SignIn
Kerala Kaumudi Online
Thursday, 25 April 2024 3.47 PM IST

പ്രാണവായുവിനായി ലോകം പായുമ്പോൾ

oxi

ജലത്തിനു വേണ്ടിയുള്ള യുദ്ധമാണ് ആധുനികലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നായിരുന്നു ശാസ്ത്രലോകം പറഞ്ഞുപോന്നിരുന്നത്. പ്രാണവായുവിനു വേണ്ടിയുള്ള യുദ്ധമായി ഇത്രവേഗം അത് പരിണമിക്കുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല. കൊവിഡ് മഹാമാരി പല രൂപഭാവങ്ങളിൽ സംഹാരതാണ്ഡവം തുടങ്ങിയതോടെ ശാസ്ത്രലോകവും മനുഷ്യജീവിതവും ആകെ തകിടം മറിയുകയാണ്.

ഭക്ഷണമില്ലാതെ നമുക്ക് അല്പകാലം ജീവിക്കാൻ കഴിയും. പക്ഷേ, ഓക്സിജനില്ലാതെ ഒരു ജീവിക്കും പിടിച്ചുനിൽക്കാനാവില്ല. പ്രായപൂർത്തിയായ ഒരാൾ ഒരു മിനിട്ടിൽ 12 മുതൽ 16 തവണ വരെ ശ്വാസോച്ഛ്വാസം ചെയ്യുന്നു. ഊണിലും ഉറക്കത്തിലും അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അതിന് സാധിക്കാതെ വരുമ്പോഴാണ് കൃത്രിമശ്വാസം നൽകേണ്ടിവരുന്നത്. ഓക്‌സിജന്റെ ആവശ്യകത ക്രമതീതമായി പെരുകിയതാണ് ഇന്ന് ഇന്ത്യയും മറ്റ് രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി. ഈ വെല്ലുവിളിയെ നേരിടാനുള്ള സന്നാഹങ്ങളൊരുക്കുകയാണ് നമ്മുടെ രാജ്യവും. എന്നിട്ടും ഓക്സിജൻ പ്രതിസന്ധിമൂലം ഇന്ത്യയുടെ തലസ്ഥാനത്തുൾപ്പെടെ ഇതിനകം 57 പേർ പിടഞ്ഞു മരിച്ചു. ഡൽഹിയാകെ ശ്വാസം മുട്ടുന്ന നില തന്നെയുണ്ടായി. ഇത്രയും വ്യാപകമായ ഒരു മഹാമാരിയെ ലോകജനത ഇതിനു മുമ്പ് അഭിമുഖീകരിച്ചിട്ടില്ല. വൈദ്യശാസ്ത്രമുൾപ്പെടെ ശാസ്ത്രരംഗത്ത് കൈവരിച്ച വിസ്മയം മങ്ങാത്ത നേട്ടങ്ങളാണ് അതിനെ ചെറുക്കാൻ ലോകജനതയ്ക്ക് കരുത്തായത്. എന്നിട്ടും കൈപ്പിടിയിലൊതുങ്ങാതെ പലമുനകളുള്ള പ്രഹരവേഗത്തിൽ പായുകയാണ് കൊവിഡ് വൈറസ്.

'വെള്ളം വെള്ളം സർവത്ര,​ തുള്ളി കുടിക്കാൻ ഇല്ലത്രെ' എന്നു പറയുമ്പോലെയാണ് ഓക്സിജന്റെയും നില .

പ്രപഞ്ചത്തിലേറ്റവും കൂടുതലുള്ള മൂന്നാമത്തെ മൂലകമാണ് ഓക്സിജൻ. ഹൈഡ്രജനും ഹീലിയവുമാണ് അതിനു മുന്നിലുള്ളത്. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ളതും ഓക്സിജനാണ്. ഭൂവൽക്കത്തിന്റെ ആകെ ഭാരത്തിന്റെ 46.6 ശതമാനമുണ്ട് ഓക്സിജൻ. ഭൂമിയുടെ ആകെ ഭാരമെടുത്താൽ അതിൽ 28 ശതമാനം ഓക്സിജനാണ്. സമുദ്രജലത്തിന്റെ 86 ശതമാനം ഭാരവും ഓക്സിജനാണെന്നു കാണാം. അന്തരീക്ഷവായുവിൽ ഇതിന്റെ സ്ഥാനം രണ്ടാമതാണ് -20.95ശതമാനം. നൈട്രജനാണ് മുന്നിൽ. ലഭ്യത ഇത്രയും വിശാലമായിരിക്കെയാണ് പ്രണവായു കിട്ടാതെ മനുഷ്യർ പിടഞ്ഞുമരിക്കുന്നത്. മറ്റു മൂലകങ്ങളുമായി ചേർന്ന് സംയുക്ത രൂപത്തിലോ ഒന്നിലധികം തന്മാത്രകൾ ചേർന്നോ ആണ് ഓക്സിജൻ കാണപ്പെടുന്നത്. വളരെ ചെറിയ അളവിൽ ഓക്സിജൻ ജലത്തിൽ ലയിക്കുന്നുണ്ട്. ജലത്തിൽ ലയിച്ചു ചേർന്ന ഓക്സിജനാണ് ജലജീവികളുടെ ജീവന് ആധാരം.

ആധുനിക രസതന്ത്രത്തിന്റെ പിതാവ് ‘എന്നറിയപ്പെടുന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനായ ആന്റോയ്ൻ ലാവോസിയെ (Antoine Lavoisier) ആണ് 1777 ൽ ഓക്സിജന് ആ പേര് നൽകിയത്. ആദ്യമായി ഓക്സിജൻ വേർതിരിച്ചെടുത്തത് മൈക്കിൾ സെൻടിവോജിയൂസ് (Michel Sendivogius) എന്ന പോളിഷ് രസതന്ത്രജ്ഞനാണ്-1604 ൽ. എന്നാൽ, ഓക്സിജൻ കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ശാസ്ത്രലോകം പൊതുവേ നൽകുന്ന ഉത്തരം ജോസഫ് പ്രീസ്റ്റ്ലി (Joseph Priestley) എന്നാണ്. തന്റെ ഗവേഷണ ഫലങ്ങൾ ആദ്യം പ്രസിദ്ധീകരിക്കുക വഴി ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പ്രീസ്റ്റ്ലി ആ അംഗീകാരം നേടിയെടുക്കുകയായിരുന്നു. 1773 ൽ കാൾ വില്യം ഷീലെ (Carl Wilhelm Scheele) എന്ന ജർമ്മൻ ശാസ്ത്രജ്ഞനും തന്റെ സ്വതന്ത്ര ഗവേഷണങ്ങൾ വഴി ഓക്സിജൻ കണ്ടെത്തിയിരുന്നു.

മെർക്കുറിയുടെ ഓക്സൈഡിനെ സൂര്യപ്രകാശംകൊണ്ട് ജോസഫ് പ്രീസ്റ്റ്ലി ചൂടാക്കിയപ്പോഴാണ് ഓക്സിജൻ വേർതിരിഞ്ഞു വന്നത്. തീ കത്താൻ സഹായിക്കുന്ന ഈ വാതകം ശ്വസിക്കുമ്പോൾ നവോന്മേഷം കിട്ടുമെന്നും പ്രീസ്റ്റ്ലി കണ്ടെത്തി. ഡിഫ്ളോജിസ്റ്റിക്കേറ്റഡ് എയർ (Dephlogisticated air) എന്നാണ് പ്രീസ്റ്റ്ലി ഇതിനു പേരിട്ടിരുന്നത്. അമ്ലം അഥവാ മൂർച്ചയേറിയത് എന്ന് ഗ്രീക്കു ഭാഷയിൽ അർത്ഥമുള്ള ഓക്സിസ്(oxys) ഉം ജനകം എന്നർത്ഥമുള്ള ജനസും (genes) ചേർത്താണ് ഓക്സിജൻ എന്ന പേരിന് ആന്റോയ്ൻ ലാവോസിയെ രൂപം നൽകിയത്. എല്ലാ അമ്ലത്തിലും ഓക്സിജൻ ഉണ്ടെന്ന തെറ്റിദ്ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു.

ചികിത്സാ ആവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും അന്തരീക്ഷത്തിൽ നിന്നാണ്‌ മുഖ്യമായും ഓക്സിജൻ വേർതിരിച്ചെടുക്കുന്നത്. അന്തരീക്ഷ വായുവിന്റെ 99 ശതമാനവും ഓക്സിജനും നൈട്രജനും ചേർന്നതാണ്. 21ശതമാനം ഓക്സിജനും 78ശതമാനം നൈട്രജനും. ആംശിക സ്വേദനത്തിലൂടെയാണ് പ്രധാനമായും ഓക്സിജനെ വേർതിരിക്കുന്നത്. അതിമർദ്ദത്തിൽ വായുവിനെ ദ്രവരൂപത്തിലാക്കുന്ന പ്രക്രിയയാണിത്. ഒരു പ്രത്യേക മർദ്ദത്തിൽ ഓക്സിജൻ ദ്രാവകാവസ്ഥയിൽ എത്തുകയും നൈട്രജൻ വാതകാവസ്ഥയിൽ തുടരുകയും ചെയ്യുന്നു. ഇതിൽനിന്ന് ദ്രാവക ഓക്സിജനെ വേർതിരിച്ചെടുക്കുന്നു. ദ്രാവകാവസ്ഥയിലായ ഓക്സിജനെ വലിയ ടാങ്കറുകളിലും സിലിൻഡറുകളിലുമായി സൂക്ഷിക്കുന്നു. 840 ലിറ്റർ ഓക്സിജൻ ദ്രാവകരൂപത്തിലാകുമ്പോൾ അത് ഒരു ലിറ്ററായി ചുരുങ്ങും.

6,900 മെട്രിക് ടൺ ഓക്സിജനാണ് രാജ്യത്തെ പ്രതിദിന ഉത്പാദനം. അതിൽ 6000 മെട്രിക് ടൺ ഓക്സിജനോളം വ്യാവസായിക ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്. കൊവിഡിനു മുൻപ് മെഡിക്കൽ ആവശ്യങ്ങൾക്ക് 1000 മെട്രിക് ടൺ ഓക്സിജൻ വരെ മതിയായിരുന്നു. ഇപ്പോൾ അത് 3000 മെട്രിക് ടൺ ആയി ഉയർന്നു. എന്നാൽ,​ കേരളത്തിലെ നില ഇപ്പോഴും ഭദ്രമാണ്. കഴിഞ്ഞ ദിവസങ്ങളിൽ 95 ടൺ ഓക്സിജനാണ് സംസ്ഥാനത്ത് മെഡിക്കൽ ആവശ്യത്തിനായി വേണ്ടിവന്നത്. ഏപ്രിൽ കഴിയുന്നതോടെ അത് 104 ടൺ ആയി ഉയരുമെന്നാണ് ഓക്‌സിജൻ വിതരണത്തിന്റെ മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ പെസോ കണക്കാക്കുന്നത്. ദിവസേന 219 ടണ്ണിലേറെ ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. തമിഴ്‌നാടിന് 90 ടണ്ണും കർണാടകത്തിന് 40 ടണ്ണും കേരളം നൽകുന്നുമുണ്ട്. സംസ്ഥാനത്തെ 23 ഓക്‌സിജൻ നിറയ്ക്കൽ കേന്ദ്രങ്ങളിൽ 11 എണ്ണത്തിൽ മാത്രമാണ് എയർ സെപ്പറേഷൻ യൂണിറ്റുള്ളത്. ബാക്കിയുള്ളവയിൽ ലിക്വിഡ് ഓക്‌സിജൻ കൊണ്ടുവന്ന് നിറയ്ക്കുകയാണ്. കേരളത്തിന്റെ നില ഇപ്പോൾ ഇങ്ങനെ ഭദ്രമാണെങ്കിലും പിടിയിലൊതുങ്ങാതെ വ്യാപിക്കുന്ന കൊറണ വൈറസ് എന്താവും വരുത്തിവയ്ക്കുക എന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണുള്ളത്. സിലിണ്ടറുകളിൽ എത്തുന്ന പ്രാണവായുവിനായി ഭരണകൂടവും ജനങ്ങളും ഒരുമിച്ച് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയുമാണ് ഇപ്പോൾ കരണീയമായുള്ളത്. അതിനായി വായുഭഗവാൻ പ്രസാദം ചൊരിയട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.