SignIn
Kerala Kaumudi Online
Saturday, 20 April 2024 9.59 AM IST

മാനിനും മനുഷ്യനും നേരെ ലൈസൻസില്ലാ തോക്കുകൾ

gun

രണ്ട് ദിവസത്തിനിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേർക്ക് വെടിയേൽക്കുക. അതും ലൈസൻസില്ലാത്ത നാടൻ തോക്കിൽ നിന്ന്. ജൂൺ ഒമ്പതിനും 11നുമുണ്ടായ രണ്ട് സംഭവങ്ങളും അരങ്ങേറിയത് ഇടുക്കിയിൽ. ആദ്യത്തേത് ഉടുമ്പന്നൂർ മലയിഞ്ചിയിൽ നായാട്ടിനായി കാടുകയറിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേർക്ക് വെടിയേറ്റ സംഭവമായിരുന്നു. വെണ്ണിയാനി സ്വദേശികളായ തടിവെണ്ണിയാനി വീട്ടിൽ ടി.കെ. മനോജ് (30), പാച്ചുപതിക്കൽ സി.ബി. മുകേഷ് (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് കോടതി റിമാൻഡ് ചെയ്തു. ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചതിനും വധശ്രമത്തിനുമാണ് അഞ്ച് പേർക്ക് എതിരെയും പൊലീസ് കേസെടുത്തത്. തോക്കുപയോഗിച്ച് വെടിയുതിർത്ത് മീൻ പിടിക്കാൻ പോയി തിരികെ വരും വഴി അബദ്ധത്തിൽ തോക്ക് പൊട്ടി പരിക്കേൽക്കുകയായിരുന്നെന്ന് ഇവർ പറയുന്നു. എന്നാൽ, പ്രധാനമായും നായാട്ടിന് വേണ്ടിയാണ് ഇവർ പോയതെന്നാണ് പൊലീസ് കരുതുന്നത്. തിരികെ വരുംവഴി തോക്ക് കൈയിൽ വെച്ചിരുന്നയാൾ തെന്നി വീണു. ഇതോടെ കൈയിലിരുന്ന തോക്ക് പൊട്ടി. അങ്ങനെയാണ് പരിക്കേറ്റതെന്നാണ് മനോജും മുകേഷും പറയുന്നത്. വെടിയേറ്റതായതിനാൽ പരിക്കേറ്റവരെ ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ മറ്റുള്ളവർ തയ്യാറായില്ല. എന്നാൽ പരിക്ക് സാരമുള്ളതാണെന്ന് ബോധ്യപ്പെട്ടത്തോടെ മറ്റ് മൂന്നു പേരുടെ സഹായത്തോടെ ഇവരെ വനത്തിന് പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് ഒരു ജീപ്പ് വിളിച്ചാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരയുടെ ചീള് തെറിച്ച് ഇരുവർക്കും കഴുത്തിനും വയറിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവർ നാല് ദിവസം മുമ്പ് കാട്ടിൽ പോയതാണെന്നാണ് അറിയുന്നത്. അബദ്ധത്തിൽ വെടിപൊട്ടി പരിക്കേറ്റതാണെന്ന് പറയുന്നുണ്ടെങ്കിലും ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ ഇടയ്ക്കിടയ്ക്ക് കാടിനുള്ളിലേക്ക് പോകുമെന്നും ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞാണ് തിരികെ വരാറുള്ളതെന്നും നാട്ടുകാർ പറയുന്നു.

രണ്ടാമത്തെ സംഭവമുണ്ടായത് കേരളത്തിലെ ഏകഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ്. കൃഷിയിടത്തിൽ ജോലി ചെയ്ത് കൊണ്ടിരുന്ന ഇരുപ്പുകല്ലുകുടി സ്വദേശി സുബ്രഹ്മണ്യനാണ് (38) വെടിയേറ്റത്. തോട്ടത്തിൽ കാട്ടുപോത്ത് ഇറങ്ങിയെന്ന് കരുതിയാണ് വെടി ഉതിർത്തതെന്ന് വെടിവെച്ച കീഴ്പത്താംകുടിയിലെ ലക്ഷ്മണൻ പറയുന്നു. പരിക്കേറ്റ സുബ്രഹ്മണ്യനെ ലക്ഷ്മണൻ തന്നെയാണ് ചുമന്ന് അയൽ വീട്ടിലെത്തിച്ചത്. തുടർന്ന് കുടിക്കാർ കമ്പിളിയും കമ്പുംകെട്ടി മഞ്ചലുണ്ടാക്കി ഏഴ് കിലോമീറ്റർ അകലെയുള്ള സൊസൈറ്റി കുടിയിലെത്തിച്ചു. അവിടെ നിന്ന് വാഹനത്തിൽ പെട്ടിമുടിയിലേക്കും തുടർന്ന ആംബുലൻസിൽ രാത്രി ഏഴോടെ ടാറ്റാ ടീ ആശുപത്രിയിലും എത്തിച്ചു.
ഇത്തരത്തിൽ കുറ്റകൃത്യങ്ങളിലടക്കം നാടൻ തോക്ക് ഉപയോഗിക്കുന്ന പ്രവണത ജില്ലയിൽ കൂടിയിട്ടും ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. വന്യമൃഗ വേട്ടയ്‌ക്കെന്ന പേരിലാണ് തോക്കുകൾ കൈവശം വയ്ക്കുന്നതെങ്കിലും പലപ്പോഴും ഇത് മനുഷ്യർക്ക് നേരെയും ചൂണ്ടാറുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് മറയൂർ പാളപ്പെട്ടയിൽ ആദിവാസി യുവതിയെ സഹോദരിയുടെ മകൻ നാടൻ തോക്കുപയോഗിച്ച് വെടിവച്ചു കൊന്നത്. വനമേഖലയിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത് സംബന്ധിച്ച് വനംവകുപ്പിന് വിവരം നൽകിയതിന്റെ വൈരാഗ്യത്തിലാണ് ചന്ദ്രികയെന്ന (30) യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയത്. അതിന് മുമ്പ് 2019 ജൂലായിൽ കൂലിതർക്കത്തെ തുടർന്ന് കരിമണ്ണൂരിൽ ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ ഒരാൾ നാടൻ തോക്കുപയോഗിച്ച് വെടിയുതിർത്തിരുന്നു. വെടിവയ്പ്പിൽ കുടുംബാംഗങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ലൈസൻസില്ലാത്ത നാടൻതോക്കുകളാണ് ഇവയിൽ ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഉപയോഗിക്കപ്പെടുന്നത്.

തോക്കെടുത്തോ... പക്ഷേ,​

ജില്ലയിൽ നാനൂറിൽ താഴെ പേർക്ക് മാത്രമാണ് തോക്കിന് ലൈസൻസുള്ളത്. എന്നാൽ ലൈസൻസില്ലാതെ തോക്ക് കൈവശം വയ്ക്കുന്നവർ അതിന്റെ രണ്ടിരട്ടി വരും. ഇത്തരക്കാർക്ക് രഹസ്യമായി തോക്ക് നിർമിച്ച് നൽകുന്നവർ ജില്ലയിൽ സജീവമാണ്. സ്വയരക്ഷയ്ക്കായി ഉപയോഗിക്കേണ്ട തോക്ക് എവിടെ നിന്ന് വാങ്ങണമെന്നോ ലൈസൻസ് എങ്ങനെ ഒപ്പിക്കണമെന്നോ അറിയാത്തവരാണ് ഇത്തരം വ്യാജ തോക്ക് നിർമാതാക്കളെ സമീപിക്കുന്നത്. തോക്ക് ലൈസൻസിന് അപേക്ഷ കൊടുക്കേണ്ടത് അതത് ജില്ലാ കളക്ടർമാരാണ്. കളക്ടർ അത് എ.ഡി.എമ്മിന്റെ ആഫീസിനെ ഏൽപ്പിക്കുന്നു. പരിശോധന കഴിഞ്ഞാൽ ജില്ലാ പൊലീസ് മേധാവിക്കോ പൊലീസ് കമ്മിഷണർക്കോ കൈമാറും. അപേക്ഷിച്ച ആളിനെപ്പറ്റി വിശദമായി പൊലീസ് അന്വേഷിക്കും. അർഹതയുണ്ടെങ്കിൽ രണ്ടുമാസത്തിനുള്ളിൽ ലൈസൻസ് കിട്ടും. അഞ്ച് വർഷമാണ് ലൈസൻസ് കാലാവധി. ലൈസൻസ് എപ്പോൾ വേണമെങ്കിലും റദ്ദാക്കാനും കളക്ടർക്ക് അധികാരമുണ്ട്. നിരവധി പേർ തോക്കിന് ലൈസൻസ് തേടി കളക്ട്രേറ്റിനെ സമീപിക്കുന്നുണ്ട്. എന്നാൽ ക്രിമിനൽ കേസ് പ്രതികൾ, സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചിട്ടുള്ള വർ, ശിക്ഷിയ്ക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുള്ളവർ, സാമൂഹിക വിരുദ്ധർ, മാനസികരോഗമുള്ളവർ, പൊലീസ് സംരക്ഷണം ഉള്ളവർ, ഏതെങ്കിലും ക്രിമിനൽ കേസുകൾ കോടതിയിലുള്ളവർ എന്നിവർക്ക് ലൈസൻസ് കിട്ടില്ല. ലൈസൻസ് കിട്ടുന്നവർ സർക്കാർ അംഗീകൃത തോക്ക്/ ആയുധ വിൽപന കേന്ദ്രങ്ങളിൽ നിന്നേ തോക്ക് വാങ്ങാവൂ. ലൈസൻസ് കാണിച്ചാലെ തോക്ക് ലഭിക്കൂ. റൈഫിളോ, പിസ്റ്റലോ ഏത് വേണമെന്ന് ലൈസൻസ് കിട്ടുന്ന ആളിന് തീരുമാനിക്കാം. നിശ്ചിത വില നൽകി വാങ്ങിയ തോക്ക് അതത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം. അവിടെ തോക്കിന്റെ വിശാദാംശങ്ങളും കമ്പനിയും മറ്റും രേഖപ്പെടുത്തും. ഉപയോഗിക്കാൻ അറിയില്ലെങ്കിൽ പൊലീസ് തന്നെ പരിശീലിപ്പിക്കും. സ്വയം രക്ഷയ്ക്ക് ഉപയോഗിക്കേണ്ടി വന്നാൽ കാൽ മുട്ടിനും താഴെ വെടിവെയ്ക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.