SignIn
Kerala Kaumudi Online
Thursday, 25 April 2024 5.04 AM IST

അരങ്ങിലെ അഴകിന് ശതാഭിഷേകം

kalamandalam-gopi

കേരളത്തിലെ ഏറ്റവും സൗന്ദര്യത്തികവുള്ള കാഴ്ചകളിലൊന്ന് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാന്റെ പച്ചവേഷമാണെന്ന് പറഞ്ഞത് ആർട്ടിസ്റ്റ് നമ്പൂതിരിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ ഗോപിയാശാനാണെന്ന് പറഞ്ഞതാകട്ടെ വിഖ്യാത നർത്തകി സോണൽ മാൻസിംഗും. കലാമണ്ഡലം ഗോപി എന്ന വിസ്മയത്തിന് , അരങ്ങിലെ അഴകിന് മേയ് 21 ന് 84 വയസാകുന്നു. ശതാഭിഷേകമാണ്.

" ആഘോഷങ്ങളൊന്നുമില്ല.വീട്ടിൽത്തന്നെ...കൊവിഡ് കാലമല്ലേ. കഴിഞ്ഞ ഒന്നരവർഷമായി കളിയരങ്ങിൽ കേറിയിട്ടില്ല . എന്റെ ഓർമ്മയിൽ പേമാരിയൊക്കെ കണ്ടിട്ടുള്ളതല്ലാതെ ഇത്രയും ഭയാനകമായ ഒരു കാലവുമുണ്ടായിട്ടില്ല. വേഗം ഇതുമാറി ജനങ്ങൾക്ക് മനസമാധാനത്തോടെ ജീവിക്കാവുന്ന സാഹചര്യം വരട്ടേയെന്നാണ് ഇപ്പോഴത്തെ ഏക പ്രാർത്ഥന." കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചപ്പോൾ ഗോപിയാശാൻ പറഞ്ഞു. അരങ്ങിലേക്ക് എന്നുവരാനാകുമെന്ന ചോദ്യത്തിനുള്ള മറുപടി.

" ഇതൊക്കെ മാറട്ടെ അപ്പോൾ ആരോഗ്യമുണ്ടെങ്കിൽ അവസരമുണ്ടെങ്കിൽ പരിപാടികൾക്ക് പങ്കെടുക്കണം. അത്രയേയുള്ളൂ. "എന്നായിരുന്നു.

കോതച്ചിറ ഗോവിന്ദൻ എന്ന ഗോപി കലാകാരനാകാൻ ജനിച്ച വ്യക്തിയാണ്. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയിൽ സൂപ്പർസ്റ്റാർ ഗോപിയാശാൻ തന്നെ. കഥകളിയിലെ പ്രഗത്ഭരായ മുൻ തലമുറയെ വിസ്മരിച്ചിട്ടല്ല ഇതു പറയുന്നത്. എന്നാൽ ഗോപിയാശാൻ ആദ്യം അഭ്യസിച്ചത് കഥകളിയായിരുന്നില്ല. തുള്ളൽ ആയിരുന്നു. എട്ടാമത്തെ വയസിൽ പരമേശ്വരൻ നമ്പീശനാണ് തുള്ളൽ പഠിപ്പിച്ചത്. രണ്ടുവർഷം പഠിക്കുകയും അരങ്ങിൽ തുള്ളൽ അവതരിപ്പിക്കുകയും ചെയ്തു. അവിടെ പരിശീലിപ്പിക്കൽ നിറുത്തിയപ്പോൾ ഗുരുനാഥൻ ഗോപിയാശാന്റെ അച്ഛനോട് നിർദ്ദേശിച്ചു.

" ഇവന്റെ മുഖം നല്ലതാണ് . ഏതെങ്കിലും കലാരൂപം പഠിപ്പിക്കണമെന്ന് ".അങ്ങനെ കൂടല്ലൂർ മനയ്ക്കൽ കഥകളി പഠനത്തിന് ചേർക്കുകയായിരുന്നു. തേക്കുംകാട്ടിൽ രാവുണ്ണിനായരാശാനായിരുന്നു കഥകളിയിലെ ആദ്യ ഗുരു. പഠനത്തിലെ ശിക്ഷണ നടപടികളിൽ മനംനൊന്ത് ഗോപിയാശാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അരങ്ങിന്റെ ആവേശമായി മാറുകയായിരുന്നു.

കലാമണ്ഡലത്തിൽ വച്ച് മഹാകവി വള്ളത്തോളിന്റെ വാത്സല്യം ആവോളം ലഭിച്ചു. മുത്തച്ഛൻ എന്നാണ് ഗോപിയാശാൻ വള്ളത്തോളിനെ വിളിച്ചിരുന്നത്. അതേക്കുറിച്ച് ഗോപിയാശാൻ തന്നെ പറഞ്ഞിട്ടുണ്ട്. കലാമണ്ഡലത്തിൽ ചേരുമ്പോൾ മഹാകവിയെ വീട്ടിൽപ്പോയി കണ്ടു. പ്രവേശനം നൽകും മുമ്പ് വിദ്യാർത്ഥികളെക്കൊണ്ട് വേഷംകെട്ടിച്ചു നോക്കുന്ന പതിവുണ്ട്. ഗോപിയാശാനെ കണ്ടപ്പോൾ ഇവനെ വേഷം കെട്ടിച്ചു നോക്കുകയൊന്നും വേണ്ട. എടുത്തുകൊള്ളൂ എന്നായിരുന്നു വള്ളത്തോൾ നിർദ്ദേശിച്ചത്.

"എന്താണ് ആശാന്റെ പച്ചവേഷത്തിന്റെ വിജയരഹസ്യം?"

" രഹസ്യമൊന്നുമില്ല. പച്ചയ്ക്ക് സ്വതവേ സൗന്ദര്യമുണ്ട്. പച്ച തേക്കുമ്പോൾ എന്റെ മുഖത്ത് സൗന്ദര്യം കൂടുന്നുവെന്ന് ആസ്വാദകർ പറയുന്നു. ഞാൻ അതിൽ അഭിമാനം കൊള്ളുന്നു. സന്തോഷിക്കുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ , പ്രയാസം കൂടാതെ അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുമെന്നതാണ് പച്ചവേഷത്തിന് പ്രത്യേകിച്ചുള്ള ഗുണം. അഭിനയം പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരമായ കാര്യമാണ്. പിന്നെ സ്വതവേ വിജയിക്കണമെന്ന ഒരു വാശി എല്ലാ കലാകരൻമാർക്കും വേണം. എനിക്കതുണ്ട്. അനാവശ്യ വാശിയല്ല. ആവശ്യത്തിനുള്ള വാശി." -ഇതായിരുന്നു ഗോപിയാശാന്റെ മറുപടി.

കലാമണ്ഡലത്തിൽ രാമൻകുട്ടിനായരാശാനും പദ്മനാഭൻ നായരാശാനും ഗുരുക്കന്മാരായിരുന്നെങ്കിലും പദ്മനാഭൻനായരാശാനോട് അല്‌പം ഇഷ്ടം കൂടിയിരുന്നു. കല്ലുവഴിച്ചിട്ടയിലെ കോട്ടയം കഥകൾ ചൊല്ലിയാടി ഉറപ്പിച്ചുതന്നത് പദ്മനാഭൻ നായരാശാനായിരുന്നു എന്ന് ഗോപിയാശാൻ പറഞ്ഞിട്ടുണ്ട്. കഥകളിയിലെ എക്കാലത്തെയും ഇതിഹാസ നടനായ കലാമണ്ഡലം കൃഷ്ണൻനായർ ഗുരുവായിരുന്നില്ലെങ്കിലും ഗുരുതുല്യനായിട്ടാണ് ഗോപിയാശാൻ കണ്ടത്. അദ്ദേഹത്തിന്റെ വേഷഭംഗിയും അഭിനയവും ഭ്രമിപ്പിച്ചിട്ടുണ്ട്. അരങ്ങിൽ ഒരുമിച്ച് ഒട്ടേറെ വേഷം ചെയ്തിട്ടുമുണ്ട്.

കഥകളി അരങ്ങിൽ നിന്ന് ലഭിക്കുന്ന സന്തോഷം ആസ്വാദകർ നൽകുന്ന പ്രോത്സാഹനമാണെന്നാണ് ഗോപിയാശാന്റെ നിലപാട്. " നമ്മൾ പ്രവൃത്തിയെടുക്കുന്നത്, സ്വയം നന്നായി എന്നു തീരുമാനിക്കാനും , സ്വയം അഭിമാനിക്കാനുമല്ല. ആസ്വാദകരുടെ ആസ്വാദനശേഷി എങ്ങനെയുണ്ടെന്ന് അറിയണമെങ്കിൽ അവരുടെ പ്രതികരണം കിട്ടണം. അതു കിട്ടുമ്പോൾ മാനസികമായ സന്തോഷം തോന്നും. ആസ്വാദകർക്ക് ആസ്വദിക്കാൻ പറ്റുന്ന വിധത്തിലായിരിക്കണം നമ്മുടെ അവതരണം. അപാകതകൾ വന്നാൽ സ്നേഹസമ്പന്നരായ ആസ്വാദകർ അത് എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഞാനത് തിരുത്തിയിട്ടുമുണ്ട്. ഒരു കലാകാരൻ എപ്പോഴും ആസ്വാദകനെയാണ് മുന്നിൽ കാണേണ്ടത്. കഥകൾ പഠിച്ചിട്ടോ , മുദ്രകൾ പഠിച്ചിട്ടോ, പുരാണങ്ങൾ മനസിലാക്കിയിട്ടോ ആയിരിക്കില്ല എല്ലാ ആസ്വാദകരും വന്നിരിക്കുന്നത്. അങ്ങനെയുള്ളവരെയും ആസ്വദിപ്പിക്കാൻ കഴിയണം."

നാടകത്തിലും സിനിമയിലും ഗോപിയാശാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ കഥകളി വിട്ടൊരു കാര്യമില്ല. കഥകളി അഭ്യസിക്കുന്നവർക്കു മുന്നിൽ തുടർന്നുള്ള കലാജീവിതം ഇന്നുമൊരു ചോദ്യചിഹ്നമാണെന്നതാണ് ഗോപിയാശാനെ വിഷമിപ്പിക്കുന്ന ഒരു കാര്യം. മണിക്കൂറുകൾ അരങ്ങിലാടിയാലും പൊതുവേ ലഭിക്കുന്ന പ്രതിഫലത്തിൽ വലിയ മെച്ചമൊന്നുമുണ്ടായിട്ടില്ല. നമ്മുടെ തനത് കലാരൂപമായ കഥകളിയെ സ്കൂൾ പാഠ്യവിഷയമാക്കണമെന്നാണ് ആശാൻ പറയുന്നത്. അതിന് മുൻകൈയെടുക്കേണ്ടത് സർക്കാരാണ്. അപ്പോൾ കുട്ടികൾ ഇതു മനസിലാക്കുമെന്ന് മാത്രമല്ല, പഠിച്ചിറങ്ങിയവർക്ക് തൊഴിലവസരവും ലഭിക്കും.

" തിരിഞ്ഞു നോക്കുമ്പോൾ എന്റെ കുട്ടിക്കാലമാണ് ഞാൻ ആലോചിക്കുന്നത്. ഇങ്ങനെയൊക്കെ ആകുമെന്ന് അന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. 2009 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. കലാകാരനെന്ന നിലയിൽ തികഞ്ഞ അഭിമാനവും സംതൃപ്തിയുമുണ്ട്." ഗോപിയാശാൻ പറയുന്നു...

ഗോപിയാശാന് ദീർഘായുസും ആയുരാരോഗ്യ സൗഖ്യവും ആശംസിച്ചപ്പോൾ പ്രതികരണം ഇങ്ങനെയായിരുന്നു." ആയുസ് ദീർഘമായി വേണ്ട. ആരോഗ്യം അവസാനം വരെ നന്നായി ഉണ്ടായാൽ മാത്രം മതി. "

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM, KALAMANDALAM GOPI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.