SignIn
Kerala Kaumudi Online
Friday, 29 March 2024 2.48 PM IST

ഫയലുകൾക്കു ജീവനുണ്ട്

file

'ഓരോ ഫയലിനു പിന്നിലും ഓരോ ജീവിതമുണ്ട് ' എന്ന് മുഖ്യമന്ത്രി സർക്കാർ ജീവനക്കാരെ ഓർമ്മപ്പെടുത്തുകയുണ്ടായല്ലോ. ഈ പരാമർശത്തിൽ ഒരുപാട് വസ്തുതകളും നിലപാടുകളും പ്രതീക്ഷകളും പ്രതിബിംബിക്കുന്നുണ്ട്. ഓരോ ഫയലും കൈകാര്യം ചെയ്യുമ്പോൾ മനുഷ്യത്വവും അനുതാപവും സേവനമനസ്ഥിതിയും ആവശ്യമാണെന്നും, എത്രയും വേഗം അർഹതപ്പെട്ട സേവനം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും അതാണ് സർക്കാർ നയമെന്നുമാണ് ഈ ഓർമ്മപ്പെടുത്തൽ.
ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ചുമതലപ്പെട്ട സർക്കാരിന് ഔദ്യോഗിക സംവിധാനത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വിളംബിത താളത്തിലെ നടപടിക്രമങ്ങളോട് അക്ഷമ തോന്നുക സ്വാഭാവികം. തുടർന്ന് പോരുന്ന നടപടിക്രമങ്ങളും പ്രതിലോമ മനോഭാവങ്ങളും അതിരുകടന്ന ആത്മസുരക്ഷാ വ്യഗ്രതയും ഭരണസംവിധാനത്തെ മന്ദഗതിയിൽ നീങ്ങുന്ന വാഹനമാക്കി മാറ്റിയിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാൻ കഴിയില്ല. ഇത് വായിച്ചു കഴിയമ്പോൾ ചിലർക്ക് ധാർമ്മിക രോഷമുണ്ടാകാം. ഇ-ഫയലുകളും ഓൺലൈൻ തീർപ്പുകളും മറ്റനവധി സാങ്കേതിക പരിഷ്‌കാരങ്ങളും നിലവിൽ വന്നല്ലോ, ഇപ്പോൾ ഒരു ഫയൽ എവിടെയാണെന്നും എത്ര ദിവസമായി ഒരു സീറ്റിൽ വിശ്രമിക്കുകയാണെന്നും, ഡിജിറ്റൽ ഫയലിൽ തീരുമാനമെടുക്കുന്നതിന്
കാലതാമസം ഇല്ലല്ലോ എന്നുമൊക്കെയുള്ള പരമാർത്ഥങ്ങൾ നിഷേധിക്കുന്നില്ല. സെക്രട്ടറിയേറ്റ് പോലെയല്ല ജില്ലാതലത്തിലും അതിനു
താഴേയ്ക്കുമുള്ള ഓഫീസുകളുടെ അവസ്ഥ. കേരളമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന ചെറുതും വലുതുമായ ഓഫീസുകളിൽ കമ്പ്യൂട്ടർ കൊണ്ടോ ഇന്റർനെറ്റ് കൊണ്ടോ ഉദ്ദേശിച്ച മാറ്റം വന്നിട്ടില്ല. ഓൺലൈനായി കുറെ സേവനങ്ങൾ ലഭ്യമായിരിക്കാം. എന്നാൽ ഓൺലൈനിൽ തീരുമാനം അറിയിച്ചു എന്നത് കൊണ്ട് കാലതാമസം ഇല്ലാതാവുന്നില്ല. എത്രയും പെട്ടെന്ന് അപേക്ഷകളിൽ തീർപ്പു കല്പിക്കണമെന്ന നിർബന്ധത്തിന് ഔദ്യോഗിക സംസ്‌കാരത്തിൽ വേരോട്ടമുണ്ടായോ എന്നതാണ് പ്രസക്തമായ ചോദ്യം.
സാങ്കേതിക വിദ്യ ഉപകരണം മാത്രമാണ്. ഒരു ജീവനക്കാരൻ ജോലി ചെയ്‌തെങ്കിലേ ആ സാങ്കേതിക വിദ്യയയുടെ പ്രയോജനം കിട്ടൂ. സാങ്കേതിക വിദ്യ കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല കാലതാമസമെന്ന ശാപം. മനോഭാവത്തിലാണ് മാറ്റമുണ്ടാകേണ്ടത്. ആ മാറ്റം വന്നു കഴിഞ്ഞാൽ സാങ്കേതിക വിദ്യയയുടെ പ്രയോജനക്ഷമത പത്തിരട്ടിയാകും. തടസമായി നിൽക്കുന്ന മനോഭാവങ്ങൾ പലതാണ്. ചിലതു മാത്രം കുറിക്കാം. 'കാലതാമസമുണ്ടായാലും കുഴപ്പമില്ല, ചാടിക്കേറി വല്ലതും ചെയ്തു അപകടത്തിൽ ചാടണ്ട'. (ആത്മരക്ഷയാണ് പ്രധാനം എന്ന വിചാരം) 'ആർക്കെങ്കിലും എന്തെങ്കിലും ആനുകൂല്യം ചെയ്തുകൊടുത്താലേ കുഴപ്പമുള്ളൂ, അപേക്ഷ എന്തെങ്കിലും കാരണം പറഞ്ഞു നിരസിച്ചാൽ ഭാവിയിൽ ഓഡിറ്റും അന്വേഷണവുമില്ലാതെ കഴിയാം'. (നിഷ്‌ക്രിയത്വത്തെ
നീതീകരിക്കുന്ന വ്യാജ ഭയങ്ങൾ) 'ഒരു ഫയൽ താമസിപ്പിച്ചതുകൊണ്ടു നടപടിയൊന്നും വരാനില്ല' (അപേക്ഷകന്റെ സമയത്തിന് വിലയില്ലെന്ന് മുൻവിധി) തടസങ്ങൾ കണ്ടുപിടിച്ചു നടപടികൾ വൈകിക്കുന്നതിൽ ചിലർ അനുഭവിക്കുന്ന തലതിരിഞ്ഞ ആനന്ദം (മാനസിക വൈകല്യം ;perversion).). കാലവിളംബമെന്ന രോഗത്തിന് ഇങ്ങനെ അനവധി ലക്ഷണങ്ങളുണ്ട്. ജീവനക്കാരും മേലദ്യോഗസ്ഥരും തങ്ങളുടെ സൗകര്യവും സുരക്ഷിതത്വവും മാത്രം പരിഗണിക്കുകയും പൗരന്റെ അവകാശങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നതാണ് ഈ രോഗത്തിന്റെ കൃത്യമായ നിർണയ ലക്ഷണം. സർക്കാർ ഉദ്യോഗം നൽകുന്ന അധികാരം, സംരക്ഷണം, മാന്യത എന്നിവയെല്ലാം ചേർന്ന് രൂപപ്പെടുന്ന വിചിത്രമായ ആത്മരതിയുടെ ഒരു മനഃശാസ്ത്രമുണ്ട്. അപേക്ഷകന് സാധാരണ പൗരന് സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനല്ലെങ്കിൽ, അവ നിറവേറ്റാൻ സാധിക്കുന്നില്ലെങ്കിൽ. ഔദ്യോഗിക
ആനുകൂല്യങ്ങൾക്കും സംരക്ഷണയ്‌ക്കുമുള്ള ധാർമ്മികമായ അർഹത നഷ്ടപ്പെടുകയല്ലേ?. ഈ സത്യം അറിയാത്തതാണ് ഫയലുകൾക്കു ജീവനുണ്ട് എന്ന് മറന്നു പോകാൻ കാരണം. പല പരിഹാരങ്ങളും വിദഗ്ദ്ധർക്ക് നിർദ്ദേശിക്കാനുണ്ടാകും. എന്നാൽ വളരെ ലളിതമായ ചില ഇടപെടലുകൾ കൊണ്ട് സർക്കാർ ഓഫീസുകളിൽ നിന്ന് കാലതാമസമെന്ന ബാധ ഒഴിപ്പിക്കാനാവും. ഒന്ന്, ഓരോ സീറ്റിലും ഫയൽ കൈവശം വയ്ക്കാവുന്ന സമയപരിധി ഇപ്പോൾ തന്നെ നിഷ്‌കർഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആ കാലയളവിലും കൂടുതലായി ഫയലുകൾ വെറുതെ വച്ചുകൊണ്ടിരിക്കുന്ന ആർക്കെതിരെയും ഇന്നുവരെ നടപടി ഉണ്ടായതായി അറിവില്ല. രണ്ടാഴ്ചയിൽ കൂടുതൽ ഒരു ഫയൽ വച്ച് താമസിപ്പിക്കുന്നത് ഗുരുതരമായ കൃത്യവിലോപമായി സർക്കാർ സ്പഷ്ടീകരിക്കുകയും, അതിനു ശിക്ഷണ നടപടി ഉണ്ടാവുകയും ചെയ്താൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാം.

രണ്ട്, അനേകം സർക്കാർ ഉത്തരവുകളും ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങളും പ്രതിദിനം പുറപ്പെടുവിക്കപ്പെടാറുണ്ട്. എന്നാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ ജോലി കഴിഞ്ഞു എന്ന ഇപ്പോഴത്തെ നിലപാട് ഒരു ചതിക്കുഴിയാണ്. ഉത്തരവിൽ അനുവദിച്ച കാര്യം നിറവേറ്റപ്പെട്ടൊ, ഗുണഭോക്താവിന് അതിന്റെ പ്രയോജനം കിട്ടിയോ എന്ന് ഉറപ്പു വരുത്താൻ ഇപ്പോൾ സംവിധാനമില്ല. അതുകൊണ്ടാണ് 'കടലാസു കിട്ടി, പക്ഷെ കാര്യം നടന്നില്ല' എന്ന പരാതി ഉണ്ടാകുന്നത്. തീരുമാനങ്ങൾ ഫലപ്രാപ്തിയിലെത്തി എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ഓരോ ഓഫീസിലും ക്രമീകരണം വേണം. മൂന്ന്, ഏതാണ്ട് പത്തുവർഷങ്ങൾക്കു മുൻപ് നിയമസഭ പാസാക്കിയ 'സേവനാവകാശ നിയമം' എന്തോ കാരണത്താൽ ഫലപ്രദമായി നടപ്പിലായില്ല. ആ നിയമം അനുശാസിക്കും വിധം നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഏതൊക്കെ സേവനങ്ങൾ ജനങ്ങൾക്ക് കിട്ടും എന്ന് ഓരോ ഓഫീസും പരസ്യപ്പെടുത്തുക വഴി, സമയപരിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം വന്നു ചേരും. ജനങ്ങൾക്ക് തങ്ങളുടെ ഈ അവകാശത്തെക്കുറിച്ചു ബോദ്ധ്യം വരുന്നതോടെ അവർ അത് പ്രതീക്ഷിക്കുകയും ചോദിച്ചു വാങ്ങുകയും ചെയ്തു തുടങ്ങും. കാലതാമസമെന്നത് അവകാശ നിഷേധമാണെന്ന തിരിച്ചറിവ് വ്യാപകമാവുമ്പോഴേ പെട്ടെന്ന് ഫയലുകൾ തീർപ്പാക്കുന്നതിന് ബ്യൂറോക്രസിക്കു പ്രേരണയുണ്ടാവുകയുള്ളൂ. സേവനം ജനങ്ങളുടെ അവകാശമാണ്; ഔദ്യോഗിക സംവിധാനത്തിന്റെ ഔദാര്യമല്ല എന്നാണ് ഫയലുകൾക്കു പിന്നിലെ മനുഷ്യജീവിതത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ സമയോചിതമായ ഓർമ്മപ്പെടുത്തലിന്റെ പൊരുൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, FILE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.