SignIn
Kerala Kaumudi Online
Friday, 19 April 2024 12.49 AM IST

നീതിയുടെ കിരണം എത്രയകലെ

rajkumar

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ക്രൂരപീഡനത്തിന് ഇരയായി പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കെ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ മരിച്ചിട്ട് ഈ മാസം 21ന് രണ്ട് വർഷം തികയുകയാണ്. കഴിഞ്ഞ ദിവസമാണ് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളായ ആറ് പൊലീസുകാരെ വിചാരണ ചെയ്യാനും പിരിച്ചുവിടാനും തീരുമാനിച്ചതായി സർക്കാർ നിയമസഭയിൽ അറിയിച്ചത്. കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. എന്നാൽ ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ മന്ത്രിസഭ തീരുമാനമെടുത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും നടപ്പിലായില്ലെന്നതാണ് സത്യം.

സമാനതകളില്ലാത്ത ക്രൂരത

ഹരിത ഫിനാൻസ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടർന്ന് 2019 ജൂൺ 12നാണ് സ്ഥാപനഉടമ രാജ്കുമാർ, ജീവനക്കാരികളായ ശാലിനി, മഞ്ജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശാലിനിയെയും മഞ്ജുവിനെയും 13ന് പൊലീസ് കോടതിയിൽ ഹാജരാക്കിയെങ്കിലും രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. പിന്നീടുള്ള മൂന്നു ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ക്രൂരമായ മൂന്നാം മുറയ്ക്കാണ് രാജ്കുമാർ ഇരയായത്. തുടർച്ചയായ പീഡനത്തിനൊടുവിൽ അവശനായ രാജ്കുമാറിന് നാട്ടുവൈദ്യനെ സ്റ്റേഷനിലെത്തിച്ച് തിരുമ്മു ചികിത്സ നൽകി. പിന്നീട് നില മെച്ചപ്പെടാത്തതിനെ തുടർന്ന് നെടുങ്കണ്ടം താലൂക്കാശുപത്രിയിലും എത്തിച്ചു. 16ന് സ്‌ട്രെച്ചറിലാണ് രാജ്കുമാറിനെ മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിച്ചത്. തുടർന്ന് പീരുമേട് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട രാജ്കുമാറിനെ ജയിലിൽ നിന്ന് പീരുമേട് താലൂക്കാശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. പിന്നീട് തിരികെ ജയിലിലെത്തിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് 21ന് മരിക്കുകയായിരുന്നു. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് രാജ്കുമാർ മരിച്ചതെന്ന് ആക്ഷേപം ഉയർന്നതോടെ ഐ.ജിയുടെ നിർദേശംപ്രകാരം അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ എട്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സർക്കാർ ക്രൈംബ്രാഞ്ചിനെ അന്വേഷണമേൽപ്പിച്ചു. തുടർന്ന് ഒന്നാംപ്രതിയായ എസ്.ഐ. കെ.എ. സാബു, എ.എസ്.ഐ സി.ബി. റെജിമോൻ, പൊലീസ് ഡ്രൈവർമാരായ പി.എസ്. നിയാസ്, സജീവ് ആന്റണി, എ.എസ്.ഐയും റൈറ്ററുമായ റോയി പി. വർഗീസ്, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോംഗാർഡ് കെ.എം. ജെയിംസ് എന്നിവരെ മൂന്ന് ഘട്ടങ്ങളിലായി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതിനിടെ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു രാജ്കുമാറിനെ മർദ്ദിച്ചതെന്ന് ആരോപമുയർന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയെ സർക്കാർ സ്ഥലംമാറ്റി. ഇതോടൊപ്പം സർക്കാർ ജസ്റ്റിസ് നാരായണക്കുറുപ്പിനെ ജുഷീഷ്യൽ കമ്മിഷനായി നിയമിച്ചു.

നിർണായകമായത് റീപോസ്റ്റുമോർട്ടം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ രാജ്കുമാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ന്യൂമോണിയയാണെന്നാണ് കണ്ടെത്തിയത്. എന്നാൽ ന്യൂമോണിയ ഉണ്ടാകാൻ കാരണം കസ്റ്റഡി മർദ്ദനമാണോയെന്ന് വ്യക്തമാക്കിയിരുന്നില്ല. തുടർന്ന് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നിർദേശപ്രകാരം 2019 ജൂലായ് 29ന് സെമിത്തേരിയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ റീപോസ്റ്റുമോർട്ടം നടത്തി. ക്രൂരമായ പൊലീസ് മർദനം നടന്നതിന്റെയും ഹൃദ്രോഗിയായിരുന്ന രാജ്കുമാറിന് മർദനം മൂലമാണ് ന്യൂമോണിയ ബാധ ഉണ്ടായതെന്നും റീപോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. തുടർന്ന് രാജ്കുമാറിന്റെ ബന്ധുക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ കസ്റ്റഡി മരണക്കേസും ഹരിത ഫിനാൻസിന്റെ സാമ്പത്തിക തട്ടിപ്പുകേസും സി.ബി.ഐയ്ക്ക് കൈമാറി. ഇതിനിടെ കോടതി ജാമ്യം അനുവദിച്ച പ്രതികളെയെല്ലാം സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് വീണ്ടും അറസ്റ്റു ചെയ്തു. എന്നാൽ സാബു ഒഴികെയുള്ള മറ്റാരുടെയും ജാമ്യം പിൻവലിക്കാത്തതിനാൽ ഇവരെ സി.ബി.ഐയ്ക്ക് വിട്ടയക്കേണ്ടി വന്നു. തുടർന്ന് വനിതാ പൊലീസുകാരി ഉൾപ്പെടെ രണ്ടുപേരെ അധികമായി പ്രതിചേർത്ത് സി.ബി.ഐ ഒമ്പത് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും വിചാരണ ചെയ്യാനും സർക്കാർ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനത്തിൽ ഇനിയും നടപടി വൈകുന്നുവെന്നതാണ് സങ്കടകരം.

ദുരൂഹത ഒഴിയാതെ

രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ഹരിതഫിനാൻസ് ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം എവിടെ പോയെന്നത് ഇനിയും ദുരൂഹമാണ്. രാജ്കുമാറിന്റെ വാക്കുകൾ വിശ്വസിച്ച് സാധാരണക്കാരായ തോട്ടംതൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധിപ്പേർ തട്ടിപ്പിനിരയായിരുന്നു. അഞ്ച് പേരടങ്ങുന്ന ജെ.എൽ.ജി സംഘങ്ങൾ രൂപീകരിച്ച് ഇവർക്ക് ഒരു ലക്ഷം മുതൽ അരക്കോടി രൂപ വരെ വായ്പ നൽകുമെന്നായിരുന്നു ഹരിത ഫിനാൻസ് അധികൃതരുടെ വാഗ്ദാനം. ഇത്തരത്തിൽ 100 സംഘങ്ങളിലെ അംഗങ്ങളിൽ നിന്നു രജിസ്‌ട്രേഷൻ ഫീസിനത്തിൽ കോടികളാണ് സംഘം തട്ടിയത്. എന്നാൽ, ഇതു വരെ പണം കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. രാജ്കുമാറിന്റെ ബിനാമിയാക്കി സമൂഹത്തിലെ ഉന്നതരാണ് തട്ടിപ്പ് നടത്തിയതെന്ന് അന്ന് ആരോപണമുയർന്നിരുന്നു. അവർക്ക് വേണ്ടിയാണോ രാജ്കുമാറിനെ ഇല്ലാതാക്കിയത്..? പ്രതികളായ പൊലീസുകാർ നിർദേശങ്ങൾ അനുസരിക്കുക മാത്രമായിരുന്നോ..? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.