SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.16 PM IST

തുരങ്കങ്ങളുടെ രാജകുമാരൻ

adal

രാജ്യത്തിന് അഭിമാനമായ അടൽ ടണൽ നിർമ്മിച്ചപ്പോൾ നേരിട്ട ഏറ്റവും വലിയ പ്രതിബന്ധം എന്തായിരുന്നു.? ടണൽ നിർമ്മാണത്തിന്റെ ചുമതല വഹിച്ച , ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ അഡീഷണൽ ഡയറക്ടർ ജനറലായി വിരമിച്ച കെ.പി.പുരുഷോത്തമനോട് ചോദിച്ചു . ഉത്തരം ഇങ്ങനെയായിരുന്നു.

" സേരി നദിക്കടിയിലെ തുരങ്ക നിർമ്മാണമായിരുന്നു അത്. അതായത് തുരങ്കത്തിന്റെ മൊത്തം ദൂരത്തിലെ 600 മീറ്ററോളം കടന്നുപോകുന്നത് ഈ നദിക്കടിയിലൂടെയാണ്. നദി ക്രോസ് ചെയ്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഏറ്റവും സമയമെടുത്തത്. നാലു വർഷത്തിലധികം വേണ്ടിവന്നു. ടണൽ സാങ്കേതിക വിദ്യയിലെ ടെക്‌നിക്കുകൾ ഉപയോഗിച്ച് പൈപ്പ് റൂഫിംഗ് നടത്തിയായിരുന്നു ഈ മേഖലയിലെ നിർമ്മാണം. നദി മുകളിലൂടെ ഒഴുകുന്നതിനാൽ ഈ ഭാഗത്ത് അര മീറ്റർ എസ്‌കവേറ്റ് ചെയ്യുമ്പോൾ തന്നെ വെള്ളം വന്ന് മണ്ണിടിഞ്ഞ് വീഴും. വലിയൊരു സർക്കിളിൽ പൈപ്പ് റൂഫിംഗ് ചെയ്താണ് പണി മുന്നോട്ടു കൊണ്ടുപോയത്. ലക്ഷ്യമിട്ട സമയത്തിലും വൈകാൻ ഇടയാക്കിയത് ഈ പ്രശ്നമായിരുന്നു."അദ്ദേഹം വ്യക്തമാക്കി.

റിപ്പബ്ളിക്ക് ദിനത്തിൽ പ്രഖ്യാപിച്ച രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പരമവിശിഷ്ട സേവാ മെഡൽ (പി.വി.എസ്.എം ) രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡൽഹിയിൽ ഇന്ന് പുരുഷോത്തമന് സമ്മാനിക്കും. അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും നടത്തിയ സേവനത്തിനു രാഷ്ട്രം നൽകുന്ന ആദരമാണിത്.

ഹിമാചൽപ്രദേശിലെ കുളു ജില്ലയെയും ( കുളു-മണാലി ) ലാഹോലൻ സ്പിറ്റി ജില്ലയെയും ബന്ധിപ്പിക്കുന്ന അടൽ തുരങ്കത്തിന് 9.02 കിലോമീറ്ററാണ് ദൈർഘ്യം. ഹൈ ആൾട്ടിറ്റ്യൂഡ് മേഖലയിലെ (സമുദ്രനിരപ്പിൽ നിന്ന് പതിനായിരം അടി ഉയരെ ) ലോകത്തിലെ ഏറ്റവും വലിയ തുരങ്കമാണിത്. ഈ ടണലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് പുരുഷോത്തമൻ പറഞ്ഞു. ഈ ടണലിന്റെ എസ്ക്കേപ്പ് ടണൽ,അതായത് എന്തെങ്കിലും ആപത്ത് ഉണ്ടായാൽ രക്ഷപ്പെടാനുള്ള ടണൽ അടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ ടണലിനു സമാന്തരമായിട്ടാണ് എസ്‌കേപ്പ് ടണൽ നിർമ്മിക്കാറുള്ളതെങ്കിൽ ഇവിടെ അത് ടണലിന് അടിയിലൂടെയാണ്. എല്ലാ 500 മീറ്ററിലും എസ്‌കേപ്പ് ടണലിലേക്ക് ഇറങ്ങാനുള്ള വഴിയുണ്ട്.

2010 ലാണ് നിർമ്മാണം തുടങ്ങിയത്. മൂവായിരത്തോളം തൊഴിലാളികളും 700 ലധികം എൻജിനിയർമാരും സൂപ്പർവൈസർമാരുമാണ് നിർമ്മാണത്തിൽ പങ്കെടുത്തത്. അവസാനത്തെ ഒരുവർഷം ഇരുപത്തിനാലു മണിക്കൂറും പണിചെയ്തിരുന്നു." എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നം യാഥാർത്ഥ്യമാകാനുള്ള പരിശ്രമമായിരുന്നു." ഏറെ ആഹ്ളാദത്തോടെ പുരുഷോത്തമൻ പറയുന്നു.

കഴിഞ്ഞവർഷം ഒക്ടോബർ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടൽ ടണൽ രാഷ്ട്രത്തിന് സമർപ്പിച്ചത്. ചടങ്ങിൽ പുരുഷോത്തമനെ അഭിനന്ദിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഓർമ്മയ്ക്കാണ് അടൽ ടണൽ എന്നു പേരിട്ടത്. ലാഹോലൻ സ്പിറ്റി ജില്ല വർഷത്തിൽ ആറുമാസത്തോളം മഞ്ഞുവീഴ്ചകാരണം പൂർണമായും ഒറ്റപ്പെടുമായിരുന്നു. ഗതാഗത മാർഗമില്ലാതെ ജനങ്ങൾ അനുഭവിച്ചുവന്ന വലിയ ദുരിതത്തിനാണ് അടൽ ടണൽ പരിഹാരം കണ്ടത്. ഇപ്പോൾ മഞ്ഞുകാലത്തും ഗതാഗത പ്രശ്നമില്ല. വർഷം മുഴുവൻ യാത്ര സുഗമമായി. ടൂറിസ്റ്റുകൾക്കും സൗകര്യമായി.

അടൽ ടണൽ വിജയകരമായി നിർമ്മിച്ചത് രാജ്യത്തെ നിർമ്മാണപ്രവർത്തനങ്ങൾക്ക് വലിയ ആത്മവിശ്വാസം പകർന്നതായി പുരുഷോത്തമൻ പറയുന്നു. ഇത്രയും വെല്ലുവിളി നേരിടുന്ന ഒരു പാതയിൽ ഇത്തരത്തിലൊരു ഹൈവേ ടണൽ മുമ്പുണ്ടായിട്ടില്ല. ഇപ്പോൾ അരുണാചൽ പ്രദേശിലും ജമ്മുവിലും വലിയ തുരങ്കങ്ങളുടെ നിർമ്മാണം നടന്നുവരികയാണ്. അസാമിലെ ഗുവാഹട്ടിയെയും അരുണാചൽപ്രദേശിലെ തവാംഗിനെയും ബന്ധിപ്പിക്കുന്ന സേലാ ടണലിന്റെ നിർമ്മാണപ്രവർത്തനം തുടങ്ങിവച്ചത് പുരുഷോത്തമനായിരുന്നു. അടുത്തവർഷം പൂർത്തിയാകും.

1987ലാണ് സിവിൽ എൻജിനിയറായ പുരുഷോത്തമൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ വകുപ്പിൽ പ്രവേശിക്കുന്നത്. ആൻഡമാൻ നിക്കോബാറിലായിരുന്നു ആദ്യ പോസ്റ്റിംഗ്. ഈ വർഷം മാർച്ചിൽ വിരമിച്ചു. പലയിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ സേനയ്ക്കുവേണ്ടിയും റോഡ് ട്രാൻസ്പോർട്ട് മിനിസ്ട്രിക്കു വേണ്ടിയും ശ്രദ്ധേയമായ ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. ഇപ്പോൾ കേരളത്തിൽ കിഫ്ബിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് പുരുഷോത്തമൻ. കിഫ്ബിയുടെ ആഭിമുഖ്യത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ മാർഗനിർദ്ദേശങ്ങൾ നൽകുകയും നിർണായകമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു.കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഒരു തുരങ്കത്തിന്റെ പ്രൊപ്പോസൽ സജീവമായിട്ടുണ്ട്. 8.11 കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കും ഈ തുരങ്കം. പ്രോജക്ട് റിപ്പോർട്ട് തയ്യാറായി വരികയാണ്. പുരുഷോത്തമൻ ഇതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്.

കണ്ണൂർ ഏച്ചൂർ കേളമ്പേത്ത് ഹൗസിൽ കണ്ണന്റെയും യശോദയുടെയും ഒമ്പത് മക്കളിൽ ഒരാളാണ് പുരുഷോത്തമൻ. സിന്ധുവാണ് ഭാര്യ. ഡോക്ടറായ വരുൺ , അമേരിക്കയിൽ കൊമേഴ്സ്യൽ പൈലറ്റായ യൂവിക എന്നിവർ മക്കളാണ്. ഈ മലയാളിയെക്കുറിച്ചോർത്ത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM, K P PURUSHOTHAMAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.