SignIn
Kerala Kaumudi Online
Monday, 25 May 2026 4.06 AM IST

വിദ്യ കൊണ്ട് സ്വതന്ത്രരാകണം

xf

പുതിയൊരു അദ്ധ്യയനവർഷംകൂടി കടന്നു വരികയാണ്. വലിയ പ്രതീക്ഷകളോടും പ്രത്യാശകളോടും കൂടിയാണ് നമ്മുടെ കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. ആധുനിക വിദ്യാഭ്യാസവും അതിന്റെ പുത്തൻ രീതിവിതാനങ്ങളും ലോകത്തിന്റെ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളുമായി കൈകോർത്ത് നിൽക്കുന്ന കാലഘട്ടമാണിത്. മാത്രവുമല്ല വിവരസാങ്കേതിക വിദ്യയുടെയും കൃത്രിമബുദ്ധിയുടെയും പുതിയ ജാലകങ്ങൾ വിദ്യാലയങ്ങളുടെ പരിധിയും പരിമിതിയും മറികടന്ന് കുട്ടികൾക്ക് അറിവിന്റെ അപരിമേയമായിട്ടുള്ള തലങ്ങൾ മലർക്കെ തുറന്നിടുന്ന കാലവുമാണിത്.

ചുരുക്കിപ്പറഞ്ഞാൽ ഒരു വിദ്യാലയത്തിലെ വിദ്യാർത്ഥി ആയിരിക്കുമ്പോൾത്തന്നെ ഒരാൾക്ക് ലോകത്ത് എവിടെയുമുള്ള വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധപ്പെടുവാനും അതിന്റെ പുതിയ സീമകളുമായി പരിചയപ്പെടുവാനും ഇന്ന് വലിയ അവസരങ്ങളുണ്ട്. അതുകൊണ്ടുതന്നെ വിഷയബന്ധിതമായ സിലബസിന്റെ അതിരുകൾകൊണ്ട് ഇന്നത്തെ കുട്ടികളുടെ ജ്ഞാനതൃഷ്ണയെയും ജ്ഞാനമണ്ഡലത്തെയും ചുരുക്കാനാവില്ലെന്നർത്ഥം. അത്രമേൽ വികസ്വരമായിക്കൊണ്ടിരിക്കുന്ന ഒരു ആഗോള വിദ്യാഭ്യാസാധുനികതയിലേക്കാണ് നമ്മുടെ കുഞ്ഞുങ്ങളും പ്രവേശിക്കേണ്ടത്.

ഈയൊരു തിരിച്ചറിവും ഉണർവും വിദ്യാർത്ഥികൾക്ക് മാത്രം ഉണ്ടാകേണ്ട ഒന്നല്ല. അവരെക്കാളുമേറെ അവരെ പഠിപ്പിക്കുന്നവരും പരിരക്ഷിക്കുന്നവരുമാണ് ഇത് തിരിച്ചറിയേണ്ടത്. കാരണം തങ്ങളുടെ കുട്ടികൾ നാളെ എന്തായി തീരണമെന്ന വിധി കല്പിതമായ മനസുമായിട്ടാണ് അധികം രക്ഷിതാക്കളും കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കുന്നത്. ഈ ഒരു മുൻവിധിയെ മാറ്റി ചിന്തിക്കാത്തിടത്തോളം ഒരു കുട്ടിക്കും സ്വതന്ത്രമായവിധം അദ്ധ്യയനം നടത്താനോ വാസനാബദ്ധമായവിധം ഭാവന വികസ്വരമാക്കാനോ കഴിയുന്നതല്ല.

വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം തന്നെ അറിവിന്റെ സമ്പാദനവും അതിലൂടെയുള്ള മാനവിക സ്വാതന്ത്ര്യവുമാണ്. അതില്ലാതായാൽപ്പിന്നെ മറ്റെന്തെല്ലാമുണ്ടായാലും ഒരാൾക്ക് മനുഷ്യപ്പറ്റുള്ള ഒരു മനുഷ്യനായി പരിവർത്തനപ്പെടാനാവുകയില്ല. അക്കാഡമിക് വിദ്യാഭ്യാസമെന്നത് എപ്പോഴും ഓരോരോ വിഷയങ്ങളിൽ പരിചിതരെയും വിദഗ്ദ്ധരെയും നിർമ്മിച്ചെടുന്ന ഒരു ചക്രമാണ്. ആ ചക്രസാദ്ധ്യതയിൽ നിന്നാണ് നിപുണരും അതിനിപുണരുമായ ഡോക്ടർമാരും എൻജിനിയർമാരും അദ്ധ്യാപകരും പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും മറ്റു പ്രൊഫഷണലുകളും ഉൾപ്പെടെയുള്ള ബാഹ്യലോകത്തിന്റെ നിർമ്മിതിയുമായി ബന്ധപ്പെട്ടവരെല്ലാം രൂപം കൊള്ളുന്നത്.

എന്നാൽ ഈ രൂപംകൊള്ളലിന്റെ അടിസ്ഥാന സാമഗ്രികൾക്ക് ആധാരമായി മാനവികതയുടെ അഥവാ മനുഷ്യത്വത്തിന്റെ ബന്ധവും ഗന്ധവുമില്ലെങ്കിൽ ഒരാൾ എത്ര വലിയവനായി തീർന്നാലും അതുകൊണ്ടുള്ള ഗുണഫലങ്ങൾ സമൂഹത്തിനാകെ ലഭ്യമാകുന്നതല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം ഒരാളുടെ ആന്തരികമായ മാറ്റത്തിനുതകുംവിധവും ആരെയും പുറത്തു നിറുത്താത്തൊരു ലോകത്തിന്റെ ഭാഗമാകത്തക്കവിധവും സ്വത്വബോധവും നീതിബോധവും സ്വതന്ത്രബോധവും കൂടിച്ചേർന്നതാകണം എന്ന് ഗുരുക്കന്മാർ ഉപദേശിച്ചത്.

ആ ഉപദേശത്തിന്റെ ആധുനിക മഹാവാക്യമാണ് വിദ്യകൊണ്ട് സ്വതന്ത്രരാകണമെന്ന ശ്രീനാരായണഗുരുദേവന്റെ സന്ദേശം. ഒരുവൻ സ്വതന്ത്രനാവുമ്പോഴാണ് അവന് എല്ലാവരെയും ഉൾക്കൊള്ളാനാവുന്നത്. അങ്ങനെ എല്ലാവരെയും ഉൾക്കൊള്ളാനാവുമ്പോഴാണ് മനുഷ്യർക്കിടയിലുള്ള അതിരുകൾ ഇല്ലാതാവുന്നത്. ഇന്ന് ലോകത്തിന്റെയാകെ വരുമാനത്തിൽ മൂന്നിൽ രണ്ടുഭാഗവും ചെലവിടുന്നത് അതിരുകൾ ഉണ്ടാക്കാനും അവയെ സംരക്ഷിക്കാനും അതുമായി ബന്ധപ്പെട്ട പ്രതിരോധങ്ങൾക്കുമായിട്ടാണ്.

അതിരുകൾ ഉള്ളിടത്തോളം അകവും പുറവും എന്നതുണ്ട്. അകത്തുള്ളവരും പുറത്തുള്ളവരുമുണ്ട്. ഈ വക അകപുറങ്ങളാണ് എല്ലാക്കാലത്തും ലോകത്തിന്റെ ഏകതയെയും ശാന്തിയെയും സമാധാനത്തെയും ഭദ്രതയെയും അഭ്യുന്നതിക്കുള്ള മാർഗങ്ങളേയും തച്ചുടയ്ക്കുന്നത്. ഇതെല്ലാം ദീർഘദർശനം ചെയ്തിട്ടാണ് ക്രാന്തദർശികളായ വിശ്വഗുരുക്കന്മാരെല്ലാം സ്വതന്ത്ര മാനവികതയുടെ അവതാരകന്മാരായി അവതരിക്കപ്പെട്ടത്. ഈ അവതാര മൂർത്തികളിൽ ഏറ്റവും ആധുനികനായ മഹർഷിയാണ് ശ്രീനാരായണഗുരുദേവൻ.

വിദ്യകൊണ്ടു സ്വതന്ത്രരാകണം എന്ന ഗുരുസന്ദേശത്തിൽ വിദ്യകൊണ്ട് ഒരുവൻ ഒരു യഥാർത്ഥ മനുഷ്യനാകണം അഥവാ ഒരു നല്ല മനുഷ്യനാകണം എന്ന വിവക്ഷയാണുള്ളത്. മറ്റെന്തെല്ലാമുണ്ടായാലും അതുകൊണ്ടൊന്നും ഒരാൾ ഒരു നല്ല മനുഷ്യനാവുകയില്ല. അതിനു മനുഷ്യത്വത്തിന്റെ ഉള്ളും വെളിവുമാണ് വേണ്ടത്. മനുഷ്യത്വത്തിൽ നിന്നാണ് ഒരു നല്ല മനുഷ്യൻ അഥവാ ഒരു സമഗ്ര മനുഷ്യൻ പിറവി കൊള്ളുന്നത്.

അതിനുള്ള ചിന്തയും മാർഗവും പ്രവൃത്തിയും സ്വാതന്ത്ര്യത്തോടെ രൂപപ്പെടുത്തുവാനും പിന്തുടരുവാനും പങ്കുവയ്ക്കുവാനും, വിദ്യയും വിദ്യാലയങ്ങളും കരുത്ത് പകരുന്നതായിത്തീരുന്ന ഒരു ലോകത്തും കാലത്തും മാത്രമേ എല്ലാവരും അകത്തുള്ളൊരു ലോകം അല്ലെങ്കിൽ ആരും പുറത്താകാത്തൊരു ലോകം എന്ന വിശ്വഭാവന യാഥാർത്ഥ്യമായി വരികയുള്ളൂ. ഇതെല്ലാം മുൻകൂട്ടി കണ്ടിട്ടാണ് ദീർഘദർശിയായ ഗുരുദേവൻ വിദ്യകൊണ്ടു സ്വതന്ത്രരാകണമെന്നു ഉപദേശിച്ചത്.

നമ്മുടെ ബുദ്ധിയും തൊഴിലും ഭാവനയുമൊക്കെ ഇതിന്റെ വെളിച്ചത്തിലും അടിത്തറയിലും ആകാത്തിടത്തോളം സ്വാശ്രയത്വം എന്നത് പ്രയോഗത്തിലെത്തുകയില്ല. വിദ്യയെ മനുഷ്യനെ നന്നാക്കാനുള്ള മരുന്നായിട്ടാണു ഗുരുദേവൻ വിഭാവനം ചെയ്തത്.

സമഭാവനയും

സമഭക്തിയും

സ്വതന്ത്രമാനവികതയ്ക്കും ശാന്തിക്കും ലോകമാകെ ഇന്നു കനത്ത വെല്ലുവിളികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുന്നതിനും മറികടക്കുന്നതിനും സ്വതന്ത്രനായ മനുഷ്യനായി എല്ലാവരും രൂപപ്പെടണം. അതാണ് ഇന്നത്തെ ലോകത്തിന്റെ ആവശ്യം. സമഭാവനയും സമഭക്തിയും സമബുദ്ധിയും ജീവിതമണ്ഡലങ്ങളിലെല്ലാം പുലരുന്നതിനും ഇതുവഴി മാത്രമേ സാദ്ധ്യമാവുകയുള്ളൂ.

സിദ്ധാന്തങ്ങൾ കൊണ്ടും ശാസ്ത്രങ്ങൾ കൊണ്ടും പുരോഗതിയുടെ ആധുനിക മുന്നേറ്റങ്ങൾ കൊണ്ടും മനുഷ്യരും സമൂഹവും പരിഷ്‌കരിക്കപ്പെട്ടേക്കാമെന്നത് നേരാണ്. പക്ഷേ അതുകൊണ്ടൊന്നും ഒരാൾ ഒരു നല്ല മനുഷ്യനായി രൂപാന്തരപ്പെടണമില്ലെന്നതാണു ഗുരുവീക്ഷണം. അതിനു ആന്തരികമായ പരിവർത്തനം വേണം. അതിനു സഹായിക്കുന്ന ചിന്തകളും മാർഗങ്ങളുമേകുന്നതാവണം നമ്മുടെ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും.

അതുകൊണ്ടുതന്നെ ലൗകികവിഷയങ്ങൾക്കപ്പുറം അതിരുകളില്ലാത്തൊരു മാനവികതയുടെയും അറിവിന്റെയും വാഹകരായി ലോകസേവനവും മാനവസേവനവും നിർവഹിക്കാനുതകുന്നൊരു മനപ്പാകതയും വ്യക്തിത്വ പക്വതയും ജ്ഞാനാർജ്ജനവും നമ്മുടെ പുതുതലമുറയ്ക്ക് പ്രാപ്തമാക്കുന്ന വിദ്യാഭ്യാസനയം നമുക്കുണ്ടാവണം.

അതിന്റെ പരിസമാപ്തിയിലാണ് അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണമെന്ന ഗുരുദർശനത്തിന്റെ പൂവണിയൽ സാദ്ധ്യമാവുക. പുതിയ അദ്ധ്യയനവർഷം ഈ ചിന്തകൾകൊണ്ടുകൂടി ധന്യമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY