SignIn
Kerala Kaumudi Online
Thursday, 25 April 2024 11.45 AM IST

മണ്ണിന്റെ മകൾ ധീരഗൗരി

k-r-gouriamma

പേരിനെ അന്വർത്ഥമാക്കിയ ധീരവനിത. നാലായിരം ഏക്കർ ഭൂമിയിൽ പാട്ടക്കൃഷി ചെയ്തിരുന്ന കളത്തിപ്പറമ്പിൽ കെ.എ. രാമന്റെ മകൾ. ചേർത്തല പട്ടണക്കാട് അന്ധകാരനഴി എന്ന ഗ്രാമത്തിൽ 1919 ജൂലായ് 19ന് പാർവതിഅമ്മ പ്രസവിച്ച ആ കുഞ്ഞ് കേരളത്തിന്റെ അമ്മയായി വളർന്നത് ധീരത എന്ന വാക്കിന് സത്യത്തിന്റെയും ഇച്ഛാശക്തിയുടെ നാവും നയനവും സമ്മാനിച്ചുകൊണ്ടാണ് . 2021 മേയ് 11ന് വിടവാങ്ങും വരെയും ആ മുഖത്തുനിന്ന് ധീരതയുടെ ഓജസ് മാഞ്ഞുപോയിരുന്നില്ല. ടി.വി.തോമസിനെ പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് എനിക്കാരെയും പേടിയില്ല എന്നായിരുന്നു മറുപടി. രാത്രി വള്ളമിറങ്ങി വീട്ടിലേക്ക് ഒറ്റയ്ക്കു പോകുമ്പോഴും ആരും പേടിപ്പിച്ചിരുന്നില്ല എന്നുകൂടി ഗൗരിഅമ്മ പറയുമായിരുന്നു.

അണികളെ കൂടെ നിറുത്താൻ എന്ത് വിട്ടുവീഴ്ചയും വൃത്തികേടുകളും ചെയ്യുന്ന നേതാക്കളുടെ കാലത്ത് ഇങ്ങനെയൊരു വനിത ജീവിച്ചിരുന്നു എന്നുതന്നെ അടുത്ത തലമുറ വിശ്വസിച്ചേക്കില്ല. രാഷ്ട്രീയക്കാർ മാത്രമല്ല,​ സന്യാസവേഷം സ്വീകരിക്കുന്നവരും അണികളെയും ആരാധകരെയും ഉണ്ടാക്കാൻ കുറുക്കുവഴികൾ തേടുകയാണ്. പൊതുപ്രവർത്തനം തന്നെ സ്ത്രീകൾക്ക് അത്ര പ്രാപ്യമല്ലാതിരുന്ന കാലത്ത് വിലക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് രാഷ്ടീയത്തിലേക്ക് എടുത്തുചാടിയ കെ.ആർ.ഗൗരിഅമ്മയുടെ മുന്നിൽ കടമ്പകൾ പലതായിരുന്നു. അതൊന്നും ഗൗനിക്കുന്ന പ്രകൃതമായിരുന്നില്ല ജന്മസിദ്ധമായി ഗൗരിഅമ്മയ്ക്ക് ഉണ്ടായിരുന്നത്. പഠിക്കാൻ ബഹുമിടുക്കിയായിരുന്ന ഗൗരി രാഷ്ട്രീയ പ്രവർത്തനത്തിലും ഭരണകാര്യങ്ങളിലും ആ മിടുക്കും സാമർത്ഥ്യവും ഊട്ടി ഉറപ്പിക്കുന്നതാണ് പിൽക്കാല കേരളം കണ്ടത്. എന്നാൽ,​ അതിന്റെ അന്ത്യനാളുകൾ അത്ര ശുഭകരമായിരുന്നില്ല. സ്വന്തം പാളയത്തിൽ നിന്നു തന്നെ അതിനിന്ദ്യമായ അനുഭവങ്ങൾ ഏറ്റുവാങ്ങി പടിയിറങ്ങേണ്ട ദൗർഭാഗ്യവും ഗൗരിഅമ്മയ്ക്ക് നേരിടേണ്ടിവന്നു. ബാലചന്ദ്രൻചുള്ളിക്കാട് വിശേഷിപ്പിച്ച ആ കരയാത്ത,​ തളരാത്ത ഗൗരിയെ നെറികെട്ട കാലവും കനിവറ്റ സഹപ്രവർത്തകരും ചേർന്ന് കരയിച്ചു. താൻ വിശ്വസിക്കുകയും ചോരയും ശ്വാസവും നൽകി പരിപാലിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽനിന്ന് കുതന്ത്ര മുഷ്കിനാൽ പടിയടയ്ക്കപ്പെട്ട ഗൗരി കരഞ്ഞില്ലെന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. എന്നാൽ പുറത്തായ ദിവസങ്ങളിൽ ഒറ്റയ്ക്ക് മുറിയടച്ചിരുന്നത് ആരും കാണാതെ കരയാനായിരുന്നെന്ന് ഗൗരിഅമ്മ തന്നെ മൗനത്തിന്റെ നാവുകൊണ്ട് പിന്നീട് സൂചിപ്പിച്ചിട്ടുണ്ട്. ജീവിതത്തിൽ രണ്ടു സന്ദർഭങ്ങളിലാണ് ഗൗരിഅമ്മ ഏറെ വ്യസനിച്ചത്. അതിലൊന്ന് ടി.വി കാൻസർ ബാധിച്ച് കിടപ്പിലായപ്പോഴാണ്. 'എനിക്ക് അദ്ദേഹത്തെ ചികിത്സിക്കാൻ കഴിഞ്ഞില്ലല്ലോ. ഞാൻ അടുത്തുണ്ടായിരുന്നെങ്കിൽ രോഗം ആദ്യമേതന്നെ കണ്ടെത്തി ചികിത്സിക്കാനാകുമായിരുന്നു. അതിനു സാധിച്ചില്ല.' എന്നിങ്ങനെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്തായപ്പോഴാണ് പിന്നീട് വേദനിച്ചത്.

അധികാരത്തിന്റെ ഏറ്റവും നീചമായ മുഖം വിദ്വേഷമാണ്. കെ.ആർ.അമ്മയ്ക്ക് ജീവിതത്തിന്റെ അവസാന ദശകങ്ങളിൽ രാഷ്ട്രീയ നേതൃത്വത്തിൽനിന്ന് എല്ലാ കരാളതയോടും കൂടി അത് നേരിടേണ്ടിവന്നു. പ്രതിലോമശക്തികളെ ഭദ്രകാളിയായി നേരിട്ട ഗൗരിഅമ്മയ്ക്ക് സ്വന്തം പാളയത്തിൽ നിന്നുണ്ടായ ആ ഈർഷ്യ എല്ലാസഹനങ്ങൾക്കും അപ്പുറമായിരുന്നു. 'കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും' എന്നായിരുന്നു ഒരു കാലത്ത് കേരളത്തിൽ അലയടിച്ച മുദ്രാവാക്യം. 1987ൽ ഗൗരിഅമ്മ മുഖ്യമന്ത്രിയാകും എന്ന് പരക്കെ വിശ്വസിച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് വിജയിച്ചു കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയായത് ഇ.കെ.നായനാർ. അതു ഇ.എം.എസിന്റെ പണിയാണെന്ന് മനസിലാക്കിയ ഗൗരിഅമ്മ അദ്ദേഹത്തോട് ഒരിക്കലും ക്ഷമിച്ചിരുന്നില്ല. 1994 ൽ പാർട്ടിയിൽനിന്ന് പുറത്താകുന്ന അവസ്ഥയിലേക്കാണ് അത് രൂപാന്തരം പ്രാപിച്ചത്. അച്ചടലംഘനം ആരോപിച്ചായിരുന്നു പുറത്താക്കൽ. അതിനെക്കുറിച്ച് ഗൗരിഅമ്മ മാദ്ധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ: ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് നിങ്ങൾക്കൊക്കെ വലിയ ആളായിരിക്കും. അങ്ങേരുടെ ധാർഷ്ട്യവും അഹങ്കാരവും അധികാരവും ഉപയോഗിച്ച് എന്നെ പുറത്തു കളഞ്ഞതാണ്.' പാർട്ടി അച്ചടക്കം തുടർച്ചയായി ലംഘിക്കുകയും പാർട്ടിയെ വെല്ലുവിളിക്കുകയും പാർട്ടി ശത്രുക്കളുമായി കൂട്ടുചേർന്ന് പാർട്ടിയെ തകർക്കുകയും ചെയ്യുന്നു. അതാണ് നടപടിയെടുക്കാൻ കാരണമെന്നായിരുന്നു മാദ്ധ്യമങ്ങൾക്ക് സി.പി.എം നൽകിയ വിശദീകരണം. പാർട്ടി ശത്രുക്കൾ ആരാണെന്ന് മനസിലായില്ലെന്ന് പ്രതികരിച്ച ഗൗരിഅമ്മ അന്ന് തലമുണ്ഡനം ചെയ്ത് കാശിക്കു പോയില്ല. താൻ ജനിച്ചു വളരുകയും മണ്ണിലും മനസിലും മാനത്തും വിപ്ലവത്തിന്റെ വിത്തുവിതച്ച് ചെങ്കതിർ വിളയിക്കുകയും ചെയ്ത നാട്ടിൽ കാലുറപ്പിച്ചു നിന്നു. അങ്ങനെ ഒറ്റയ്ക്ക് നിൽക്കാനുള്ള ചങ്കൂറ്റം പെണ്ണായിപ്പിറന്ന ഗൗരിഅമ്മയ്ക്കുണ്ടായിരുന്നു. പൊന്നിന്റെ പ്രഭയോടെ വളർന്ന ഗൗരിഅമ്മയ്ക്ക് അതിനുള്ള വീറും വാശിയുമുണ്ടായിരുന്നു. വേരറ്റു പോകാത്ത വിശ്വാസത്തിന്റെ ഉറപ്പുണ്ടായിരുന്നു ആ നിൽപ്പിന്. പലരും പറയാറുള്ളതുപോലെ അത് ആണിന്റെ വീറായിരുന്നില്ല. ശരിയായ ഭാരതവനിതയുടെ വീറായിരുന്നു. കേരളവനിതയുടെ തേജസുള്ള തന്റേടമായിരുന്നു. ശരിയായ നിലപാടുകളുടെ പേരിൽ പാർട്ടിക്കകത്തുനിന്ന് നിരന്തരമുണ്ടായ പീഡനങ്ങളുടെ പരിസമാപ്തിയാണ് പുറത്താക്കലെന്നും പാർട്ടിക്കുള്ളിൽ താനുയർത്തിയ അവകാശസമരമാണ് കാരണമെന്നും ഗൗരിഅമ്മ തുറന്നടിച്ചു. സി.പി.എം നടപടി കേരളരാഷ്ട്രീയത്തിലും ജനമനസുകളിലും വലിയ കോളിളക്കമുണ്ടാക്കി.

ഇ.എം.എസ് മരിച്ചപ്പോൾ പോയി കാണാത്തത് എന്തുകൊണ്ടാണെന്ന് മാദ്ധ്യമപ്രവർത്തകൻ രാജീവ് ദേവരാജ് ചോദിച്ചപ്പോൾ അതു വെറുതെ പറയുന്നതാണ്,​ പോയി കണ്ടു. റീത്തു വച്ചില്ല എന്നായിരുന്നു മറുപടി. എന്താ റീത്തുവയ്ക്കാഞ്ഞത് ? ' എനിക്കങ്ങനെ തോന്നിയില്ല,​ ഒരാൾ കള്ളനാണെന്നറിഞ്ഞാൽ റീത്ത് വയ്ക്കുമോ... അങ്ങേര് നമ്പൂതിരിയായിരുന്നു. കീഴ്ജാതിക്കാരെ വേണ്ട. മേൽജാതിക്കാരു മതി.... നമ്പൂതിരിപ്പാട് വലിയ കേമനാണ്. അതു നിങ്ങൾക്ക്. സ്വന്തം കാര്യം നോക്കുന്ന കേമൻ... നായനാര് ചിരിച്ചു വർത്തമാനം പറഞ്ഞ് നടക്കും. മുരളി കൊണ്ടുക്കൊടുക്കുന്ന ഫയലിൽ ഒപ്പിടും.' ടി.വി തോമസിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട് ഗൗരിഅമ്മ: ' രണ്ടു കാര്യങ്ങളിൽ അങ്ങേര് ബലഹീനനായിരുന്നു' എന്നായിരുന്നു ആ പരാമർശം.

കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ഗൗരിഅമ്മ പറഞ്ഞിട്ടുണ്ട്. എന്നാൽ,​ ജീവിതത്തിൽ സ്വന്തം കാര്യം ആലോചിക്കാൻ സമയം കിട്ടിയിരുന്നില്ല. 'ഞാൻ കൃഷ്ണഭക്തയാണ്. പക്ഷേ,​ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വന്നിട്ട് ദൈവത്തെക്കുറിച്ച് ആലോചിക്കാൻ പോലും സമയം കിട്ടിയിട്ടില്ല. ദൈവം എന്നു പറഞ്ഞാൽ സത്യവും നീതിയും ന്യായവുമാണ്. അതിൽനിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല. ജയിലിൽ കിടക്കുമ്പോൾ പോലും ദൈവത്തക്കുറിച്ച് ചിന്തിക്കാൻ സമയംകിട്ടിയിട്ടില്ല. വ്യക്തിപരമായി ഒന്നും പ്രതീക്ഷിച്ചല്ല കമ്മ്യൂണിസ്റ്റുകാരിയായത്. പാർട്ടിയിൽനിന്നു കളഞ്ഞപ്പോൾ വേറൊരു പാർട്ടി ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നുമില്ല. ജനങ്ങളുടെ നിർബന്ധംകൊണ്ട് സംഭവിച്ചതാണത്. പാർട്ടിയിൽനിന്ന് കളഞ്ഞപ്പോൾ പാർട്ടിയിൽ ഉണ്ടായിരുന്നപ്പോൾ ഉള്ളതിനേക്കാളും ആളുകൾ ചുറ്റും നില്ക്കുകയാണെന്നു കണ്ടു. അവർക്കൊപ്പം ഗൗരിഅമ്മ നിന്നു. ആയിടെ വർക്കല പാളയംകുന്ന് രാഘവ മെമ്മോറിയൽ ഗുരുമന്ദിരത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ കെ.ആ‌ർ.ഗൗരിഅമ്മയെയാണ് ക്ഷണിച്ചിരുന്നത്. നാടുനീളെ സ്വീകരണം നൽകുന്ന സമയമായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ഗൗരിഅമ്മ എത്താതായപ്പോൾ സെക്രട്ടറി കെ.വിജയന് വിഷമമായി. ഇനി വരാതിരിക്കുമോ എന്ന് വേവലാതിയോടെ ചോദിച്ചു. വരും, വരാതിരിക്കില്ല. ഇടയ്ക്കിടെ അത് ഫോണിലൂടെ ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. വൈകിട്ട് അഞ്ചുമണിക്ക് നടക്കേണ്ട യോഗമാണ്. 10 മണി കഴിഞ്ഞു. ജനം തടിച്ചുകൂടി കാത്തുനിൽക്കുകയാണ്. ഒടുവിൽ അതാ എത്തി. സമയം അപ്പോൾ രാത്രി പന്ത്രണ്ടര കഴിഞ്ഞിരുന്നു. അപ്പോഴും ജനങ്ങൾ ആ സാന്നിദ്ധ്യത്തിനും വാക്കുകൾക്കുമായി കാത്തുനിൽക്കുകയായിരുന്നു. പ്രായത്തിന്റെയോ നീണ്ടയാത്രയുടെയോ തുടർച്ചയായി നടത്തിയ പ്രസംഗത്തിന്റെയോ ക്ഷീണം ബാധിച്ചിരുന്നില്ല. പാർട്ടിയിൽനിന്ന് പുറത്താക്കിയതിന്റെ സങ്കടവും ആ മുഖത്ത് നിഴലിച്ചില്ല. ധീരയോദ്ധാവായ ഗൗരിഅമ്മ സാക്ഷാൽ ഭദ്ര‌യായി, ഇരുട്ടിനെ ഭേദിക്കുന്ന വെളിച്ചമായി വേദിയിൽ നിറഞ്ഞു. ജനം ഭക്തിയോടെ ആ വാക്കുകൾക്ക് കാതോർത്തു. പാർട്ടിയിൽനിന്ന് പുറത്താക്കിയതിന്റെ തൊട്ടടുത്ത ദിവസങ്ങളിലൊന്നായിരുന്നു അത്. പ്രതിഷേധവും ആവേശവും ആദരവുമെല്ലാം ചേർന്ന അവസ്ഥയിലായിരുന്നു ജനങ്ങൾ. കേരളമൊട്ടാകെ ഈ ആവേശം അന്നുണ്ടായിരുന്നു. 'കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി തനിച്ചല്ല' എന്നായിരുന്നു അന്ന് നാടാകെ വീശിയടിച്ച മുദ്രാവാക്യം. ആലപ്പുഴയിൽ നടന്ന യോഗത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം കണ്ട് പ്രതിയോഗികൾ മാത്രമല്ല, ഗൗരിഅമ്മ തന്നെയും അമ്പരന്നു. അത്രയ്ക്കുറപ്പുള്ളതാണ് ഗൗരിഅമ്മയുടെ ജനസമ്മിതി. അതിന് ഇതിഹാസത്തിന്റെ ഈടും വിശ്വാസത്തിന്റെ ചാരുതയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM, KR GOURIAMMA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.