SignIn
Kerala Kaumudi Online
Thursday, 25 April 2024 4.54 PM IST

ഇനിയും നേരം വെളുക്കാത്തവർ

idukki

ഇടുക്കിയിലെ കനത്ത പരാജയമുണ്ടാക്കിയ ഞെട്ടലിൽ നിന്ന് യു.ഡി.എഫും എൻ.ഡി.എയും മോചിതരായിട്ടില്ല. 15 വർഷത്തിന് ശേഷമാണ് ഇത്രയും വലിയ പരാജയം മുന്നണിക്കുണ്ടായത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ ഇടുക്കി പോലും നഷ്ടമായി. ജില്ലയിൽ സ്വന്തമായി ഒരു എം.എൽ.എ എന്നത് 15 വർഷത്തിനിപ്പുറവും കോൺഗ്രസിന് സ്വപ്നം മാത്രമായി. എൻ.ഡി.എയ്‌ക്കാകട്ടെ മുൻ വർഷത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് വോട്ടിംഗ് ശതമാനം നേരെ പകുതിയായി കുറഞ്ഞത് വലിയ തിരിച്ചടിയായി. ചില മണ്ഡലങ്ങളിൽ വോട്ട് മൂന്നിലൊന്നായി കുറഞ്ഞു. തൊലിപ്പുറമേയുള്ള ചികിത്സയല്ല, താഴെത്തട്ടു മുതൽ അടിമുടി മാറ്റമുണ്ടാകണമെന്നാണ് ഇരുമുന്നണികളിലെയും പ്രവർത്തകരുടെ വികാരം. എന്താണ് സംഭവിച്ചതെന്ന് ഇനിയും മനസിലാകാതെ പിച്ചും പേയും പറയുകയാണ് ഇപ്പോഴും യു.ഡി.എഫ് ജില്ലാ നേതൃത്വം. അതേസമയം സംസ്ഥാനത്ത് കോൺഗ്രസിൽ ബൂത്ത് തലം മുതൽ തലപ്പത്ത് വരെ അഴിച്ചുപണി ആവശ്യമാണെന്നാണ് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതിന് വേണ്ടി തൽസ്ഥാനം രാജിവയ്ക്കാൻ താൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന് വിപരീതമായിട്ടായിരുന്നു യു.ഡി.എഫ് ചെയർമാന്റെയും കൺവീനറുടെയും പ്രസ്താവന. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉടനീളം ഇടതു മുന്നണി സ്ഥാനാർത്ഥികൾ നിർലോഭമായി പണം വാരിയെറിഞ്ഞാണ് വിജയം കൊയ്തതെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും പറയുന്നു. ബി.ജെ.പിയുമായി വ്യാപകമായ വോട്ടുകച്ചവടം നടന്നെന്നാണ് ആരോപണം. ഇതിന് അടിസ്ഥാനമായി പീരുമേട്ടിലെയും ദേവികുളത്തെയും വോട്ട് ചോർന്നതിന്റെ കണക്കും ഇവർ മുന്നോട്ടു വയ്ക്കുന്നു. എന്നാൽ ജില്ലയിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് കോൺഗ്രസിനെതിരെ രംഗത്തെത്തിയത് യു.ഡി.എഫിനുള്ളിൽ അസ്വാരസ്യങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നതിന്റെ ആദ്യപടിയായാണ് വിലയിരുത്തുന്നത്. ഗ്രൂപ്പിനതീതമായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയണമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. കുറവുകൾ നികത്തി കോൺഗ്രസ് മുന്നോട്ടു പോകണം. ഘടകകക്ഷികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കോൺഗ്രസ് ആത്മപരിശോധന നടത്തണം. കേന്ദ്ര നേതാക്കൾ എത്തിയിട്ടും കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാനായില്ല. യു.ഡി.എഫിന്റെ സ്പിരിറ്റിന് വിരുദ്ധമായ പ്രസ്താവനകൾ ആരും നടത്താൻ പാടില്ല. ഘടകകക്ഷികൾ ചേരുന്നതാണ് മുന്നണി. തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ കുറവുകൾ പരിഹരിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിൽ കെട്ടുറപ്പില്ല. റിബൽ മത്സരിച്ചതാണ് ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോൽക്കാൻ കാരണമെന്നും ജോസഫ് പറഞ്ഞു. വരുംദിവസങ്ങളിൽ മറ്റ് അടക്കമുള്ള ഘടകക്ഷികളും രംഗത്തെത്തിയേക്കും.

ഇടതിന്റെ വോട്ടിൽ വൻവർദ്ധന

ജില്ലയിൽ ഇടതുപക്ഷത്തിന്റെ വോട്ടിംഗ് ശതമാനത്തിലുണ്ടായത് വൻ വർദ്ധനയാണ്. അതേസമയം എൻ.ഡി.എയുടെ വോട്ട് പകുതിയായി കുറഞ്ഞു. എൽ.ഡി.എഫിന് 10.94 ശതമാനം വോട്ടുകളാണ് കൂടിയത്. ആകെ പോൾ ചെയ്തതിൽ 47.7 ശതമാനം വോട്ടുകളും ഇടതു മുന്നണി സ്വന്തമാക്കി. കഴിഞ്ഞ തവണ ഇത് 36.76 ശതമാനമായിരുന്നു. എന്നാൽ, യു.ഡി.എഫിന്റെ വോട്ടുവിഹിതം 1.26 ശതമാനം കുറഞ്ഞു. 42.52 ശതമാനം വോട്ടാണ് ഇത്തവണ കിട്ടിയത്. 2016ൽ 43.78 ശതമാനം വോട്ട് അവർക്ക് ലഭിച്ചിരുന്നു. ഉടുമ്പൻചോലയിൽ മന്ത്രി മണി നേടിയ 60.31 ശതമാനം വോട്ടാണ് ജില്ലയിലെ എൽ.ഡി.എഫിന്റെ വോട്ടുവിഹിതം കുത്തനെ കൂട്ടിയത്. കഴിഞ്ഞ തവണത്തേക്കാൾ 20 ശതമാനത്തോളം വോട്ട് കൂടുതൽ. ഇവിടെ യു.ഡി.എഫിന് 9.87 ശതമാനവും എൻ.ഡി.എയ്ക്ക് 11.7 ശതമാനവും വോട്ട് കുറഞ്ഞു. ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും 2016 ലേതിനേക്കാൾ വോട്ടുവിഹിതം കൂടി. ഇവിടെ കഴിഞ്ഞ പ്രാവശ്യം പോൾ ചെയ്തതിനേക്കാൾ പതിനായിരത്തോളം കുറവ് വോട്ടുകളാണ് രേഖപ്പെടുത്തിയത്. യു.ഡി.എഫിനും ഇവിടെ വോട്ടുകൂടിയിട്ടുണ്ട്. എന്നാൽ, എൻ.ഡി.എയുടെ വോട്ട് 19.04 ശതമാനത്തിൽ നിന്ന് 7.05 ശതമാനമായി കുറഞ്ഞു. ദേവികുളത്തും പീരുമേട്ടിലും എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ടുവിഹിതം കൂടിയപ്പോൾ എൻ.ഡി.എയ്ക്ക് വളരെയധികം കുറഞ്ഞു. തൊടുപുഴയിൽ പി.ജെ. ജോസഫിന്റെ വോട്ടുവിഹിതം 54.08ശതമാനത്തിൽ നിന്ന് 48.78 ശതമാനമായി കുറഞ്ഞു. എന്നാൽ, എൽ.ഡി.എഫിന്റെ വോട്ട് കൂടി. 31.14 ശതമാനമായി. കഴിഞ്ഞ തവണ ഇത് 21.9 ശതമാനമായിരുന്നു. എൻ.ഡി.എയുടെ വോട്ട് 21.9 ശതമാനത്തിൽ നിന്ന് 15.4 ശതമാനമായി കുറഞ്ഞു.

എൻ.ഡി. വോട്ടിൽ വൻ ചോർച്ച

എൻ.ഡി.എയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. 2016ൽ 15.2 ശതമാനമായിരുന്ന എൻ.ഡി.എയുടെ വോട്ടു വിഹിതം. ഇത്തവണ 7.72 ശതമാനമായി കുറഞ്ഞു. പകുതിയോളം കുറവ്. മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുമെന്നു പ്രതീക്ഷിച്ച മണ്ഡലങ്ങളില്ലാം എൻ.ഡി.എയ്ക്കു വോട്ട് കുറഞ്ഞു. ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിലുമായി 60,000ലേറെ വോട്ടുകളാണ് എൻ.ഡി.എയിൽ നിന്ന് ചോർന്നത്. രണ്ട് സീറ്റിൽ ബി.ഡി.ജെ.എസും രണ്ട് സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ എ.ഐ.എ.ഡി.എം.കെയുമാണ് ജില്ലയിൽ മത്സരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY, CONGRESS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.