SignIn
Kerala Kaumudi Online
Thursday, 25 April 2024 11.07 AM IST

ഹൃദയം തൊട്ട അനുഭവങ്ങൾ

kk

ഹൃദയബന്ധം എന്നൊന്ന് ഉണ്ടോ ? ഉണ്ടെങ്കിൽ അതേറ്റവും കൂടുതൽ ഹൃദയചികിത്സാ വിദഗ്ദ്ധർക്കായിരിക്കില്ലേ ?

താൻ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്ത ഹൃദയങ്ങളുടെ ഉടമകളുമായിട്ടുണ്ടായ അടുപ്പത്തിന്റെ അനുഭവങ്ങൾ പുസ്തകത്തിലാക്കുകയാണ് രാജ്യം പദ്മശ്രീ നല്കി ആദരിച്ച പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ.ജി.വിജയരാഘവൻ. രാഷ്ട്രീയരംഗത്ത് നിന്നടക്കമുള്ള പതിനഞ്ചോളം പേരുമായിട്ടുള്ള ഹൃദയബന്ധത്തിന്റെ കഥകൾ കൊല്ലത്തെ സങ്കീർത്തനം പബ്ളിഷേഴ്സാണ് പ്രസിദ്ധീകരിക്കുക. സ്ക്രിപ്റ്റ് ഡോക്ടർ കൈമാറിക്കഴിഞ്ഞു.

കാലം 1973 . വെല്ലൂരിൽ നിന്ന് കാർഡിയോളജിയിൽ ഡി.എം.നേടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ.ജി.വിജയരാഘവൻ ജോലിയിൽ പ്രവേശിച്ചു . അധികനാളാകും മുമ്പ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഒരു അസൈൻമെന്റ് വന്നു. അതൊരു ദൗത്യമായിരുന്നു. " എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന ഒരു വി.ഐ.പി പേഷ്യന്റിന് അടിയന്തര ചികിത്സാ സൗകര്യം ഒരുക്കണം. അതായത് വി.ഐ.പി ചികിത്സയിൽ കഴിയുന്ന എറണാകുളത്തെ സ്വകാര്യ നഴ്സിംഗ് ഹോമിൽ ഇന്റൻസീവ് കെയർ സംവിധാനം സജ്ജമാക്കണം. അന്ന് കേരളത്തിൽ എങ്ങും ആ സംവിധാനം ഇല്ലായിരുന്നു. അങ്ങനെ ഡോ.വിജയരാഘവൻ എറണാകുളത്തെത്തി അതെല്ലാം ശരിയാക്കി. അതായിരുന്നു കേരളത്തിലെ ആദ്യത്തെ ഇന്റൻസീവ് കെയർ സംവിധാനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മെച്ചപ്പെട്ട ചികിത്സ നല്‌കാൻ നിർദ്ദേശിച്ച വി.ഐ.പി മറ്റാരുമായിരുന്നില്ല. സാക്ഷാൽ എ.കെ.ഗോപാലൻ എന്ന എ.കെ.ജിയായിരുന്നു. അന്ന് പാർലമെന്റിലെ പ്രതിപക്ഷനേതാവാണ് എ.കെ.ജി. എല്ലാ ദിവസവും ചികിത്സ സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിക്ക് അയയ്‌ക്കണമായിരുന്നു. താൻ ചികിത്സിച്ച ആദ്യ വി.ഐ.പി പെരുമാറ്റത്തിൽ വെറുമൊരു സാധാരണക്കാരനായിരുന്നെന്ന് ഡോ.വിജയരാഘവൻ ഓർക്കുന്നു. താൻ കണ്ട ഏറ്റവും നല്ല മനുഷ്യരിൽ ഒരാളായിരുന്നെന്ന് മാത്രമല്ല ഏറ്റവും സിംപിളായ വ്യക്തിയും എ.കെ.ജി ആയിരുന്നെന്നും അദ്ദേഹം പറയും. ഈ അനുഭവങ്ങളാണ് ഡോ.വിജയരാഘവൻ എഴുതുന്നത് . ഇ.എം.എസ് അടക്കമുള്ളവർ അതിൽ ഇടം നേടിയിട്ടുണ്ട്. ഇ.എം.എസുമായിട്ടുള്ള ബന്ധവും ഹൃദ്യമായിരുന്നു.

കൊല്ലം കുണ്ടറ പെരുമ്പുഴ സ്വദേശിയായ വിജയരാഘവന്റെ അച്ഛൻ സാഹിത്യശിരോമണി എം.കെ.ഗോവിന്ദൻ മലയാളം ലെക്സിക്കണിൽ സബ് എഡിറ്ററായിരുന്നു. എഴുത്തിനോടും വായനയോടുമുള്ള താത്‌പര്യം അങ്ങനെ വന്നതാണ്. അച്ഛൻ ഹൃദയസംബന്ധമായ അസുഖത്താലാണ് മരിച്ചത്. പഠിച്ചൊരു കാർഡിയോളജിസ്റ്റ് ആകണമെന്ന മോഹത്തിനു പിന്നിലെ കാരണമതായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 1964 ൽ എം.ബി.ബി.എസ് പാസായി. ജനറൽ മെഡിസിനിൽ എം.ഡിയും തുടർന്ന് ഡിഎമ്മും കരസ്ഥമാക്കിയാണ് വിജയരാഘവൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്യുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന കാർഡിയോളജിസ്റ്റുമാരിൽ പ്രമുഖനായ വിജയരാഘവൻ ഹൃദയ ചികിത്സയിൽ നല്കിയ സംഭാവനകൾ വളരെ വലുതാണ്.

ഈ അരനൂറ്റാണ്ട് കാലയളവിൽ ഹൃദയചികിത്സയിലുണ്ടായ വിപ്ളവകരമായ മാറ്റം എന്താണെന്ന് ചോദിച്ചാൽ ഡോക്ടറുടെ മറുപടി ആൻജിയോ പ്ളാസ്റ്റി എന്നാണ്. കടുത്ത നെഞ്ചുവേദന ഉണ്ടാകുന്നവരെ ആൻജിയോപ്ളാസ്റ്റി ചെയ്ത് സ്റ്റെന്റിട്ട് ആ വേദനയിൽ നിന്ന് മുക്തരാക്കുക. അതായിരുന്നു ഏറ്റവും വിപ്ളവകരമായ മാറ്റം. വിജയരാഘവൻ അമേരിക്കയിൽ ജോലി ചെയ്യുന്ന കാലത്താണ് ആൻജിയോപ്ളാസ്റ്റിയുടെ ഉദയം. ഹൃദയം മാറ്റിവയ്ക്കൽ ചികിത്സയും ഓപ്പൺഹാർട്ട് സർജറിയും നേരത്തെ വന്നുവെങ്കിലും വലിയ മാറ്റം സൃഷ്ടിച്ചത് ആൻജിയോപ്ളാസ്റ്റി തന്നെ. അതടക്കം ഒട്ടേറെ പുരോഗതി ഹൃദയചികിത്സയിൽ വരുന്നു. എന്നും വായിച്ചാലേ ക്ളാസെടുക്കാനും ചികിത്സിക്കാനും കഴിയൂ എന്നാണ് ഡോക്ടറുടെ അഭിപ്രായം .

കൊവിഡ് കാലത്ത് ഹൃദ്രോഗികളെന്നല്ല ഏല്ലാവരും വലിയ ശ്രദ്ധപുലർത്തണമെന്നാണ് ഡോ.വിജയരാഘവന്റെ ഉപദേശം. കൊവിഡ് ഹാർട്ട് അറ്റാക്ക് വരുത്തുന്നത് ചുരുക്കം പേർക്കാണെങ്കിലും കൊവിഡ് വരുന്നവരിൽ പലരിലും ഹൃദയപേശികളിൽ ബലക്ഷയം അനുഭവപ്പെടുന്ന കേസുകൾ കണ്ടുവരുന്നുണ്ട്. അങ്ങേയറ്റം സൂക്ഷ്മമായ ജാഗ്രത അനിവാര്യമാണ്. ജീവിതശൈലി ശ്രദ്ധിക്കണം. കൊഴുപ്പുകുറഞ്ഞ ഭക്ഷണം കഴിക്കുക. പുകവലി പൂർണമായും അവസാനിപ്പിക്കുക. മദ്യം പൂർണമായി വർജ്ജിക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക . കൃത്യമായി വ്യായാമം ചെയ്യുകയെന്നതും പ്രധാനമാണ് . ആരുടേയും സഹായം വേണ്ടാത്ത വ്യായാമം നടത്തമാണ്. ഡോക്ടർ എന്നും മൂന്നു കിലോമീറ്റർ നടക്കും. മുമ്പ് തിരുവനന്തപുരം മ്യൂസിയം വളപ്പിലായിരുന്നെങ്കിൽ ഇപ്പോൾ നടത്തം വീട്ടിൽത്തന്നെയാണ്.

മികച്ച വായനക്കാരനുമാണ് ഡോ.വിജയരാഘവൻ. വീട്ടിൽ വലിയ ലൈബ്രറിയുണ്ട്. ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ' ദി കിംഗ്സ് ഓഫ് ഇന്ത്യ' യാണ്. റോമില ഥാപ്പർ‌, വില്യം ഡാർലിംപിൾ തുടങ്ങി പത്തുപേരുടെ ലേഖനങ്ങളാണ് ഉള്ളടക്കം. ആത്മകഥ കുറെഭാഗങ്ങൾ എഴുതിവച്ചിട്ടുണ്ട്. പൂർത്തിയായിട്ടില്ല.

വി.ഐ.പികളാണോ സാധാരണക്കാരാണോ ഡോക്ടർമാരുടെ നിർദ്ദേശം അനുസരിക്കുന്നതെന്ന ചോദ്യത്തിന് രോഗം വന്നാൽ ഭൂരിപക്ഷം പേരും ഡോക്ടറുടെ നിർദ്ദേശം പാലിക്കുമെന്നതാണ് തന്റെ അനുഭവമെന്ന് വിജയരാഘവൻ സാക്ഷ്യപ്പെടുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAALAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.