SignIn
Kerala Kaumudi Online
Friday, 29 March 2024 4.20 AM IST

വ്യവസായ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക് വാനോളം പ്രതീക്ഷയിൽ കഞ്ചിക്കോട്

kanjikkode

കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമ്പോൾ ജില്ലയുടെ വ്യവസായവളർച്ചയിൽ വൻ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാലക്കാട്. പുതുശേരി സെൻട്രൽ, പുതുശേരി ഈസ്റ്റ്, കണ്ണമ്പ്ര, ചിറ്റൂർ താലൂക്കിലെ ഒഴലപ്പതി എന്നിവിടങ്ങളിലായി 1,845 ഏക്കറാണ് വ്യവസായ ഇടനാഴിയ്‌ക്കായി ഏറ്റെടുക്കേണ്ടത്. കിഫ്ബി, കിൻഫ്രക്ക് അനുവദിച്ച 606 കോടി രൂപ സ്ഥലമേറ്റെടുക്കാൻ രണ്ടുതവണയായി റവന്യൂവകുപ്പിന് കൈമാറിയിട്ടുണ്ട്. സെപ്തംബർ ആദ്യം കൈമാറിയ 449 കോടി വിനിയോഗിച്ച് പുതുശേരി സെൻട്രൽ വില്ലേജിലെ 600 ഏക്കറാണ് ഏറ്റെടുക്കുക. ഇതിന്റെ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ചെന്നൈ – ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്പത്തൂർ വരെ നീട്ടാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്.

1,845 ഏക്കർ ഏറ്റെടുക്കാൻ ആകെ 1,038 കോടി രൂപയാണ് കിഫ്ബി വായ്പയായി അനുവദിച്ചത്.

നേരത്തേ കണ്ണമ്പ്രയിലെ ഭൂമിയേറ്റെടുക്കാൻ 346 കോടി റവന്യൂവകുപ്പിന് കൈമാറിയിരുന്നു. സാങ്കേതിക കാരണങ്ങളാൽ ഇതിൽ നിന്ന് 189 കോടി രൂപ കിൻഫ്ര തിരിച്ചെടുത്തു. ബാക്കിയുള്ള 157 കോടി ചേർത്താണ് 606 കോടി രൂപ കൈമാറിയത്. കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഹബാണ് കഞ്ചിക്കോട് വ്യവസായ മേഖല. ഇതിന് ചുറ്റും ക്ലസ്റ്റർ രൂപപ്പെടുന്നതോടെ വ്യവസായ മേഖലയുടെ കുതിപ്പും സാദ്ധ്യമാകും. കിൻഫ്രയാണ് വ്യവസായ ഇടനാഴിയുടെ നിർവഹണ ഏജൻസി. കഴിഞ്ഞവർഷം ജൂൺ 30 ന് നടന്ന കിഫ്ബി ബോർഡ് യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തുക നൽകിയത്.

വ്യവസായ ഇടനാഴിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകളുടെ പരിശോധനയാണ് പുരോഗമിക്കുന്നത്. പുതുശേരി സെൻട്രലിലും കണ്ണമ്പ്രയിലും ഏറ്റെടുക്കുന്ന ഭൂമിയുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. കണ്ണമ്പ്രയിൽ ഭൂമി കൈമാറിയവരുടെ രേഖകൾ പരിശോധിച്ച് വില നിശ്ചയിച്ചു. ഇവിടെ അക്വിസിഷൻ ആക്ട് പ്രകാരം ഏറ്റെടുക്കാനുള്ള ഭൂമിയുടെ നൂറ്റമ്പതോളം ഉടമകൾക്ക് നോട്ടീസ് നൽകി. ഇതിന്റെ നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കും. പുതുശേരി സെൻട്രലിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ പ്രമാണ പരിശോധന പുരോഗമിക്കുന്നു. പരിശോധന പൂർത്തിയായാൽ വിലനിശ്ചയിച്ച് ഭൂമി ഉടൻ ഏറ്റെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ഒമ്പത് ക്ലസ്റ്ററുകൾ

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിയിൽ ഒമ്പത് മെഗാ ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ ഉൾപ്പെടുത്തിട്ടുണ്ട്. ഭക്ഷ്യവ്യവസായം, ലഘു എൻജിനിയറിംഗ് വ്യവസായം, രത്‌നാഭരണ വ്യവസായം, പ്ലാസ്റ്റിക്, ഇ – വേസ്റ്റ്, മറ്റ് ഖരമാലിന്യ റീസൈക്ലിംഗ്, എണ്ണ - പ്രകൃതി വാതക വ്യവസായം, ഇലക്‌ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് എന്നിവയാണ് ക്ലസ്റ്ററുകൾ. 83, 000 തൊഴിലവസരങ്ങളാണ് പാലക്കാട് ക്‌ളസ്റ്ററുകളിൽ പുതുതായി സൃഷ്ടിക്കപ്പെടുക.

പ്രതീക്ഷ, 10,000 കോടി നിക്ഷേപം

വ്യവസായ ഇടനാഴിയുടെ ഭാഗമായി ജില്ലയിലെ ക്ലസ്റ്ററുകളിൽ 10,000 കോടിയുടെ നിക്ഷേപമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. സ്ഥലമേറ്റെടുക്കൽ പൂർത്തിയായാൽ അടുത്ത അഞ്ചുവർഷത്തിനകം ക്ലസ്റ്റർ യാഥാർത്ഥ്യമാകും. 25,000 പേർക്ക് നേരിട്ടും 80,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

വ്യവസായ യൂണിറ്റുകൾ നൂറ് കടന്നു

കഞ്ചിക്കോട് വ്യവസായ മേഖലയിൽ വ്യവസായവകുപ്പിനു കീഴിലെ കിൻഫ്ര പാർക്കിൽ ആരംഭിച്ച വ്യവസായ യൂണിറ്റ് രണ്ട് മാസം കൊണ്ട് ഉത്പാദനം തുടങ്ങി. ഇരുമ്പിന്റെ ജനലും വാതിലും നിർമിക്കുന്ന സിംപ്ലക്‌സ് റൂഫിംഗ് സൊല്യൂഷൻസാണ് കിൻഫ്രയിൽ ഉത്പാദനം തുടങ്ങിയത്. ജൂലൈ 13 നാണ് സ്ഥലമേറ്റെടുത്ത് നിർമ്മാണം ആരംഭിച്ചത്, സെപ്തംബർ 16ന് ഉത്പാദനവും തുടങ്ങി. കിൻഫ്രയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ദ്രുതഗതിയിൽ ഉത്പാദനം ആംരംഭിക്കുന്നത്. ഇതോടെ കിൻഫ്രയിൽ മാത്രം വ്യവസായ യൂണിറ്റുകൾ നൂറ് കടന്നു.

വൈദ്യുതി തടസം

പ്രധാന പ്രതിസന്ധി

കഞ്ചിക്കോട് വ്യവസായമേഖല നേരിടുന്ന പ്രധാന പ്രതിസന്ധി വൈദ്യുതി തടസമാണ്. എഴുന്നൂറോളം വ്യവസായ യൂണിറ്റുകൾക്കാണ് കെ.എസ്.ഇ.ബി വൈദ്യുതി നൽകുന്നത്. ലൈനുകളിൽ തടസങ്ങളുണ്ടായാൽ മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കും. കഞ്ചിക്കോട് 220 കെ.വി സബ്‌ സ്റ്റേഷനുണ്ടെങ്കിലും അതിന്റെ ശേഷി ഉപയോഗിക്കാൻ കഴിയും വിധം സജ്ജീകരണങ്ങളില്ലെന്നതാണ് പ്രധാന തിരിച്ചടി. വൈദ്യുതി തടസപ്പെട്ടാൽ വൻ സാമ്പത്തിക നഷ്ടമാണ് വ്യവസായ സംരംഭകർക്കുണ്ടാകുന്നത്. ഇത് പരിഹരിക്കാൻ കുടുതൽ ഫീഡറുകൾ സ്ഥാപിച്ച്, സംവിധാനം മെച്ചപ്പെടുത്തണമെന്നതാണ് വ്യവസായ യൂണിറ്റുകളുടെ ആവശ്യം.

ഗിഫ്റ്്റ് സിറ്റി പദ്ധതി

വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ നിർമ്മിക്കുന്ന ഗിഫ്റ്്റ് സിറ്റി പദ്ധതിക്ക് ഭരണാനുമതി നൽകുകയും കിൻഫ്ര 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായ സാമൂഹിക ആഘാത പഠനവും പൂർത്തിയാക്കി. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കുക. പരമാവധി കെട്ടിടങ്ങളൊഴിവാക്കിയാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഇടവരുത്താത്ത സേവനമേഖലാ വ്യവസായങ്ങളാണ് അയ്യമ്പുഴയിലുണ്ടാവുക. വ്യവസായ ഇടനാഴിയുടെ തുടർ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ദൈനംദിന വിലയിരുത്തലിനുമായി പ്രത്യേക വെബ് പോർട്ടലിന് കിൻഫ്ര രൂപം നല്‌കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKAD DIARY, INDUSTRIAL CORRIDOR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.