SignIn
Kerala Kaumudi Online
Friday, 19 April 2024 12.32 PM IST

പരമോന്നത നീതിപീഠത്തിന്റെ തലപ്പത്ത് വനിതയെത്തും ചരിത്രമാകുന്ന ശുപാർശ

b-v-nagarathna
ജസ്‌റ്റിസ് ബി.വി. നാഗരത്ന

രണ്ട് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാരുടെ നിയമനത്തിന് വഴിതെളിഞ്ഞിരിക്കുകയാണ്. കേരള ഹൈക്കോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്റ്റിസ് സി.ടി. രവികുമാർ ഉൾപ്പെടെ ഒൻപത് പേരെയാണു സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്തത്. ഇവരിൽ മൂന്ന് പേർ വനിതകളാണ്. ആദ്യമായാണ് ഒരേസമയം മൂന്ന് വനിതകളെ ശുപാർശ ചെയ്യുന്നത്.

ഇതിൽ കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്നയെ സുപ്രീംകോടതിയിലേക്കു ശുപാർശ ചെയ്തതോടെ പിറക്കുന്നത് ചരിത്രമാണ്. നിയമനം ലഭിച്ചാൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസെന്ന നേട്ടം 2027ൽ നാഗരത്ന കൈവരിച്ചേക്കും. സീനിയോറിറ്റി പ്രകാരം ചീഫ് ജസ്റ്റിസ് രമണ, ജഡ്ജിമാരായ യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർക്കു ശേഷം, 2027ൽ നാഗരത്ന മുന്നിലെത്തും. അങ്ങനെ വന്നാൽ മുൻ ചീഫ് ജസ്റ്റിസിന്റെ മകളും അതേ പദവിയിലെന്ന ഖ്യാതിയും അവരെ തേടിയെത്തും.

ജസ്റ്റിസ് ബി.വി. നാഗരത്ന

ഇന്ത്യയുടെ 19ാതാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കട രാമയ്യയുടെ (1989 ജൂൺ മുതൽ 1989 ഡിസംബർ വരെ ) മകളാണ് ജസ്റ്റിസ് നാഗരത്ന. 1962 ഒക്ടോബർ 30 ന് ജനിച്ചു. 1987 കർണാടക ബാർ കൗൺസിലിൽ എൻറോൾ ചെയ്യപ്പെട്ട നാഗരത്ന 2008 ലാണ് കർണാടക ഹൈകോടതിയുടെ അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റത്. രണ്ട് വർഷത്തിന് ശേഷം സ്ഥിരം ജഡ്ജിയായും നിയമിതയായി. 2009ൽ അന്നത്തെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന പി.ഡി. ദിനകരനെതിരെയുള്ള അഴിമതി ആരോപണത്തെത്തുടർന്ന ബാർ കൗൺസിൽ നടത്തിയ പ്രതിഷേധത്തിനിടെ ജസ്റ്റിസ് നാഗരരത്ന, ജസ്റ്റിസ് വെങ്കെട്ട് ഗോപാൽ ഗൗഡ, ചീഫ് ജസ്റ്റിസ് എന്നിവരെ അഭിഭാഷകർ കോടതിമുറിയിലിട്ട് പൂട്ടിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എനിക്ക് ദേഷ്യമല്ല, ബാർ അസോസിയേഷനെ ഓർത്ത് നാണക്കേടാണ് തോന്നുന്നതെന്നും നാഗരത്ന അന്ന് പ്രതികരിച്ചിരുന്നു.
സർക്കാർ മാദ്ധ്യമങ്ങളെ നിയന്ത്രിക്കരുതെന്നുള്ള നാഗരത്നയുടെ 2012ലെ ഉത്തരവ് ഏറെ ശ്രദ്ധേയമാണ്. ക്ഷേത്രങ്ങൾ കച്ചവട സ്ഥാപനമല്ലെന്നും അതിനാൽ ക്ഷേത്രജീവനക്കാർക്ക് ഗ്രാറ്റിവിറ്റിയ്ക്ക് അപേക്ഷിക്കാനാകില്ലെന്നത് 2019ലെ മറ്റൊരു പ്രധാന വിധിയാണ്. ഹൈക്കോടതി ജഡ്ജിയായി 2024ൽ വിരമിക്കുമെങ്കിലും സുപ്രീംകോടതി നിയമനം ലഭിച്ചാൽ 2027 വരെ തുടരാനാകുമെന്ന് മാത്രമല്ല ഒരു മാസത്തേക്കാകും നിയമനമെങ്കിലും ഇന്ത്യയിലെ ആദ്യ വനിത
ചീഫ് ജസ്റ്റിസ് ആകാനും കഴിയും.

73 വർഷത്തിന് ശേഷമുള്ള ശുപാർശ

രാജ്യം സ്വാതന്ത്ര്യമെന്ന അമൂല്യ സമ്പത്ത് തിരിച്ചുപിടിച്ചിട്ട് 73 വർഷം പിന്നിടുമ്പോഴാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കാനായി ഒരു വനിതയുടെ പേര് ശുപാർശയിൽ പോലും ഉൾപ്പെടുന്നത്. നിയമത്തിൽ പ്രാഗല്ഭ്യവും അറിവുമുള്ള വനിതകളില്ലാഞ്ഞിട്ടാണോ? അതോ ഉന്നത സ്ഥാനങ്ങളിലേക്കുള്ള ശുപാർശകളിൽ വനിതകൾക്ക് നേരിടേണ്ടി വരുന്ന അയിത്തമാണോ ഇതിന് കാരണം ? പ്രാഗല്ഭ്യവും കഠിനാദ്ധ്വാനവും ഇല്ലാഞ്ഞിട്ടില്ല, മറിച്ച് താഴെത്തട്ടിൽ നിന്ന് അറിഞ്ഞോ അറിയാതെയോ സ്ത്രീകൾ തഴയപ്പെടുന്നു. മുതിർന്ന അഭിഭാഷകൻ സ്ഥാനം, കീഴ്കോടതികളിലും ഹൈക്കോടതികളിലും നിക്ഷേധിക്കപ്പെടുന്ന ജഡ്ജിസ്ഥാനം ഇങ്ങനെ മുകളിലേക്കെത്തുമ്പോൾ കൊളീജിയം ശുപാർശകളിലെത്തുന്ന വനിതകളുടെ എണ്ണം തുലോം ചെറുതായി പോകുന്നു.

വനിതകൾ എത്തേണ്ട സമയമായെന്ന് ബോബ്‌ഡെ

ഏറെ നാളുകളായി ഇന്ത്യയ്ക്ക് ഒരു വനിതാ ജസ്റ്റിസ് വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുമായി ഉയർന്ന് കേൾക്കുകയാണ്. ഇന്ത്യയ്ക്ക് വനിതാ ചീഫ് ജസ്റ്റിസ് വരാനുള്ള കാലം സമാഗതമായെന്ന് മുൻ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ വിരമിക്കുന്ന ഘട്ടത്തിൽ പറഞ്ഞിരുന്നു. 'ഹൈക്കോടതികളിൽ ജഡ്ജ് ആയി പ്രവർത്തിക്കാൻ ഉത്തരവിടുമ്പോൾ ഭൂരിഭാഗം വനിതാ അഭിഭാഷകരും അത് നിരസിക്കുന്നതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായുള്ള ചർച്ചയിൽ നിന്ന് വ്യക്തമായിരുന്നു. തങ്ങൾക്ക് കുഞ്ഞുങ്ങളുടെ പഠനകാര്യം ശ്രദ്ധിക്കണമെന്നും ഗാർഹിക ഉത്തരവാദിത്തങ്ങളുണ്ടെന്നും പറഞ്ഞായിരുന്നു പലരും പിന്മാറിയതെന്ന് ചീഫ് ജസ്റ്റിസുമാർ പറഞ്ഞു , ബോബ്‌ഡെ പ്രതികരിച്ചിരുന്നു. ജുഡീഷ്യറിയിൽ സ്ത്രീ പ്രാതിനിദ്ധ്യം ഉറപ്പാക്കാനായി കൊളീജിയത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എൻ.വി.രമണയും സമാനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

കീഴ്‌കോടതികളിലേയും ട്രൈബ്യൂണലുകളിലേയും വനിതാപ്രാതിനിദ്ധ്യം കണക്കുകൾ കേന്ദ്രത്തിന്റെ കൈയിലില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ മൂന്ന് മാസം മുൻപ് സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. (വലിയൊരു വിപ്ലവം അവിടേയും ദൃശ്യമാകാൻ സാദ്ധ്യതയില്ല.) ലിംഗ വൈവിദ്ധ്യമാർന്ന ജുഡീഷ്യറി പക്ഷപാതരഹിത ജുഡീഷ്യറിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അൻപത് ശതമാനം വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കേണ്ടത് സുപ്രീംകോടതിയുടെ കടമയാണെന്നും എ.ജി. കൂട്ടിച്ചേർത്തിരുന്നു.

സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതുവരെ എട്ട് വനിതാ ജഡ്ജിമാരെയുണ്ടായിട്ടുള്ളൂ. മലയാളിയായ ജസ്റ്റിസ് ഫാത്തിമ ബീവിയാണ് 1989ൽ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത. സുപ്രീംകോടതി സ്ഥാപിക്കപ്പെട്ട് 39 വർഷത്തിന് ശേഷമായിരുന്നു ആ ചരിത്ര നിയമനം. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സുജാത മനോഹറാണ് രണ്ടാമത്തെ വനിതാ ജഡ്ജി. നിലവിൽ ആകെ ഒരു വനിതാ ജഡ്ജി മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. ജസ്റ്റിസ് ഇന്ദിരാ ബാനർജി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHARATHA KAUMUDY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.