എറണാകുളം മഹാരാജാസ് കോളേജിന്റെ പുരാതനമായ കെട്ടിടത്തിൽ ഒരുഭാഗത്ത്, ഒരുനിലയോളം വലിപ്പത്തിൽ ഒരു മഹതിയുടെ ചുവർചിത്രം വരച്ചുവച്ചിട്ടുണ്ട്. കുറച്ചു വർഷമേ ആയുള്ളൂ ആ ചിത്രം അവിടെ പ്രത്യക്ഷപ്പെട്ടിട്ട്. കോളേജിലെ ഒരു പൂർവവിദ്യാർത്ഥിയുടെ ചിത്രമാണ്- ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയിൽ അംഗമായ ഏക ദളിത് വനിതയുടെ ചിത്രം! ദാക്ഷായണി വേലായുധന്റെ ചിത്രം. അവരുടെ 47-ാം ചരമവാർഷിക ദിനമാണ് ഇന്ന്.
ജീവിച്ചിരുന്നപ്പോൾ അവരെ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യം ഈ ലേഖകനുണ്ടായിട്ടുണ്ട്. കൊച്ചി രാജ്യത്തെയും, പിന്നീട് തിരു- കൊച്ചിയിലെയും പിന്നാക്കക്ഷേമ വകുപ്പ് മേധാവിയായിരുന്ന എന്റെ അച്ഛൻ, അന്തരിച്ച കെ.ആർ. വിശ്വംഭരനുമായി സഹകരിച്ച് ചില പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത് അവർ അന്ന് ഓർമ്മിച്ചു. കെ.ആർ. വിശ്വംഭരനും ദാക്ഷായണി വേലായുധനും പിന്നാക്ക സമുദായ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ കാലത്ത് ഞാൻ തീരെ ചെറിയ കുട്ടിയാണ്. അതുകൊണ്ട് ബാല്യത്തിൽ അവരെ കണ്ട കാര്യം ഓർക്കുന്നില്ല. കൊല്ലവർഷം 1113-ൽ പഴയ കൊച്ചി രാജ്യത്തെ എസ്.എൻ.ഡി.പി. യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു, എന്റെ അച്ഛൻ കെ.ആർ. വിശ്വംഭരൻ. അഖില കൊച്ചി ക്ഷേത്രപ്രവേശന ജാഥയിലും മറ്റും സക്രിയമായിരുന്ന അദ്ദേഹം കൊച്ചി നിയമസഭാംഗവുമായിരുന്നു. എങ്കിലും പിന്നീട് സാമ്പത്തിക പ്രശ്നങ്ങൾ മൂലം പൊതുരംഗം വിട്ട് സർക്കാർ സർവീസിൽ പ്രവേശിക്കാൻ നിർബന്ധിതനായി. 1946-ൽ അദ്ദേഹം അധഃകൃത സംരക്ഷണ ഓഫീസ് മേധാവിയായി.
തിരു-കൊച്ചി സംയോജനത്തിനുശേഷം അദ്ദേഹം പിന്നാക്ക സമുദായ ഉന്നമന കമ്മിഷണറായ കാലത്താണ് ദാക്ഷായണി വേലായുധനുമായി ഒരുമിച്ചു പ്രവർത്തിച്ചത്. ഭരണഘടനാ നിർമ്മാണ സഭാംഗം എന്ന നിലയിൽ അവർ അന്ന് ദേശീയതലത്തിൽ പ്രശസ്തയാണ്. അക്കാലത്ത് പിന്നാക്കക്ഷേമ വകുപ്പിന്റെ മുൻകൈയിൽ കുന്നംകുളവും കോട്ടയവും അടക്കം തിരു- കൊച്ചിയിലെ പത്തിടങ്ങളിൽ ദളിത് കോളനികൾ സ്ഥാപിക്കുകയുണ്ടായി. സംവരണപ്രശ്നം ഭരണഘടനാ നിർമ്മാണസഭയിൽ ചർച്ചയായപ്പോൾ ഒരു വിധത്തിലുമുള്ള മതപരമായ പരിഗണനകൾ അതിലുണ്ടാകരുതെന്നും പൂർണമായി ജാതി അടിസ്ഥാനത്തിൽത്തന്നെ ആയിരിക്കണം അതെന്നും അവർ ശക്തിയുക്തം വാദിച്ചു. എന്തായാലും പൂർണമായും അവർ വാദിച്ചപ്രകാരമല്ല കാര്യങ്ങൾ നടന്നത്. ഭരണഘടനാ നിർമ്മാണ സഭയിലെ 15 വനിതകളിൽ ഒരാളായിരുന്ന അവർ കൊച്ചി നിയമസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അംബേദ്കറുടെ
സ്വാധീനം
ഗാന്ധിസവും അംബേദ്കറിസവും സമന്വയിക്കുന്ന ഒരു ആശയധാരയായിരുന്നു ദാക്ഷായണി വേലായുധന്റേതെന്ന് അവരുടെ മകൾ ഡോ. മീരാ വേലായുധൻ പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. 'അംബേദ്കറൈറ്റ്" ആയിരുന്ന അവർ കോൺഗ്രസിന്റെ പല നയങ്ങളോടും എതിർപ്പുള്ളവരായിരുന്നു. അത്തരം അഭിപ്രായങ്ങൾ മറച്ചുവയ്ക്കാതെ തുറന്നുപറയുകയും പ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1946-ൽ ഭരണഘടനാ നിർമ്മാണ സഭാംഗമാകുമ്പോൾ ദാക്ഷായണി വേലായുധന് 34 വയസേയുള്ളൂ. ആ സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗംം; ഏക ദളിത് വനിതയും!
അവർണർക്കായുള്ള സംവരണ സീറ്റുകളുടെ പ്രശ്നം നിയമനിർമ്മാണ സഭയിൽ ചർച്ചയ്ക്കു വന്നപ്പോൾ, ഒരു നിശ്ചിതശതമാനമെങ്കിലും പട്ടികജാതി- പട്ടികവർഗക്കാരുള്ള മണ്ഡലങ്ങൾ വേണം സംവരണ മണ്ഡലങ്ങളാക്കാൻ എന്ന് ചിലർ വാദിക്കുകയുണ്ടായി. അതിനെ ദാക്ഷായണി വേലായുധൻ എതിർത്തു. അത് ഒരു വേർതിരിക്കപ്പെട്ട വോട്ടർ സമൂഹത്തെ അഥവാ 'സെപ്പറേറ്റ് ഇലക്ടറേറ്റി"നെ സൃഷ്ടിക്കുമെന്നും, അത് ആശാസ്യമല്ലെന്നും അവർ പറഞ്ഞു.
1977 ൽ ഡൽഹി കേന്ദ്രീകരിച്ച് അവർ മഹിളാ ജാഗൃതി പരിഷത്ത് എന്നൊരു ദളിത് വനിതാ മുന്നേറ്റ സംഘടന രൂപീകരിച്ച് പ്രവർത്തിച്ചിരുന്നു. ഇന്നും ആ സംഘടന അവിരാമം പ്രവർത്തനം തുടരുന്നു. വനിതാശാക്തീകരണ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിക്കുന്ന വനിതകൾക്ക് അംഗീകാരമായി 2019-ൽ കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം ദാക്ഷായണി വേലായുധന്റെ പേരിലായിരുന്നു. 1978 ജൂലായ് 20-ന് 66-ാം വയസിലാണ് ആ മഹതി അന്തരിച്ചത്.
ഈ ശീർഷകം
വെറുതെയല്ല!
അടുത്തകാലത്ത്, സ്വയംഭരണ കോളേജായ മഹാരാജാസ് കോളേജിന്റെ പാഠ്യപദ്ധതിയിലും അവർ സ്ഥാനംപിടിക്കാൻ പോകുന്നതായി ഒരു വാർത്ത വന്നു. ഈ ലേഖനത്തിന് 'ദാക്ഷായണി വേലായുധൻ ഒരു ചെറിയ മീനല്ല" എന്ന് തലക്കെട്ട് നൽകുവാൻ എന്നെ പ്രേരിപ്പിച്ച സംഭവം അതുമായി ബന്ധപ്പെട്ട ഒന്നാണ്. സിനിമാതാരം മമ്മൂട്ടിയെക്കുറിച്ചും, മഹാരാജാസ് കോളേജിന്റെ പ്രിൻസിപ്പിലാവുക വഴി , ഈഴവ സമുദായക്കാരനായ ആദ്യത്തെ സർക്കാർ കോളേജ് പ്രിൻസിപ്പൽ എന്ന സ്ഥാനത്തേക്കുയർന്ന, എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറി കൂടിയായ പ്രൊഫ. പി.എസ്. വേലായുധനെക്കുറിച്ചുമൊക്കെ മഹാരാജാസിലെ കുട്ടികൾ പഠിക്കുമെന്ന് ആ വാർത്തയിലുണ്ടായിരുന്നു. ഭരണഘടനാ നിർമ്മാണ സഭാംഗമായി വരെ ഉയർന്നെങ്കിലും ദാക്ഷായണി വേലായുധനെക്കുറിച്ച് മലബാറിൽ അത്രയേറെപ്പേർ മനസിലാക്കിയിട്ടില്ല. അത്തരത്തിലൊരാൾ സ്വകാര്യ സംഭാഷണത്തിൽ എന്നോടു ചോദിച്ചു: ''മമ്മൂട്ടിയോടും മറ്റുമൊപ്പം പഠിക്കപ്പെടാൻ മാത്രം പ്രാധാന്യമുള്ള ഈ ദാക്ഷായണി വേലായുധൻ ആരാണ്?""
അവരുടെ പ്രധാന പ്രവർത്തന മേഖല കൊച്ചിയും പിന്നീട് തിരു- കൊച്ചിയും അതിനുശേഷം ഡൽഹിയും ആയതിനാലാവാം മലബാറിൽ അവർ വേണ്ടത്ര അറിയപ്പെടാതെ പോയത്. അതുകൊണ്ടാണ് അങ്ങനെയാരു ചോദ്യം സ്വകാര്യ സംഭാഷണത്തിൽ കടന്നുവന്നത്. പ്രതികൂല ഘടകങ്ങളോടു പൊരുതി, ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ യത്നങ്ങളിൽ കൈയൊപ്പു ചാർത്തുന്നിടത്തോളം വളർന്ന ഒരു മഹതിയാണ് അവർ എന്ന് വ്യക്തമാക്കുന്നതിനു വേണ്ടിയാണ്, കുറെക്കാലം മുമ്പ് ജനപ്രിയമായ ഒരു സിനിമയുടെ പേരിനെ അനുകരിച്ചുകൊണ്ട് 'ദാക്ഷായണീ വേലായുധൻ ഒരു ചെറിയ മീനല്ല" എന്ന തലക്കെട്ട് ഈ ലേഖനത്തിനു നൽകിയത്.
1912 ജൂലായ് നാലിന് മുളവുകാട്ട് കല്ലച്ചമ്മുറി കുഞ്ഞന്റെയും തയ്യിത്തറ മാണിയുടെയും മകളായാണ് ദാക്ഷായണി ജനിച്ചത്. മഹാരാജാസിൽ ബിരുദപഠനം. മദ്രാസ് സെന്റ് ക്രിസ്റ്റോസ് കോളേജിൽനിന്ന് അദ്ധ്യാപന പരിശീലന കോഴ്സ് പാസായി. ഭർത്താവും പിന്നീട് സഹപാർലമെന്റംഗവുമായ ആർ. വേലായുധനെ അവർ കല്യാണം കഴിച്ചത് വാർധയിൽ സേവാശ്രമത്തിൽ മഹാത്മഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു. 1941 സെപ്തംബറിലായിരുന്നു അത്. പിൽക്കാലത്തു രാഷ്ട്രപതിയായ കെ.ആർ. നാരായണന്റെ അമ്മാവനാണ് വേലായുധൻ. സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് (എസ്) നേതാവും രാജ്യസഭാംഗവുമൊക്കെയായിരുന്ന അന്തരിച്ച കെ.കെ. മാധവൻ മാസ്റ്റർ ദക്ഷായണി വേലായുധന്റെ ഇളയ സഹോദരനാണ്.
ഇന്ദിരാഗാന്ധിയുടെ ഡോക്ടറായിരുന്ന ഡോ. രഘുനാഥൻ, പ്രഹ്ളാദൻ, ധ്രുവൻ, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ സെക്രട്ടറി ജനറലായിരുന്ന ഭാഗീരഥ്, ചരിത്രകാരി ഡോ. മീരാ വേലായുധൻ എന്നിവരാണ് മക്കൾ. 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ ഭാരതം സ്വതന്ത്രമാകുമ്പോൾ അതിനു ദൃക്സാക്ഷിയായി ദാക്ഷായണി വേലായുധനുമുണ്ടായിരുന്നു. ഭാരതത്തിന്റെ ഭരണഘടന അവർകൂടി ഒപ്പുവച്ചാണ് അംഗീകരിക്കപ്പെട്ടത്. അത് ചരിത്രത്തിൽ വച്ച ഒപ്പാണ്. ആ ചരിത്രം നിസാരമല്ല.
(സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ മുൻ വൈസ് ചെയർമാനാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |