SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.57 PM IST

അനുകരിക്കേണ്ട ഗൾഫ് മാതൃകകൾ

gulf

ഭാര്യയുടെ വേർപാടിനെ തുടർന്ന് കുറച്ച് കാലത്തേക്കെങ്കിലും ഒറ്റയ്ക്കു വീട്ടിൽ കഴിയേണ്ട എന്നായിരുന്നു മൂത്തമകൾ ലക്ഷ്മിയുടെ നിർബന്ധം. അങ്ങനെയാണ് ഇത്തവണ ദുബായിൽ എത്തിയത്. മുൻപ് പലതവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും കണ്ടാൽപോര,​ കാണേണ്ടതുപോലെ കാണണം എന്ന ചിന്താഗതി ഇത്തവണയാണുണ്ടായത്.

ദുബായിൽ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒരു കാര്യം കാൽനട യാത്രക്കാരോട് കാണിക്കുന്ന പരിഗണനയും ഡ്രൈവർമാരുടെ ഗതാഗത സംസ്കാരവുമാണ്. സീബ്രാലൈൻ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ഒരു യാത്രക്കാരൻ റോഡ് മുറിച്ചു നടക്കുന്നത് കണ്ടാൽ എത്ര തിരക്കുള്ള വ്യക്തിയും വാഹനം നിറുത്തിക്കൊടുക്കും. നമ്മുടെ നാട്ടിലോ?​ സീബ്രാ ലൈൻ ഉള്ളിടങ്ങളിൽ പോലും ട്രാഫിക് പൊലീസുകാരൻ ഇല്ലെങ്കിൽ വാഹനം ഒന്നു നിറുത്തി കിട്ടാൻ വേണ്ടി എത്രനേരം നാം കാത്തുനിൽക്കണം. സീബ്രാലൈനിൽ കൂടി നടക്കുന്നവരെപ്പോലും ഇടിച്ചു തെറിപ്പിച്ചിട്ട് വാഹനങ്ങൾ നിറുത്താതെ കടന്നുകളഞ്ഞ എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടന്നിരിക്കുന്നു. ഒരു ദിവസം ഞാൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോൾ അതിവേഗത്തിൽ വാഹനം ഓടിച്ചു വന്ന ഒരു ചെറുപ്പക്കാരൻ അയാൾ ഏതു രാജ്യക്കാരനാണെന്നറിയില്ല. വാഹനം നിറുത്തുക മാത്രമല്ല വാഹനം സൈഡിൽ ഒഴിച്ചിട്ടിട്ട് എന്റെ പിന്നാലേ വന്ന് ക്ഷമ ചോദിക്കുക പോലും ചെയ്തു.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഉദ്യോഗത്തിനും ബിസിനസിനും മറ്റുമായി ഇവിടെ വന്നു ജീവിക്കുന്നുണ്ട്. മറ്റ് പല ഗൾഫ് രാജ്യങ്ങളെപ്പോലെ പെട്രോളിന്റെയും ഗ്യാസിന്റെയും ഉല്പാദനവും അതുമുഖേന നേടുന്ന സാമ്പത്തികനേട്ടവും അല്ല ദുബായുടെ അഭിവൃദ്ധിയുടെ സ്രോതസ്സ്. വ്യവസായവും വ്യാപാരവും വിനോദ സഞ്ചാരവും നടത്തി സാമ്പത്തിക ഉന്നത നേടി മുന്നേറിക്കൊണ്ടിരിക്കുന്ന നാട്. യു.ഇ എന്നറിയപ്പെടുന്ന ഏഴ് എമിറേറ്റുകളി ഇൽ ഒന്നാണ് ദുബായ്.വ്യത്യസ്ത ജീവിതരീതികളും ആചാരമര്യാദകളും അവലംബിക്കുന്ന ഇരുന്നൂറോളം രാജ്യങ്ങളിലെ നിവാസികൾ ഇടകലർന്ന് വസിക്കുന്ന ദുബായിൽ എങ്ങനെ ആളുകൾ ഇത്ര അച്ചടക്കത്തോടും വ്യവസ്ഥാപിതമായും ജീവിക്കുന്നതെന്ന് ഒരു അതിശയമായാണ് തോന്നുന്നത്.

4114 ചതുരശ്ര കി.മീ വിസ്തൃതിയുള്ള ദുബായിൽ വാഹനങ്ങളുടെ എണ്ണം ഭയാനകമായി വർദ്ധിച്ചു വരുകയാണ്. എന്നാൽ അതിന് ആനുപാതികമായി അപകടങ്ങളുടെ എണ്ണം വളരെ കുറവാണ് താനും. ഡ്രൈവർമാർ തമ്മിലുള്ള മത്സരവും തർക്കങ്ങളും തുലോം കുറവ് എന്നതാണ് മുഖ്യ കാരണം. ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കാൻ വാഹനം ഓടിക്കുന്ന ഓരോ വ്യക്തിയും ഇവിടെ ബാദ്ധ്യസ്ഥനാണ്. ഇവിടെ നിയമം ലംഘിക്കുന്നവരെ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ഡ്രൈവിംഗ് പരീക്ഷ കൃത്യമായും ശക്തമായും നടത്തുകയും ചെയ്യുന്നു.

ദുബായിൽ ആരും വഴിയിലോ തെരുവിലോ തുപ്പുകയോ,​ കടലാസോ ചപ്പുചവറുകളോ വലിച്ചെറിയുകയോ ചെയ്യുന്നില്ല. നമ്മുടെ നാട്ടിൽ തെരുവിലും വഴിയിലും തുപ്പുന്നത് നിരോധിച്ചു കൊണ്ടുള്ള കോടതിവിധികൾ ഉണ്ടെങ്കിലും പലരും അത് പാലിക്കാറില്ല. അധികാരികൾ അത് നടപ്പിലാക്കാനൊട്ട് ശ്രമിക്കാറുമില്ല. നിയമങ്ങളും മര്യാദകളും നടപ്പിലാക്കുന്നതിൽ ഒരു ഉദാസീന മനോഭാവം ആണ് അധികാരികൾക്കുള്ളത്. തങ്ങളുടെ കാര്യങ്ങൾ നടന്ന് പോകണമെന്ന് അല്ലാതെ സാമൂഹിക പ്രതിബദ്ധതയും സമൂഹത്തിന്റെ നന്മയും ലാക്കാക്കിയുള്ള പ്രവർത്തനങ്ങൾ വളരെ വിരളമാണ്.

നമ്മുടെ നാട്ടിലെ ആളുകൾക്ക് പൊലീസിനോടോ മറ്റ് അധികാരികളോടോ ബഹുമാനമോ ഭയമോ കുറവാണെന്നതാണ് സത്യം. അത് മാറ്റിയെടുക്കേണ്ടതാണ്.

ദുബായിൽ കുറഞ്ഞ വരുമാനക്കാരായ ക്ലീനേഴ്സ്,​ ഡെലിവറി ബോയ്സ് തുടങ്ങിയവരെല്ലാം സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. വിദേശികൾ വന്നപ്പോൾ അവരിൽ നിന്ന് പലതും പഠിച്ചവരും പകർത്തിയവരുമല്ലേ നമ്മൾ. എങ്കിൽ പിന്നെ വിദേശത്തേക്ക് പോകുന്ന നമുക്ക് അവിടെ നിന്ന് അച്ചടക്കത്തിന്റെ അഭികാമ്യമായ പാഠങ്ങൾ പകർത്തുന്നതല്ലേ നല്ലത്.

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആന്റ് മാനേജ്മെന്റ് ചെയർമാനാണ് ലേഖകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COLUMNS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.