SignIn
Kerala Kaumudi Online
Thursday, 18 April 2024 11.57 PM IST

പരീക്ഷ പൊളിച്ചെഴുതുമ്പോൾ

exam

മനഃപാഠം പഠിച്ച് ഉത്തരമെഴുതുന്ന പരീക്ഷാ സമ്പ്രദായം അടിമുടി പൊളിച്ചെഴുതി, ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുകയാണ്. വിദ്യാർത്ഥികളെ വർഷം മുഴുവൻ തുടർച്ചയായി വിലയിരുത്തിയും ഇന്റേൺൽ മാർക്ക് 50 ശതമാനമാക്കിയും പരീക്ഷാരീതി മാറ്റിയും ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ എം.ജി.സർവകലാശാലാ പ്രോ വൈസ്ചാൻസലർ സി.ടി അരവിന്ദകുമാർ അദ്ധ്യക്ഷനായ സമിതി സർക്കാരിന് ശുപാർശ നൽകിയിരിക്കുകയാണ്. ശുപാർശകൾ നടപ്പാക്കിയാൽ ഉന്നതവിദ്യാഭ്യാസരംഗം അപ്പാടെ മാറും.

എല്ലാ സർവകലാശാലകളിലും നിലവിൽ നടപ്പാക്കിയിട്ടുള്ള ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനത്തിന്റെയും യു.ജി.സി ശുപാർശ ചെയ്യുന്ന ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷനിന്റെയും അന്തസത്ത തുടർച്ചയായ വിലയിരുത്തലാണ് (കണ്ടിന്യുവസ് ഇവാലുവേഷൻ). ഇത് അവസാന പരീക്ഷയ്ക്കൊപ്പം നൽകുന്ന അസൈൻമെന്റിൽ ഒതുങ്ങുന്നതല്ല. അദ്ധ്യാപകൻ കുട്ടിയെ വർഷം മുഴുവൻ തുടർച്ചയായി വിലയിരുത്തുന്ന രീതിയാണിത്. നിരന്തര വിലയിരുത്തൽ പരീക്ഷയുടെ ഭാഗമല്ല, മറിച്ച് പഠനത്തിന്റെ ഭാഗമാക്കി മാറ്റാനാണ് സമിതി ശുപാർശ ചെയ്തത്. ആരോ തയ്യാറാക്കുന്ന ചോദ്യപേപ്പറുപയോഗിച്ച് സർവകലാശാല പരീക്ഷ നടത്തി മറ്റാരോ മൂല്യനിർണയം നടത്തി നൽകുന്ന മാർക്ക് വിദ്യാർത്ഥികളുടെ ഭാവിയുടെ അടിസ്ഥാനമായി മാറുന്നതാണ് നിലവിലെ പരീക്ഷാ സമ്പ്രദായം. ഇത് മാറ്റിയാണ് വിദ്യാർത്ഥികളെ നിരന്തരമായി മൂല്യനിർണയം നടത്തണമെന്ന മാറ്റം വരുന്നത്.

ഇതിന്റെ ഭാഗമായാണ് ഇന്റേണൽ മാർക്ക് 40 ശതമാനമാക്കാനുള്ള ശുപാർശ. ഭാവിയിൽ 50 ശതമാനമാക്കാനും നിർദ്ദേശമുണ്ട്. ഇന്റേണൽ മാർക്ക് വാരിക്കോരി നൽകുക എന്നല്ല ഇതിന്റെ അർത്ഥം. ഉദാഹരണത്തിന് ഇംഗ്ലീഷിൽ ഇന്റേണൽ മാർക്കിനായി വിദ്യാർത്ഥി ഏതെങ്കിലും ഡ്രാമ അവതരിപ്പിച്ച് കാട്ടേണ്ടിവരും. യു.ജി.സി ചട്ടപ്രകാരം സെമിനാറുകൾ നിർബന്ധമാക്കാം. ഇപ്പോഴും സെമിനാറുകളുണ്ടെങ്കിലും മിക്കയിടത്തും ചടങ്ങുതീർക്കൽ മാത്രമാണ്. നിരന്തര മൂല്യനിർണയം നടത്താൻ അദ്ധ്യാപകർക്ക് പരിശീലനം നൽകും. ഓരോ കോഴ്സിനും അതുമായി ബന്ധപ്പെട്ട നിരന്തര മൂല്യനിർണയ വിഷയങ്ങൾ സെമസ്റ്ററിന്റെ തുടക്കത്തിൽ തീരുമാനിക്കണം. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാവണം ഇക്കാര്യം തീരുമാനിക്കേണ്ടത്.

ഇന്റേണൽ മാർക്ക് സംബന്ധിച്ച പരാതികൾ ത്രിതല സംവിധാനത്തിൽ പരിഹരിക്കാനും സൗകര്യമൊരുക്കും. മാർക്ക് കുറവാണെങ്കിൽ സ്വന്തം വകുപ്പിൽ ആദ്യം പരാതിപ്പെടാം. ഇതിൽ ഫലമില്ലെങ്കിൽ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകാം. അതുകൊണ്ടും ഗുണമില്ലെങ്കിൽ സിൻഡിക്കേറ്റിനോ പരീക്ഷാ കൺട്രോളർക്കോ പരാതി നൽകാം. ഇന്റേണൽ മാർക്ക് നൽകാനുള്ള നിരന്തര മൂല്യനിർണയത്തിന്റെ രേഖകൾ പൊതുരേഖയായി കോളേജിൽ പ്രസിദ്ധീകരിക്കണം. ഇത് ആർക്കും പരിശോധിക്കാവുന്ന തരത്തിലായിരിക്കണം. ക്രമക്കേട് പൂർണമായി തടയാനാണ് ഇങ്ങനെയൊരു പരിഷ്കാരം. പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാവുന്ന ഓപ്പൺബുക്ക് പരീക്ഷാ സമ്പ്രദായവും വരും. പക്ഷേ പുസ്തകത്തിൽ നിന്ന് ഉത്തരം എടുത്തെഴുതാവുന്ന നേരിട്ടുള്ള ചോദ്യങ്ങളാവില്ല ഉണ്ടാവുക. വിദ്യാർത്ഥികളുടെ ഓർമ്മശക്തി പരീക്ഷിക്കുന്നതിന് പകരം അറിവ് പരിശോധിക്കാനുള്ള ചോദ്യങ്ങളാവും ഉണ്ടാവുക.

മൂല്യനിർണയം

കോളേജുകളിൽ

ഇപ്പോൾ സർവകലാശാല എല്ലാ പരീക്ഷകളും നടത്തുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്ന രീതിയും മാറും. ബിരുദ കോഴ്സുകളുടെ ആദ്യ രണ്ട് സെമസ്റ്ററുകളുടെ പരീക്ഷയുടെ മൂല്യനിർണയം കോളേജുകൾക്ക് കൈമാറും. ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഒന്നിടവിട്ട സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയവും കോളേജുകൾക്കായിരിക്കും. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത് സർവകലാശാലയായിരിക്കും. ബിരുദകോഴ്സുകളിൽ ആദ്യ രണ്ട് സെമസ്റ്ററുകളിൽ ഭാഷാപഠനത്തിന് ഊന്നൽ ഉള്ളതിനാൽ കോഴ്സിന്റെ ആകെ സ്കോറിനെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. കോളേജുകളിൽ മൂല്യനിർണയം നടത്തുന്ന ഉത്തരക്കടലാസുകളിൽ 20 ശതമാനം മറ്റ് അദ്ധ്യാപകരെക്കൊണ്ട് സർവകലാശാല പരിശോധിപ്പിക്കും. ക്രമക്കേടുകൾ പൂർണമായി തടയാനാണ് ഈ സംവിധാനം.

പരീക്ഷാരീതി ഒബ്ജക്ടീവ് ആക്കാനും ശുപാർശയുണ്ട്. പ്രൊഫഷണൽ കോഴ്സുകളിലടക്കം പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷകളിലും പി.എസ്.സി പരീക്ഷകളിലുമെല്ലാം ഓപ്ഷനുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുന്ന ഒബ്ജക്ടീവ് രീതിയാണ്. പരീക്ഷ കഴിഞ്ഞ് മുപ്പത് ദിവസത്തിനകം ഫലം പ്രഖ്യാപിക്കണം. അപേക്ഷിച്ച് 15 ദിവസത്തിനകം പുനർമൂല്യനിർണയത്തിന്റെയും ഫലം പ്രഖ്യാപിക്കണം. എല്ലാ സർട്ടിഫിക്കറ്റുകളും അപേക്ഷിച്ച് 15 ദിവസത്തിനകം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

എല്ലാ വിഷയങ്ങളുടെയും ചോദ്യബാങ്ക് അദ്ധ്യാപകർ തയ്യാറാക്കും. ഇതിൽ നിന്നാവും ചോദ്യപേപ്പർ ഉണ്ടാക്കുക. ഓരോ പരീക്ഷയുടെയും ചോദ്യപേപ്പറിൽ നിശ്ചിത ശതമാനം പ്രയാസമുള്ള ചോദ്യങ്ങളുണ്ടാവുമെന്ന് മുൻകൂട്ടി തീരുമാനിക്കും. ആറുവർഷമായി ഈ രീതി എം.ജി സർവകലാശാലയിൽ നടപ്പാക്കുന്നുണ്ട്. അദ്ധ്യാപകർ തയ്യാറാക്കുന്ന ചോദ്യപേപ്പർ സർവകലാശാലയുടെ സെർവറിൽ രഹസ്യമായി സൂക്ഷിക്കും. ഇതിൽനിന്ന് ഓട്ടോമാറ്റിക്കായി ചോദ്യം ജനറേറ്റ് ചെയ്യുകയാണ് രീതി. പരീക്ഷാദിവസം രാവിലെ ചോദ്യപേപ്പർ കോളേജുകൾക്ക് കൈമാറും. സർവകലാശാല നൽകുന്ന പാസ്‌വേർഡുപയോഗിച്ച് ലോഗിൻ ചെയ്ത് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാം.

മാർക്കിടാം

സ്ക്രീനിൽ

ഉത്തരക്കടലാസുകൾ പരീക്ഷാകേന്ദ്രത്തിൽ വച്ചുതന്നെ സ്കാൻ ചെയ്ത് മൂല്യനിർണയത്തിനായി അദ്ധ്യാപകർക്ക് അയച്ചുകൊടുക്കുകയും അദ്ധ്യാപകർ ഡിജിറ്റലായി സ്ക്രീനിൽ മാർക്കിടുകയും ചെയ്യുന്ന ഓൺ സക്രീൻ സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നാണ് മറ്റൊരു ശ്രദ്ധേയമായ ശുപാർശ. ഉത്തരക്കടലാസുകൾ നഷ്ടമാകുന്നത് ഇതിലൂടെ ഒഴിവാക്കാനാവും. ഓൺ സ്ക്രീൻ ഇവാലുവേഷൻ നടപ്പാക്കാൻ കമ്പ്യൂട്ടറുകളും സ്കാനറുകളും ഇന്റർനെറ്ര് സൗകര്യവും വൻതോതിൽ സജ്ജമാക്കേണ്ടി വരും.

എല്ലാ കോഴ്സുകളുടെയും പുനർമൂല്യനിർണയവും സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയവും പൂർണമായി ഓൺസ്ക്രീൻ ആക്കാനാണ് ശുപാർശ. അപേക്ഷിക്കുന്നവരുടെ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യും. അദ്ധ്യാപകന്റെ അഭിപ്രായം കൂടി തേടിയശേഷം വിദ്യാർത്ഥിക്ക് അപേക്ഷയുമായി മുന്നോട്ടുപോവാം. ഇതിലൂടെ രണ്ട് ഗുണങ്ങളാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. 1)പുനർമൂല്യനിർണയത്തിൽ അദ്ധ്യാപകർ കൂടുതലായി ശ്രദ്ധിക്കും. 2) പുനർമൂല്യനിർണയത്തിൽ വിശ്വാസം ഉറപ്പാക്കാനാവും. തിയറി പരീക്ഷയുടെയും നിരന്തര മൂല്യനിർണയത്തിന്റെയും മാർക്കിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ രണ്ടാമതും മൂല്യനിർണയം നടത്തും. വാരിക്കോരി ഇന്റേണൽ മാർക്ക് നൽകാനാവില്ലെന്ന് സാരം. തിയറി പരീക്ഷയ്ക്ക് മിനിമം പാസ് മാർക്ക് തുടരും.

കോപ്പിയടി

കുറ്റമാണ്

കോപ്പിയടിച്ചാൽ വിദ്യാർത്ഥികൾ എഴുതിയ പരീക്ഷകളെല്ലാം റദ്ദാക്കുന്ന നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തും. കോപ്പിയടിച്ചതായി തെളിഞ്ഞ പേപ്പറിന്റെ പരീക്ഷ മാത്രമാവും റദ്ദാക്കുക. പരീക്ഷാഹാളിൽ കോപ്പിയടിച്ചതായി കണ്ടെത്തിയാൽ വിദ്യാർത്ഥിയിൽ നിന്ന് ആ ഉത്തരക്കടലാസ് തിരികെവാങ്ങി മറ്റൊന്ന് നൽകും. ഈ ഉത്തരക്കടലാസിൽ ശേഷിക്കുന്ന ചോദ്യങ്ങൾക്കുള്ള പരീക്ഷയെഴുതാം. വിദ്യാർത്ഥിയെ ഹാളിൽനിന്ന് ഇറക്കിവിടില്ല. കോപ്പിയടിച്ചിട്ടുണ്ടോയെന്ന് സർവകലാശാല പരിശോധിക്കും. ഉണ്ടെന്ന് കണ്ടെത്തിയാൽ ആ പേപ്പറിന്റെ പരീക്ഷ മാത്രം റദ്ദാക്കും. കോപ്പിയടിക്കുന്നവരെ ആറുമാസത്തേക്ക് എല്ലാ പരീക്ഷകളിൽ നിന്നും വിലക്കുന്ന (ഡീ-ബാർ) സംവിധാനം തുടരണോ എന്ന് സർവകലാശാലകൾക്ക് തീരുമാനിക്കാം.

ഈ പരിഷ്കാരങ്ങൾക്കൊപ്പം സർവകലാശാലകളിലെ കാലഹരണപ്പെട്ട നിയമങ്ങളും മാറ്റും. തുല്യതാ സർട്ടിഫിക്കറ്റുകൾ നൽകാനുള്ള നിയമങ്ങൾ ലഘൂകരിക്കും. യു.ജി.സി അംഗീകരിച്ചിട്ടുള്ള സർവകലാശാലകൾ പരസ്പരം അംഗീകരിച്ച് തുല്യതാ സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥ കൊണ്ടുവരും. തുല്യതാ സർട്ടിഫിക്കറ്റിന് പകരം യോഗ്യതാ സർട്ടിഫിക്കറ്റ് (എലിജിബിലിറ്റി സർട്ടിഫിക്കറ്റ്) പ്രോത്സാഹിപ്പിക്കും. ഉപരിപഠനത്തിനും ജോലിക്കും ഇത് ഉപയോഗിക്കാനാവും.

ഗ്രേസ് മാർക്ക് നൽകുന്നതിന് ഏകീകൃത സംവിധാനം ഏർപ്പെടുത്തും. നിലവിൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കാനും, ആ കോഴ്സിൽ വിജയിക്കാനും ഗ്രേസ് മാർക്ക് ഉപയോഗിക്കാനാവും. ഒരു ആനുകൂല്യം രണ്ടുതവണ ഉപയോഗിക്കുന്നത് സാമാന്യനീതിക്ക് നിരക്കാത്തതാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. സർവകലാശാലകളിൽ ഇക്കാര്യത്തിൽ പലതരം നിയമങ്ങളാണുള്ളത്. ഇത് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഏകീകരിക്കണമെന്നും സമിതി ശുപാശ ചെയ്തു. എം.ജി സർവകലാശാലാ പ്രോ - വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദകുമാർ അദ്ധ്യക്ഷനായ സമിതിയിൽ രജിസ്ട്രാർമാരായ ഡോ.എ.പ്രവീൺ (സാങ്കേതികം), ഡോ.കെ.എസ്.അനിൽകുമാർ (കേരള), കലിക്കറ്റ് സർവകലാശാലാ മുൻ രജിസ്ട്രാർ ഡോ. സി.എൽ. ജോഷി എന്നിവരാണ് അംഗങ്ങൾ. പരീക്ഷാ പരിഷ്കരണത്തിനുള്ള ഇടക്കാല റിപ്പോർട്ട് സമിതി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.