SignIn
Kerala Kaumudi Online
Thursday, 25 April 2024 11.15 AM IST

കിടപ്പാടമില്ലാത്ത ആക്ഷൻ ഹീറോസ്

fire

മഴയിലും കാറ്റിലും റോഡിൽ മരം വീണാൽ,​ ആടോ പശുവോ കിണറ്റിൽ വീണാൽ,​ പാചകവാതക സിലിണ്ടർ ലീക്കായാൽ,​ എവിടെയെങ്കിലും ചെറിയൊരു തീപ്പൊരി കണ്ടാൽ, ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായാൽ,​​ കുട്ടിയുടെ വിരലിൽ മോതിരം കുടുങ്ങിയാൽ,​ പട്ടിയുടെ തലയിൽ കലം കുടുങ്ങിയാൽ... ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നമ്മളുടെ ഓർമയിലെത്തുന്ന ഒരു നമ്പറുണ്ട്- 101. ആവശ്യമെന്തായാലും ഓടിയെത്തുന്ന സേവനസന്നദ്ധരായ വിഭാഗമായ കേരള ഫയർ ആന്റ് റസ്ക്യൂ വിഭാഗം. വലിയ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണ സേനയ്ക്കൊപ്പം എല്ലാത്തിനും മുൻപന്തിയിൽ ഇവരുണ്ടാകും. പെട്ടിമുടിയിലടക്കം അത് നാം കണ്ടതാണ്. മഴക്കാലത്തും വേനൽക്കാലത്തും ഇരിക്കപ്പൊറുതിയില്ലാത്ത വിഭാഗമാണ് ഫയർ ആന്റ് റസ്ക്യൂ. മഴയത്ത് റോഡിൽ മരം വീണാൽ ഗതാഗതതടസമുണ്ടാക്കാതെ നീക്കണം. വേനൽക്കാലമായാൽ ഇടുക്കി പോലുള്ള സ്ഥലങ്ങളിൽ കാട്ടുതീയാണ് വില്ലൻ. പരിമിതമായ സൗകര്യമുപയോഗിച്ച് തീ കെടുത്താൻ കാടും മേടും കയറിയിറങ്ങണം. ഇതിനിടയിലാണ് കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് ആഫീസുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനും മറ്റും ഓടി നടന്നത്.

ഇനി ഈ ചിത്രത്തിലേക്ക് നോക്കൂ. നഗരസഭ ആക്രി കച്ചവടക്കാർക്ക് കൊടുക്കാനായി ഇട്ടിരുന്ന പഴയ ഷീറ്റും പൈപ്പുമടക്കമുള്ള സാധനങ്ങൾ തൊടുപുഴ ഫയർ സ്റ്റേഷനിലെ ഫയർ ആന്റ് റെസ്‌ക്യൂ ജീവനക്കാർ വണ്ടിയിൽ കയറ്റുന്ന കാഴ്ചയാണിത്. ഈ ആക്രി സാധനങ്ങൾ കൊണ്ടുപോയി നാല് തൂണു നാട്ടി ഷീറ്റ് മേഞ്ഞ് ഒരു ഷെഡ് നിർമിച്ചിട്ട് വേണം തൊടുപുഴ ഫയർസ്റ്റേഷനിലെ വാഹനങ്ങളെങ്കിലും നനയാതെ പാർക്ക് ചെയ്യാൻ. വെയിലെന്നോ മഴയെന്നോ ഭേദമില്ലാതെ ഏത് അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന അഗ്നിരക്ഷാ സേനാംഗങ്ങളുടെ അവസ്ഥയാണിത്. രണ്ടാഴ്ച മുമ്പാണ് തൊടുപുഴ മുണ്ടേക്കല്ലിലെ എം.വി.ഐ.പിയുടെ പഴയ കെട്ടിടത്തിൽ നിന്ന് കുടിയിറക്കപ്പെട്ട ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗത്തെ നഗരസഭയുടെ കാരുണ്യത്തിൽ വെങ്ങല്ലൂർ വ്യവസായ പാർക്കിലേക്ക് മാറ്റിയത്. മൂന്ന് ഷട്ടർ മുറികളുള്ള ചെറിയ കെട്ടിടത്തിൽ ജീവനക്കാർക്ക് നേരെ ചൊവ്വെ നില്‌ക്കാൻ പോലും ഇടമില്ല. ശരാശരി 150 സ്‌ക്വയർ ഫീറ്റ് വീതമുള്ള മൂന്ന് മുറികളാണ് ഇവിടെയുള്ളത്. 24 മണിക്കൂർ ഡ്യൂട്ടിയുള്ള അത്യാഹിത വിഭാഗമായ ഫയർ ആന്റ് റസ്‌ക്യൂവിലെ ജീവനക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലുമുള്ള സൗകര്യമില്ല. എമർജൻസി ഉപകരണങ്ങളടക്കം സൂക്ഷിക്കാനും വേണ്ടത്ര സ്ഥലമില്ല. അതിനാൽ ഓഫീസൊന്നും ഒരുക്കാനായില്ല. സ്‌കൂബയും ആംബലുൻസും ജീപ്പുമടക്കം ഏഴോളം വാഹനങ്ങൾ മഴ നനഞ്ഞ് നശിക്കുന്ന സ്ഥിതിയായിരുന്നു. അങ്ങനെ സർക്കാർ മുതൽ നശിക്കാതിരിക്കാനാണ് ജീവനക്കാർ, നഗരസഭ ആക്രികടക്കാർക്ക് വിൽക്കാനായി മാറ്റിയിട്ടിരുന്ന പഴയ കെട്ടിടം പൊളിച്ച ഷീറ്റുകളും പൈപ്പുകളും ചെയർമാനോട് ചോദിച്ച് വാങ്ങിയത്. ആവശ്യം അറിഞ്ഞ ചെയർമാൻ സാമഗ്രികൾ വെറുതെ നൽകി. നേരത്തെ നഗരസഭയുടെ സിവിൽ സ്റ്റേഷൻ അനക്‌സ് നിർമിക്കുന്ന കരാറുകാർ നിർമിച്ച് നൽകിയ ഷെഡിലാണ് രണ്ട് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ തിരക്കുള്ള തൊടുപുഴ യൂണിറ്റിൽ ആകെ 38 ജീവനക്കാരാണുള്ളത്. ഒരേസമയം 15 ലേറെ ജീവനക്കാർ യൂണിറ്റിലുണ്ടാകും.

ഇപ്പോഴത്തെ സ്റ്റേഷനിൽ നിന്ന് വാഹനമിറക്കണമെങ്കിൽ അത്ര എളുപ്പമല്ല. ഷെഡ് കൂടി നിർമിച്ച് കഴിഞ്ഞാൽ വാഹനം തിരിക്കാൻ ഇവിടെ സ്ഥലമില്ല. വണ്ടി സുഗമമായി ഇറക്കാൻ മുമ്പിലുള്ള ഒരു മതിൽ പൊളിക്കേണ്ട സ്ഥിതിയാണ്. ഫയർഫോഴ്‌സിന്റെ വലിയ വാഹനത്തിന് പുതിയ സ്ഥലത്തേക്ക് ഇടവഴിയിലൂടെ വേഗം സഞ്ചരിക്കാനും എളുപ്പമല്ല.

കിടപ്പാടമില്ലാതെ മൂന്ന് പതിറ്റാണ്ട്

35 വർഷത്തോളമായി തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഫയർഫോഴ്‌സിന് ഇതുവരെ സ്വന്തമായി കെട്ടിടമില്ല. വർഷങ്ങളായി ഓരോരുത്തരുടെ ഔദാര്യത്തിൽ ഏതെങ്കിലും കടത്തിണ്ണയിൽ കിടക്കേണ്ട ഗതികേടിലാണ് സംസ്ഥാനത്തിന്റെ തന്നെ അഭിമാനമായ ഈ സേന. 1983ൽ യൂണിറ്റ് ആരംഭിക്കുമ്പോൾ തൊടുപുഴ ആനക്കൂട് ജംഗ്ഷനിലെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. 2009 മുതൽ മുണ്ടേക്കല്ലിലെ എം.വി.ഐ.പിയുടെ പഴയ കെട്ടിടത്തിലായിരുന്നു. നേരത്തെ ഈ സ്ഥലത്തിന് സമീപം സ്റ്റേഷൻ നിർമിക്കാൻ 22 സെന്റ് സ്ഥലം അനുവദിച്ചിരുന്നെങ്കിലും കെട്ടിട നിർമാണം എങ്ങുമെത്തിയില്ല. ഇത് തൊടുപുഴ യൂണിറ്റിന്റെ മാത്രം കാര്യമല്ല. നിലവിൽ ഇടുക്കിയിൽ മാത്രമാണ് സേനയ്ക്ക് സ്വന്തമായി കെട്ടിടമുള്ളത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കാനുള്ള ഫണ്ട് പോലും ഫയർ ആന്റ് റസ്‌ക്യൂ വിഭാഗത്തിൽ നിന്ന് ലഭിക്കില്ല. എന്നാൽ കെട്ടിടം നിർമിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. ജില്ലയിലാകെ 250ഓളം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണുള്ളത്. പല സ്റ്റേഷനിലും സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാരില്ല. നെടുങ്കണ്ടം പോലെ വനമേഖല ഏറെയുള്ള പ്രദേശത്ത് ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പരിമിതിയാണ്. കൊവിഡ് കാലത്ത് ഒട്ടേറെ സ്ഥലങ്ങളിൽ ഓടിയെത്തുകയും നിരവധി പേർക്ക് അവശ്യമരുന്നുകളടക്കം എത്തിച്ച് നല്‌കുകയും ചെയ്ത് ഫയർഫോഴ്‌സ് ജീവനക്കാർ മാതൃകയായിരുന്നു. ഇതിനിടെ തൊടുപുഴയിൽ റോഡിലെ കുഴിയടയ്ക്കാൻ വരെ ഫയർഫോഴ്സ് ജീവനക്കാർ തയ്യാറായി. എന്നാൽ അടിന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുന്ന അഗ്‌നിരക്ഷാ സേനയെ ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കാൻ മാത്രം ആരുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIRE FORCE, IDUKKI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.