SignIn
Kerala Kaumudi Online
Thursday, 18 April 2024 7.02 PM IST

ഇവർ തുറന്നത്,​ ശരീരതന്ത്ര ചാനൽ

photo

വേദനയാണ് ഏറ്റവും വലിയ ദുരന്തം. അതുതന്നെയാണ് ഏറ്റവും ക്രൂരമായ രോഗവും. വേദന അനുഭവപ്പെടുന്നതു കൊണ്ടാണ് പല രോഗങ്ങളും കണ്ടെത്താൻ ഇടയാകുന്നത് എന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾത്തന്നെ അതുണ്ടാക്കുന്ന പീഡ മരണത്തിനപ്പുറമുള്ള പ്രയാസമാണ് സൃഷ്ടിക്കുന്നത്. കഠിനവേദനയ്ക്ക് പരിഹാരമായി കൃത്യമായ ഒരു മരുന്നും നിലവിലില്ല. രോഗിയെ ഉറക്കാനുള്ള മരുന്ന് നൽകുകയാണ് പലപ്പോഴും ചെയ്തുപോരുന്നത്. മരണംവരെ നീണ്ടുനില്‌ക്കുന്ന ക്രോണിക് പെയിനുമുണ്ട്. കാൻസർ,​ പ്രമേഹം തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വേദന ഇതിൽപ്പെടും. അളവും ആഴവും പരപ്പും തിരിയാത്ത ഈ വേദനയ്ക്കുൾപ്പെടെ ആതുരചികിത്സാരംഗത്ത് വിസ്മയാവഹമായ സാദ്ധ്യതകൾക്ക് വഴിതുറക്കുന്നതാണ് ഈ വർഷത്തെ നോബൽ പ്രൈസിന് അർഹമായ കണ്ടെത്തലുകൾ. 'വിട്ടുമാറാത്ത വേദനയെ എങ്ങനെ ചികിത്സിക്കാം? എന്തെല്ലാം മരുന്നുകൾ നൽകാം? രോഗിയോട് എന്ത് സമീപനമാണ് സ്വീകരിക്കാനാവുക? എന്നിവ സംബന്ധിച്ച് കൃത്യമായ ഉൾക്കാഴ്ച നൽകാൻ പര്യാപ്തമാകുന്നതാവും തങ്ങളുടെ പഠനവും പരീക്ഷണങ്ങളുമെന്ന് 2017ൽ ഒരു യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഡേവിഡ് ജൂലിയസ് പറഞ്ഞിരുന്നു. വൈദ്യശാസ്ത്ര നോബൽ പ്രൈസ് സ്വന്തമാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ്‌ ജൂലിയസിന്റെയും (David Julius) ആർഡം പാറ്റപുഷ്യന്റെയും (Ardem Patapoutian) കണ്ടെത്തൽ ഈ വാക്കുകളെ സഫലമാക്കുന്നതാണ്. ചൂട്, സ്പർശം,വേദന തുടങ്ങിയവ ശാരീരിക അനുഭവമാക്കുന്നതിനു പിന്നിലുള്ള പ്രവർത്തനം (the mechanisms behind sensitivity) എന്താണെന്നാണ്‌ രണ്ടു വഴികളിലൂടെ ഇരുവരും അന്വേഷിച്ചത്. 30 വർഷത്തോളം നീണ്ടുനിന്ന കഠിനപരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമാണിതെന്ന് മറക്കാതിരിക്കാം. താപം തിരിച്ചറിയുന്നത് TRPV1 എന്ന ഗ്രാഹികളും(recepters) തണുപ്പ് തിരിച്ചറിയുന്നത് TRPM8 എന്ന ഗ്രാഹികളും വഴിയാണെന്നും ഇവർ കണ്ടെത്തി.

എരിവിനെ മുൻനിറുത്തിയായിരുന്നു ഡോ. ഡേവിഡ് ജൂലിയസിന്റെ പഠനം. മുളക് കഴിക്കുമ്പോഴും അത് തൊലിപ്പുറത്ത് പുരളുമ്പോഴും എരിയുന്നതെന്തുകൊണ്ട്? അതിലടങ്ങിയിരിക്കുന്ന കാപ്സൈസിൻ എന്ന ജൈവരാസവസ്തുവാണ് കാരണം എന്ന് അറിയാമെങ്കിലും അത് അനുഭവേദ്യമാകുന്നതിനു പിന്നിലുള്ള പ്രവർത്തനം എന്തെന്നത് അജ്ഞാതമായിരുന്നു. ജൈവിക പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രകൃതിദത്ത ഉത്പന്നങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നു കൂടി ചിന്തിച്ച ജൂലിയസ്,​ ചർമ്മത്തിന്റെ സംവേദനക്ഷമത മനസിലാക്കാൻ മുളകിനെ എരിവുള്ളതാക്കുന്ന കാപ്സൈസിൻ തന്മാത്രകൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

പാറ്റപുഷ്യൻ സഞ്ചരിച്ചത് സംവേദനത്തിന്റെ യാന്ത്രികമാർഗത്തിലേക്കാണ്. സ്പർശത്തിന്റെ അനുഭൂതിക്കു കാരണമാകുന്ന പി.ഐ.ഇസെഡ്.ഒ1,​ പി.ഐ.ഇസെഡ്.ഒ2 എന്നീ​ അയോൺ ചാനലുകളെയും അദ്ദേഹം കണ്ടെത്തി. അതിനു മുൻപാണ് ജൂലിയസുമായി ചേർന്ന് പാറ്റപുഷ്യൻ നടത്തിയ പരീക്ഷണത്തിൽ തണുപ്പിനെ ഗ്രഹിക്കാൻ ഇടയാക്കുന്ന ടി.ആർ.പി.എം 8 എന്ന ഗ്രാഹികയെ കണ്ടെത്തിയത്.

ചർമ്മത്തിലേല്‌ക്കുന്ന ചൂട്, തണുപ്പ്, സ്പർശം എന്നിവയെ നാഡീവ്യൂഹം എങ്ങനെ തിരച്ചറിയുന്നു. മനുഷ്യബന്ധങ്ങളെ ചടുലമാക്കുന്ന ആ അനുഭൂതി ഉളവാകാൻ സഹായിക്കുന്ന സംവിധാനമെന്താണ് എന്നിവ ജീവശാസ്ത്രത്തിലെ ഏറ്റവും ഗഹനമായ ചോദ്യങ്ങളായിരുന്നു. അതിനുള്ള ഉത്തരത്തിലേക്കാണ് ഇരുവരും യാത്ര ചെയ്തത്. ഫലവത്തായ ഈ അന്വേഷണത്തിൽ അയോൺ ചാനലുകളായി പ്രവർത്തിക്കുന്ന പ്രോട്ടീനുകളെ കണ്ടെത്താനായതും വലിയ നേട്ടമായി.

ഓരോ ജീനും ഓരോ പ്രോട്ടീനെയാണ് കോഡ് ചെയ്യുന്നത്. ചൂടിനെയും തണുപ്പിനെയും തിരിച്ചറിയുന്ന ചാനൽ പ്രോട്ടീൻ കണ്ടെത്തിയതോടെ അതുമായി ബന്ധപ്പെട്ടു നില്‌ക്കുന്ന വേദനയ്ക്ക് മെഡിസിൻ കണ്ടെത്താനുള്ള വഴികൂടിയാണ് തെളിഞ്ഞത്. മുളക് കഴിക്കുമ്പോൾ എരിവു മാത്രമല്ല ചൂടും അനുഭവപ്പെടും. ആ ചൂടാണ് റിസപ്റ്ററിലൂടെ നമ്മൾ അറിയുന്നത്. മുളകിലെ കാപ്സൈസിൻ ആണ് ചൂടിന്റെ റിസപ്റ്ററുകൾ കണ്ടെത്താൻ സഹായിച്ചത്. ചൂടിന്റെയും തണുപ്പിന്റെയും മർദ്ദത്തിന്റെയും ഗ്രാഹിക കണ്ടെത്തിയതിലൂടെ ചികിത്സാരംഗത്തു മാത്രമല്ല ബഹിരാകാശ സഞ്ചാരത്തിലും വലിയ മെച്ചമാണ് സംജാതമാകുന്നത്. ആകാശസഞ്ചാരികളുടെ സുരക്ഷയ്ക്ക് ആവശ്യമായ കൂടുതൽ മുൻകരുതലുകൾ ഒരുക്കാൻ ഈ കണ്ടെത്തൽ വഴിതെളിക്കും.

ചൂടിനെയും തണുപ്പിനെയും വെയിലിനെയും മഴയെയും അളക്കാൻ കഴിയുന്നതുപോലെ വേദനയെ അളക്കാൻ കഴിയില്ല. മണം, രുചി എന്നിവയെയും അളക്കാൻ കഴിയില്ല. സ്പ‌ർശത്തെ അളക്കാനുള്ള വിദ്യയുമില്ല. ഇവയുടെ സംവേദന സംവിധാനത്തെ (sensory systems)​ ജൂലിയസും പാറ്റപുഷ്യനും ചേർന്ന് കണ്ടെത്തിയതോടെ അതുവഴി അനുഭവപ്പെടുന്ന വേദനയുടെ അളവും കാരണവും പരിഹാരവും കണ്ടെത്താനുള്ള മാർഗമാണ് തുറന്നത് .

പുറംലോകവുമായി മനുഷ്യർ സംവദിക്കുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. അവ പ്രവർത്തിക്കണമെങ്കിൽ പുറത്തുനിന്നുള്ള ഒരു ഉത്തേജകം (stimulas) വേണം. അത് വെളിച്ചമോ വെള്ളച്ചാട്ടമോ ആകാം. ഭക്ഷണമോ വെള്ളമോ ആകാം. പകലോ രാത്രിയോ ആകാം. നിലാവിന്റെ ചാരുതയോ പാലിന്റെ വെൺമയോ ആകാം. അവ നമ്മുടെ കോശങ്ങളിൽ മാറ്റം വരുത്തണം. ആ മാറ്റം നാഡികളിലൂടെ തലച്ചോറിലെത്തണം. അവിടെ അതിന്റെ പ്രതിപ്രവർത്തനം നടന്നശേഷമാണ് കാണുന്നു, കേൾക്കുന്നു,രുചിക്കുന്നു തുടങ്ങിയ തിരിച്ചറിയലുകൾ നിമിഷത്തിനുള്ളിൽ സംഭവിക്കുന്നത്. ഈ പ്രക്രിയയിൽ ആദ്യത്തെ ഘട്ടത്തിൽ പ്രവർത്തിക്കുന്നത് ഗ്രാഹികൾ അഥവാ റിസെപ്റ്ററുകൾ ആണ്. വെളിച്ചം റെറ്റിനയിൽ ഉള്ള റിസെപ്റ്ററുകളിൽ വന്ന് പതിക്കുമ്പോൾ അവിടെ ഉദ്ദീപനങ്ങൾ ഉണ്ടാവുകയും അത് സന്ദേശങ്ങളായി തലച്ചോറിലെത്തുകയും ചെയ്യുന്നു. അതേപോലെ ശബ്ദതരംഗങ്ങളും. അത് ചെവിയിൽ വന്നു പതിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ തലച്ചോറിൽ എത്തുമ്പോഴാണ് കേൾക്കുന്നത്.

നേരത്തേ സൂചിപ്പിച്ചതുപോലെ ഗ്രാഹികളെ സംബന്ധിച്ച പഠനങ്ങൾക്ക് നീണ്ട ചരിത്രമുണ്ട്. 1967-ൽ വൈദ്യശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ചത് കാഴ്ചയുടെ രസതന്ത്രവും ജീവശാസ്ത്രവും പഠിച്ചവർക്കാണ്. ഗന്ധങ്ങളെ തിരിച്ചറിയുന്നതിന്റെ സയൻസ് കണ്ടെത്തിയവർക്കായിരുന്നു 2004 ലെ നൊബൽ പുരസ്കാരം. ഇതിനെല്ലാം ശേഷവും പിടികിട്ടാതിരുന്ന കാര്യങ്ങളാണ് ജൂലിയസും പാറ്റപുഷ്യനും കണ്ടെത്തിയത്.

1967-ൽ ലെബനനിലെ ബെയ്റൂട്ടിൽ ജനിച്ച ആർഡം പാറ്റപുഷ്യൻ പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. കാലിഫോർണിയയിലെ സ്ക്രിപ്പ്സ് റിസെർച്ചിലെ ശാസ്ത്രജ്ഞനാണ് അദ്ദേഹം ഇപ്പോൾ. 1955-ൽ അമേരിക്കയിൽ ജനിച്ച ഡേവിഡ് ജൂലിയസ് കാലിഫോർണിയ സർവകലാശാലയിൽ പ്രൊഫസറാണ്. വേദനയുടെ കാഠിന്യവും സ്പർശത്തിന്റെ ആഴവും ഗന്ധങ്ങളുടെ സാന്ദ്രതയുമെല്ലാം അളക്കാൻ കഴിയുന്ന സാങ്കേതികവിദ്യ കണ്ടെത്താനും അതുവഴി രോഗങ്ങളുടെയും തീരാവേദനകളുടെയും ഔഷധം നിർമ്മിക്കാനും ഇവരുടെ കണ്ടെത്തൽ ഇടയാക്കും എന്നുതന്നെ പ്രത്യാശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NOBEL, KALLUM NELLUM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.