SignIn
Kerala Kaumudi Online
Friday, 27 September 2024 3.35 PM IST

സൈബർ കെണികൾ കാത്തിരിക്കുന്നു...

Increase Font Size Decrease Font Size Print Page
v

ഓരോ ദിവസവും 10 മുതൽ 20 ശതമാനം വരെ ആളുകളാണ് സൈബർ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നത് എന്നാണ് നാഷണൽ ബുള്ളീയിംഗ് പ്രിവൻഷൻ സെന്ററിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 107 കേസുകളാണ്. കഴിഞ്ഞ വർഷം ആഗസ്റ്റ് വരെ കേരളത്തിൽ 1100 സൈബർ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേരള ക്രൈം റെക്കാർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 815 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2021ൽ 626 ആയിരുന്നു. 2020ൽ 426 കേസുകളും 2019ൽ 307 കേസുകളും റിപ്പോർട്ട് ചെയ്തു. 2018, 2017, 2016 വർഷത്തെ കേസുകളുടെ എണ്ണം യഥാക്രമം 340, 320, 283 എന്നിങ്ങനെയായിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അശ്ലീല വീഡിയോകൾ നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് മുംബയയിലെ പാൽഘറിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മക്കൾ അറസ്റ്റിലായിരുന്നു. ഇന്നത്തെ തലമുറ മണിക്കൂറുകളോളം മൊബൈൽ സ്‌ക്രീനിൽ സമയം ചെലവഴിക്കുന്നവരാണ്. ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ഇ-മെയിൽ, എക്സ് തുടങ്ങിയവയെല്ലാം നിത്യജീവിതത്തിലെ അവിഭാജ്യഘടകമായി മാറി.

നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ കണക്ക് പ്രകാരം 2022 ജനുവരി മുതൽ 2023 നവംബർ 30 വരെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വിഭാഗത്തിൽ മാത്രം റിപ്പോർട്ട് ചെയ്ത പരാതികളുടെ എണ്ണം 8,84,968 ആണ്. സാങ്കേതിക വിദ്യ അനുദിനം കുതിച്ചുയരുന്നതിനൊപ്പം കുറ്റാന്വേഷണ രംഗവും പരിഷ്‌കരിക്കപ്പെട്ടില്ലെങ്കിൽ സൈബർ അതിക്രമങ്ങളിലെ ഇരകളുടെ എണ്ണം ക്രമാതീതമായി കുതിച്ച് ഉയരും. ഓരോ ദിവസവും 30 മുതൽ 40 വരെ സൈബർ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതികളിൽ പലരും ഇതരസംസ്ഥാനത്തും വിദേശത്തുമിരുന്നാണ് ഇവ നിയന്ത്രിക്കുന്നത്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് വരെ സംജ്ജാതമായ സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണ്.

മനുഷ്യ പുരോഗതിക്കായി തലമുറകളായി വികസിപ്പിച്ചെടുത്തതാണ് സൈബർ ലോകം. സാങ്കേതിക വിദ്യകളുടെ വളർച്ച മനുഷ്യ ജീവിതത്തെ കൂടുതൽ സൗകര്യപ്രദമാക്കിയെന്നതിൽ തർക്കമില്ല. ദിനംപ്രതി പുതിയ പരീക്ഷണങ്ങളാണ് സൈബർ ലോകം നമുക്കായി തുറന്നിടുന്നത്. എന്നാൽ സൈബറിടത്തെ ചതിക്കുഴികൾ അനവധിയാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സൈബർ ഭീഷണി മൂലം കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം. സൈബർ ഭീഷണിയുടെ ഇരകൾ കേവലം ഒന്നോ രണ്ടോ പേരിൽ ഒതുങ്ങുന്നതല്ല. എല്ലാവർക്കും മുന്നിൽ അപമാനിതനാകുമ്പോൾ നേരിടേണ്ടി വരുന്ന നാണക്കേടിനെ ചൂഷണം ചെയ്യുകയാണ് ഹാക്കർമാർ ചെയ്യുന്നത്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മുടെ ജീവനും സ്വത്തും വരെ സൈബറിടങ്ങൾ കവർന്നെടുക്കാം.

സൈബർ

ഗ്രൂമിംഗ്

ഓൺലൈനിലൂടെ കുട്ടികളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന രീതിയാണ് സൈബർ ഗ്രൂമിംഗ്. കുട്ടികൾ മാത്രമല്ല, പലപ്പോഴും മുതിർന്നവരും ഇതിന് ഇരയാവാറുണ്ട്. മാനസികമായി അടുപ്പം സ്ഥാപിച്ച ശേഷം ജോലി വാഗ്ദാനം ചെയ്യുകയോ സമ്മാനം നൽകുകയോ ആശംസകൾ അറിയിക്കുകയോ ചെയ്യും. പിന്നീട് ചിത്രങ്ങളോ വീഡിയോകളോ അയച്ച് കൊണ്ടിരിക്കും. സൗഹൃദം സ്ഥാപിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ആവശ്യപ്പെടും. നൽകിയാൽ അവ ഉപയോഗിച്ച് ചൂഷണം തുടങ്ങും. പിന്നീട് ഭീഷണിയുമായി എത്തും. അതിനാൽത്തന്നെ, അപരിചിതരുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിക്കാതിരിക്കുകയും സ്വകാര്യവിവരങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവയ്ക്കാതിരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഓൺലൈൻ ഗെയിമിംഗ് വഴി നടത്തുന്ന സൈബർ ചതിക്കുഴികളിൽ പെടാതിരിക്കാൻ നാം ഓരോരുത്തരും ജാഗ്രത പുലർത്തണം. പലപ്പോഴും ഗെയിമുകൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ചോർത്തിയെടുക്കുന്നു. ഓൺലൈൻ ഗെയിം വിജയികൾക്ക് കോയിനുകളോ പോയിന്റുകളോ പ്രതിഫലമായി നൽകുമെന്ന് കബളിപ്പിച്ച് ബാങ്ക് വിവരങ്ങൾ ചോർത്തിയെടുക്കുന്നത് ഇന്ന് നിത്യസംഭവമായി മാറിക്കഴിഞ്ഞു. സമൂഹ മാദ്ധ്യമങ്ങളുടെ അപകടങ്ങളെക്കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കുക എന്നതാണ് സൈബർ ചതിക്കുഴികളിൽ പെടാതിരിക്കാനുള്ള പ്രധാന പരിഹാര മാർഗം.

സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിന് പരിധി നിശ്ചയിക്കണം. ഓൺലൈനിൽ സ്വയം പരിരക്ഷാ നടപടികൾ സ്വീകരിക്കേണ്ടതും പ്രധാനമാണ്. ഉപയോഗിക്കുന്ന ഇടങ്ങളെക്കുറിച്ചുള്ള വ്യക്തമായ അവബോധം എപ്പോഴും ഉണ്ടായിരിക്കണം. പുതുതലമുറയ്‌ക്ക്‌ ബോധവത്ക്കരണവും വ്യക്തിത്വ വികസന പരിശീലനം നൽകേണ്ടതും അത്യാവശ്യമാണ്.

സൈബർ കേസുകൾ (വർഷാടിസ്ഥാനത്തിൽ)

ഈ വർഷം ഇതുവരെ......................................107

കഴിഞ്ഞ വർഷം ആഗസ്റ്റ് വരെ...................1100

2022...........................................................................815

2021............................................................................626

2020............................................................................426

2019............................................................................307

2018............................................................................340

2017............................................................................320

2016............................................................................283

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CYBERCRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.