വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ചക്കളത്തിപ്പോര് സകലസീമകളും ലംഘിച്ച് മുന്നേറുമ്പോൾ തകർന്നടിയുന്നത് ഒരുകാലത്ത് തിളങ്ങിനിന്ന കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗമാണ്. ആഗോളതലത്തിൽ വിദ്യാഭ്യാസമേഖല സമൂല മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. പരമ്പരാഗത പഠനരീതികൾക്കു പകരം ആധുനിക സംവിധാനങ്ങളും കോഴ്സുകളും പദ്ധതികളുമാണ് ഇപ്പോൾ പഠിതാക്കളെ കാത്തിരിക്കുന്നത്. സർവകലാശാലകൾ തന്നെ നാളെ ഉണ്ടാകുമോ എന്ന് കണ്ടറിയണം. അത്ര വേഗത്തിൽ സാങ്കേതിക വിദ്യകളും വാർത്താവിനിമയ മേഖലയിലെ വിപ്ളവങ്ങളും വിദ്യാഭ്യാസ മേഖലയെ കീഴടക്കുന്നു. അതിനിടെയാണ് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും അനുഗ്രഹാശിസുകളോടെ സർവകലാശാലകളിലെ ഈ തരംതാണ രാഷ്ട്രീയക്കളികൾ.
സംസ്ഥാനത്തെ 15 സർവകലാശാലകളിൽ ഇപ്പോൾ ആരോഗ്യസർവകലാശാലയിൽ മാത്രമേ സ്ഥിരം വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറുമുള്ളൂ. താത്കാലിക വി.സിമാർക്ക് നയപരമായ തീരുമാനങ്ങളെടുക്കാനാവില്ല. ഗവേഷണമുൾപ്പടെ അക്കാഡമിക, വികസന, നിയമന പ്രവർത്തനങ്ങൾ അവതാളത്തിലാണ്. താത്കാലിക വി.സി നിയമനങ്ങൾ ഏതാണ്ടെല്ലാം ഹൈക്കോടതി കയറി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വി.സി. നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഗവർണർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. രാഷ്ട്രീയ, നിയമ യുദ്ധങ്ങൾക്കിടെ പെട്ടുപോകുന്നത് പാവം വിദ്യാർത്ഥികളാണ്. അവരുടെ വേദനകൾ കാണാനും കേൾക്കാനും ഇവിടെ ആരുമില്ലാത്ത സ്ഥിതിയാണ്.
കേരളത്തിലെ ആദ്യസർവകലാശാലയായ തിരുവിതാംകൂർ സർവകലാശാല രൂപീകൃതമായ കാലത്ത് അന്ന് വൈസ് ചാൻസലറാകാൻ ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവായി ആദരിക്കപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റീനെ ക്ഷണിച്ച നാടാണിത്. രാജഭരണകാലത്തു തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ പലരും നമ്മുടെ സർവകലാശാലകളുടെ വി.സിമാരായിട്ടുണ്ട്. എല്ലാ മേഖലയിലുമെന്ന പോലെ വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ അതിപ്രസരം കൂടിയപ്പോഴാണ് ആ ശൈലി മാറി രാഷ്ട്രീയ വിധേയരും 'തൊമ്മിമാരു"മായ വിദ്യാഭ്യാസവിചക്ഷണർക്ക് സ്ഥാനമാനങ്ങൾ ലഭിച്ചുതുടങ്ങിയത്. സർവകലാശാലകളുടെ ഭരണനിർവഹണ സമിതികളായ സെനറ്റുകളും സിൻഡിക്കേറ്റുകളും രാഷ്ട്രീയ കോമാളികളെക്കൊണ്ട് നിറഞ്ഞു. വിദ്യാർത്ഥി, അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുടെ അല്പബുദ്ധികളായ നേതാക്കളുടെ വിളയാട്ടുതറയാണ് ഇന്ന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന് ചുക്കാൻ പിടിക്കുന്ന 15 സർവകലാശാലകളും. അതിനിടെയാണ് ഗവർണർ - സർക്കാർ പോരും. സർവകലാശാലകളിൽ നടക്കുന്ന കോപ്രായങ്ങൾ മലയാളികൾക്കാകെ മാനക്കേടുണ്ടാക്കുകയാണ്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിൽ തെറ്റിയപ്പോൾ തുടങ്ങിയ യുദ്ധം പുതിയ ഗവർണർ വിശ്വനാഥ ആർലേക്കറും ഏറ്റെടുത്തു. ആരിഫ് മുഹമ്മദ് ഖാനെ കാലിക്കറ്റ് സർവകലാശാലയിൽ തടയാനും തരംതാണ വിശേഷണങ്ങൾ നൽകാനും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇടതുവിദ്യാർത്ഥി സംഘടനകൾ സമരാഭാസം തന്നെ നടത്തി. സ്വന്തം പദവിയുടെ മഹത്വം മറന്ന് അതിനോട് അദ്ദേഹവും പ്രതികരിച്ചു. നമ്മുടെ വിദ്യാഭ്യാസ മേഖല നാണംകെട്ടെന്നു പറയുന്നതാണ് സത്യം. അതിന്റെ പുതിയ എപ്പിസോഡുകളാണ് ഇപ്പോൾ അരങ്ങേറുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സർവകലാശാലകളുടെയെല്ലാം പരമാധികാരിയായ ചാൻസലർ പദവി സംസ്ഥാന ഗവർണർക്കാണ്. എല്ലാ നിയമനങ്ങൾക്കും നയ തീരുമാനങ്ങൾക്കും അന്തിമ അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ കാര്യത്തിലെന്ന പോലെ ഗവർണറാണ്.
സ്ഥിരം വി.സിമാർ ഇല്ലാത്തതുമൂലവും താത്കാലിക വി.സിമാരെ പ്രവർത്തിക്കാൻ അനുവദിക്കാത്തതുമൂലവും അക്ഷരാർത്ഥത്തിൽ സർവകലാശാലകൾ കുത്തഴിഞ്ഞ നിലയിലാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പന്താടുകയാണ് സർക്കാരും ഗവർണറും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സംഘടനകളും. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും കേസുകളുടെ തീരുമാനം കാത്ത് സർവകലാശാലകൾക്ക് മുന്നോട്ടുപോകാനാവില്ല. ഈ സ്ഥിതിവിശേഷം ആർക്കും നല്ലതിനല്ല. മെഡിക്കൽ രംഗത്തൊഴികെ മറ്റ് സർവകലാശാലകളിലെ ഏതാണ്ട് എല്ലാ കോഴ്സുകൾക്കും നല്ലൊരുഭാഗം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ് ഇപ്പോൾ. സാമ്പത്തിക ശേഷിയുള്ളവരും വായ്പയെടുക്കാൻ കഴിവുള്ളവരുമായ വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിലേക്കും ദശലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അന്യസംസ്ഥാനങ്ങളിലെ പേരുകേട്ട സ്ഥാപനങ്ങളിലേക്കും, പഠനത്തിൽ സമർത്ഥരായവർ രാജ്യത്തെ പ്രമുഖ സർക്കാർ സ്ഥാപനങ്ങളിലേക്കും ചേക്കേറുന്നു. തീർത്തും സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികളാണ് സംസ്ഥാനത്തെ സർവകലാശാലകൾക്കു കീഴിലെ കോളേജുകളിൽ പഠിക്കുന്നവരിൽ ബഹുഭൂരിപക്ഷവും. അവരുടെ ഭാവിയാണ് സർക്കാർ - ഗവർണർ പോരിനെത്തുടർന്ന് തുലാസിലാകുന്നത്.
സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും രാഷ്ട്രീയ നിലപാടുകളും ശത്രുതകളും സർവകലാശാലകളിലും പ്രതിഫലിക്കുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അന്യനാട്ടുകാരായ ഗവർണർമാർ കാലാവധി കഴിയുമ്പോൾ മടങ്ങിപ്പോകും. വിദ്യാർത്ഥികൾ എന്തു ചെയ്യും? എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ നഷ്ടം കേരളത്തിനും നമ്മുടെ വിദ്യാർത്ഥികൾക്കും മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ മൂല്യനിർണയ മാനദണ്ഡങ്ങളിൽ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾക്കു മുമ്പ് വരുത്തിയ മാറ്റം സൃഷ്ടിച്ച ആശയക്കുഴപ്പം കൂടിയായപ്പോൾ പതിനായിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും തീ തിന്ന സ്ഥിതിയായി.
ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല വിദ്യാഭ്യാസ നയങ്ങൾ. തലമുറകളെ ബാധിക്കുന്ന കാര്യമാണത്. സംസ്ഥാന സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും അവധാനതയോടെ ഈ പ്രശ്നങ്ങൾ വിലയിരുത്തി തെറ്റുകൾ തിരുത്തുകയും നയങ്ങൾ പരിഷ്കരിക്കുകയും സമവായത്തിന്റെ വഴി തേടുകയും വേണം. കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ വിവേകത്തോടെ അടിയന്തരമായി ഇടപെടണം. കേവലമായ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഭാവി തകർക്കുന്ന സമീപനമാണ് ഇരുപക്ഷത്തിന്റേയും. അധികാരതർക്കങ്ങളുടെയും ദുരഭിമാനത്തിന്റെയും പേരിൽ 'അണ്ണനും തമ്പിയും" കളിച്ച് നമ്മുടെ കുട്ടികളെ ബലിയാടുകളാക്കരുത്. അക്രമസമരങ്ങളും വെല്ലുവിളികളും ഈ പ്രശ്നം പരിഹരിക്കാൻ ഉതകില്ല.
സർക്കാർ സർവകലാശാലകൾ പ്രതാപത്തോടെ നിലനിൽക്കേണ്ടത് കേരളത്തിലെ സാധാരണക്കാരുടെ ആവശ്യമാണ്. പ്രത്യേകിച്ച് സ്വകാര്യ, ഡീംഡ് സർവകലാശാലകൾ രാജ്യമെമ്പാടും വ്യാപിക്കുമ്പോൾ. സംസ്ഥാനത്തു തന്നെ അമൃത ഡീംഡ് യൂണിവേഴ്സിറ്റിയുടെ സ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് കുട്ടികളാണ് പഠിക്കുന്നത്. ജെയിൻ പോലെ മറ്റ് ഡീംഡ് യൂണിവേഴ്സിറ്റികളും വലിയ ക്യാമ്പസുകളുമായി ഇവിടെ കാലുറപ്പിക്കുകയാണ്. മികവുകൊണ്ടു മാത്രമേ ഇനി സർക്കാർ സർവകലാശാലകൾക്കും പിടിച്ചുനിൽക്കാൻ കഴിയൂ. നിലവിലെ പ്രതിസന്ധികൾ പരിഹരിച്ചില്ലെങ്കിൽ നാളെ നമ്മുടെ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയുണ്ടാകും!
ഉന്നതവിദ്യാഭ്യാസവകുപ്പും സംസ്ഥാന സർക്കാരും വിദ്യാർത്ഥി സംഘടനകളും സർവകലാശാലാ ജീവനക്കാരുടെ സംഘടനകളും ഇത്തരം വെല്ലുവിളികൾ തിരിച്ചറിയണം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്രസർക്കാരിലെ കേരള പ്രതിനിധികളും അടിയന്തരമായി പ്രശ്നപരിഹാരത്തിന് ഇടപെടണം. കേരളത്തിന്റെ ശക്തിയും സമ്പാദ്യവും അന്തസും വിദ്യാഭ്യാസ രംഗത്തെ മേന്മയായിരുന്നു. അത് ഇല്ലാതാക്കരുത്. വളർന്നു വരുന്ന തലമുറയുടെ വിരൽത്തുമ്പിലാണ് ലോകം. നിശബ്ദരാണെങ്കിലും അവർ ഇതെല്ലാം കാണുന്നുണ്ട്. അതു മനസിലാക്കി മുന്നോട്ടുപോകുന്നതാണ് കേരളത്തിന്റെ ഭാവിക്ക് നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |