SignIn
Kerala Kaumudi Online
Friday, 19 April 2024 8.51 AM IST

2021, ഒരു കണ്ണീരോർമ

kokkayar

2021 വിട പറയുമ്പോൾ ഇടുക്കിക്കും പറയാനുണ്ട് ഒരുപാട് കഥകള്‍....ഒരുപാട് ദുഃഖങ്ങളും അൽപ്പം സന്തോഷവും വലിയ പ്രതീക്ഷയും സമ്മാനിച്ചാണ് 2021 ഗുഡ്ബൈ പറയുന്നത്. അക്ഷരാർത്ഥത്തിൽ 2020ന്റെ തുടർച്ചയായിരുന്നു കഴിഞ്ഞ വർഷവും. ലോകമെമ്പാടും ആഞ്ഞടിച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെ തുടക്കത്തോടെയാണ് 2021 നെ ജനങ്ങള്‍ വരവേറ്റത്. സമസ്ത മേഖലകളെയും കൊവിഡ് തകര്‍ത്തെറിഞ്ഞു. മൂന്നാം പ്രളയവും ഇടുക്കിയുടെ മലയോര മേഖലയെ വിറങ്ങലിപ്പിച്ചു. കനത്ത മഴയേ തുടര്‍ന്ന് പലവട്ടം ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ അടച്ചും തുറന്നും പെരിയാര്‍ തീരദേശവാസികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അപകടാവസ്ഥയും പെരിയാർ തീരത്തെ ജനങ്ങളുടെ ദുരിതവും വീണ്ടും ചർച്ചയായി. ശിശുരോധനങ്ങൾക്ക് അറുതിയില്ലാത്ത വർഷം കൂടിയായിരുന്നു ഇത്. ഇടുക്കിയുടെ പ്രിയ പുത്രനായ പി.ടി. തോമസിന്റെ അപ്രതീക്ഷിതമരണം വലിയ വേദനയായി അവശേഷിപ്പിച്ചാണ് 2021 വിടപറയുന്നത്. കഴിഞ്ഞ ഒരു വർഷം ജില്ലയിലുണ്ടായ പ്രധാന സംഭവങ്ങളിലേക്ക് ഒരെത്തി നോട്ടം.

തരംഗത്തിൽ ഉലഞ്ഞു

ഏപ്രിൽ മാസത്തിൽ ആഞ്ഞടിച്ച കൊവിഡ് രണ്ടാം തരംഗവും ഇതിന് പിന്നാലെയെത്തിയ ലോക്ക് ഡൗണും നിരവധിപ്പേരുടെ ജീവിതമാണ് ദുരിതപൂർണമാക്കിയത്. പടർന്ന് പിടിച്ച രോഗബാധയിൽ ജില്ലയിൽ അഞ്ഞൂറിലേറെ ജീവനുകളാണ് പൊലിഞ്ഞത്. ഒരു ഘട്ടത്തിൽ വേണ്ടത്ര ഐ.സി.യു, വെന്റിലേറ്റർ സൗകര്യമില്ലാത്ത സ്ഥിതിയുണ്ടായി. ഒന്നാംലോക്ക് ഡൗണിൽ തകർന്ന ടൂറിസം, വ്യവസായം, കാർഷിക മേഖലകൾ രണ്ടാം അടച്ചുപൂട്ടലിൽ കടക്കെണിയിലായി. വ്യാപാരികളടക്കം നിരവധി പേർ ജീവിതം വഴിമുട്ടി ആത്മഹത്യ ചെയ്തു. പ്രളയസമാന സാഹചര്യം ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഇടുക്കിയുടെ ശാപമാണ്. 2021ലും അതിൽ നിന്ന് മോചനമുണ്ടായില്ല. ഒക്‌ടോബർ 16ന് ആർത്തിരമ്പിയെത്തിയ ഉരുൾ പീരുമേട് കൊക്കയാറിൽ കവർന്നത് എട്ട് ജീവനുകളാണ്. പ്രളയ മഴയിൽ പീരുമേട് താലൂക്കിൽ 774 വീടുകളാണ് തകർന്നത്. കൊക്കയാർ, പെരുവന്താനം മേഖലകളിലുണ്ടായ വലുതും ചെറുതുമായ ഉരുൾപൊട്ടലിൽ 183 വീടുകൾ പൂർണമായും 591 എണ്ണം ഭാഗികമായി തകർന്നു. മേഖലയിൽ ചെറുതും വലുതുമായ 49 ഓളം പാലങ്ങളാണ് മഹാപ്രളയത്തിൽ ഒഴുകിപ്പോയത്. കോട്ടയം, ഇടുക്കി ജില്ലകളുമായി ബന്ധിപ്പിക്കുന്ന ഏന്തയാർ വലിയ പാലം, കൊക്കയാർ പാലം തുടങ്ങിയവ തകർന്നതോടെ പത്തോളം ഗ്രാമപ്രദേശങ്ങൾ ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലിൽ മൂലമറ്റം മേഖലയും വെള്ളത്തിനടിയിലായത് ഒക്ടോബർ രണ്ടാം വാരത്തിലാണ്. മൂലമറ്റത്തിന് സമീപം മൂന്നുങ്ക വയലിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് വിനോദ സഞ്ചാരികളായ കൂത്താട്ടുകുളം സ്വദേശികളായ യുവാവും യുവതിയും മരിച്ചതും വേദനയായി.

ഷട്ടർ തുറക്കൽ മഹാമഹം

കടയുടെ ഷട്ടറുകൾ തുറക്കുന്ന പോലെ ഇടുക്കി മുല്ലപ്പരിയാർ അണക്കെട്ടുകൾ നിരവധി തവണ അടച്ചും തുറന്നും വെള്ളമൊഴുക്കിയ വർഷമായിരുന്നുവിത്. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് മുന്നറിയിപ്പ് ഇല്ലാതെ രാത്രിയിൽ തമിഴ്‌നാട് വെള്ളം തുറന്ന് വിട്ടത് പെരിയാർ തീരപ്രദേശത്തെ പലവട്ടം വെള്ളത്തിലാക്കി. ദിവസങ്ങളോളം ജലനിരപ്പ് 142ൽ തമിഴ്‌നാട് നിറുത്തി കേരളത്തെ വെല്ലുവിളിച്ചു. ഇടുക്കിയിൽ 2402 അടിയിൽ വരെ ജലനിരപ്പ് എത്തിയ സാഹചര്യമുണ്ടായി.

കൊലയ്ക്ക് അറുതിയില്ല

നിഷ്ഠൂര കൊലപാതകങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച ഇടുക്കിയും ഈ വർഷം ഒട്ടും മോശമാക്കിയില്ല. അടിമാലി മേഖലയിൽ മാത്രം വ്യത്യസ്തസംഭവങ്ങളിലായി അരഡസനോളം കൊലപാതകങ്ങളാണ് 2021ൽ അരങ്ങേറിയത്. യുവതിയെ കാമുകന്റെ അടുക്കളയിൽ കൊന്നു കുഴിച്ചുമൂടിയ സംഭവവും കേരളത്തെ ഒന്നാകെ ഞെട്ടിച്ചു. കൊച്ചുകാമാക്ഷി സ്വദേശിനി വലിയപറമ്പിൽ സിന്ധുവിന്റെ (45) മൃതദേഹമാണ് പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന ആറു വയസുള്ള കുഞ്ഞിനെ ബന്ധു തലയിൽ ചുറ്റികക്കടിച്ച് ദാരുണമായി കൊലപെടുത്തിയ സംഭവം നടന്നത് മൂന്നാറിനു സമീപം ആനച്ചാൽ ആമകണ്ടത്താണ്. അമ്മക്കും മുത്തശിക്കും മാരകമായി പരിക്കേറ്റു. 15 കാരി സഹോദരി രക്ഷപ്പെട്ടു. റിയാസ്‌സഫിയ ദമ്പതികളുടെ മകൻ അബ്ദുൾ ഫത്താഖ് റെയ്ഹാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി സുനിൽകുമാർ (ഷാൻ 46) പിടിയിലായി.

നോവായി ആറ് വയസുകാരി

മലയാളിയെ ഒന്നാകെ കണ്ണീരണിയിച്ച സംഭവമായിരുന്നു വണ്ടിപ്പെരിയാറ്റിലെ ആറ് വയസുകാരിയുടെ കൊലപാതകം. ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിലാണ് ജൂൺ 30ന് ആറ് വയസുകാരിയെ ലയത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയത്. പോസ്റ്റ് മോർട്ടത്തിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടർന്ന് അയൽവാസി അർജുൻ പിടിയിലായി. മിഠായി നൽകി ഇയാൾ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ കണ്ടെത്തി. പീഡനത്തിനിടെ ബോധം മറഞ്ഞ കുട്ടിയെ കെട്ടിത്തൂക്കിയ ശേഷം രക്ഷപെടുകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി.

പി.ടിക്ക് വിട

ഇടുക്കിയുടെ എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവായ പി.ടി. തോമസിന്റെ വിയോഗം രാഷ്ട്രീയ ഭേദമന്യേ എല്ലാ മലയാളികളെയും നൊമ്പരത്തിലാഴ്ത്തി. പി.ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര ഇടുക്കിയിൽ വൈകാരികമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

സ്വപ്നമായി എയർസ്ട്രിപ്പ്

ഇടുക്കിയിൽ വിമാനം പറന്നിറങ്ങുന്നത് കാണാൻ 2021ൽ ഭാഗ്യമുണ്ടായില്ല. വണ്ടിപ്പെരിയാർ സത്രം എൻ.സി.സി എയർസ്ട്രിപ്പ് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാൽ വനം വകുപ്പുമായി ഉണ്ടായ ഭൂമിതർക്കമാണ് പദ്ധതിക്ക് തടസമായി.

വേദനയായി ആ യുവാക്കൾ

പുറപ്പുഴയിലെ ഒരേ കുടുംബത്തിലെ നാല് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചത് 2021ന്റെ മറ്റൊരു നൊമ്പരമായി. ആഗസ്റ്റ് 30ന് തൃക്കളത്തൂരിലായിരുന്നു നാടിനെ നടുക്കിയ അപകടം. പുറപ്പുഴ കുന്നേൽ ബാബുവിന്റെയും രജനിയുടേയും മക്കളായ വിഷ്ണു (25), അരുൺ (22), രജനിയുടെ സഹോദരി സജിനിയുടെയും മുക്കിലിക്കാട്ട് രാജേന്ദ്രൻ പിള്ളയുടെയും മക്കളായ ആദിത്യൻ (23), അമർനാഥ് എന്നിവരാണ് മരിച്ചത്.

'കൈയ്ക്ക്' തിരിച്ചടിയേറ്റ വർഷം

നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ തൊടുപുഴയൊഴിച്ച് യു.ഡി.എഫിന് ബാക്കിയെല്ലാം നഷ്ടമായി. തുടർച്ചയായ അഞ്ചാം തവണയും ഇടുക്കിയിലെ ജനങ്ങൾ കൈപിടിച്ചുയർത്തിയ റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റതും ചരിത്രം. മികച്ച ഭൂരിപക്ഷത്തിൽ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നിന്നും എം.എം. മണി നിയമസഭയിലേക്ക്വ രണ്ടാം വട്ടവും തിരഞ്ഞെടുക്കപെട്ടു. എന്നാൽ മന്ത്രി സ്ഥാനം ലഭിക്കാതിരുന്നത് വിമർശനങ്ങൾക്ക് കാരണമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.