SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.05 PM IST

പി.ജെ. ജോസഫ് എന്ന വൻമരം

p-j-joseph

രാഷ്ട്രീയത്തേക്കാളേറെ സംഗീതത്തെയും കൃഷിയെയും സ്നേഹിച്ച മനുഷ്യൻ,​ എഴുത്തുകാരൻ,​ 36-ാം വയസിൽ ആഭ്യന്തരമന്ത്രി ,​ നിയമസഭയിൽ അമ്പത് വർഷം പൂർത്തിയാക്കിയ അപൂർവം ചില നേതാക്കളിലൊരാൾ,​ ജീവിച്ചിരിക്കുന്ന തലമുതിർന്ന കേരള കോൺഗ്രസ് നേതാവ്... അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് പി.ജെ. ജോസഫെന്ന തൊടുപുഴക്കാരുടെ സ്വന്തം ഔസേപ്പച്ചന്. തൊടുപുഴയാർ പോലെ മെലിഞ്ഞും നിറഞ്ഞും കരകവിഞ്ഞും വഴിമാറിയുമൊഴുകിയ ആ ജീവിതം 80 വർഷം പൂർത്തിയായി. കഴിഞ്ഞ അമ്പത് വർഷത്തെ കേരളരാഷ്ട്രീയ ചരിത്രം കൂടിയാണത്. 1970ലാണ് തൊടുപുഴ നിയോജകമണ്ഡലത്തിൽ നിന്ന് ആദ്യമായി ജോസഫ് നിയമസഭയിലെത്തുന്നത്. വിദ്യാഭ്യാസവും വിനയവും വിവേകവും ഒത്തിണങ്ങിയ പി.ജെ. ജോസഫ് എന്ന ചെറുപ്പക്കാരൻ ആദ്യകാലങ്ങളിൽ തന്നെ നിയമസഭയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. 1977 ൽ കേരള കോൺഗ്രസ് ഉൾപ്പെട്ട ഐക്യമുന്നണിയുടെ സ്ഥാനാർത്ഥിയായി പി.ജെ. ജോസഫ് നിയമസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1978 ജനുവരിയിൽ ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം. മാണിയും വിദ്യാഭ്യാസവകുപ്പു മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയും തിരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് ജോസഫ് നിയോഗിക്കപ്പെട്ടു. അങ്ങനെ അന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായി ജോസഫ് മാറി . സെപ്തംബറിൽ മാണിയും സി.എച്ചും കുറ്റവിമുക്തരാണെന്ന കോടതിവിധി വന്ന ദിവസം തന്നെ ജോസഫ് മന്ത്രിസ്ഥാനം രാജിവച്ചെന്നതും പ്രത്യേകതയാണ്. 1979ൽ കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പി.ജെ. ജോസഫ്, 1980ൽ രൂപീകൃതമായ ഐക്യജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്) സ്ഥാപക കൺവീനറുമായി. 1980ൽ കേരള കോൺഗ്രസ് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി. കെ. കരുണാകരൻ മന്ത്രിസഭയിൽ റവന്യൂ- വിദ്യാഭ്യാസ- എക്‌സൈസ് മന്ത്രിയായി. 1982- 87ൽ റവന്യൂ- ഭവന നിർമ്മാണ വകുപ്പു മന്ത്രിയായി. ഇക്കാലയളവിൽ നാല് ലക്ഷത്തോളം കുടുംബങ്ങൾക്ക് സ്വന്തമായി വീട് നിർമ്മിച്ചു നൽകി. ചേരി പ്രദേശങ്ങളിൽ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങളെ സ്ഥലവും വീടും നൽകി പുനരധിവസിപ്പിച്ചു. ലോകത്തിലെ തന്നെ മാതൃകയായി കണക്കാക്കപ്പെട്ട കേരളത്തിന്റെ ഭവനനിർമ്മാണ വകുപ്പിന്റെ മന്ത്രിയായ പി.ജെ. ജോസഫാണ് കാനഡയിൽ നടന്ന അന്താരാഷ്ട്ര ഭവനനിർമ്മാണ കോൺഫറൻസിൽ ഇന്ത്യൻ ഡെലിഗേഷനെ നയിച്ചത്. കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് ജോസഫ് 1984ൽ ഗാന്ധിജി സ്റ്റഡി സെന്റർ എന്ന പേരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. 1996ൽ വിദ്യാഭ്യാസ- പൊതുമരാമത്ത്- രജിസ്‌ട്രേഷൻ- ഭവന- നിർമ്മാണ വകുപ്പു മന്ത്രിയായി. വർഷങ്ങളോളം വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും സങ്കീർണമായി കിടന്നിരുന്ന പ്രീഡിഗ്രി, ദേശീയ നയങ്ങൾക്കനുസൃതമായി കോളേജിൽ നിന്ന് വേർപെടുത്താൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭരണ നേട്ടമാണ്. പ്രീഡിഗ്രി നിലനിന്നപ്പോൾ തൊടുപുഴ മേഖലയിൽ സയൻസ് ഗ്രൂപ്പിൽ 700 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ പ്ലസ്ടു യാഥാർത്ഥ്യമായതോടെ നാലായിരം സീറ്റായി വർദ്ധിച്ചു. സാധാരണക്കാരുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും മക്കൾക്ക് സയൻസ് ഗ്രൂപ്പ് പഠിക്കുന്നതിനുള്ള അവസരം ഇതോടെ കൈവന്നു. മെഡിസിനും എൻജിനിയറിംഗും നഴ്‌സിംഗും അടക്കമുള്ള കോഴ്‌സുകൾ പഠിക്കാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നവരുടെ ഒഴുക്കിന് പരിഹാരമുണ്ടായതും ഇക്കാലയളവിലാണ്. സാങ്കേതിക വിദ്യാഭ്യാസ കോഴ്‌സുകൾ ഉൾപ്പെടെയുള്ളവ നമ്മുടെ നാട്ടിൽ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം കൈവന്നതും പി.ജെ. വിദ്യാഭ്യാസ മന്ത്രിയായ ശേഷമാണ്. കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റിയ കെ.എസ്.ടി.പി (കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട്) പദ്ധതി സംസ്ഥാനത്ത് ആവിഷ്‌കരിച്ചതും ജോസഫാണ്. മറ്റേതു പട്ടണങ്ങളെ അപേക്ഷിച്ചും ഏറ്റവുമധികം ബൈപ്പാസുകളുള്ള നഗരം തൊടുപുഴയാണ്. 2006ൽ വീണ്ടും കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പു മന്ത്രിയായി. സെപ്തംബറിൽ രാജിവച്ചെങ്കിലും 2009ൽ വീണ്ടും മന്ത്രിസ്ഥാനമേറ്റു. കേരള കോൺഗ്രസ് ഐക്യം യാഥാർത്ഥ്യമാക്കാൻ 2010 മാർച്ചിൽ മന്ത്രിസ്ഥാനം രാജിവച്ച് എൽ.ഡി.എഫ് വിട്ടു. 2016 ൽ വീണ്ടും കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാർഷിക മേഖലയുടെ വികസനത്തിന് ജോസഫ് നൽകിയിട്ടുള്ള സംഭാവന ശ്രദ്ധേയമാണ്. നൂതന കൃഷിരീതികളെക്കുറിച്ചും ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടിന്റെ ആവശ്യകതയെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കാൻ എല്ലാ വർഷവും ജോസഫ് തൊടുപുഴയിൽ നടത്തുന്ന സംസ്ഥാന കാർഷിക മേളകൾക്ക് കഴിഞ്ഞിട്ടുണ്ട്. 2005 ൽ നടന്ന കാർഷിക മേള ഇന്ത്യൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമായിരുന്നു ഉദ്ഘാടനം ചെയ്തത്. തൊടുപുഴയിൽ നടന്ന കാർഷിക മേളയിൽ പങ്കെടുത്ത നിധീഷ് കുമാർ പിന്നീട് ബീഹാർ മുഖ്യമന്ത്രിയായപ്പോൾ ബീഹാറിനെ ജൈവസംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. 'മാലിന്യമില്ലാത്ത മലയാളനാട്' എന്ന ആശയം കേരളത്തിൽ ആദ്യം അവതരിപ്പിച്ചതും പി.ജെ. ജോസഫാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.