SignIn
Kerala Kaumudi Online
Friday, 26 April 2024 2.00 AM IST

കോൺഗ്രസ് നേരിടുന്ന വെല്ലുവിളികൾ

kpcc

ജാതിക്കും മതത്തിനും ഗ്രൂപ്പിനും അതീതമായി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിച്ച മാറ്റമാണ് ഇപ്പോൾ സംസ്ഥാന നേതൃത്വത്തിലുണ്ടായിട്ടുള്ളത്. എണ്ണം പറഞ്ഞ പാർലമെന്റേറിയനായ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിനു പിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് കെ. സുധാകരനും അവരോധിക്കപ്പെട്ടു. തലയെടുപ്പും താൻപോരിമയുമുള്ള നേതാവാണ് സുധാകരൻ. നിയമസഭയ്‌ക്കകത്ത് സതീശനും പുറത്ത് സുധാകരനും നേതൃത്വം നൽകുമ്പോൾ കോൺഗ്രസ് പാർട്ടിക്ക് ഒരു പുതിയ ചൈതന്യം കൈവരും. യു.ഡി.എഫ് കൺവീനറായി കെ. മുരളീധരൻ കൂടി എത്തുമ്പോൾ പ്രവർത്തകർക്ക് ആവേശം വർദ്ധിക്കും.

പുതിയ നേതാക്കളെ കാത്തിരിക്കുന്നത് വലിയ പരീക്ഷണങ്ങളും പ്രതിസന്ധികളുമാണ്. തുടർച്ചയായ പരാജയങ്ങൾ കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യത്തെ തന്നെ ബാധിച്ചിരിക്കുന്നു. കോൺഗ്രസിനും യു.ഡി.എഫിനും നിയമസഭാ തിരഞ്ഞെടുപ്പിൽ ആധികാരികമായ ഒരു വിജയം അവസാനമായുണ്ടായത് 2001 ലാണ്. 2006 ലും 2016 ലും 2021ലും പാർട്ടിക്കും മുന്നണിക്കും വലിയ പരാജയം നേരിട്ടു. 2011 ൽ അധികാരം വീണ്ടെടുത്തെങ്കിലും അതിൽ കോൺഗ്രസിന്റെ പങ്ക് തുലോം കുറവായിരുന്നു. ഘടകക്ഷികളെ, പ്രത്യേകിച്ച് മുസ്ളിം ലീഗിനെ അമിതമായി ആശ്രയിക്കേണ്ട ഗതികേട് അന്നുണ്ടായി.

1967 ലും 1980 ലും ഇതിലും വലിയ പരാജയം കോൺഗ്രസിനുണ്ടായിട്ടുണ്ടെന്ന് സമാധാനിക്കുന്നവരുണ്ട്. പക്ഷേ, അന്ന് കേന്ദ്രത്തിൽ ഭരണവും ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു. ഇന്നിപ്പോൾ ഹൈക്കമാൻഡ് ഇല്ല. ആ സ്ഥാനത്ത് ലോ കമാൻഡോ നോ കമാൻഡോ ആണുള്ളത്. ഇന്ദിരാഗാന്ധി ഇരുന്ന സ്ഥലം ശൂന്യമായി കിടക്കുന്നു. രാഹുൽ ഗാന്ധി മടിച്ചു നിൽക്കുന്നു.

കോഴിക്കോട്, ഇടുക്കി, കാസർകോട് മുതലായ ജില്ലകളിൽ നിന്നു സമീപകാലത്തൊന്നും ഒരു കോൺഗ്രസുകാരനും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ തൃശൂർ ജില്ലയിൽപോലും സ്ഥിതി വളരെ പരിതാപകരമാണ്. സംഘടനാപരമായ ശൈഥില്യം പാർട്ടിയെ വല്ലാതെ ബാധിച്ചിരിക്കുന്നു.

2005 ൽ കെ. കരുണാകരനും കൂട്ടരും പാർട്ടി പിളർത്തി ഡി.ഐ.സി (കെ) രൂപീകരിച്ചപ്പോൾ ഒട്ടേറെ പ്രവർത്തകർ അവർക്കൊപ്പം പോയി. കരുണാകരനും മകനും മറ്റു നേതാക്കളും തിരിച്ചു വന്നെങ്കിലും പ്രവർത്തകരിൽ വലിയൊരു വിഭാഗം രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു പോവുകയാണുണ്ടായത്. അതിനുശേഷമാണ് കേരളത്തിൽ കോൺഗ്രസ് സംഘടന തീരെ ദുർബലമായത്. ആ ശൈഥില്യം പരിഹരിക്കാൻ നാളിതുവരെ കോൺഗ്രസ് പാർട്ടിക്ക് സാധിച്ചിട്ടില്ല.

കെ.പി.സി.സിയിലും ഡി.സി.സികളിലും ജംബോ കമ്മിറ്റികളാണ് നിലവിലുള്ളത്. പ്രവർത്തന മികവോ സംഘടനാ രംഗത്തെ പരിചയമോ അല്ല, ജാതിയും മതവും ഗ്രൂപ്പും അതിലുപരി ഏതെങ്കിലും നേതാവിന്റെ പെട്ടി പിടിച്ച യോഗ്യതയും മാത്രമാണ് മിക്കപ്പോഴും പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ കാര്യപ്രാപ്തിയോ കർമ്മശേഷിയോ ഉള്ള പ്രവർത്തകർ നേതൃസ്ഥാനത്തെത്തുന്നില്ല. പാർട്ടിയെ അടിമുടി ഗ്രൂപ്പിസം ഗ്രസിച്ചിരിക്കുന്നു. പാർട്ടി നശിച്ചാലും ഗ്രൂപ്പ് നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് മുതിർന്ന നേതാക്കളിൽ നല്ലൊരു ഭാഗം.

പാർട്ടി നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി പരമ്പരാഗതമായി കോൺഗ്രസിനും യു.ഡി.എഫിനും വോട്ട് ചെയ്തു കൊണ്ടിരുന്ന നായർ, ക്രിസ്ത്യൻ, മുസ്ളിം വോട്ടർമാരിൽ വലിയൊരു പങ്ക് മാറി ചിന്തിക്കാൻ തുടങ്ങി എന്നതാണ്. പണ്ടേ പാർട്ടിയോട് അകലം പാലിക്കുന്ന ഇൗഴവരാദി പിന്നാക്ക സമുദായക്കാരും പട്ടികജാതി പട്ടികവർഗക്കാരും ഇപ്പോൾ തീരെയും താത്പര്യം കാണിക്കുന്നില്ല. സ്ഥാനാർത്ഥികളെ നിർണയിക്കുമ്പോഴും നേതൃപദവികൾ പങ്കിടുമ്പോഴും പിന്നാക്ക സമുദായക്കാരും പട്ടികജാതിക്കാരും പിന്തള്ളപ്പെടുന്നു എന്നതും യാഥാർത്ഥ്യമാണ്.

സമുദായ നേതാക്കളെയും മത മേലദ്ധ്യക്ഷന്മാരെയും പ്രീണിപ്പിച്ചു കൊണ്ടു മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്ന മൂഢവിശ്വാസം കോൺഗ്രസ് നേതൃത്വത്തിന് പണ്ടുമുതലേയുണ്ട്. ഏതെങ്കിലും സമുദായത്തിന്റെയോ മതത്തിന്റെയോ ലേബലില്ലാതെ പാർട്ടിയിൽ നിലനിൽക്കാൻ കഴിയില്ലെന്നൊരു ധാരണ നേതാക്കൾക്കിടയിലുമുണ്ട്. അതുകൊണ്ടാണ് താക്കോൽ സ്ഥാനത്ത് ആരുവേണമെന്ന് സമുദായ നേതാക്കൾ പരസ്യമായി ആവശ്യപ്പെടുന്നത്. ഇത്തവണത്തെ നേതൃമാറ്റത്തിൽ സമുദായ പരിഗണന ഉണ്ടായിട്ടുണ്ട്. സമുദായ സംതുലനം നിലനിറുത്താനും ഹൈക്കമാൻഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എൻ.എസ്.എസിനോ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായി ചുമതലയേൽക്കുന്ന പി.ടി. തോമസ് കത്തോലിക്ക മെത്രാന്മാർക്കോ തീരെയും അഭിമതരല്ല. കെ. സുധാകരനും ഏതെങ്കിലും സമുദായ നേതാവിന്റെ നോമിനിയായിട്ടല്ല കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തെത്തിയത്. കെ. മുരളീധരന്റെ കാര്യവും വ്യത്യസ്തമല്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ വിവിധ സമുദായ സംഘടനകൾ എന്തു നിലപാടു സ്വീകരിക്കും, അവയോട് കെ.പി.സി.സി നേതൃത്വം ഏതു രീതിയിൽ പ്രതികരിക്കും എന്നതും വളരെ പ്രധാനമാണ്.

1995 ൽ കരുണാകരനെ താഴെയിറക്കിയതു മുതൽ കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ പോലും തീരുമാനിക്കുന്നത് ഘടകകക്ഷികളാണ്, പ്രത്യേകിച്ച് മുസ്ളിം ലീഗാണ്. എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടതും അവിടെ തുടർന്നതും ലീഗിന്റെ താത്പര്യ പ്രകാരമാണ്. ലീഗിന് താത്പര്യം നഷ്ടപ്പെട്ടപ്പോൾ അവർക്ക് സ്ഥാനമൊഴിയേണ്ടതായും വന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃ പദവിയിലെത്തിയതിനോടു ലീഗിന് ഒരിക്കലും താത്പര്യമുണ്ടായിരുന്നില്ല. അവരുടെ അനിഷ്ടം സ്ഥാനത്തും അസ്ഥാനത്തുമൊക്കെ പ്രകടിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഉമ്മൻചാണ്ടിയെ തിരിച്ചു കൊണ്ടുവന്ന് പത്തംഗ കമ്മിറ്റിയുടെ അദ്ധ്യക്ഷ പദവിയിൽ അവരോധിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർബന്ധിതമായത്. കോൺഗ്രസ് പിളർത്തി വേറെ പാർട്ടിയുണ്ടാക്കി മുന്നണി വിട്ടുപോയ കരുണാകരനെയും മകനെയും 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലേക്ക് തിരിച്ചു കൊണ്ടുവന്നതും പിന്നീട് മുന്നണി വിട്ടുപോയ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റു കൊടുത്തു തിരികെ കൊണ്ടുവന്നതുമൊക്കെ മുസ്ളിം ലീഗായിരുന്നു. ഏറ്റവും ഒടുവിൽ വെൽഫെയർ പാർട്ടിയുമായി സഖ്യം ചെയ്യുന്നത് തെറ്റാണെന്ന നിലപാടു സ്വീകരിച്ചതുകൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ മുസ്ളിം ലീഗിന് അനഭിമതനായതും കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ അദ്ദേഹത്തിനു തുടരാൻ കഴിയാതെ വന്നതും. അങ്ങനെ ഏതുഘട്ടത്തിലും മുസ്ളിം ലീഗിനെ സന്തോഷിപ്പിച്ചാലേ കോൺഗ്രസിൽ നേതാവായി തുടരാൻ കഴിയുകയുള്ളൂവെന്ന ദയനീയ അവസ്ഥ സംജാതമായി.

യു.ഡി.എഫിന്റെ നായകസ്ഥാനത്ത് ലീഗാണെന്നും ലീഗ് നേതാക്കൾക്ക് കപ്പം കൊടുത്തുമാത്രമേ കോൺഗ്രസിനു തുടരാൻ കഴിയുകയുള്ളൂ എന്നുമുള്ള സാഹചര്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് തെക്കൻ കേരളത്തിൽ ഹിന്ദുക്കളും മദ്ധ്യ കേരളത്തിൽ ക്രൈസ്തവരും കോൺഗ്രസിനെതിരായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ പരാജയമുണ്ടാകുന്നതിലേക്ക് ഇൗ സാഹചര്യം നയിച്ചുവെന്നത് നിസ്തർക്കമാണ്. അങ്ങനെയൊരു അവസ്ഥയിൽ മുന്നണിയുടെ നായക സ്ഥാനത്ത് കോൺഗ്രസാണെന്നും പാർട്ടിയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് നേതാക്കളാണെന്നും പ്രവർത്തകരെയും അനുഭാവികളെയും പാർട്ടിയെ സ്നേഹിക്കുന്ന മറ്റാളുകളെയും ബോദ്ധ്യപ്പെടുത്താൻ പുതിയ നേതൃത്വത്തിനു കഴിയണം. എങ്കിൽ മാത്രമേ കോൺഗ്രസ് പാർട്ടിയെ നവീകരിക്കാനും നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കാനും കഴിയുകയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURANGAM, CONGRESS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.