SignIn
Kerala Kaumudi Online
Thursday, 25 April 2024 9.06 PM IST

കടലിനും വേണം അവധിക്കാലം

kollam-

കേരള തീരക്കടലിൽ മൺസൂൺകാല ട്രോളിംഗ് നിരോധനം ബുധനാഴ്ച അർദ്ധരാത്രിയോടെ നിലവിൽ വന്നു. 52 ദിവസം നീളുന്ന നിരോധനം ജൂലായ് 31 ന് അവസാനിക്കും. കടൽ മത്സ്യ സമ്പത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ട് കഴിഞ്ഞ 35 വർഷമായി നടക്കുന്ന ട്രോളിംഗ് നിരോധനം ഉദ്ദേശിച്ച ലക്ഷ്യം കണ്ടോ എന്ന ചോദ്യം ഉയരുന്നു.

കടൽ മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത് ജൂൺ മുതൽ ആഗസ്റ്റ് വരെ നീളുന്ന മൺസൂൺ കാലത്താണ്. കടലിന്റെ അടിത്തട്ടിൽ വരെ അത്യാധുനിക വലകൾ ഉപയോഗിച്ച് യന്ത്രവത്കൃത ബോട്ടുകൾ (ട്രോളറുകൾ) മത്സ്യങ്ങൾ കോരിയെടുത്തുകൊണ്ടു വരുന്നതിന് നിശ്ചിത കാലത്തേക്ക് നിരോധനം ഏർപ്പെടുത്തുക എന്നതാണ് ട്രോളിംഗ് നിരോധനത്തിലൂടെ ലക്ഷ്യമിട്ടത്. പ്രജനന സമയത്ത് മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ഇതിനു പിന്നിലെ ശാസ്ത്രീയത. എന്നാൽ ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താം. കടൽ ഇളക്കിമറിക്കുന്ന ട്രോളറുകൾ ഉപയോഗിക്കാതെ പരമ്പരാഗത രീതിയിൽ നടത്തുന്ന മത്സ്യബന്ധനം മത്സ്യകുഞ്ഞുങ്ങളെ ബാധിക്കില്ലെന്നാണ് വയ്പ്. പക്ഷെ പരമ്പരാഗത രീതിയുടെ പേരിൽ പലയിടങ്ങളിലും വൻതോതിൽ മത്സ്യം പിടിച്ചെടുക്കുന്നുണ്ട്. കൂറ്റൻ വള്ളങ്ങൾ രണ്ടും മൂന്നും ഔട്ട്ബോർഡ് എൻജിനുകൾ ഘടിപ്പിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. വലിപ്പമേറിയ 'കപ്പൽ വള്ള"ങ്ങളിൽ 100 തൊഴിലാളികൾ വരെയുണ്ടാകും. സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ കൊല്ലം നീണ്ടകരയിൽ 1340 ട്രോളറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ 700- 800 ബോട്ടുകളാണ് പതിവായി മത്സ്യബന്ധനത്തിന് പോകുന്നത്. നിലവിൽ കടലിൽ മത്സ്യം കുറവായതിനാലാണ് ഇത്രയും ബോട്ടുകൾ മാത്രം പോകുന്നത്. നിരോധന കാലയളവിൽ ബോട്ടുകൾ നീണ്ടകര പാലത്തിന് കിഴക്ക് അഷ്ടമുടിക്കായലിലേക്ക് മാറ്റും. തുടർന്ന് നിരോധനം ലംഘിക്കില്ലെന്നുറപ്പാക്കാൻ പൊലീസ് പാലത്തിനടിയിൽ വടംകെട്ടി കാവലും ഏർപ്പെടുത്തും. സംസ്ഥാനത്താകെ 4000 ഓളം ട്രോളറുകൾ ഉണ്ടെന്നാണ് കണക്ക്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്.

ഇക്കുറി നിരോധന കാലയളവിൽ 15 ദിവസത്തെ ഇളവനുവദിക്കണമെന്നാണ് ട്രോളിംഗ് ബോട്ടുടമകളുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. കൊവിഡും ലോക്ക്ഡൗണും കാരണം നിരവധി തൊഴിൽ ദിനങ്ങൾ ഇതിനകം നഷ്ടപ്പെട്ടു. മത്സ്യബന്ധന മേഖല കടുത്ത വറുതി നേരിടുന്നതിനാൽ നിരോധന കാലയളവിൽ ഇളവനുവദിക്കണമെന്നാണ് ഇവർ സർക്കാരിനോടാവശ്യപ്പെടുന്നത്.

രാജ്യത്തിന് മാതൃകയായി കേരളം

1986 ൽ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുമ്പോൾ അത് ഇത്രകണ്ട് വിജയിക്കുമെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. എന്നാൽ കേരളത്തിൽ പരീക്ഷിച്ച് വിജയിച്ച മാതൃക തീരദേശമുള്ള ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളും നടപ്പാക്കുകയായിരുന്നു. കേരളത്തിൽ നിരോധനം നടപ്പാക്കിയതിലേക്ക് നയിച്ചത് 1986 ൽ കൊല്ലം നീണ്ടകരയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും തമ്മിിലുണ്ടായ സംഘർഷവും തുടർന്നുണ്ടായ പൊലീസ് വെടിവയ്പിൽ ഒരാൾ മരിയ്ക്കുകയും ചെയ്ത സംഭവമാണ്. മൺസൂൺകാലത്ത് ട്രോളറുകൾ ആഴക്കടലിൽനിന്ന് കരിക്കാടി ചെമ്മീൻ കുഞ്ഞുങ്ങളെയടക്കം കോരിയെടുക്കുന്നതിനാൽ തങ്ങൾക്ക് സീസണിൽ കരിക്കാടി ചെമ്മീൻ ലഭിക്കുന്നില്ലെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവലാതിയാണ് പ്രതിഷേധത്തിലെത്തിയത്. പ്രതിഷേധം കനത്തതോടെ നീണ്ടകര പാലത്തിൽ കുത്തിയിരുന്ന് ദേശീയപാത ഉപരോധിച്ചു. ഉപരോധം നീണ്ടതോടെ ഗതാഗതം സ്തംഭിച്ചു. പൊലീസിനെ സമരക്കാർ ആക്രമിച്ചതോടെ പൊലീസ് അക്രമികളെ പിരിച്ചുവിടാൻ വെടിവയ്ക്കേണ്ടി വന്നു. തുടർന്ന് അന്നത്തെ സർക്കാരാണ് മൺസൂൺകാല ട്രോളിംഗ് നിരോധനം നടപ്പാക്കിയത്. പിന്നീട് കേന്ദ്രസർക്കാരും അത് നയമാക്കി മാറ്റി.

നിരോധനം ലക്ഷ്യം കണ്ടില്ല

പൊന്നുവിളയുന്ന കടലിൽ മൺസൂൺകാല ട്രോളിംഗ് നിരോധനം എല്ലാ വർഷവും നടക്കുന്നുണ്ടെങ്കിലും അത് ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നാണ് ഇതുസംബന്ധിച്ച് നടത്തിയ നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത്. കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാൻ ട്രോളിംഗ് നിരോധനമല്ല, മൂന്ന് മാസക്കാലത്തെ സമ്പൂർണ നിരോധനം തന്നെ വേണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ കാലങ്ങളായി പറയുന്നത്. ആഴക്കടൽ ട്രോളിംഗ് നടക്കുന്നില്ലെന്നതൊഴിച്ചാൽ നിരോധന കാലയളവിൽ മത്സ്യബന്ധനം വൻതോതിൽ നടക്കുന്നുണ്ട്. നിരോധിച്ച വലകൾ വരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ മൂന്ന് മാസക്കാലം മത്സ്യബന്ധനത്തിന് ന് അവധി നൽകുകയാണ് പ്രായോഗികമെന്ന് ഇതുസംബന്ധിച്ച് നിരവധി തവണ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച ഫിഷറീസ് മുൻ അഡിഷണൽ ഡയറക്ടർ ഡി.സഞ്ജീവ് ഘോഷ് പറഞ്ഞു. 1986 ൽ തയ്യാറാക്കിയ കേരള മറൈൻ ഫിഷിംഗ് റഗുലേഷൻ ആക്ടിൽ പറഞ്ഞ പല നിർദ്ദേശങ്ങളിലും വെള്ളം ചേർത്തതായും അദ്ദേഹം പറഞ്ഞു.

ഒന്നിനുമൊരു നിശ്ചയമില്ല

'ഒന്നിനുമൊരു നിശ്ചയമില്ലേതിനും" എന്ന് പറഞ്ഞതു പോലെയാണ് മത്സ്യബന്ധന മേഖലയുടെ ഇന്നത്തെ അവസ്ഥ. വിശാലമായ കടലിൽ നിന്ന് പിടിക്കാവുന്നതിന്റെ എത്രയോ മടങ്ങ് മത്സ്യങ്ങളെയാണ് ദിവസേന കോരിയെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള ട്രോളറുകൾക്ക് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രോളറുകളും കേരള തീരത്തുനിന്ന് മീൻ പിടിക്കുന്നുണ്ട്. 12 നോട്ടിക്കൽ മൈൽ വരെയാണ് ഒരു സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കടൽ. (ഒരു നോട്ടിക്കൽ മൈൽ 1.8 കിലോമീറ്റർ) രാജ്യത്തിന്റെ അധികാര പരിധി 200 നോട്ടിക്കൽ മൈലാണ്. (360 കിലോമീറ്റർ) വിദേശ ട്രോളറുകളും കപ്പലുകളും നമ്മുടെ തീരത്തുനിന്ന് മത്സ്യബന്ധനം നടത്തുന്നുണ്ട്. കൂടാതെ നൂറുകണക്കിന് പരമ്പരാഗത മത്സ്യതൊഴിലാളികൾ ചെറുവള്ളങ്ങളിലും കട്ടമരത്തിലും മത്സ്യബന്ധനം നടത്തുന്നുണ്ട്. എന്നാൽ ഇതിനൊന്നും വ്യക്തമായ ഒരു നിയമമോ കൃത്യമായ കണക്കോ ഇല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കടലിൽ പോകുന്ന എല്ലാ യാനങ്ങളും രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം എങ്കിലും കൃത്യമായ രജിസ്ട്രേഷൻ പോലുമില്ലാത്ത ബോട്ടുകളും വള്ളങ്ങളും ഉണ്ടെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ തന്നെ പറയുന്നു. ഇവയെല്ലാം കൂടി കടൽ അരിച്ചുപെറുക്കി പിടികൂടുന്ന മത്സ്യത്തിന്റെ അളവ് സംബന്ധിച്ചും വ്യക്തമായ കണക്കില്ല. പൊടിമത്സ്യങ്ങളെ പിടിയ്ക്കരുതെന്ന് കർശന നിയമം ഉണ്ടെങ്കിലും പൊടിമത്സ്യങ്ങൾക്ക് വൻ ഡിമാൻഡാണ്. കാലിത്തീറ്റയും കോഴിത്തീറ്റയും നിർമ്മിക്കുന്ന ഫാക്ടറികളാണ് പൊടിമത്സ്യങ്ങൾ വാങ്ങുന്നത്.

200 ഇനം മത്സ്യങ്ങൾ

ഇന്ത്യൻ കടൽതീരത്താണ് രുചികരമായ 200 ഓളം ഇനം മത്സ്യങ്ങൾ ലഭിക്കുന്നതെന്നതിനാൽ വിദേശ ട്രോളറുകളും കപ്പലുകളും ലക്ഷ്യമിടുന്നതും ഇന്ത്യൻ തീരത്തെയാണ്. പണ്ട് കാലത്ത് സുലഭമായി ലഭിച്ചിരുന്ന പല മത്സ്യഇനങ്ങളും ഇന്ന് കണികാണാൻ പോലും കിട്ടാത്ത സ്ഥിതിയായി. കേരള തീരത്ത് പതിവായിരുന്ന 'ചാകര" എന്ന പ്രതിഭാസം പോലും ഇന്ന് അത്യപൂർവമായി മാറി. ഇതെല്ലാം കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിന്റെ സൂചനകളാണ് നൽകുന്നത്. മൺസൂൺകാല ട്രോളിംഗ് നിരോധനം പോലും ചടങ്ങായി മാറുമ്പോൾ ഇനിയെത്രകാലം ഈ മത്സ്യസമ്പത്ത് ഉണ്ടാകുമെന്ന ആശങ്കയാണുയരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.