റെയും ഓർമ്മപ്പെടുത്തലുമാണ്. കേൾക്കാൻ ആരും ആഗ്രഹിക്കാത്ത വാർത്തകൾ അട്ടപ്പാടിയിൽ നിന്ന് പലപ്പോഴും കേൾക്കുന്നു. അവയിൽ ഏറ്റവും വേദനാജനകമായത് മധു എന്ന ആദിവാസി യുവാവിന്റെ ഹത്യയായിരുന്നു. ആദിവാസിയല്ലായിരുന്നെങ്കിൽ മധു കൊല്ലപ്പെടുമായിരുന്നോ? അട്ടപ്പാടിയിലെ അവിവാഹിതരായ അമ്മമാർ ഒരുകാലത്തു വാർത്തയായിരുന്നു. ആവർത്തിക്കുന്ന ശിശുമരണങ്ങൾ ഇപ്പോൾ അവഗണിക്കാൻ പാടില്ലാത്ത വിധം ഗൗരവതരമായ പ്രശ്നമായി മാറിക്കഴിഞ്ഞു. ഈ വിധം ആവർത്തിക്കുന്ന ഓരോ പ്രശ്നവും കാണുമ്പോൾ അട്ടപ്പാടി ആകെ അവഗണിതമാണെന്നു ധരിക്കുന്നെങ്കിൽ അത് വാസ്തവവിരുദ്ധമായിരിക്കും.

സർക്കാർ അട്ടപ്പാടിയിൽ ഇതിനകം ഒരുപാട് മേഖലകളിൽ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ട്. ആദിവാസികളുടെ പാർപ്പിടപ്രശ്നവും കുടിവെള്ള പ്രശ്നവുമൊക്കെ വലിയൊരളവിൽ പരിഹൃതമായി. ഭേദപ്പെട്ട റോഡുകൾ ഇന്ന് അട്ടപ്പാടിയിലുണ്ട്. അംഗനവാടിയും ആശുപത്രിയുമൊക്കെയുണ്ട്. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വകുപ്പും ഉദ്യോഗസ്ഥസംവിധാനവും ജാഗ്രത പുലർത്തുന്നില്ലെന്നു പറഞ്ഞുകൂടാ. സമയോചിതമായ ഇടപെടലുകൾ കൊണ്ട് പരിഹൃതമായ പ്രശ്നങ്ങളും ഒഴിവാക്കപ്പെട്ട ദുരന്തങ്ങളും ഒരിക്കലും വാർത്തയാകാറില്ലല്ലോ. ഇതെല്ലാമാണെങ്കിലും അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശുമരണങ്ങൾ ആശങ്ക ജനിപ്പിക്കുന്നു. ശിശുമരണങ്ങൾ ഒരു സൂചകമാണ്. ഒരു നവജാത ശിശു മരണപ്പെടുന്നെങ്കിൽ അതിനു പ്രത്യക്ഷവും പരോക്ഷവുമായ കാരണങ്ങളുണ്ടാകും. ഭാരക്കുറവും പോഷകക്കുറവും കൊണ്ട് ശിശുമരണം സംഭവിക്കാം.

ജീവന്റെ പ്രതീക്ഷയായി പിറക്കുന്ന ശിശുക്കൾ തുടരെ മരിക്കുമ്പോൾ അതിന്റെ പ്രത്യക്ഷകാരണം പോഷകമില്ലായ്മയാണെന്നു അനുമാനിക്കാമെങ്കിലും, ആ അവസ്ഥ വ്യാപകമാകാനുള്ള കാരണം എന്തെന്ന് അന്വേഷിക്കേണ്ടതുണ്ട്. അത് ഗർഭിണികളുടെ പോഷകാഹാരക്കുറവിലേക്കും ജീവിതാവസ്ഥകളിലേക്കും നമ്മെ നേരിട്ടു കൊണ്ടുചെന്നെത്തിക്കും. ആദിവാസി അമ്മമാരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചു അന്വേഷിച്ചെങ്കിൽ മാത്രമേ ശിശുമരണമെന്ന പ്രശ്നത്തിന്റെ തായ്‌വേര് കണ്ടെത്താനാവൂ. ഗർഭകാലത്ത് പോഷകാഹാരവും ആവശ്യമായ വിശ്രമവും, മാനസികവും ശാരീരികവുമായ സന്തുഷ്ടിയും ഈ അമ്മമാർക്ക് അപ്രാപ്യമാണെങ്കിൽ അതെന്തുകൊണ്ട് സംഭവിക്കുന്നു? അതെങ്ങനെ പരിഹരിക്കാം. സർക്കാർ ഇത്രയേറെ പണം അട്ടപ്പാടിയിൽ ചെലവിട്ടിട്ടും ഇതെങ്ങനെ സംഭവിക്കുന്നു? ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ പിറക്കാൻ കാരണമായ സാഹചര്യങ്ങൾ ശാശ്വതമായി നിവാരണം ചെയ്യണമെങ്കിൽ ഈ അമ്മമാരുടെ ഗർഭകാലജീവിത സാഹചര്യങ്ങളുടെ വിശദാംശങ്ങളിലേക്കു പോയേ മതിയാവൂ. സാധാരണ അനുവർത്തിക്കുന്ന പരിഹാര രീതികൾ അട്ടപ്പാടിയിൽ അത്രതന്നെ ഫലപ്രദമാവുകയില്ല.

നഗരങ്ങളിൽ ജീവിക്കുന്നവരെപ്പോലെ സർക്കാർ പരിപാടികളെല്ലാം കൃത്യമായി ഓർത്തുവച്ച് തങ്ങളുടെ അവകാശങ്ങളൊക്കെ ചോദിച്ചു വാങ്ങാനൊന്നും ആദിവാസികൾ മെനക്കെടാറില്ല. ഒരു പക്ഷെ ഗർഭിണിയുടെ അനാരോഗ്യത്തെക്കുറിച്ചു മറ്റാർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് അവർ കരുതുന്നു പോലുമുണ്ടാവില്ല. അത്തരമൊരു സാഹചര്യത്തിൽ സാധാരണയുള്ള സർക്കാർ വകുപ്പുകളുടെ പ്രതികരണ ശൈലി അവിടെ വിജയിച്ചെന്ന് വരില്ല. ആശയവിനിമയത്തിലുള്ള പോരായ്മകളും പരിമിതികളും സർക്കാരിന്റെ ഇടപെടലുകളെ ബാധിക്കുന്നതു സ്വാഭാവികം. ഇവിടെ കാര്യങ്ങൾ മെച്ചപ്പെടണമെങ്കിൽ ആദിവാസികളുടെ പങ്കാളിത്തമുള്ള ചില ഭരണ ക്രമീകരണങ്ങളാണ് ആവശ്യം. അഥവാ അനിവാര്യം. അത്തരമൊരു സംവിധാനം പത്തു വർഷം മുമ്പ് വരെ അട്ടപ്പാടിയിൽ വളരെ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചിരുന്നു. ജാപ്പനീസ് സഹായത്തോടെ നടന്നിരുന്ന അഹാഡ്സ് എന്ന സർക്കാർ പ്രോജക്ട്, സർക്കാരുകൾക്ക് ആദിവാസി മേഖലയിൽ എങ്ങനെ ക്രിയാത്മകമായി ഇടപെടാമെന്നതിന്റെ മികച്ച ലോക മാതൃകകളിലൊന്നായി ചരിത്രത്തിൽ ഇടം നേടി. ആദിവാസികളുടെ വിശ്വാസവും പങ്കാളിത്തവും എല്ലാ പ്രവർത്തനങ്ങളിലും . ഉറപ്പു വരുത്തിയതാണ് ആ വിജയത്തിന്റെ അടിസ്ഥാന കാരണം. ആ വികസന ശൈലിയിൽ ഇടനിലക്കാരും കരാറുകാരും മാറ്റി നിറുത്തപ്പെട്ടു. അഹാഡ്സ് നേരിട്ട് പൂർത്തിയാക്കിയ പദ്ധതികളിൽ ആദിവാസികൾ പങ്കാളികളും ഗുണാഭോക്താക്കളുമായി. അവരുടെ അഭിപ്രായങ്ങൾക്കും മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും അഹാഡ്സിന്റെ പ്രവർത്തന ശൈലിയിൽ ഇടം കിട്ടി. ചില ഊരുകളിൽ ഒരു ആദിവാസി കുടുംബത്തിന് രണ്ടു വീടുകൾ കാണാം. എന്താണെന്ന് ചോദിച്ചാൽ അവർ പറയും, ഒന്നിൽ ഞങ്ങൾ മൃഗങ്ങളെ അടയ്ക്കും, ഈ വീട്ടിൽ ഞങ്ങൾ ഉറങ്ങും. ഉറങ്ങുന്ന വീട് അഹാഡ്സ് കൊടുത്തതാണ്. ആദിവാസി തന്നെ സ്വന്തം ഇഷ്ടപ്രകാരം ഡിസൈൻ ചെയ്ത്, തങ്ങളുടെ വിശ്വാസത്തിനനുസൃതമായ ഘടകങ്ങളോടെയും സവിശേഷതകളോടെയുമാണ് ആ വീടുകൾ നിർമ്മിച്ചിരിക്കുന്നത്. കുടുംബത്തിന്റെ അംഗസംഖ്യ അനുസരിച്ചു വീടുകൾ വലുതും ചെറുതുമായി അവർ പണിതു. സർക്കാർ പദ്ധതിയിൽ ഒരേ ഡിസൈനിൽ വാർത്തു നൽകിയ വീടുകൾ അവർ അപ്പോഴേ നിരാകരിച്ചു. പിന്നെ ജപ്പാൻ സഹായം നിന്നപ്പോൾ അഹാഡ്സിന് താഴ് വീണു. വേണമെങ്കിൽ നില നിറുത്താമായിരുന്നു. നിലനിറുത്തേണ്ടിയിരുന്നു.

അഹാഡ്സ് ഇല്ലാതായതോടെ നഷ്ടമായത് ഒരു വലിയ ബന്ധവും വിശ്വാസവുമായിരുന്നു. വിജയിച്ച ഒരു ഭരണ ശൈലിയായിരുന്നു. ആദിവാസികൾക്ക് സ്വാതന്ത്ര്യവും പങ്കാളിത്തവുമുള്ള അഹാഡ്സ് പ്രവർത്തിച്ചിരുന്ന കാലത്ത് ഒരു ശിശുമരണവും അവിടെ കേട്ടില്ല. അമ്മമാർക്ക് പോഷകം വേണമെങ്കിൽ അത് അവർ ആവശ്യപ്പെടുകയും അത് ലഭ്യമാകുകയും ചെയ്തിരുന്നു. അഹാഡ്സിനു അതിനു കഴിഞ്ഞിരുന്നു. ആദിവാസികളെ പൂർണമായും പങ്കാളികളാക്കിക്കൊണ്ടുള്ള ആ അഹാഡ്സ് ശൈലി വീണ്ടെടുക്കണം. അഹാഡ്സിന്റെ പിൻഗാമിയായി ഒരു സ്ഥാപനം അവിടെയുണ്ടായാൽ ഈ പ്രശ്നങ്ങൾ സുഗമമായി തീർക്കാനാവും. ഇപ്പോൾ ചെലവാക്കുന്ന പണം പോലും ചിലപ്പോൾ വേണ്ടി വരില്ല. അട്ടപ്പാടിയിൽ വീണ്ടും മരങ്ങൾ തളിർക്കുകയും ആകാശം തെളിയുകയും ചെയ്യും. പരിഹാരമില്ലാത്തതല്ല അട്ടപ്പടിയിലെ ശിശുമരണങ്ങൾ. ഇനി ഒരു കുഞ്ഞും ജനന സമയത്തു മരണപ്പെടാത്ത അട്ടപ്പാടി എത്ര അരികിലാണ് !

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, ATTAPPADI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.