SignIn
Kerala Kaumudi Online
Sunday, 01 September 2024 4.42 AM IST

ചൂട് റെക്കാഡിലേക്ക് , കണ്ണൂരിന് പൊള്ളുന്നു 

Increase Font Size Decrease Font Size Print Page
puzha

പുറത്തിറങ്ങാനാവാത്ത ചൂടാണ് കണ്ണൂരിൽ. ജനുവരി മുതൽ തുടങ്ങിയ ചൂടും അത്യുഷ്ണവും ഇപ്പോൾ കഠിനമായി. ഇനി മാർച്ച്, ഏപ്രിൽ മാസങ്ങൾ എങ്ങനെ താണ്ടുമെന്നറിയാതെ കഴിയുകയാണ് ജനങ്ങൾ. ഇപ്പോൾത്തന്നെ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയെത്തി. സാധാരണയെക്കാൾ അഞ്ചുവരെ ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് സീസണിലെ ഏറ്റവും ഉയർന്ന ചൂട് സമീപ ദിവസങ്ങളിലെല്ലാം കണ്ണൂർ ജില്ലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും ചൂടനുഭവപ്പെടുന്ന ജില്ലയുടെ പട്ടികയിൽ തുടർച്ചയായി കണ്ണൂർ ഒന്നാമതാണ്.

കണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ 37.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരിയുടെ തുടക്കം മുതൽത്തന്നെ കണ്ണൂരിൽ കടുത്ത വേനലും അത്യുഷ്ണവും അനുഭവപ്പെടുകയാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് അന്തരീക്ഷ താപനില വലിയതോതിൽ കൂടിയത്. കണ്ണൂരിന്റെ മലയോര മേഖലയിലാണ് പ്രധാനമായും കൂടിയ താപനില രേഖപ്പെടുത്തുന്നത്. മലയോര മേഖലയായ ചെമ്പേരിയിൽ കഴിഞ്ഞ ദിവസം 39.9 ഡിഗ്രിയായിരുന്നു താപനില. ജില്ലയിൽ എല്ലായിടത്തുമായി വരും ദിവസങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. വർഷങ്ങൾക്കുശേഷം പഴശ്ശി പദ്ധതിയുടെ പ്രധാന കനാൽ വഴി വെള്ളമൊഴുക്കിയതിനാൽ കൃഷിക്ക് ചെറിയ ആശ്വാസമാണ്.


ചുട്ടുപൊള്ളി

തൊഴിലിടങ്ങൾ

ചൂടു കൂടിയതോടെ പുറം ജോലി ചെയ്യുന്ന കൽപണിക്കാർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, പാടത്തും പറമ്പിലുമെല്ലാം ജോലി ചെയ്യുന്നവർ തുടങ്ങിയവരെല്ലാം വലിയ ബുദ്ധിമുട്ടിലാണ്. പകൽ സമയം കൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവരും ചൂടിന്റെ ആധിക്യത്താൽ വലയുകയാണ്. നഗരഗ്രാമ വ്യത്യാസമില്ലാതെ ഉയർന്ന പ്രദേശങ്ങളിൽ ഇതിനോടകം ശുദ്ധജല ക്ഷാമവും രൂക്ഷമായിട്ടുണ്ട്. വേനൽ കടുത്തതോടെ രോഗങ്ങളും ജില്ലയിൽ തലപൊക്കിത്തുടങ്ങി. ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് വേനലിനൊപ്പം ജില്ലയിൽ പടരുന്ന പ്രധാന രോഗങ്ങൾ. ചിലയിടങ്ങളിൽ ചിക്കൻപോക്‌സും റിപോർട്ട് ചെയ്യുന്നുണ്ട്.

കരിഞ്ഞുണങ്ങി

കാർഷിക വിളകൾ

ഡിസംബറിൽ മഴ പെയ്തെങ്കിലും പൊള്ളുന്ന ചൂടിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു. ഡിസംബറിലെ മഴ കശുഅണ്ടി, കുരുമുളക്, നെൽക കൃഷി രംഗത്ത് വിള നഷ്ടമുണ്ടാക്കിയിരുന്നു. എന്നാലിപ്പോൾ ഉള്ള വിളവ് കുറയാൻ കൊടും ചൂട് കാരണമാകുന്നു. നെൽച്ചെടികൾക്കു സാധാരണ 32 ഡിഗ്രി മുതൽ 35 ഡിഗ്രി വരെ താങ്ങാൻ കഴിയും. ചൂടു കൂടിയാൽ വിളവ് എത്തേണ്ട സമയത്തിനു മുൻപ് നെൽച്ചെടികൾ കതിരിടുകയും വിളയുകയും ചെയ്യും. സാധാരണ ഗതിയിൽ 85 ദിവസം കൊണ്ടാണു നെൽച്ചെടികൾ കതിരിടുക. ചൂടു കൂടിയതോടെ 75 ദിവസം കൊണ്ടു തന്നെ കതിരിടും. ചൂടിന്റെ ശക്തി വർദ്ധിക്കുന്നതോടെ, നെല്ലിന്റെ ഓലകൾ കരിഞ്ഞുണങ്ങുകയും ചെയ്യും. ഇതു ക്ഷീരകർഷകരെയും പിന്നീട് ബാധിക്കും. ഒരേക്കർ പാടത്തു നിന്നു കൃത്യസമയത്ത് വിളവെത്തിയാൽ ശരാശരി 25 ക്വിന്റൽ നെല്ല് ലഭിക്കുമെന്നു കർഷകർ പറയുന്നു. കാലാവധി എത്തും മുൻപ് വിളഞ്ഞാൽ അത് 20 ക്വിന്റലായി കുറയും. കാഴ്ചയിൽ നെൽച്ചെടികളിൽ മാറ്റം കാണുകയില്ലെങ്കിലും പതിരിന്റെ അളവ് കൂടും. ചൂട് കാറ്റ് ശക്തമാകുന്നതാണ് പതിരിന്റെ അളവ് വർദ്ധിക്കാൻ കാരണം.

അതേസമയം, വാഴക്കർഷകരും പ്രതിസന്ധിയിലാണ്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ ചൂട് കാറ്റിൽ ഒടിഞ്ഞു വീഴുകയാണ്. പാവൽ, പടവലം, വെള്ളരി എന്നിവയുടെ ഉത്പാദനം കുറഞ്ഞു. ചൂടുകൂടിയ സമയത്ത് ലഭിക്കുന്ന വിളവിന് വലുപ്പം കുറവായതിനാൽ മാർക്കറ്റിൽ വേണ്ടത്ര വില ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.


ജലസേചനവും

താറുമാറായി

കൃഷിയിടങ്ങളിൽ ജലസേചനം നടത്തുമ്പോൾ ഒഴിക്കുന്ന വെള്ളം കനത്ത ചൂടിൽ വേഗത്തിൽ നീരാവിയായി പോകുന്നതായി കർഷകർ പറയുന്നു. വെള്ളമൊഴിച്ചിട്ടും കൃഷിക്ക് കാര്യമായ ഗുണമില്ലാതാവുകയാണ്. കൂടിയ ചൂട് വിളകളുടെ വേരുകളുടെ വളർച്ചയെ ബാധിക്കുന്നു. പലയിടത്തും കുടിവെള്ള സ്രോതസ്സുകളിലെ ജലനിരപ്പ് താഴ്ന്നതോടെ കൃഷി നനക്കുന്നതിന് മാർഗമില്ലാതെയായി. പുഴകളിലും തോടുകളിലും നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞു. കന്നുകാലികളെ വളർത്തുന്നവരും ദുരിതത്തിലാണ്. കന്നുകാലികളെ മേയാൻ വിടാൻ പറ്റാത്ത സാഹചര്യമാണ്.


വന്യമൃഗ ശല്യം

വർദ്ധിക്കുന്നു

അതിർത്തി മേഖലകളിലെ ഉൾക്കാടുകളിൽ പോലും ചൂട് അസഹ്യമാവുകയാണ്. അതിന്റെ സൂചനകളാണ് വന്യ മൃഗങ്ങൾ നാട്ടിലെ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങുന്നുവെന്ന വാർത്തകൾ. വനങ്ങളിലെ ജലസ്രോതസ്സുകൾ വറ്റിയാൽ മൃഗങ്ങൾ വെള്ളം തേടി നാട്ടിലിറങ്ങും. സാധാരണ മലയോരത്ത്. വേനൽക്കാലത്താണ് വന്യമൃഗങ്ങളുടെ ഭീഷണി കൂടുതൽ. വേനൽ ശക്തമായാൽ ആനക്കൂട്ടങ്ങൾ ജലാശങ്ങളുടെ പരിസരങ്ങളിലാണ് കേന്ദ്രീകരിക്കുക.

സൂര്യാഘാതത്തിന്

സാദ്ധ്യത

വേനൽച്ചൂടിന്റെ കാഠിന്യം കൂടിവരുന്നതിനാൽ സൂര്യതപം ഏൽക്കാനുള്ള സാദ്ധ്യതയേറിയിരിക്കുകയാണ്. രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയം നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ശരീരത്തിൽ കനത്ത ചൂട് നേരിട്ട് ഏൽക്കുന്നവർക്കാണ് സൂര്യാഘാതം ഏൽക്കാൻ സാദ്ധ്യത കൂടുതൽ. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാൻ തടസം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.

ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഉയർന്ന ചൂട് കണ്ണൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിർദ്ദേശങ്ങൾ:

പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.

തീപിടുത്തങ്ങൾ വർദ്ധിക്കാനും വ്യാപിക്കാനുമുള്ള സാദ്ധ്യത കൂടുതലായതിനാൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുക

സ്‌കൂളുകളിൽ കുട്ടികൾക്ക് കൂടുതൽ വെയിലേക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുക

വരും ദിവസങ്ങളിൽ ജില്ലയിൽ ഉയർന്നേക്കാവുന്ന ചൂട് 38 ഡിഗ്രി സെൽഷ്യസ്

മലയോര മേഖലയായ ചെമ്പേരിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 39.9 ഡിഗ്രി സെൽഷ്യസ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SUMMER SEASON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.