SignIn
Kerala Kaumudi Online
Thursday, 28 March 2024 3.07 PM IST

തീൻമേശയിലെ വിഷമീനുകൾ

food-poisoning

പഴങ്ങളും പച്ചക്കറികളുമെല്ലാം വിഷമയമാണെന്ന വ്യാപകപ്രചാരണവും മത്‌സ്യം ശരീരവളർച്ചയ്ക്കും രോഗപ്രതിരോധത്തിനുമെല്ലാം അനിവാര്യമാണെന്നുമുളള ആരോഗ്യവിദഗ്ധരുടെ പ്രചാരണവുമെല്ലാം കാരണം മത്‌സ്യം കഴിക്കുന്നവരുടെ എണ്ണം കൂട്ടി. ഇത് സാധൂകരിക്കാൻ പ്രത്യേകം കണക്കുകളൊന്നുമില്ല. മത്‌സ്യ കച്ചവടകേന്ദ്രങ്ങൾ നൽകുന്ന വിവരങ്ങൾ തന്നെ ധാരാളം. എന്നാൽ മത്‌സ്യം വാങ്ങുന്നവർ കൂടിയപ്പോൾ വിഷമീനുകളും കൂടിയെന്നതാണ് സത്യം. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പതിമൂന്ന് വയസിന് താഴെയുളള പതിനഞ്ചോളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത് മത്‌സ്യത്തിൽ നിന്നാണെന്ന നിഗമനത്തെ തുടർന്ന് മാർക്കറ്റുകളിൽ കർശന പരിശോധനയുമായി തൃശൂരിൽ രംഗത്തിറങ്ങിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ട്രോളിംഗ് നിരോധനമുള്ള സാഹചര്യങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം മത്‌സ്യം പെട്ടി ഓട്ടോയിലും മറ്റും വിൽക്കുന്നുണ്ടെന്നും ഈ മത്‌സ്യമാകാം വിഷബാധയ്ക്ക് കാരണമെന്നും ശിശുരോഗ വിദഗ്ദ്ധൻ കളക്ടർക്ക് നൽകിയ പരാതിയിൽ പരാമർശിച്ചിരുന്നു.

ആറ് കുട്ടികൾക്ക് കിടത്തി ചികിത്‌സ വേണ്ടി വന്നു. തുടർന്നാണ്, അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇവിടെയെത്തുന്ന മത്‌സ്യങ്ങൾ അടക്കം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും കഴിഞ്ഞ 18 ന് കളക്ടർ അസി. ഫുഡ് സേഫ്‌ടി കമ്മിഷണർക്ക് നിർദ്ദേശം നൽകിയത്. കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കർശന പരിശോധന തുടങ്ങിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ കളക്ടർക്ക് സമർപ്പിക്കുമെന്നുമാണ് ഫുഡ് സേഫ്‌ടി കമ്മിഷണർ പറയുന്നത്.

വിഷമില്ലാത്ത മത്‌സ്യം കണ്ടാലും തൊട്ടാലുമറിയാം. തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകളുണ്ടെങ്കിൽ മത്സ്യം നല്ലതാണ്. മാത്രമല്ല മുറിക്കുമ്പോൾ ചുവന്ന ചോരയുണ്ടാകും. ഫോർമാലിനുണ്ടെങ്കിൽ കുഴിഞ്ഞ നീലക്കണ്ണുകൾ ആയിരിക്കും.
മത്‌സ്യം തൊടുമ്പോൾ കുഴിഞ്ഞുപോയാൽ അത് ഉപയോഗിക്കരുത് . നല്ല മത്‌സ്യത്തിന് സ്വാഭാവിക മണമുണ്ടാകും, ഫോർമാലിനെങ്കിൽ മണം വ്യത്യാസപ്പെടും. രക്തവർണമുള്ള ചെകിളപ്പൂവാണെങ്കിൽ മത്‌സ്യം നല്ലതായിരിക്കും. പക്ഷേ, ഇതെല്ലാം ആർക്ക് നോക്കാനാകും? മുറിച്ചുവെച്ച മത്‌സ്യവും ഐസിൽ നിറച്ചുവെച്ച മത്‌സ്യവുമെല്ലാം പരിശോധിക്കാൻ ഉപഭോക്താക്കൾക്കാകുമോ? എന്നാൽ പരിശോധിക്കേണ്ട ഉത്തരവാദിത്തമുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന് അലംഭാവമുണ്ടാവാൻ പാടില്ല.

വെള്ളത്തിൽ ലയിക്കുന്ന ഫോർമാലിൻ കഴുകിയാൽ കുറെ ഒഴിവാകുമെന്നും നന്നായി വേവിച്ചാലും ഫോർമാലിൻ വിഘടിക്കുമെന്നും
മുറിക്കുമ്പോൾ ഉള്ളിൽ നീലനിറമുണ്ടെങ്കിലും പഴകി, ദുർഗന്ധമുള്ളതാണെങ്കിലും ഉപയോഗിക്കരുതെന്നുമെല്ലാം അവർ തുടർച്ചയായി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ വിൽക്കുന്നവ വാങ്ങാതിരിക്കുക, അംഗീകൃത മാർക്കറ്റുകളെ ആശ്രയിക്കുക എന്നും ഉദ്യോഗസ്ഥർ പറയുന്നു. പക്ഷേ, തുടർച്ചയായ പരിശോധനകളും നടപടികളുമുണ്ടാകുകയും കുറ്റം ചെയ്തവരെ ശിക്ഷിക്കുകയും ചെയ്താലേ കാര്യം നടക്കൂവെന്നാണ് ജനങ്ങൾ പറയുന്നത്.

ലക്ഷം രൂപ പിഴ

മത്‌സ്യത്തിൽ വിഷവസ്തുക്കളോ രാസപദാർത്ഥങ്ങളോ കലർത്തി വിറ്റാൽ ഒരു ലക്ഷം വരെയാണ് പിഴ. നിലവാരമില്ലാത്ത മത്‌സ്യം വിറ്റാലും ശിക്ഷയുണ്ടാകും. കഴിഞ്ഞവർഷമാണ് ഓർഡിനൻസ് പ്രാബല്യത്തിലായത്. മീനിൽ വിഷം കലർത്തുന്നത് കണ്ടെത്തിയാൽ 10,000 രൂപയാണ് പിഴ. രണ്ടാമതും ആവർത്തിച്ചാൽ പിഴ 25,000 രൂപ. വീണ്ടും ആവർത്തിച്ചാൽ ഓരോ തവണയും ഒരു ലക്ഷം രൂപ പിഴയൊടുക്കണം. മത്സ്യലേലത്തിലും കച്ചവടത്തിലും നിയമലംഘനം നടത്തിയാലും കുടുങ്ങും. പിഴയ്‌ക്കൊപ്പം ജയിൽ ശിക്ഷയും ഉറപ്പ്.

ട്രോളിംഗ് നിരോധന കാലങ്ങളിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും മത്സ്യം ഏജന്റുമാർ മുഖേന കേരളത്തിലെത്തിക്കുന്നത്.

കേടാകാതെയിരിക്കാനായി ഫോർമാലിനും സോഡിയം ബെൻസോയേറ്റും അടക്കമുള്ളവ ചേർക്കുന്നുണ്ടെന്ന പരാതി ഉയർന്നിരുന്നു. മത്‌സ്യത്തിൽ രാസവസ്തുക്കൾ ചേർക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ സാഗർറാണി പദ്ധതി മൂന്നു വർഷം മുൻപ് നടപ്പാക്കിയിരുന്നു. എന്നാൽ, പരാതികൾ ലഭിക്കുമ്പോഴല്ലാതെ നടപടികളുണ്ടാവാറില്ല.

വിഷമില്ലാത്തതെന്ത്?

ഭക്ഷ്യവസ്തുക്കളിൽ വിഷം ചേർക്കുന്നതും വിൽക്കുന്നതും ഇപ്പോഴും നിർബാധം തുടരുന്ന സംസ്ഥാനമാണിത്. മത്‌സ്യവും പച്ചക്കറിയും മാത്രമല്ല, പലഹാരങ്ങളിലും പലവ്യഞ്ജനങ്ങളിലും എണ്ണയിലും വെളിച്ചെണ്ണയിലും നെയ്യിലുമെല്ലാം വ്യാജന്മാർ സുലഭം. കൊവിഡ് വ്യാപനവും ലോക് ഡൗണും കാരണം ബേക്കറി വിഭവങ്ങളുടെ ഡിമാൻഡ് കുറച്ചതോടെ, വീട്ടുപലഹാരങ്ങളുടെ നിർമ്മാണം കൂട്ടി ചുവടുമാറ്റുകയാണ് ബേക്കറികൾ. എന്നാൽ വീട്ടുപലഹാരങ്ങൾ നിർമ്മിക്കുന്നത് എങ്ങനെയെന്നും ഏതുതരം സാഹചര്യത്തിലാണെന്നും ഉപഭോക്താക്കൾക്കറിയില്ല. എന്തെല്ലാം അതിൽ ചേർക്കുന്നുവെന്ന് അറിയാനുള്ള അവകാശവും അവർക്കില്ല. എന്നാൽ, ബേക്കറികളിൽ 50 ശതമാനം വില്‌പന മാത്രമാണ് ലോക്ക് ഡൗൺ കാലയളവിൽ നടന്നതെന്നാണ് ഉടമകൾ പറയുന്നത്.
ആളുകൾ പുറത്തേക്കിറങ്ങുന്നത് കുറഞ്ഞതും ലോക് ഡൗണിൽ ബേക്കറികൾ അടഞ്ഞുകിടന്നതുമെല്ലാം വീട്ടുപലഹാരങ്ങളുടെ പ്രിയമേറാൻ കാരണമായെന്ന ആശ്വാസവുമുണ്ട്. വൃത്തിയുള്ളതും കലർപ്പില്ലാത്തതുമായ പലഹാരങ്ങൾ വിശ്വസ്തതയോടെ കഴിക്കാമെന്നുള്ളതും വീട്ടുപലഹാരങ്ങളുടെ പ്രിയം കൂടാൻ കാരണമായെന്നാണ് അവർ പറയുന്നത്. ഇഡലി, ദോശ, പുട്ട്, കൊഴുക്കട്ട, ഇലയട, വെള്ളേപ്പം, നൂലപ്പം, ഉണ്ണിയപ്പം എന്നീ വീട്ടുപലഹാരങ്ങളെല്ലാം ബേക്കറികളിലെയും താരങ്ങളായി. സമൂസ, ഉഴുന്നുവട, പരിപ്പ് വട, ഉള്ളിവട, പൊറോട്ട, ചപ്പാത്തി എന്നിവ വീടുകളിലുണ്ടാക്കാൻ തുടങ്ങിയതോടെ ബേക്കറികളിൽ ലഭിച്ചിരുന്ന മിക്‌സചർ, ലഡു, ജിലേബി, മുറുക്കുകൾ, എണ്ണയിൽ വറുത്ത സാധനങ്ങൾ എന്നിവയ്ക്ക് ആവശ്യക്കാർ കുറഞ്ഞുവെന്ന ആശ്വാസവുമുണ്ട്. ഏറ്റവും കൂടുതൽ രാസവസ്തുക്കളും കൃത്രിമനിറങ്ങളും ചേർക്കുന്നത് ഇത്തരം പലഹാരങ്ങളിലാണല്ലോ.
യു ട്യൂബിലൂടെയുള്ള വീഡിയോ പാചകക്കുറിപ്പുകൾ ഉപയോഗപ്പെടുത്തിയാണ് മിക്കവരും പുതിയ വീട്ടുപലഹാരങ്ങളുണ്ടാക്കാൻ തുടങ്ങിയത്. കേക്കുകൾ, ജാമുകൾ എന്നിവയും വീടുകളിൽ യഥേഷ്ടം ഉണ്ടാക്കി വിൽക്കുന്നവരുണ്ട്. എന്നാൽ ഇതും എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHEMICALS USED IN FISH PRESERVATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.