SignIn
Kerala Kaumudi Online
Friday, 19 April 2024 3.55 PM IST

ത്രീഡി കണ്ണട സൗജന്യമാക്കിയ വിധി

photo

എട്ടുവർഷം മുമ്പ് തിരുവനന്തപുരം രമ്യ - ധന്യ തീയറ്ററിൽ 'ഗ്രാവിറ്റി' എന്ന ഇംഗ്ളീഷ് ത്രീഡി സിനിമ കാണാനെത്തുമ്പോൾ കേശവദാസപുരം എൻ.എസ്.പി നഗറിൽ അഡ്വ.എൻ.ആർ. രവികൃഷ്‌ണൻ അതൊരു നിയമപോരാട്ടത്തിനു കാരണമാകുമെന്ന് സ്വപ്‌നത്തിൽപ്പോലും ചിന്തിച്ചിട്ടുണ്ടാവില്ല. മുമ്പ് അവതാർ എന്ന ത്രീഡി സിനിമ കാണാൻ വാങ്ങിയ ത്രീഡി കണ്ണടയുമായാണ് രവികൃഷ്‌ണൻ തിയേറ്ററിലെത്തിയത്. പക്ഷേ, അൻപതു രൂപയുടെ ടിക്കറ്റിനൊപ്പം ത്രീഡി കണ്ണടയുടെ വാടകയിനത്തിൽ മുപ്പതു രൂപ കൂടി വാങ്ങിയിട്ടാണ് രവികൃഷ്‌ണനെ അകത്തേക്കു കടത്തിയത്. മുപ്പതു രൂപയുടെ പേരിൽ തുടങ്ങിയ തർക്കം ആദ്യം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിലും പിന്നീട് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലുമായാണ് അവസാനിച്ചത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഏപ്രിൽ ഒൻപതിന് കമ്മിഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ ഉൾപ്പെട്ട ബെഞ്ചിന്റെ വിധി വന്നു : ത്രീഡി സിനിമകൾ കാണാൻ തിയേറ്ററുകാർ പ്രേക്ഷകർക്ക് ത്രീഡി കണ്ണടകൾ സൗജന്യമായി നൽകണം. ഇതിനായി പണം ഇൗടാക്കുന്നത് ചൂഷണമാണെന്നും കമ്മിഷൻ വിലയിരുത്തി. ത്രീഡി കണ്ണടയ്ക്കു വേണ്ടി അധികമായി വാങ്ങുന്ന മുപ്പതു രൂപയ്ക്ക് ബിൽ നൽകുന്നില്ലെന്നും ഇൗ തുകയ്ക്ക് വിനോദ നികുതി ബാധകമാക്കുന്നില്ലെന്നും രവികൃഷ്‌ണൻ വാദിച്ചു. മാത്രമല്ല, ഒാരോ തവണയും കാണികളിൽ നിന്ന് തിരിച്ചു വാങ്ങുന്ന കണ്ണട അണുവിമുക്തമാക്കാതെയാണ് അടുത്ത ഷോയ്ക്ക് എത്തുന്നവർക്ക് നൽകുന്നതെന്നും പരാതിപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിറങ്ങിയപ്പോൾ ത്രീഡി കണ്ണടകൾ സൗജന്യമായാണ് നൽകിയതെന്ന വാദവും ഉന്നയിച്ചിരുന്നു. ടിക്കറ്റ് നിരക്കിന്റെ പകുതിയിലേറെത്തുക കണ്ണടയുടെ വാടകയായി അധികം വാങ്ങിയ തിയേറ്ററുകാരുടെ നടപടി നിയമപരമല്ലെന്ന ഹർജിക്കാരന്റെ വാദം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ശരിവച്ചു. ഹർജിക്കാരനു 12,000 രൂപ നഷ്ടപരിഹാരം, കോടതിച്ചെലവ് തുടങ്ങിയ ഇനങ്ങളിൽ നൽകാനും വിധിച്ചു. ഇതിനെതിരെ തിയേറ്റർ അധികൃതർ നൽകിയ അപ്പീലും ത്രീഡി കണ്ണടകൾ പണമടച്ച് ആവശ്യപ്പെടുന്നവർക്ക് മാത്രം നൽകിയാൽ മതിയെന്ന ജില്ലാ ഫോറത്തിന്റെ നിർദ്ദേശം നിയമപരമല്ലെന്നു വ്യക്തമാക്കി അഡ്വ. രവികൃഷ്‌ണൻ നൽകിയ അപ്പീലുമാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പരിഗണിച്ചത്. ജസ്റ്റിസ് കെ. സുരേന്ദ്രമോഹനു പുറമേ ജുഡിഷ്യൽ അംഗമായ ടി.എസ്.പി മൂസത്, വിദഗ്ദ്ധാംഗങ്ങളായ ആർ. രഞ്ജിത്ത്, ബീന കുമാരി, കെ.ആർ. രാധാകൃഷ്‌ണൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അപ്പീലുകൾ കേട്ടത്. ത്രീഡി സിനിമകൾ കാണാൻ പ്രത്യേകതരം കണ്ണട ആവശ്യമെങ്കിൽ കാഴ്ചക്കാർക്ക് അവ സൗജന്യമായാണ് നൽകേണ്ടതെന്ന് സംസ്ഥാന കമ്മിഷൻ വ്യക്തമാക്കി. തിയേറ്ററുകൾ നൽകുന്ന കണ്ണട ഉന്നത നിലവാരമോ വിലയോ ഉള്ളതല്ലെന്നും ഇതിനു പണം ഇൗടാക്കുന്നത് അമിത ചൂഷണത്തിന്റെ പരിധിയിൽ വരുമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.

കോടതിയലക്ഷ്യവും ഇഫ്താറും

വിശുദ്ധ റംസാൻ മാസത്തിന്റെ പുണ്യം കോടതിയലക്ഷ്യ കേസിലേക്ക് പകർന്നു നൽകിയ സുപ്രധാനമായ ഒരു വിധി കഴിഞ്ഞ ദിവസം തെലുങ്കാന ഹൈക്കോടതിയിലുണ്ടായി. തെലുങ്കാനയിലെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറായ സയിദ് യാസിൻ ഖുറേഷിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വേറിട്ടൊരു വിധിക്ക് വിധേയനായത്. ഒരാഴ്ചക്കാലം ദിനംപ്രതി 20 പേർക്ക് വീതം ഇഫ്താർ വിരുന്ന് നൽകാനാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. വ്യാജമദ്യം നിർമ്മിക്കാനായി ശർക്കര കടത്തിയെന്ന കുറ്റം ചുമത്തി എക്സൈസ് സംഘം ഒരു വാഹനം പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. വാഹനം വിട്ടുനൽകാൻ ഹൈക്കോടതി സിംഗിൾബെഞ്ച് കഴിഞ്ഞ വർഷം ആഗസ്റ്റ് 24 ന് ഉത്തരവിട്ടതു പാലിച്ചില്ലെന്നായിരുന്നു സയിദ് ഖുറേഷിക്കെതിരെയുള്ള ആരോപണം. വാഹനം വിൽക്കുകയോ മാറ്റം വരുത്തുകയോ ചെയ്യില്ലെന്ന് സത്യവാങ്മൂലം വാങ്ങി വാഹനം വിട്ടുകൊടുക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പാലിച്ചില്ലെന്നാരോപിച്ച് വാഹനമുടമ രമേഷ് കോടതിയലക്ഷ്യ ഹർജി നൽകി. സയിദ് ഖുറേഷിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് വിലയിരുത്തി സിംഗിൾബെഞ്ച് 1000 രൂപ സർക്കാരിലേക്ക് പിഴയൊടുക്കാൻ നിർദ്ദേശിച്ച് കോടതിയലക്ഷ്യ ഹർജി തീർപ്പാക്കി. ഇതിനെതിരെ സയിദ് ഖുറേഷി നൽകിയ അപ്പീൽ പരിഗണിച്ച തെലുങ്കാന ചീഫ് ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് വിജയ് സെൻ റെഡ്‌ഡി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നടപടി കോടതിലയക്ഷ്യമാണെന്നു തന്നെ വിലയിരുത്തി. തുടർന്ന് പിഴയൊടുക്കുന്നതിനു പകരം റംസാൻ മാസമായതിനാൽ ഒാരോ ദിവസവും നോമ്പു തുറക്കുന്ന 20 പേർക്ക് ഇഫ്‌താർ വിരുന്നു നൽകാനും ഒരാഴ്ച ഇതു തുടരാനും ഉത്തരവിട്ടു. ഇതു നടപ്പാക്കിയെന്ന് വ്യക്തമാക്കി ഒരാഴ്ചയ്ക്കു ശേഷം സത്യവാങ്മൂലം നൽകുന്നതോടെ പിഴയൊടുക്കാനുള്ള ശിക്ഷ ഒഴിവാക്കി നൽകാമെന്നും ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു. നോമ്പു കാലത്ത് സയിദ് ഖുറേഷി താമസിക്കുന്ന സ്ഥലത്തിനു സമീപത്തെ പള്ളികളിൽ വൈകിട്ട് നോമ്പു തുറക്കാനെത്തുന്നവർക്ക് ഇഫ്താർ നൽകാനാണ് ഹൈക്കോടതി വിധിയിൽ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURT ROOM, 3D GLASSES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.