SignIn
Kerala Kaumudi Online
Friday, 29 March 2024 9.07 PM IST

മഹാമാരി കാലത്തെ മാറുന്ന ആചാരങ്ങൾ

cremation

കൊവിഡ് മഹാമാരി മനുഷ്യന്റെ നിത്യജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. അന്ന് വരെ അത്ര പരിചിതമല്ലാതിരുന്ന മാസ്‌ക് ധരിക്കാനും പൊതു ഇടങ്ങളിൽ ശാരീരിക അകലം പാലിക്കാനും മനുഷ്യൻ ശീലിച്ചത് കൊവിഡ് വന്നതിന് ശേഷമാണ്. ആചാരങ്ങളിലും വിശ്വാസങ്ങളിലും പോലും മാറ്റങ്ങൾ വരുത്താൻ കൊവിഡ് കാലത്ത് സാധിച്ചു. മാസങ്ങളോളം ആരാധനാലയങ്ങൾ അടഞ്ഞുകിടന്നു. കർക്കടമാസ ബലിതർപ്പണം വീട്ടിലിരുന്ന് ഹൈന്ദവവിശ്വാസികൾ നിർവഹിച്ചു. അതുപോലെ കാലങ്ങളായി ക്രൈസ്തവ സമൂഹം പിന്തുടർന്ന് പോന്നിരുന്ന ശവസംസ്‌കാര ചടങ്ങുകളിലും സമൂലമായ മാറ്റം വന്നു.

കഴിഞ്ഞ തിങ്കളാഴ്ച തൊടുപുഴ ശാന്തിതീരം പൊതുശ്മശാനം അത്തരമൊരു പുതുചരിത്രത്തിനാണ് സാക്ഷ്യം വഹിച്ചത്. കേരളത്തിൽ ആദ്യമായി ഒരു സി.എസ്.ഐ പുരോഹിതന്റെ മൃതദേഹം പൊതുശ്മശാനത്തിൽ ദഹിപ്പിച്ചു. മുട്ടം കുഴിയനാൽ സി.എസ്.ഐ പള്ളി മുൻ വികാരി പുളിക്കൽ ഫാ. പി.വി. സാമുവലിന്റെ (87) മൃതദേഹമാണ് പൊതുശ്മശാനത്തിൽ ദഹിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് സാമുവൽ മരണപ്പെട്ടത്. ഇതിനിടെ കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തനാവുകയും ചെയ്തിരുന്നു. എങ്കിലും റിവേഴ്‌സ് ക്വാറന്റീൻ പൂർത്തിയാകാത്തതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണമായിരുന്നു സംസ്‌കാരം. തുടർന്ന് മകനായ ജയ്‌സൺ ആർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ആൾക്കൂട്ടമൊഴിവാക്കുന്നതിനുമായി മൃതദേഹം എട്ട് കലോമീറ്റർ അകലെയുള്ള തൊടുപുഴ പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ആദ്യം സി.എസ്.ഐ ഈസ്റ്റ് കേരളമഹായിടവകയിലെ ബിഷപ്പ് വി.എസ്. ഫ്രാൻസിസിനോട് അനുമതി ചോദിച്ചു. തീരുമാനത്തെ അഭിനന്ദിച്ച ബിഷപ്പ് പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതിയും ജയ്‌സൺ വാങ്ങിയിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. തുടർന്ന് ചിതാഭസ്മം മുട്ടം കുഴിയനാൽ സി.എസ്.ഐ പള്ളിയിലെ കുടുംബകല്ലറയിൽ സംസ്‌കരിച്ചു. സംസ്‌കാര ചടങ്ങിന് ബിഷപ്പ് വി.എസ്. ഫ്രാൻസിസ് നേതൃത്വം നൽകി.

പള്ളി സെമിത്തേരിയിൽ മൃതശരീരങ്ങൾ അടക്കം ചെയ്യുന്നതിന് പകരം അഗ്‌നിയിൽ ദഹിപ്പിക്കാമെന്ന നിലപാടിലേക്ക് കേരളത്തിലെ ക്രൈസ്തവ സഭകൾ എത്തിയത് കൊവിഡ് കാലത്താണ്. കൊവിഡ് ബാധിതരായ രൂപതാംഗങ്ങളുടെ മൃതദേഹം ആവശ്യമെങ്കിൽ സെമിത്തേരിയിൽ തന്നെ ദഹിപ്പിച്ച ശേഷം ചിതാഭസ്മം മതചടങ്ങുകളോടെ അടക്കം ചെയ്യാമെന്ന ചരിത്ര തീരുമാനം ആദ്യം എടുത്തത് ലത്തീൻ കത്തോലിക്കാ സഭയുടെ ആലപ്പുഴ രൂപതയാണ്. വിപ്ലവകരമായ തീരുമാനമായിരുന്നു അത്. സെമിത്തേരിയിൽ മൃതദേഹം ദഹിപ്പിച്ച് സംസ്‌കരിക്കാൻ അനുമതി നൽകുന്നത് കേരളത്തിലെ കത്തോലിക്കാസഭാ ചരിത്രത്തിൽ ആദ്യമായിരുന്നു. പിന്നീട് മൃതദേഹങ്ങൾ ദഹിപ്പിക്കാമെന്ന നിലപാടലേക്ക് കൂടുതൽ ക്രൈസ്തവ സഭകൾ രംഗത്തെത്തി. കൊവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹങ്ങൾ പൊതുവായ കേന്ദ്രങ്ങളിൽ ദഹിപ്പിക്കുന്നതിനു തടസമില്ലെന്ന് ചങ്ങനാശേരി അതിരൂപതയും വ്യക്തമാക്കി. ദഹിപ്പിച്ചശേഷം ഭസ്മം അന്ത്യകർമങ്ങളോടെ സെമിത്തേരിയിൽ സംസ്‌കരിക്കാമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സർക്കുലറും പുറത്തിറക്കി. സീറോ മലബാർ സഭയാകട്ടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അതത് രൂപതകൾക്ക് സ്വാതന്ത്ര്യം നൽകി. വേണ്ടിവന്നാൽ ദഹിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് ഓർത്തഡോക്‌സ് സഭയുടെയും നിലപാട്. യാക്കോബായ സഭയും സമാന തീരുമാനമെടുത്തിട്ടുണ്ട്.

അത്യാവശ്യഘട്ടങ്ങളിൽ ദഹിപ്പിക്കൽ നടത്തുന്നത് അനുവദനീയമാണെന്ന് വത്തിക്കാൻ നേരത്തേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് കാലത്തെടുത്ത പ്രത്യേക തീരുമാനമല്ലിത്. ലത്തീൻ കാനോനിക നിയമത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കുഴികളിൽ അടക്കം ചെയ്യുന്നതാണ് അഭികാമ്യമെങ്കിലും ദഹിപ്പിക്കൽ തടയേണ്ട കാര്യമില്ലെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. 2016ൽ മാർപാപ്പ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി. ചാരം വീടുകളിൽ സൂക്ഷിക്കുകയോ കുടുംബാംഗങ്ങൾ തമ്മിൽ പങ്കിടുകയോ ഒഴുക്കിക്കളയുകയോ ചെയ്യരുതെന്നായിരുന്നു നിർദേശം. സ്മാരകങ്ങളിലോ ആഭരണങ്ങളിലോ ഓർമയ്ക്കായി സൂക്ഷിക്കരുത്. സെമിത്തേരിയിൽ തന്നെ ചാരം അടക്കണം. തന്റെ മൃതദേഹം ദഹിപ്പിക്കണമെന്ന് ഒരാൾക്ക് മുൻകൂട്ടി ആവശ്യപ്പെടുകയും ചെയ്യാം. പല വിദേശരാജ്യങ്ങളിലും ഇത്തരത്തിൽ മൃതദേഹം ദഹിപ്പിക്കുന്നത് പതിവാണ്. അപ്പോഴും കേരളത്തിൽ വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കുന്ന കാര്യത്തിൽ കൊവിഡ് വരും വരെ സഭകൾ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. അൽപ്പം വൈകിയാണെങ്കിലും ഈ മഹാമാരികാലത്ത് ഇത്തരമൊരു തീരുമാനമെടുത്ത ക്രൈസ്തവ സഭകളെ അഭിനന്ദിക്കാതെ തരമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHRISTIAN CREMATION, IDUKKI DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.