SignIn
Kerala Kaumudi Online
Sunday, 01 September 2024 4.02 AM IST

കാടിറങ്ങുന്ന വന്യ മൃഗങ്ങൾ

Increase Font Size Decrease Font Size Print Page
panni

ഇത് ചൂടു കാലമാണ്. കാട്ടുതീ വ്യാപിക്കുന്ന കാലാവസ്ഥ. അവസരം നോക്കി കാടിന് തീയിട്ട് മരങ്ങൾ ഉണക്കുന്ന വനമാഫിയയ്ക്ക് രംഗത്തിറങ്ങാൻ പറ്റുന്നതും ഇക്കാലത്താണ്. ചൂട് കനക്കുമ്പോഴും കാടിന് തീപിടിക്കുമ്പോഴും വന്യ മൃഗങ്ങൾ നാട്ടിൻപുറങ്ങളിലേക്ക് ചാടും. ഇരയും തീറ്റയും ഇക്കാലത്ത് കുറയുന്നതുകൊണ്ട് ആനയും പന്നിയും കുരങ്ങൻമാരും കാട്ടുപോത്തും എന്തിന്, പുലിയും കടുവയുമെല്ലാം നാട്ടിലേക്ക് കയറും. അപ്പോഴാണ് വനമേഖലയിൽ താമസിക്കുന്നവരുടെ സ്വൈര ജീവിതം തകരുന്നത്. വന്യമൃഗങ്ങൾ നാട്ടിൻ പുറങ്ങളലേക്ക് പ്രവേശിക്കാതിരിക്കാൻ പലവിധ മാർഗങ്ങൾ വനംവകുപ്പ് സ്വീകരിക്കാറുണ്ട്. എന്നാലും മൃഗങ്ങൾ ഇരയും തീറ്റയും തേടി ജനവാസ മേഖലകളിലെത്തും. അതിന് ഒരു പ്രധാനം കാരണം പ്രതിരോധ മാർഗങ്ങളുടെ അശാസ്ത്രീയതയാണ്.

വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ സ്ഥാപിച്ച സോളാർ വേലികൾ പലയിടത്തും തകർന്നു. കിടങ്ങുകൾ മണ്ണ് ഇടിഞ്ഞു വീണ് നികന്നു. സോളാർ വേലികൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി വനംവകുപ്പ് കോടികളാണ് ചെലവാക്കുന്നത്. പക്ഷേ, അതിന്റെ പ്രയോജനം ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

പത്തംതിട്ട ജില്ലയിൽ കോന്നി, റാന്നി വനംഡിവിഷനുകളിലെ ജനവാസ മേഖലയോടു ചേർന്നും തേക്ക് പ്ലാന്റേഷന് ചുറ്റുമാണ് സോളാർ വേലികൾ സ്ഥാപിച്ചിരിക്കുന്നത്. വേലികൾ തകർന്നതാണ് ആനയും പുലിയും അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്താൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കുറേ വർഷങ്ങളായി സോളാർ വേലി സ്ഥാപിക്കൽ നടക്കുന്നില്ല. തകർന്ന വേലികളുടെ അറ്റകുറ്റപ്പണി നടക്കുന്നത് വന്യമൃഗശല്യം രൂക്ഷമായ വനാതിർത്തികളിൽ മാത്രമാണ്. മരങ്ങൾ ഒടിഞ്ഞു വീഴുന്നതും ആന ചവിട്ടുന്നതുമാണ് സോളാർ വേലികൾ തകരാൻ കാരണമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. അറ്റകുറ്റപ്പണികൾക്ക് തുക വകയിരുത്തിയിട്ടില്ല.

കമ്പിക്കും പോസ്റ്റിനും

ഗുണനിലവാരമില്ല

ജില്ലയിൽ ജനവാസ മേഖലയോടു ചേർന്ന് സ്ഥാപിച്ച സോളാർ വേലിയിലെ കമ്പിക്കും പോസ്റ്റിനും ഗുണനിലവാരമില്ലെന്ന ആക്ഷേപം ശക്തമാണ്. ബ്രാൻഡഡ് കമ്പനികളുടെ ബാറ്ററി ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ടായിട്ടും വ്യാജ ഐ.എസ്.ഐ മുദ്ര പതിച്ച കമ്പനികളുടെ ബാറ്ററികൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കർഷകരുടെ ദീർഘനാളായുള്ള ആവശ്യത്തെ തുടർന്നാണ് സോളാർ വേലികൾ സ്ഥാപിച്ചതും കിടങ്ങുകൾ കുഴിച്ചതും. വേലിക്ക് ഉപയോഗിച്ച കമ്പിക്ക് കനം കുറവാണെന്ന് കർഷകർ പറയുന്നു. കിടങ്ങുകൾ കുഴിക്കുന്നതിടെ വലിയ പാറ കണ്ടതിനെ തുടർന്ന് പണി ഉപേക്ഷിച്ച സ്ഥലങ്ങളുമുണ്ട്.

കോന്നി, റാന്നി വനംഡിവിഷനുകളിൽ സോളാർ വേലികളും കിടങ്ങുകളും കൂടുതലായി സ്ഥാപിച്ചത് രണ്ട് വർഷം മുൻപ് വരെയാണ്.
അതിനുശേഷം സോളാറും കിടങ്ങുകളും സ്ഥാപിക്കാത്തതുകാെണ്ട് മൃഗങ്ങൾ ഏതു വഴിയും ജനവാസമേഖലയിലേക്ക് കടക്കാം. സോളാർ പാനലുകളിൽ പൂർണ തോതിൽ അറ്റകുറ്റപ്പണി വേണ്ടി വരുമെന്നാണ് റേഞ്ച് ഓഫീസർമാരുടെ റിപ്പോർട്ട്.

കോന്നി വനം ഡിവിഷനിൽ ജനവാസ മേഖലയിലെ സോളാർ വേലി അറുപത്തി മൂന്ന് കിലോമീറ്ററാണ്. റാന്നിയിൽ അൻപത്തിനാല് കിലോമീറ്ററും. ഭൂപ്രകൃതിയനുസരിച്ച് ചില പ്രദേശങ്ങളിൽ കിടങ്ങുകൾ കുഴിക്കുകയാണ് ചെയ്യുന്നത്. അതിപ്പോൾ നികന്ന് കാടുപടലും നിറഞ്ഞു. ജില്ലയിലെ ജനങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത് കാട്ടുപന്നികളാണ്.

കാട്ടുപന്നികൾ

നിറയുന്നു

ജില്ലയുടെ കിഴക്കൻ വനമേഖലയിൽ ഭീഷണിയായിരുന്ന കാട്ടുപന്നിക്കൂട്ടങ്ങൾ പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളായ ആറന്മുള, മെഴുവേലി, ചെന്നീർക്കര, കുളനട, ഓമല്ലൂർ, കൊടുമൺ എന്നീ പഞ്ചായത്തുകളിലും വലിയ ശല്യമാകുന്നു. ആലപ്പുഴ ജില്ലയുടെ കിഴക്കൻ മേഖലയായ മുളക്കുഴ പഞ്ചായത്തിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാട്ടുപന്നികൾ ആളുകളെ ആക്രമിക്കുന്നതും ഭീഷണിയാകുന്നു. മുളക്കുഴ ഗ്രാമപഞ്ചായത്തിൽ മാസങ്ങൾക്കു മുൻപ് സ്‌കൂട്ടർ യാത്രക്കാരനും വീട്ടമ്മയ്ക്കും പന്നിയുടെ ആക്രമണത്തിൽ പരക്കേറ്റിരുന്നു. ഇവിടെ കാർഷിക വിളകളും വ്യാപകമായി നശിപ്പിക്കുകയാണ്.

ചെന്നീർക്കര ഗ്രാമപഞ്ചായത്തിൽ സന്ധ്യകഴിഞ്ഞാൽ ജനം പുറത്തിറങ്ങാൻ മടിക്കുകയാണ്. കുറ്റിക്കാടുകളും റബർത്തോട്ടങ്ങളും കേന്ദ്രീകരിച്ചാണ് പന്നിക്കൂട്ടങ്ങളുടെ താവളം. കുളനടയിൽ പനങ്ങാട് പുലിക്കുന്നുമല, കരില, പാണിൽ ഭാഗങ്ങളിലാണ് പന്നിശല്യം രൂക്ഷമായിരിക്കുന്നത്. ഗ്രാമപഞ്ചായത്തും വാർഡ് അംഗങ്ങളും മുൻകൈ എടുത്ത് കാടുകയറിക്കിടക്കുന്ന പുരയിടങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കാൻ തുടങ്ങിയിട്ടുണ്ട്. മെഴുവേലി ഗ്രാമപഞ്ചായത്തിൽ പാടശേഖരങ്ങളിൽ പച്ചക്കറി കൃഷി നടത്തുന്നവർക്കാണ് പന്നിശല്യം തിരിച്ചടിയാകുന്നത്.

കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ഉത്തരവുണ്ടെങ്കിലും അപൂർവമായി മാത്രമെ വിനയോഗിക്കാനാകുന്നുള്ളൂ. ഇത്തരത്തിൽ കുളനട ഗ്രാമപഞ്ചായത്തിലും മുളക്കുഴയിലും കാട്ടുപന്നികളെ വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസം മുളക്കുഴയിൽ കൃഷി നശിപ്പിച്ച അഞ്ചു കാട്ടുപന്നികളെയാണ് കൊന്നത്.

ജനവാസ മേഖലയിൽ

തുറന്നുവിടുന്നു

ശബരിമലയിൽ നിന്ന് കൂടുവച്ച് പിടിക്കുന്ന പന്നികളെ ജില്ലയിലെ ജനവാസ മേഖലയിൽ തുറന്നുവിടുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ശബരിമലയിൽ നിന്ന് തീർത്ഥാടനത്തിന് മുൻപ് നൂറുകണക്കിന് പന്നികളെയാണ് പിടികൂടിയത്. കൂട്ടമായി സഞ്ചരിക്കുന്ന കാട്ടുപന്നികൾ ചൂളക്കെട്ടില്ലാത്ത കിണറുകളിലും കുഴിയിലും വീഴുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒമല്ലൂർ പന്ന്യാലിയിൽ പുലരിയാട്ട് സുദർശനന്റെ വീട്ടിലെ ചൂളകെട്ടില്ലാത്ത കിണറ്റിൽ രണ്ട് പന്നികൾ വീണു. വിവരം വനംവകുപ്പിനെ അറിയിച്ചെങ്കിലും വെടിവച്ചു കൊല്ലാൻ ലൈസൻസുള്ള സ്വകാര്യ ഷൂട്ടർമാരെ വിളിക്കാനാണ് നിർദ്ദേശം നൽകിയത്. തുടർന്ന് വെടിവച്ചു കൊന്നു.

പന്നി ശല്യം രൂക്ഷമായതോടെ കർഷകരെ സഹായിക്കാൻ കൃഷി ഇടങ്ങളിൽ സംരക്ഷണവേലി നിർമ്മിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കി. ഇതിനായി മിക്ക ഗ്രാമപഞ്ചായത്തുകളും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും പദ്ധതി നടപ്പായില്ല. ബഡ്ജറ്റിൽ തുക വകയിരുത്തിയെങ്കിലും അനുവദിക്കാൻ ഫണ്ടില്ലെന്നതാണ് പഞ്ചായത്തുകൾ നേരിടുന്ന പ്രശ്നം. പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ കഴിയുമോയെന്നും സംശയമുണ്ട്. ഒരു പഞ്ചായത്ത് എടുത്താൽ അവിടുത്തെ കൃഷി സ്ഥലങ്ങൾ പലയിടങ്ങളിലാണ്.

പണ്ട് നെൽകൃഷിയുണ്ടായിരുന്ന സ്ഥലം കർഷകർ പണ കെട്ടി മറ്റ് വിളകൾ കൃഷി ചെയ്യുന്നു. എല്ലായിടത്തും പന്നിശല്യമുണ്ട്. ഒരു കൃഷിയിടത്തിൽ നിന്ന് തുരത്തുന്ന പന്നികൾ അടുത്ത കൃഷിയിടത്തിൽ തമ്പടിക്കും. അവിടെ നിന്ന് മറ്റൊരിടത്തേക്ക് എന്നതാണ് പന്നികളുടെ പാലായനം. അങ്ങനെയാകുമ്പോൾ എല്ലായിടത്തും സംരക്ഷണ വേലികൾ സ്ഥാപിക്കും. അതിനുള്ള പണം പഞ്ചായത്തിന്റെ കൈവശമുണ്ടാകില്ല. പ്രായോഗികമായ മാർഗം കൃഷിസ്ഥലങ്ങളിൽ ശല്യമാകുന്ന പന്നിക്കൂട്ടങ്ങളെ വെടിവച്ചു കൊല്ളുകയെന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WILD ANIMALS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.