SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.35 PM IST

സ്ത്രീയാണ് ധനം,​ പക്ഷെ......

vismaya

സ്ത്രീസുരക്ഷയിൽ രാജ്യത്തിനു മാതൃകയാണ് കേരളമെന്ന് ആവർത്തിച്ച് അവകാശപ്പെടുമ്പോഴും സ്ത്രീധനത്തിന്റെ പേരിൽ മരണവും കൊലപാതകങ്ങളും പെരുകുന്നു കേരളത്തിൽ. കൊല്ലം ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രഭവനത്തിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാറിന്റെ ഭാര്യ വിസ്മയ (മാളു-24) ഇക്കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് ഭർത്തൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച സംഭവം കേരളത്തെ ഉലച്ചിരിക്കുകയാണ്. കൊലപാതകമാണോയെന്ന് വരുംദിവസങ്ങളിലേ വ്യക്തമാകുകയുള്ളൂ . എങ്കിലും വിസ്മയ ഭർത്താവിൽ നിന്ന് നേരിട്ട കൊടുംക്രൂരതകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

വിസ്മയ, ഉത്ര, തുഷാര....

വിസ്മയ മാത്രമല്ല, ഉത്ര, തുഷാര, കൃതി... സ്ത്രീധന പീഡനത്തിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിൽ കൊല്ലപ്പെട്ട പെൺകുട്ടികളാണിവർ. പീഡനമേറ്റ് മരിച്ചു ജീവിക്കുന്ന നിരവധി പെൺകുട്ടികൾ വേറെയുമുണ്ടാകും. മരണത്തോടെയേ അവരെ പുറംലോകം അറിയൂ എന്ന് മാത്രം.

ബി.എ.എം.എസ് അവസാനവർഷ വിദ്യാർത്ഥിനിയായ വിസ്മയയ്ക്ക് സ്ത്രീധനമായി 1.25 ഏക്കർ സ്ഥലവും 100 പവൻ സ്വർണവും ആഡംബര കാറും നൽകി. എന്നാൽ വിവാഹശേഷം കിരൺ ഭാര്യയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും പതിവായിരുന്നു. വിസ്മയ ഇക്കാര്യം സ്വന്തം വീട്ടുകാരെ അറിയിച്ചെങ്കിലും ഇതിന്റെ അന്ത്യം ഇത്രയും ദൗർഭാഗ്യകരമാകുമെന്ന് അവർ മുൻകൂട്ടി കണ്ടില്ലെന്ന് വേണം കരുതാൻ.

കൊല്ലാൻ പാമ്പും

2019 മേയ് ആറിനാണ് അഞ്ചലിലെ സ്വന്തം വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് ഉത്രയെ ഭർത്താവ് അടൂർ സ്വദേശി സൂരജ് വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. സൂരജിന്റെ വീട്ടിൽവച്ച് അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താനുള്ള ആദ്യശ്രമത്തിൽ ഉത്ര മാസങ്ങളോളം ആശുപത്രിയിൽ കിടന്നു. രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഉത്ര സ്വന്തം വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് സൂരജ് വീട്ടിലെത്തി മൂർഖനെക്കൊണ്ട് കടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. 2018 ൽ ഇവരുടെ വിവാഹത്തിന് 98 പവനും കാറും അഞ്ചുലക്ഷം രൂപയും സ്ത്രീധനം നൽകിയിരുന്നു. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ സൂരജ് കൂടുതൽ പണമാവശ്യപ്പെട്ട് ഉത്രയുടെ വീട്ടുകാരെ സമ്മർദ്ദത്തിലാഴ്ത്തി. പ്രതിമാസം 8000 രൂപ വീതം ഉത്രയുടെ വീട്ടുകാർ നൽകുകയും ചെയ്തു. വിവാഹബന്ധം വേർപെടുത്തി മറ്റൊരു വിവാഹം കഴിച്ചാൽ സ്ത്രീധനമായി ലഭിച്ചതെല്ലാം തിരികെ നൽകേണ്ടി വരുമെന്നതിനാലാണ് ഉത്രയെ കൊലപ്പെടുത്താൻ ആസൂത്രിത പദ്ധതി തയ്യാറാക്കിയത്. ഈ കേസിൽ ഗാർഹിക പീഡനനിയമ പ്രകാരം സൂരജിന്റെ വീട്ടുകാരും പ്രതികളാണ്. 90 ദിവസത്തിനകം അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചതിനാൽ സൂരജ് ഇപ്പോഴും ജയിലിലാണ്. കേസ് വിചാരണ കൊല്ലം ജില്ലാ കോടതിയിൽ അന്തിമഘട്ടത്തിലാണ്.

പട്ടിണിയ്ക്കിട്ടും ക്രൂരത

2019 മാർച്ച് 21 നാണ് തുഷാര (29)യെ ഓയൂർ ചെങ്കുളം പറണ്ടോട്ടെ ഭർത്താവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനം നൽകാത്തതിന് ഭർത്തൃവീട്ടുകാർ കാലങ്ങളായി പട്ടിണിയ്ക്കിട്ടായിരുന്നു തുഷാരയെ കൊലപ്പെടുത്തിയത്. പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് ഭക്ഷണമായി നൽകിയിരുന്നതെന്നത് മരണശേഷം എല്ലും തൊലിയും മാത്രമായ ശരീരം കണ്ടാണ് പുറംലോകം അറിഞ്ഞത്. ഭർത്താവ് ചന്തുലാലും മാതാവ് ഗീതാലാലും അറസ്റ്റിലായി. 2013 ൽ വിവാഹിതരായ തുഷാര മൂന്ന് മാസം കഴിഞ്ഞതോടെ പീഡനമേൽക്കാൻ തുടങ്ങി. സ്ത്രീധനമായി രണ്ടുലക്ഷം രൂപ ചന്തുലാൽ ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാർ നൽകിയില്ല. തുടർന്ന് ചന്തുലാലും മാതാവും തുഷാരയെ പീഡിപ്പിക്കാൻ തുടങ്ങി. സ്വന്തം വീട്ടിലേക്ക് പോകാനോ ഫോണിലൂടെ പോലും ബന്ധപ്പെടാനോ അനുവദിച്ചില്ല.

ശ്വാസം മുട്ടിച്ചും കൊല

കുണ്ടറ മുളവന പുത്തൻവീട്ടിൽ മോഹനന്റെ മകൾ കൃതി മോഹൻ (25) കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത് 2019 നവംബർ 11 നായിരുന്നു. മുഖത്ത് തലയിണ അമർത്തി ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ ഭർത്താവ് വൈശാഖ് ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 60 ലക്ഷത്തോളം രൂപയുടെ ബാദ്ധ്യതയുണ്ടായിരുന്നു ബൈജുവിന്. ലോണെടുക്കാൻ അമ്മയുടെ പേരിലുള്ള സ്ഥലം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പീഡനം. ഭ‌ർത്താവുമായി കൃതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതെന്നായിരുന്നു വൈശാഖിന്റെ മൊഴിയെങ്കിലും ആസൂത്രിതമായ കൊലപാതകമെന്നായിരുന്നു കൃതിയുടെ വീട്ടുകാരുടെ പരാതി.

വീട്ടുകാർ കാഴ്ചക്കാരാകുമ്പോൾ

പെൺകുട്ടികൾ മരണപ്പെടുന്ന സംഭവങ്ങളിൽ ചിലതിലെങ്കിലും പെൺകുട്ടികളുടെ വീട്ടുകാരുടെ നിസഹായാവസ്ഥയും അലംഭാവവും ഭർത്താവും ഭർത്തൃവീട്ടുകാരും മുതലെടുക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്. വിസ്മയയുടെ കാര്യത്തിലും ഇത് സംഭവിച്ചോ എന്ന് സ്വാഭാവികമായും സംശയിക്കാം. വിവാഹനിശ്ചയ ശേഷം വിസ്മയ പഠിക്കുന്ന കോളേജിലെത്തി കിരൺ ഉപദ്രവിച്ചിരുന്നുവെന്ന വിവരം പുറത്തായിട്ടുണ്ട്. സഹപാഠികളായ ആൺകുട്ടികളോട് സംസാരിക്കുന്നുവെന്നതായിരുന്നു കാരണം. കിരൺ സംശയരോഗിയായിരുന്നു എന്നു വേണം കരുതാൻ. വിവാഹശേഷം10 ലക്ഷം രൂപയുടെ കാർ വേണ്ടെന്നും അത് വിറ്റ് പണം നൽകണമെന്നും ആവശ്യപ്പെട്ട കിരൺ ഒരുദിവസം മദ്യപിച്ച് ലക്കില്ലാതെ വിസ്മയയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. വിസ്മയയെ മർദ്ദിക്കുകയും പിതാവിനെ അസഭ്യം പറയുകയും ചെയ്തത് ചോദ്യം ചെയ്ത സഹോദരൻ വിജിത്തിനെയും മർദ്ദിച്ചു. കാർ അവിടെ ഇട്ടശേഷം മടങ്ങിയ കിരണിനെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെയും മർദ്ദിച്ച, കിരണിനെതിരായ പരാതി വീട്ടുകാർ ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു. അതിനുശേഷം വിസ്മയയെ ഭർത്തൃവീട്ടിലേക്ക് അയച്ചില്ല. എന്നാൽ പിന്നീടൊരു ദിവസം കിരൺ കോളേജിലെത്തി വിസ്മയയെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അത് അവളുടെ ജീവനെടുക്കാനുള്ള യാത്രയായി.

നിയമമുണ്ടായിട്ടും

1961 ലാണ് കേന്ദ്രസർക്കാർ സ്ത്രീധന നിരോധന നിയമം പാസാക്കിയെങ്കിലും പീഡനങ്ങളും മരണവും കൂടിയതല്ലാതെ കുറയുന്നില്ല. സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ഭർത്താക്കന്മാരിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും പീഡനമേല്‌ക്കേണ്ടി വരികയും ഇതുമൂലമുള്ള മരണങ്ങൾ കൂടുകയും ചെയ്തപ്പോഴാണ് ഇത്തരമൊരു നിയമ നിർമ്മാണം. 1984 ൽ സർക്കാർ ഭേദഗതി കൊണ്ടുവന്നു. സ്ത്രീധന കൊലപാതകത്തിന് ചുരുങ്ങിയത് ഏഴുവർഷം തടവും പരമാവധി ജീവപര്യന്തം ശിക്ഷയുമാണ് ലഭിക്കുക. ഇത്തരം കേസുകൾ ജാമ്യം ലഭിക്കാൻ അർഹതയില്ലാത്തതും രാജിയാകാൻ വ്യവസ്ഥയില്ലാത്തതുമാണെന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. 2018 ൽ പ്രസിദ്ധീകരിച്ച ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോ കണക്ക് പ്രകാരം 2001 ജനുവരി മുതൽ 2012 ഡിസംബർ വരെ 91,202 സ്ത്രീധന മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015 ൽ മാത്രം 7634 സ്ത്രീകൾ കൊല്ലപ്പെട്ടു. അതിനു ശേഷമുള്ള കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 66 പെൺകുട്ടികൾക്ക് സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായി. കുറ്റപത്രം സമർപ്പിച്ച കേസുകളുടെ കണക്ക് പ്രകാരമാണിത്. 2016 ൽ മാത്രം 26 പെൺകുട്ടികൾ മരണപ്പെട്ടു. 2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലുമാസത്തിനിടെ ഭർത്താവും ഭർത്തൃവീട്ടുകാരും പ്രതികളായ 1080 കേസുകളുണ്ടായി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രജിസ്റ്റർ ചെയ്ത ഇത്തരം കേസുകളുടെ എണ്ണം 15123 ആണ്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 1,04,015 കേസുകളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY, DOWRY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.