SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.55 PM IST

റംസ്‌ഫീൽഡ്; അധിനിവേശത്തിന്റെ സൂത്രധാരൻ

ram

മരിച്ചുപോയ ഒരു വ്യക്തിയെക്കുറിച്ച് മോശം പറയരുതെന്നാണെങ്കിലും,​ ഡൊണാൾഡ് റംസ്‌ഫീൽഡ് എന്ന 88കാരനായ മനുഷ്യനെക്കുറിച്ച് പറയുമ്പോൾ,​ അദ്ദേഹം മരിച്ചുപോയി എന്ന പരിഗണന അർഹിക്കുന്നില്ല എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

ആയുധശേഖരത്തിന്റെ പേരിലുള്ള ഊഹാപോഹങ്ങളുടെയും സങ്കല്‌പങ്ങളുടെയും മറവിൽ ഇറാഖ് ജനതയെ മുഴുവൻ ഇന്നുംതീരാത്ത ദുരിതത്തിലേക്ക് തള്ളിവിട്ട,​ അഫ്ഗാനുമേൽ നരനായാട്ട് അഴിച്ചുവിട്ട,​ ഗ്വാണ്ടാനമോ, അബൂഗുറൈബ് തടവറകളിൽ ആയിരങ്ങളെ മഹാപീഡനത്തിനിരയാക്കിയ അധികാരം കൈവശമുണ്ടായിരുന്ന,​ രക്തക്കൊതിയനായിരുന്നു റംസ്‌ഫീൽഡ്. 1932ൽ ഷിക്കാഗോയിൽ ജനിച്ച അദ്ദേഹം 1960കളിലാണ് യു.എസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

കൂട്ടനശീകരണ ആയുധങ്ങൾ ഇറാഖിന്റെ കൈവശം ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ പൊരുത്തക്കേടുകളുണ്ടെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയായിരുന്ന റംസ്‌ഫീൽഡിന് നന്നായി അറിയാമായിരുന്നെങ്കിലും പൊതുജനങ്ങൾക്കുമുന്നിൽ അദ്ദേഹമത് സമർത്ഥമായി മറച്ചുവച്ചു. തുടർന്നുണ്ടായത്,​ ലോകചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത അധിനിവേശവും,​ ക്രൂരതകളും. ഈ പേരും പറഞ്ഞ് അമേരിക്കൻ സൈന്യം ഇറാഖ് ജനതയ്ക്ക് മേൽ കാട്ടിക്കൂട്ടിയതിന് കാലം സാക്ഷി. തെറ്റായ വിവരങ്ങളുടെയും സങ്കല്‌പങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇറാഖിലെ യു.എസ് അക്രമം. യുദ്ധത്തിന്റെ ആദ്യത്തെ 40 മാസങ്ങളിൽ തന്നെ ആറരലക്ഷം സിവിലിയന്മാർ മരിച്ചതായി ബ്രിട്ടീഷ് മെഡിക്കൽ ജേണലായ ലാൻസെറ്റ് 2006 അവസാനത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. യു.എസ് സൈനികർക്കും ജീവഹാനി സംഭവിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ,​ തന്റെയും ബുഷിന്റെയും രക്തക്കൊതി തീർക്കാൻ തിരഞ്ഞെടുത്ത ജനതയായിരുന്നു ഇറാഖിലേത്. സദ്ദാംഹു സൈന്റെ പതനവും ഇറാഖിന്റെ അരക്ഷിതാവസ്ഥയും റംസ്‌ഫീൽഡ് മാറി നിന്ന് ആസ്വദിച്ചു. ഇസ്ലാംവിരുദ്ധ,​ തീവ്രവെള്ളക്കാരുടെ കൈയടിനേടാനായി ബുഷും റംസ്‌ഫീൽഡും മത്സരിച്ചു.

1975-’77 കാലഘട്ടത്തിൽ പ്രസിഡന്റ് ജെറാൾഡ് ഫോഡിന് കീഴിലും 2001-’06 വരെ ജോർജ് ഡബ്ല്യു. ബുഷിനും കീഴിലും പ്രതിരോധ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് റംസ്‌ഫീൽഡ്. ഇറാഖ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സദ്ദാം ഹുസൈനെ പുറത്താക്കിയതടക്കമുള്ള യു.എസ്. നടപടികൾക്ക്‌ ചുക്കാൻ പിടിച്ചത് റംസ്‌ഫീൽഡായിരുന്നു. ഇറാഖ് യുദ്ധത്തിനുശേഷം 2006-ൽ രാജിവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയെത്തിച്ച നിരപരാധികളെ വിചാരണ കൂടാതെ മഹാക്രൂരതകൾക്ക് അടിമകളാക്കിയ ഗ്വാണ്ടാനമോ, അബൂഗുറൈബ് തടവറകളുടെ പേരിലും ഏറെ പഴികേട്ട ശേഷമായിരുന്നു റംസ്‌ഫീൽഡിന്റെ രാജി. തന്റെ വീക്ഷണവുമായി പൊരുത്തപ്പെടാത്ത മുന്നറിയിപ്പുകളെ അദ്ദേഹം അവഗണിച്ചു. പലപ്പോഴുമത് സൈനിക മേധാവികളുമായി ചേർന്നു പോകുന്നതായിരുന്നില്ല. സൈന്യത്തിന്റെ ശക്തമായ എതിർപ്പായിരുന്നു അദ്ദേഹത്തിന്റെ രാജി അനിവാര്യമാക്കിയത്. സൈനിക നേതൃത്വത്തിനും അമേരിക്കൻ ജനതയ്‌ക്കും റംസ്‌ഫീൽഡിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നായിരുന്നു യു.എസ് സൈന്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആർമി ടൈംസ് എഡിറ്റോറിയൽ എഴുതിയത്.

റംസ്‌ഫീൽഡിന്റെ പല പരാമർശങ്ങളും അക്കാലത്ത് വലിയ വിവാദങ്ങളായിരുന്നു. ഇറാഖിലെ അധിനിവേശത്തിന്റെ സമയത്ത് അക്കാലത്ത് വ്യാപക കവർച്ചകൾ നടന്നിരുന്നു. അത്തരം കാര്യങ്ങളൊക്കെ സംഭവിക്കുമെന്നായിരുന്നു റംസ്ഫീൽഡിന്റെ അക്കാലത്തെ പ്രതികരണം. നിരവധി പേർ യുദ്ധത്തെ എതിർത്ത് അക്കാലത്ത് തെരുവുകളിൽ ഇറങ്ങിയിരുന്നു. എന്നാൽ തീവ്രവാദത്തിനെതിരെയുള്ള യുദ്ധമാണെന്ന് പറഞ്ഞ് വൈസ് പ്രസിഡന്റ് ഡിക് ചെനിക്കൊപ്പം ഇതിനെ ന്യായീകരിച്ചതും റംസ്ഫീൽഡായിരുന്നു.

2001ൽ രണ്ടാമത്, ഏറ്റവും പ്രായം കൂടിയ പ്രതിരോധ സെക്രട്ടറിയായി റംസ്‌ഫീൽഡിനെ ബുഷ് നിയമിക്കുമ്പോൾ അദ്ദേഹത്തിന് 74 വയസായിരുന്നു. അമേരിക്കൻ അധിനിവേശത്തിന്റെ പുതിയൊരു അദ്ധ്യായം അവിടെ തുടങ്ങുകയായിരുന്നു.

എഴുപതുകളിലെ ശീതയുദ്ധകാലത്ത് യു.എസിന്റെ തന്ത്രങ്ങൾ മെനഞ്ഞതും അന്ന് 43 വയസുള്ള റംസ്‌ഫീൽഡ് തന്നെയായിരുന്നു. 2001സെപ്തംബർ 11ൽ ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം അമേരിക്കയിൽ നടക്കുമ്പോൾ റംസ്‌ഫീൽഡ് പെന്റഗൺ ആസ്ഥാനത്തുണ്ടായിരുന്നു. അതുകഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഭീകര സംഘടനയായ അൽ ഖ്വായിദക്കു നേരെ ആക്രമണം ആരംഭിക്കുന്നതും അത് അഫ്ഗാനിസ്ഥാൻ അധിനിവേശമായി പരിണമിക്കുന്നതും. ആഴ്ചകൾക്കകം താലിബാൻ ഭരണം ഇല്ലാതാക്കിയ റംസ്‌ഫീൽഡ് 2003 മാർച്ചിൽ ഇറാഖ് അധിനിവേശവും ആരംഭിച്ചു. പ്രതിരോധ സെക്രട്ടറി പദവി അദ്ദേഹം വിട്ട് പിന്നെയും അഞ്ചു വർഷം കഴിഞ്ഞ് 2011ലാണ് ഇറാഖിൽ നിന്ന് യു.എസ് സേന ഭാഗികമായി പിൻവാങ്ങിയത്. അഫ്ഗാനിസ്ഥാനിൽ നിന്നാകട്ടെ, ദിവസങ്ങൾക്കുമ്പാണ് സേന പിന്മാറിയെന്ന വാർത്തകൾ പുറത്തുവരുന്നത്.

ഇറാഖിനെ തകർത്ത അമേരിക്ക

ഇറാഖിൽ സദ്ദാം ഹുസൈന്റെ ഏകാധിപത്യം അവസാനിപ്പിച്ച് ജനാധിപത്യം പുന:സ്ഥാപിക്കാൻ എന്നപേരിലാണ് ജോർജ്ജ് ബുഷിന്റെ നേതൃത്വത്തിൽ അമേരിക്ക ഇറാഖിൽ അധിനിവേശം ആരംഭിച്ചത്. ഇറാഖിന്റെ കൈയിൽ സമൂല നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും ഉള്ള അമേരിക്കൻ വാദത്തിലാണ് രണ്ടാം ഗൾഫ് യുദ്ധമെന്നറിയപ്പെടുന്ന ഈ അധിനവേശത്തിന്റെ ബീജം. 2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, യുദ്ധത്തിനു ശേഷവും അമേരിക്കയ്ക്ക് തങ്ങളുടെ വാദം തെളിയിക്കാനായിരുന്നില്ല.

അഫ്ഗാന്റെ ഭാവി എങ്ങോട്ട്?​

അമേരിക്കൻ സേനയുടെ പിന്മാറ്റവാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽനിന്ന് കേൾക്കുന്നത് ശുഭകാര്യങ്ങളല്ല. ഇറാൻ, തുർക്ക്മെനിസ്ഥാൻ അതിർത്തി പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലായെന്ന് അവകാശപ്പെട്ട താലിബാൻ, അഫ്ഗാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടുകഴിഞ്ഞു. പലപ്പോഴായി അനിശ്ചിതത്വത്തിലായിരുന്ന അമേരിക്കൻ പിന്മാറ്റം ജോ ബെഡൻ സർക്കാരാണ് ദ്രുതഗതിയിലാക്കിയത്. വേൾഡ് ട്രേഡ് സെന്റർ അക്രമണത്തിന്റെ 20 -ാം വാർഷികമായ സെപ്തംബർ 11 നുള്ളിൽ മുഴുവൻ അമേരിക്കൻ സൈനികരും അഫ്ഗാനിസ്ഥാൻ വിടുമെന്നായിരുന്നു ബൈഡൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ ഏതാണ്ടെല്ലാ സൈനീക കേന്ദ്രങ്ങളും ഉപേക്ഷിച്ച് അമേരിക്കൻ സൈനീകർ അഫ്ഗാനിസ്ഥാൻ വിടുകയായിരുന്നു. യു.എസിന്റ നേതൃത്വത്തിലുള്ള നാറ്റോ ദൗത്യ സംഘം തങ്ങളുടെ അവസാന സൈനികരെയും അഫ്ഗാനിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മാറ്റുന്നതിന്റെ പിന്നാലെ, അഫ്ഗാനിലുടനീളം താലിബാൻ ശക്തിപ്രാപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DONALD RUMSFELD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.