
സിനിമകളിലും വാർത്തകളിലും സ്ഥിരമായി കാണുന്ന ഒരു കാര്യമാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പിന് പോകുന്നതും, കൊലപാതകം നടന്നത് എങ്ങനെയെന്ന് പ്രതിയെക്കൊണ്ടുതന്നെ സംഭവം നടന്ന സ്ഥലത്തുവച്ച് പുനരാവിഷ്കരിച്ച് (Re-enactment) കാണിക്കുന്നതും. എന്നാൽ നിയമം അറിയുന്നവരുടെ ഉള്ളിലുണ്ടാകുന്ന ഒരു പ്രധാന സംശയമുണ്ട്: "ഒരാളെ തനിക്കെതിരെ തന്നെ സാക്ഷിയാക്കാൻ പാടില്ല" (Right against self-incrimination) എന്ന ഭരണഘടനയുടെ അനുച്ഛേദം 20(3)ന്റെ നഗ്നമായ ലംഘനമല്ലേ ഇത് എന്നത്. ഈ സുപ്രധാന നിയമപ്രശ്നത്തിലാണ് ജസ്റ്റിസ് എം.എം.സുന്ദരേഷ്, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടിൽ നടന്ന ഒരു സ്ത്രീയുടെ കൊലപാതക കേസിലാണ് ഈ സുപ്രധാന വിധി. അന്വേഷണത്തിൽ പൊലീസിന് ലഭിച്ച സി.സി ടിവി ദൃശ്യങ്ങളിൽ പ്രതിയുടെ നടത്തവും ചലനങ്ങളും (Gait) മാത്രമേ പതിഞ്ഞിരുന്നുള്ളൂ. പിന്നീട് അറസ്റ്റിലായ വ്യക്തിയെക്കൊണ്ട് പൊലീസ് ഈ ദൃശ്യങ്ങളിലേതുപോലെ നടക്കാൻ ആവശ്യപ്പെടുകയും, ആ വീഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് (Forensic Gait Analysis) അയയ്ക്കുകയും ചെയ്തു.
തന്നെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതി വാദിച്ചു. മദ്രാസ് ഹൈക്കോടതി ആ വാദം അംഗീകരിച്ചെങ്കിലും, സുപ്രീംകോടതി ആ വിധി തിരുത്തി. പ്രതി പങ്കെടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് ഇത് ഭരണഘടനാ വിരുദ്ധമാകില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സുപ്രീംകോടതി വേർതിരിച്ച
രണ്ട് സാഹചര്യങ്ങൾ
മനുഷ്യന്റെ ഓർമ്മയും (Memory) ശാരീരിക സവിശേഷതകളും (Physical attributes) തമ്മിലുള്ള കൃത്യമായ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കോടതി ഈ വിധി പ്രസ്താവിച്ചത്
1️.അനുവദനീയമായത്
(Physical Demonstration)
സി.സി ടിവിയിലെ ദൃശ്യങ്ങൾ ശാസ്ത്രീയമായി താരതമ്യം ചെയ്യുന്നതിനായി, പൊലീസിന്റെ നിർദ്ദേശപ്രകാരം നടക്കാനോ ഒരു പ്രത്യേക രീതിയിൽ ചലിക്കാനോ പ്രതിയോട് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമല്ല. ഇവിടെ പ്രതി തന്റെ 'ഓർമ്മയിൽ' നിന്നല്ല കാര്യങ്ങൾ ചെയ്യുന്നത്, മറിച്ച് ഒരു ശാരീരിക പ്രകടനം മാത്രമാണ് നടത്തുന്നത്.
2️. അനുവദനീയമല്ലാത്തത്
(Testimonial Compulsion)
കുറ്റകൃത്യം ചെയ്തത് എങ്ങനെയെന്ന് പ്രതിയുടെ സ്വന്തം 'അറിവിലോ ഓർമ്മയിലോ' നിന്ന് അഭിനയിച്ച് കാണിക്കാൻ നിർബന്ധിച്ചാൽ അത് നിയമവിരുദ്ധമാകും. അത് പ്രതിയെക്കൊണ്ട് തന്നെ കുറ്റം സമ്മതിപ്പിക്കുന്നതിന് തുല്യമാണ്. അത്തരം തെളിവുകൾ കോടതിയിൽ നിലനിൽക്കില്ല (Evidence Act S.25, 26, BSA S.23).
നിയമത്തിന്റെ കാതൽ
കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നത് പ്രതിയുടെ കുറ്റം തെളിയിക്കുന്നതിനുള്ള ഒരു നേരിട്ടുള്ള തെളിവല്ല (Substantive evidence). എന്നാൽ സി.സി ടിവി ദൃശ്യങ്ങൾ പോലുള്ള മറ്റ് തെളിവുകളെ ശാസ്ത്രീയമായി കോടതിക്ക് മുന്നിൽ ഉറപ്പിക്കാൻ സഹായിക്കുന്ന ഒരു നിർണായക അന്വേഷണ രീതിയാണിത്. ഓർമ്മകളെ അടിസ്ഥാനമാക്കിയുള്ള കുറ്റസമ്മതവും, ശരീരപ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ തെളിവുകളും രണ്ടാണെന്ന് ഈ വിധിയിലൂടെ സുപ്രീംകോടതി അടിവരയിടുന്നു. കുറ്റാന്വേഷണ രംഗത്ത്, പ്രത്യേകിച്ച് ഫോറൻസിക് പരിശോധനകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാദ്ധ്യതയുള്ള ഒരു സുപ്രധാന വിധിയാണിത്.
(മുൻ അഡിഷണൽ ഗവൺമെന്റ് പ്ലീഡർ
ആൻഡ് പബ്ളിക് പ്രോസിക്യൂട്ടറാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |