SignIn
Kerala Kaumudi Online
Sunday, 01 September 2024 5.04 AM IST

മിനിമം കൂലി പോലും ലഭിക്കാതെ...

Increase Font Size Decrease Font Size Print Page
j

രാജ്യത്തെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലാളികൾക്ക് ഏറ്റവുമധികം കൂലി ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിലെ തൊഴിലാളികൾക്ക് ശരാശരി ദിവസക്കൂലിയായി 852 രൂപ ലഭിക്കുമ്പോൾ ഗുജറാത്തിൽ 323 രൂപയും യു.പിയിൽ 352 രൂപയുമാണ്. തമിഴ്നാട്ടിലാണ് തമ്മിൽ ഭേദം. 500 രൂപ. ഏറ്റവും കുറവ് കൂലി ലഭിക്കുന്ന സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശിലും ത്രിപുരയിലും യഥാക്രമം 278, 286 ക്രമത്തിലാണ് കൂലി. നിർമ്മാണ മേഖലയിലെ പുരുഷ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം തയ്യാറാക്കിയ 2022- 23 വർഷത്തെ കണക്ക് പ്രകാരമാണിത്.

കേരളം എല്ലാകാര്യത്തിലും നമ്പർ വണ്ണെന്ന് പറയാൻ വെമ്പുന്നവരും സർക്കാരിനെ അനുകൂലിക്കുന്നവരും ഇടത് തൊഴിലാളി പ്രസ്ഥാനങ്ങളും ഈ കണക്ക് ഏറെ പ്രചരിപ്പിക്കുകയും സമൂഹമാദ്ധ്യമങ്ങളിലെ ഇടത് പ്രൊഫൈലുകളിൽ ഏറെ ആഘോഷിക്കുകയും ചെയ്യുകയാണ്. കേരളത്തിൽ അസംഘടിത മേഖലയിൽ കൂലിപ്പണി ചെയ്യുന്ന ഒരു തൊഴിലാളിക്ക് 900 മുതൽ 1000 രൂപ വരെ കൂലി ലഭിക്കുന്നുവെന്നത് വാസ്തവമാണ്. ഇത്തരം ജോലികൾ ഏറെയും അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റെടുത്തതോടെ നാട്ടിലെ തൊഴിലാളികൾക്ക് കൃത്യമായി ജോലി ലഭിക്കാത്ത സ്ഥിതിയുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂലി കൂടുതൽ ലഭിക്കുന്നുവെങ്കിലും ജീവിതച്ചെലവ് കണക്കാക്കിയാൽ ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന യാഥാർത്ഥ്യം കൂലിക്കൂടുതൽ ആഘോഷമാക്കുന്നവർ ശ്രദ്ധിച്ചിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്.

നിത്യോപയോഗ സാധന വിലനിലവാരത്തിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ അന്തരമുണ്ട് കേരളത്തിൽ. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ പലമടങ്ങാണ് മിക്ക സാധനങ്ങളുടെയും വില. കൂലിപ്പണിക്കാർക്ക് വേതനം കൂടുതൽ ലഭിക്കുമ്പോൾ സർക്കാർ, എയ്ഡഡ്, പൊതുമേഖലാ സ്ഥാപനങ്ങളിലൊഴികെ വൈറ്റ് കോളർ ജോലി ചെയ്യുന്ന അഭ്യസ്ഥവിദ്യരെ സംബന്ധിച്ച് കേരളത്തിൽ തുച്ഛശമ്പളം മാത്രമാണ് ലഭിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. 8000 രൂപ മുതൽ 15000 രൂപ വരെയാണ് ഇവർക്ക് പ്രതിമാസ ശമ്പളമായി ലഭിക്കുന്നത്. കൂടുതൽ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിൽ നിന്നുള്ള അഭ്യസ്ഥവിദ്യർ വിദേശ രാജ്യങ്ങളിലേക്ക് വ്യാപകമായി തൊഴിൽ തേടി പോകുന്നത്.

സംഘടിത, പരമ്പരാഗത

തൊഴിൽ മേഖല

അസംഘടിത തൊഴിലാളികൾക്ക് കേരളത്തിൽ മെച്ചപ്പെട്ട ദിവസ വേതനം ലഭിക്കുമ്പോഴും സംഘടിത, പരമ്പരാഗത മേഖലകളിലെ തൊഴിലാളികളുടെ സ്ഥിതി പരമദയനീയമാണ്. വലിയൊരുവിഭാഗം ജനങ്ങളും ഏർപ്പെട്ടിരുന്ന കയർ, കശുഅണ്ടി, കൈത്തറി തുടങ്ങിയവ പരമ്പരാഗത തൊഴിൽ മേഖലകൾ തകർന്നടിഞ്ഞിട്ട് കാലങ്ങളായി. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കേരളത്തിലെ ഈ തൊഴിൽ മേഖലകളുടെ പുനരുദ്ധാരണത്തിനോ പ്രശ്നപരിഹാരത്തിനോ തൊഴിലാളി സംഘടനകൾ പോലും മുതിരുന്നില്ലെന്നതാണ് കേരളം ഇന്ന് നേരിടുന്ന ഗുരുതരമായ തൊഴിൽ പ്രതിസന്ധി.

തൊഴിലാളി പ്രസ്ഥാനങ്ങളും ഇടത്പക്ഷ രാഷ്ട്രീയവും കേരളത്തിൽ വളർന്ന് വേരോടിയത് പരമ്പരാഗത തൊഴിൽ മേഖലയിൽ പണിയെടുത്തിരുന്ന ലക്ഷക്കണക്കായ പാവപ്പെട്ട തൊഴിലാളികളിലൂടെയാണെന്നത് പോലും ഇന്ന് സൗകര്യപൂർവം വിസ്മരിക്കപ്പെടുമ്പോൾ കോർപ്പറേറ്റ്‌വത്ക്കരണത്തിന്റെ പിടിയിലാണിന്ന് ഇടത് പാർട്ടികൾ പോലുമെന്നത് കൗതുകവും ഒപ്പം ആശങ്കയും ജനിപ്പിക്കുന്നതാണ്. പരമ്പരാഗത വ്യവസായങ്ങളായ കയറിന്റെയും കശുഅണ്ടിയുടെയും ഈറ്റില്ലമായ കൊല്ലം ജില്ലയിൽ ഇന്ന് ഈ രണ്ട് വ്യവസായങ്ങളും, ഇതുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളും നേരിടുന്ന പ്രതിസന്ധിയുടെ വ്യാപ്തിയും മാത്രം മതിയാകും മേഖലയിലെ അരക്ഷിതാവസ്ഥ വ്യക്തമാകാൻ.

കശുവണ്ടി മേഖലയെ

തഴയുമ്പോൾ

കേരളത്തിൽ ശരാശരി ദിവസക്കൂലി 852 രൂപയാണെന്ന് അഭിമാനം കൊള്ളുമ്പോഴും ദിവസം മുഴുവൻ എല്ലുമുറിയെ പണിയെടുത്താലും 350 രൂപ പോലും ലഭിക്കാത്ത തൊഴിൽ മേഖലയാണ് കശുഅണ്ടി, കയർ മേഖലകൾ. നീണ്ട 7 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മാത്രമാണ് കശുഅണ്ടി തൊഴിലാളികളുടെ ശമ്പളത്തിൽ 23 ശതമാനത്തിന്റെ വർദ്ധനവ് വരുത്തിയത്. ഫെബ്രുവരി 9ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും നടപ്പായിട്ടില്ല. 2015ലാണ് ഉമ്മൻചാണ്ടി സർക്കാർ 35 ശതമാനം കൂലിക്കൂടുതൽ അവസാനമായി പ്രഖ്യാപിച്ചത്. മറ്റേത് തൊഴിൽ മേഖലയെയും അപേക്ഷിച്ച് കുറഞ്ഞ കൂലിയാണ് കശുഅണ്ടി മേഖലയിലേത്.

മൂന്നാറിലെ തേയില തൊഴിലാളിക്ക് പോലും 303 രൂപ മിനിമം വേതനം ലഭിക്കുമ്പോൾ കശുഅണ്ടി തൊഴിലാളിക്ക് കിട്ടുന്നത് വെറും 285 രൂപ!. ഒരു കശുഅണ്ടി തൊഴിലാളിക്ക് ഒരു ദിവസം പരമാവധി ലഭിക്കുന്ന കൂലി ഇപ്രകാരമാണ്. ഒരു കിലോഗ്രാം തോട്ടണ്ടി തല്ലാൻ 36 രൂപ. (ശരാശരി 8 കിലോഗ്രാം ദിവസം തല്ലും) ഒരു കിലോഗ്രാം പീലിംഗിന് (തൊലി കളയൽ) 42.03 രൂപ. (പരമാവധി ചെയ്യുന്നത് 6.50 - 7 കിലോഗ്രാം വരെ) ഗ്രേഡിംഗിന് മാത്രമാണ് 285 രൂപ ദിവസക്കൂലി നിശ്ചയിച്ചിട്ടുള്ളത്. തൊഴിലാളിക്ക് മിനിമം വേതനമായി 285 രൂപയും 32.06 രൂപ ഡി.എ യും ചേർത്ത് 317.06 രൂപയാണ് ലഭിക്കുക.

ഇ.എസ്.ഐ, എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് എന്നിവയുടെ വിഹിതങ്ങൾ പിടിത്തം കഴിഞ്ഞ് തൊഴിലാളിക്ക് കൈയ്യിൽ കിട്ടുന്നത് ഇതിലും കുറവായിരിക്കും. ഇപ്പോൾ 23 ശതമാനം വർദ്ധിപ്പിച്ചതിനു മുമ്പുള്ള കണക്കാണിത്. മൂന്ന് ലക്ഷത്തോളം കശുണ്ടി തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇന്ന് കഷ്ടിച്ച് 30,000 ഓളം പേർക്ക് മാത്രമാണ് തൊഴിലുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളായ കശുഅണ്ടി വികസന കോർപ്പറേഷനു കീഴിൽ 30ഉം, സഹകരണ സ്ഥാപനമായ കാപ്പക്സിനു കീഴിൽ പത്തും അടക്കം 40 ഫാക്ടറികളിലെ പന്ത്രണ്ടായിരത്തോളം തൊഴിലാളികൾക്ക് മാത്രമാണ് സർക്കാർ നിശ്ചയിച്ച വേതനം ലഭിക്കുന്നത്. സ്വകാര്യമേഖലയിൽ 750 ലേറെ ഫാക്ടറികളുണ്ടായിരുന്നെങ്കിലും അതിൽ 600 ലേറെയും വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.

കൂലി പുതുക്കി,

പക്ഷേ പണിയില്ല

പൊതുമേഖലയിലെ ഫാക്ടറി തൊഴിലാളികൾക്ക് വേതനം പുതുക്കിയെങ്കിലും ഫാക്ടറികൾ തുറന്നു പ്രവർത്തിച്ചിട്ട് വേണ്ടേ ജോലി ലഭിക്കാൻ. പുതുവർഷം പിറന്ന് 2 മാസമായിട്ടും കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിൽ ഇതുവരെ 8 ദിവസവും കാപ്പക്സ് ഫാക്ടറികളിൽ 12 ദിവസവും മാത്രമാണ് ജോലി ലഭിച്ചത്. തോട്ടണ്ടി ഇല്ലാത്തതാണ് കാരണം. തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കണമെങ്കിൽ 6 മാസകാലയളവിൽ 78 ഹാജർ വേണം. നിലവിലെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് 78 ഹാജർ ലഭിക്കാനുള്ള സാദ്ധ്യതയില്ലാത്തതിനാൽ ഇ.എസ്.ഐ ആനുകൂല്യവും നഷ്ടപ്പെടാം.

പരമ്പരാഗത വ്യവസായങ്ങളിൽ പണിയെടുത്തിരുന്ന ലക്ഷങ്ങളിൽ 90 ശതമാനവും സ്ത്രീകളും പിന്നാക്ക, പട്ടിക വിഭാഗങ്ങളിൽ പെടുന്നവരുമാണ്, അവരുടെ നഷ്ടപ്പെട്ട തൊഴിലിനെക്കുറിച്ചും അർഹമായ വേതനം ലഭിക്കാത്തതിനെക്കുറിച്ചും ഒരു ട്രേഡ്‌യൂണിയനും ഒരിടപെടലും നടത്തുന്നില്ലെന്നിടത്താണ് തൊഴിൽ മേഖലയുടെ തകർച്ചയുടെ വ്യാപ്തി വ്യക്തമാകുന്നത്. പ്രതിപക്ഷത്തെ പ്രമുഖ ട്രേഡ്‌യൂണിയനായ ഐ.എൻ.ടി.യു.സി പോലും ഇക്കാര്യത്തിൽ കാലങ്ങളായി മൗനത്തിലാണ്. ഭരണപക്ഷ യൂണിയനുകളുടെ കാര്യം പറയാനുമില്ല. അതേസമയം കേരളത്തിലെ കൂലിക്കൂടുതലിനെച്ചൊല്ലി ഊറ്റം കൊള്ളുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAXIMUM SALARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.