SignIn
Kerala Kaumudi Online
Thursday, 25 April 2024 7.42 AM IST

ഭൂമിയിലേക്ക് ഒരു വാൽനക്ഷത്രം

kalam

ഭൂമിയിലേക്ക് ഒരു വാൽനക്ഷത്രം വന്നാൽ എങ്ങനെയിരിക്കും?

അത് ഭൂമി എന്ന ഗൃഹത്തെ നശിപ്പിക്കാൻ പ്രാപ്തിയുള്ളതാണെങ്കിലോ?

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പത്ത് സിനിമകളിലൊന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിശേഷിപ്പിച്ച

' ഡോണ്ട് ലുക്ക് അപ്പ് ' എന്ന സിനിമ അത്തരമൊരു സാഹചര്യത്തെ അമേരിക്ക എങ്ങനെ നോക്കിക്കാണുമെന്ന് പരിഹാസരൂപേണ അവതരിപ്പിക്കുന്ന സയൻസ് ഫിക്‌ഷൻ കോമഡിയാണ്. ആദം മക്കേ സംവിധാനം ചെയ്ത ഈ ചിത്രം നെറ്റ്ഫ്ളിക്സിൽ ട്രെൻഡിംഗായി മുന്നേറുകയാണ്. ലിയനാർഡോ ഡീ കാപ്രിയോ, മെറിൽ സ്ട്രീപ്പ്, ജെനിഫർ ലോറൻസ്, കേറ്റ് ബ്ളാഞ്ചറ്റ് അടക്കം വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

മിഷിഗൺ സർവകലാശാലയിൽ ജ്യോതിശാസ്ത്രത്തിൽ പിഎച്ച്.ഡി ചെയ്യുന്ന കേറ്റ് ഡിബിയാസ്കി ( ജെനിഫർ ലോറൻസ് ) ടെലസ്കോപ്പിക് നിരീക്ഷണത്തിൽ ഒരജ്ഞാത വാൽനക്ഷത്രത്തെ കണ്ടെത്തുന്നു.ഡിബിയാസ്ക്കിയുടെ പ്രൊഫസറും ജ്യോതിശാസ്ത്രജ്ഞനുമായ ഡോ.റൻഡാൽ മിൻഡി ( ഡീ കാപ്രിയോ ) അതിന്റെ വ്യാപ്തി ഭൂമിയെ തുടച്ചുനീക്കാൻ ശേഷിയുള്ളതാണെന്നും ആറുമാസത്തിനകം ആ വാൽനക്ഷത്രം ഭൂമിയിൽ പതിക്കുമെന്നും പ്രവചിക്കുന്നു.'ഡിബിയാസ്കി വാൽനക്ഷത്രം' എന്ന് പേരുമിടുന്നു. ആശങ്കയുളവാക്കുന്ന ഈ വിവരം നാസയുടെ പ്ളാനറ്ററി ഡിഫൻസ് മേധാവി ഡോ. ടെഡ്‌ഡി ഒഗലോതോർപ്പിനെ ( റോബ് മോ‌ഗൻ) അറിയിക്കുകയും അദ്ദേഹം പ്രൊഫ മിൻഡിയേയും ഡിബിയാസ്ക്കിയേയും കൂട്ടി വൈറ്റ് ഹൗസിലെത്തുകയുമാണ്. അവിടെ അവർ അമേരിക്കൻ പ്രസിഡന്റ് ജാനി ഓർലീയനേയും ( മെറിൽ സ്ട്രീപ്പ് ) അവരുടെ മകനും ചീഫ് ഓഫ് സ്റ്റാഫുമായ ജയ്സണെയും ഗൗരവമേറിയ ഈ വിഷയം ധരിപ്പിക്കാൻ ശ്രമിക്കുന്നു. ഉദാസീനമായ പ്രതികരണമാണ് പ്രസിഡന്റിൽ നിന്നും ലഭിക്കുന്നത്. ലൈംഗികാപവാദത്തിൽപെട്ട പ്രസിഡന്റ് ലോകത്തെതന്നെ വിഴുങ്ങാൻപോകുന്ന പ്രതിഭാസത്തെ അവഗണിച്ച് തള്ളുന്നത് അതീവരസകരവും എന്നാൽ കുറിക്കുകൊള്ളുന്ന ബ്ളാക്ക് ഹ്യൂമറിലൂടെയുമാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. പ്രസിഡന്റിനെ കാണാൻ കാത്തിരിക്കുമ്പോൾ പ്രൊഫ. മിൻഡിക്കും ഡിബിയാസ്ക്കിക്കും നല്‌കുന്ന സൗജന്യ ബിസ്ക്കറ്റിന് വൈറ്റ് ഹൗസിലെ ഒരു ജനറൽ പണം വാങ്ങുന്നുമുണ്ട്.

പ്രസിഡന്റ് കാര്യമാക്കാത്തതിനാൽ വിഷയം മീഡിയയ്ക്ക് ചോർത്തിക്കൊടുക്കാൻ ഡോ. ടെഡ്‌ഡി ഉപദേശിക്കുന്നു. പ്രശസ്തമായ ചാനലിലെ മോർണിംഗ് ടോക്ക് ഷോയിൽ മിൻഡിയും ഡിബിയാസ്ക്കിയും എത്തുന്നു. അവിടെ പ്രധാന ചർച്ചാവിഷയം പ്രമുഖ സെക്സ് സിംബലും ഗായികയുമായ ചെല്ലോയുടെ പ്രണയബന്ധം പൊളിയുന്നതിനെക്കുറിച്ചായിരുന്നു. ഏറ്റവുമൊടുവിൽ മിൻഡിയേയും ഡിബിയാസ്ക്കിയേയും ടോക്ക് ഷോയിലേക്ക് ക്ഷണിച്ചെങ്കിലും വിഷയത്തിന്റെ ഗൗരവം തിരിച്ചറിയാതെ ലഘൂകരിച്ച് കാണാനാണ് അവതാരകർ ശ്രമിക്കുന്നത്. ഇതിനിടെ അവതാരകയായ ബ്രൈ ഇവാന്റെ ( കേറ്റ് ബ്ളാഞ്ചറ്റ് ) പ്രൊഫ.മിൻഡിയെ വശീകരിച്ച് ബന്ധപ്പെടുന്നുമുണ്ട്. പ്രേക്ഷകരുടെ റേറ്റിംഗ് കിട്ടാൻ മീഡിയ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വ്യതിചലിച്ച് തരംതാഴുന്നതിനെ ആദം മക്കേ സിനിമയിൽ നന്നായി പരിഹസിക്കുന്നു.

ആദ്യം അവഗണിച്ചെങ്കിലും തന്റെ പേരിലുയരുന്ന ലൈംഗിക അപവാദത്തിന്റെ ശ്രദ്ധതിരിക്കാൻ പ്രസിഡന്റ് വാൽനക്ഷത്ര വിവാദം ഏറ്റെടുക്കുന്നു. ഭൂമിയിൽ പതിക്കുന്നതിനുമുമ്പ് വാൽനക്ഷത്രത്തെ തകർക്കാൻ പദ്ധതി തയ്യാറാക്കുന്നു. എന്നാൽ ലോകത്തിലെ അതിസമ്പന്നനും ബാഷ് കമ്പനിയുടെ സി.ഇ.ഒയുമായ പീറ്റർ ഇഷർവെല്ലിന്റെ രംഗപ്രവേശത്തോടെ ആ ദൗത്യത്തിൽ നിന്ന് പ്രസിഡന്റ് പാതിവഴിക്ക് പിന്മാറുകയും ബാഷിന് വാൽനക്ഷത്രത്തെ നേരിടാനുള്ള കരാർ നല്കുകയുമാണ്. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള പദ്ധതികളുമായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളിൽ തലയിടുന്ന സ്വകാര്യ കമ്പനികളെ സംവിധായകൻ വിമർശിക്കുകയാണ്. പീറ്റർ ഇഷർവെൽ ഇലോൺ മസ്ക്കിനെയാണ് അനുകരിക്കുന്നതെന്ന് വ്യക്തമാണ്. ബാഷുമായിട്ടുള്ള പ്രസിഡന്റിന്റെ പദ്ധതിക്കെതിരെ പ്രൊഫ.മിൻഡിയും ഡിബിയാസ്ക്കിയും ടെഡ്‌‌ഡിയും ചേർന്ന് ' ജസ്റ്റ് ലുക്ക് അപ്പ് ' എന്ന കാമ്പയിൻ തുടങ്ങുമ്പോൾ അതിനെതിരെ പ്രസിഡന്റ് ' ഡോണ്ട് ലുക്ക് അപ്പ് ' കാമ്പയിനും നടത്തുന്നു.

ഒടുവിൽ വാൽനക്ഷത്രം പതിക്കുകയും ഭൂമി നശിക്കുകയുമാണ്. പ്രസിഡന്റടക്കം ബാഷിൽ ബുക്ക് ചെയ്ത സമ്പന്നരെ അന്യഗൃഹത്തിലേക്ക് പീറ്റർ കൊണ്ടുപോകുന്നു. അവിടെക്കണ്ട അന്യഗൃഹജീവി ആദ്യം തന്നെ അമേരിക്കൻ പ്രസിഡന്റിനെ പിടിച്ചുതിന്നുകയാണ്. ചൊവ്വയെ വാസസ്ഥലമാക്കുമെന്ന ഇലോൺ മസ്ക്കിന്റെ ഉദ്യമത്തെയും സിനിമ പരോക്ഷമായി കളിയാക്കുന്നുണ്ട്. വാസ്തവത്തിൽ അമേരിക്ക ചെന്നെത്തിനില്‌ക്കുന്ന ധാർമ്മിക പതനത്തെ തുറന്നുകാട്ടാനാണ് ഡോണ്ട് ലുക്ക് അപ്പിൽ ആദം മക്കേ ശ്രമിക്കുന്നത്. അമേരിക്കയ്ക്ക് മാത്രമല്ല ടെക്നോളജിയെ ധനസമ്പാദനത്തിനു മാത്രമുള്ള ഉപാധിയായി കാണുന്നവർക്കെല്ലാം മുന്നറിയിപ്പുകൂടിയാണ് ഈ ചിത്രം.

ഇനി ഒരു വാൽനക്ഷത്രം എങ്ങാനും ഭൂമിയിലേക്ക് വന്നാലോ ? വരില്ലെന്ന് ഉറപ്പു പറയാനാകില്ലെന്നാണ് പ്രമുഖ ജ്യോതിശാസ്ത്ര നിരീക്ഷകനായ ഡോ.രാജഗോപാൽ കമ്മത്ത് പറയുന്നത്. ആറരലക്ഷം കോടി വർഷം മുമ്പ് വാൽനക്ഷത്രം പതിച്ചപ്പോഴാണ് ദിനോസറുകൾ വംശനാശം നേരിട്ടത്. പല വാൽനക്ഷത്രങ്ങളേയും ഭൂമിയിൽ കടക്കാതെ തടയുന്നത് വ്യാഴഗൃഹത്തിന്റെ ഗുരുത്വാകർഷണം മൂലമാണ്. വ്യാഴം പൊതുവെ നല്ല ദശയാണെന്ന് പറയുന്നത് വെറുതെയല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAALAM, DONT LOOK UP
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.