SignIn
Kerala Kaumudi Online
Thursday, 25 April 2024 1.27 PM IST

ഡയറക്ടറില്ല, ആരോഗ്യവകുപ്പ് അനാഥം

kk

രണ്ടാം പിണറായി സർക്കാരിൻെറ കാലത്ത് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരം ഡയറക്ടറെ കണ്ടിട്ടില്ല. മഹാമാരികൾ നിരന്തരം വേട്ടയാടുന്ന സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ തലപ്പത്ത് സ്ഥിരം ഡയറക്ടർ ഇല്ലാതായിട്ട് ഒരുവർഷം പിന്നിടുമ്പോഴും അധികൃതർ അതു കണ്ടതായി ഭാവിക്കുന്നില്ല. ഡയറക്ടറില്ലെങ്കിൽ എന്താ അഡീഷണൽ ഡയറക്ടർക്ക് ചാർജുണ്ടല്ലോ എന്നതാണ് സർക്കാരിന്റെ നയം. ഒരു വർഷവും രണ്ടുമാസവുമായി ഇതാണ് അവസ്ഥ. കഴിഞ്ഞ വർഷം മേയ് ഒന്നു മുതൽ ഇൻചാർജ് ഭരണമാണ്. ഡയറക്ടറേറ്റിന്റെ പ്രവർത്തനം കാര്യക്ഷമല്ല. താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥരാണ് ഭരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
ഡയറക്ടർ തസ്തികയ്ക്ക് പുറമേ അഡീഷണൽ ഡയറക്ടർ പ്ലാനിംഗ്, അഡീഷണൽ ഡയറക്ടർ വിജിലൻസ് തസ്തികളിലും തിരുവനന്തപുരം ഡി.എം.ഒ കസേരയിലും ആളില്ല. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് ഡയറക്ടറായിരുന്ന ഡോ.ആർ.എൽ.സരിത സ്വയംവിരമിക്കലിന് അപേക്ഷ നൽകുകയും, 2021ഏപ്രിൽ 30ന് സേവനം അവസാനിപ്പിക്കുകയും ചെയ്തത്. തുടർന്ന് അഡീഷണൽ ഡയറക്ടറായിരുന്ന രാജുവിന് ചുമതല നൽകി. ഒരു വർഷം പൂർത്തിയാക്കിയ രാജു മേയ് 31ന് വിരമിച്ചു. ദൈനംദിന പ്രവർത്തനങ്ങളിൽ അദ്ദേഹം കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ലെന്ന ആരോപണം നിരവധി തവണ ഉയർന്നിരുന്നു. രാജു വിരമിച്ചതോടെ ഇൻചാർജ് ഭരണം അവസാനിക്കുമെന്ന് കരുതിയെങ്കിലും വീണ്ടും മറ്റൊരു അഡീഷണൽ ഡയറക്ടറായ ഡോ.പി.പി.പ്രീതയ്ക്ക് ചുമതല നൽകി. എന്നാൽ ഡോ.പ്രീതയും സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് സർക്കാരിനെ അറിയിച്ചതായാണ് വിവരം. ഇൻ - ചാർജ് ഡയറക്ടർമാർ സാധാരണയായി സ്വന്തം നിലയിൽ തീരുമാനമെടുക്കാറില്ല. സർക്കാർ തലത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് പതിവ്.

ഒരു വർഷത്തിലേറെയായി തുടരുന്ന ഈ സ്ഥിതി ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ.റംലാ ബീവി മേയ് 31ന് വിരമിച്ചതിന്റെ പിറ്റേദിവസം ഡോ.തോമസ് മാത്യുവിനെ ഡയറക്ടറാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒരേവകുപ്പിന് കീഴിലുള്ള വിഭാഗങ്ങളോടുള്ള രണ്ടുതരം സമീപനത്തിനുള്ള ഉദാഹരണമാണിത്. അഡീഷണൽ ഡയറക്ടർമാരിൽ നിന്ന് ഡയറക്ടറെ സർക്കാരാണ് തീരുമാനിക്കേണ്ടത്. ഡെപ്യൂട്ടി ഡയറക്ടർമാരായിരുന്ന നാലുപേർക്ക് അഡീഷണൽ ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. ഡോ.ശ്രീദേവി, ഡോ.ജോസ് ഡിക്രൂസ്, ഡോ.സക്കീന, ഡോ.ശ്രീദേവി എന്നിവർക്കാണ് കഴിഞ്ഞയാഴ്ച ചേർന്ന ഡി.പി.സി സ്ഥാനക്കയറ്റം അനുവദിച്ചത്. ഇതോടെ, 12അഡീഷണൽ ഡയറക്ടർമാരായി. പുതിയ അഡീഷണ ഡയറക്ടർമാരുടെ ഉത്തരവും ഇനിയും ഇറങ്ങിയിട്ടില്ല.
ആരോഗ്യവകുപ്പിനെതിരെ നിരന്തരം ആരോപണങ്ങൾ ഉയരുമ്പോഴും നയപരമായ തീരുമാനങ്ങളെടുക്കേണ്ട ഉത്തരവാദിത്വമുള്ള സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നത് പ്രതിസന്ധിയുണ്ടാക്കും.
കൊവിഡിന് മുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഇടപെടൽ കാര്യക്ഷമമായിരുന്നു. പിന്നീട് ചില ഉദ്യോഗസ്ഥ- രാഷ്ട്രീയ ഇടപെടൽ ഡയറക്ടറുടെ സ്ഥാനം അപ്രധാനമാക്കി മാറ്റി. ഇതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റേത് മോശം പ്രകടനമാണെന്ന് ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഭരണപരമായ കാര്യങ്ങളിൽ ഡയറക്ടറേറ്റിന്റെ പ്രകടനം മെച്ചപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയും നിർദ്ദേശിച്ചിരുന്നു. അതിനു പകരം ഡയറക്ടർ, അഡി. ഡയറക്ടർ, ഡി. എം. ഒ തുടങ്ങി സുപ്രധാന സ്ഥാനങ്ങളിൽ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതലകൾ നൽകി മുന്നോട്ടുപോയാൽ വകുപ്പിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാകും. അതേസമയം സംസ്ഥാനത്ത് ഇപ്പോൾ പകർച്ചവ്യാധികൾ താണ്ഡവമാടുകയാണ്. എല്ലായിടത്തും പകർച്ചപ്പനിയാണ്. സ്‌കൂളുകളിൽ കുട്ടികൾ കൂട്ടത്തോടെ രോഗബാധിതരാകുന്ന അവസ്ഥ. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യവകുപ്പ് ഡയറക്ടറാണ് സജീവ ഇടപെടൽ നടത്തി ഓരോ സ്ഥലങ്ങളിലും ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടത്. ഇൻചാർജ് ഡയറക്ടർമാർ എന്തുവന്നാലും മന്ത്രിയോ മന്ത്രി ഓഫീസോ പറയട്ടെ എന്ന നയമാണ് സ്വീകരിക്കുക. സ്വന്തമായി തീരുമാനമെടുക്കാൻ ഒരു ഉദ്യോഗസ്ഥനെ ഡയറക്ടർ സ്ഥാനത്തേക്ക് നിയമിക്കാതെ എത്രകാലം മുന്നോട്ട് പോകാനാകുമെന്നത് കണ്ടറിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.